Saturday, 30 May 2009
തൃശ്ശിവപ്പേരൂര്‍ കാണുന്നവന്‍.
വടക്കേ നടയിലെ
ചേക്ക വിട്ട്
വടക്കേ ചിറയില്‍
കുളിച്ചുണരും
പലതരം പക്ഷികള്‍.
പക്ഷി ശാസ്ത്രകാരന്റെ
കൈരേഖാചിത്രത്തില്‍ കാഷ്ഠിക്കും.
അപ്പോഴും
മതില്‍കെട്ടിനരികില്‍
പനമ്പട്ടയാട്ടി നില്‍ക്കും
ഗജങ്ങള്‍.
പാലക്കാട്ടേക്കു പോകുന്ന
ബസ്സുകള്‍ക്ക് പാണ്ടിഗന്ധമുണ്ടാകും.
പുലര്‍കാലങ്ങള്‍
രതിവിരേചനം കഴിഞ്ഞ ദേഹങ്ങള്‍ പോലെയാണ്.
സ്വരാജ് റൗണ്ടിനകത്ത്
മനുഷ്യരും
പുറത്ത് വാഹനങ്ങളും
തീര്‍ക്കുന്നുണ്ട്
ത്രികോണങ്ങളിലെ
ത്രികോണങ്ങള്‍.
ദൂരങ്ങള്‍ക്കിടയിലെ
ദൂരങ്ങള്‍.
മരങ്ങള്‍ക്കിടയിലെ
മരങ്ങള്‍.
ലോകത്തിനകത്തെ
ലോകങ്ങള്‍.
പടിഞ്ഞാറെ ആല്‍ത്തറയിലിരുന്ന്
വിളിക്കും മുറുക്കിച്ചുവപ്പിച്ച
നഗരഗണികകള്‍.
കൊറിക്കാന്‍ കപ്പലണ്ടി.
നുണയാന്‍ ഐസ്ക്രീം.
ദാഹമകറ്റാന്‍ സംഭാരം.
വടക്കുംനാഥന്‍
വടക്കിറങ്ങതെ
കാവല്‍ക്കളിക്കും
പ്രാന്തപ്രാന്തന്മാര്‍
മുച്ചീട്ട്, തായം, പകിട.
കൈരേഖാശാസ്ത്രമുണ്ട്.
കുറിയ കുറത്തികള്‍.
പറന്നുപോകാതെ
പച്ചത്തത്ത കൂട്ടില്‍.
തുരുമ്പെടുത്ത
പഴയ സോപ്പുപെട്ടിക്കാറില്‍ നിന്നുയരും പാട്ട്:
'പൊതുജനത്തെ കഴുതകളാക്കും...'
വിളംബരം വീണ്ടും:
'കേരളഗവണ്മെന്റിന്റെ
225-മത് ഭാഗ്യക്കുറിയാണു
സുഹൃത്തുക്കളെ
ഈ വാഹനത്തിലൂടെ
കൊടുത്തുകൊണ്ടിരിക്കുന്നത്.
നാളെയാകാം മറ്റന്നാളാകാം
എന്നു കരുതി കാത്തുനില്‍ക്കാതെ
കടന്നുവരുവിന്‍
കടന്നുവരുവിന്‍.
ഭാഗ്യദേവത
ആരെ, എപ്പോള്‍, എവിടെ വെച്ച്
കടാക്ഷിക്കുകയെന്ന്
ഒരാള്‍ക്കും പ്രവചിക്കാന്‍
സാധ്യമല്ല സുഹൃത്തുക്കളേ,
കടന്നു വരുവിന്‍, കടന്നു വരുവിന്‍...
പൊതുജനത്തെ കഴുതകളാക്കും...'
മാറ്റിനിയ്ക്ക്
ടിക്കറ്റിനായി
പായുന്നവര്‍ തീര്‍ക്കുന്ന
ജ്യോമിതീയമുണ്ട്,
വിദ്യാര്‍ഥികോര്‍ണറില്‍.
പ്രസംഗങ്ങളുടെ
സ്മാരകമാണത്.
കൊച്ചുമരങ്ങള്‍
പ്രബുദ്ധതയാല്‍
മുരടിച്ചുപോയിരിക്കുന്നു.
പായുന്നവരുടെ
രേഖകള്‍ ചെന്നു ചേരുന്ന
ബിന്ദുക്കളുണ്ട്.
രാഗം, രാംദാസ്, ജോസ്, സ്വപ്ന, കൈരളി, ശ്രീ.
ഒഴിഞ്ഞുപോയി
പോസ്റ്റോഫീസ്
റോഡില്‍ നിന്ന്
എന്‍.ബി.എസ് ബുക്സ്റ്റാള്‍.
ചങ്ങാതിയുണ്ടവിടെ
അലുമിനിയക്കട നടത്തുന്നു.
ഭാരത് ഹോട്ടലിനു മുന്നില്‍ കാണാമായിരുന്നു
കൃശഗാത്രം, കാവിയില്‍.
നവാബ് രാജേന്ദ്രന്‍.
മറക്കില്ല പ്രാതലിന്
ഭാരതിലെ തൈരുവട.
ബാനര്‍ജി ക്ലബ്ബിനടുത്താണ്
ബിനി ടൂറിസ്റ്റ് ഹോം.
കണ്ടിട്ടുണ്ട് ഞാനവിടെ
പാറിയ മുടിയുമായി കടമ്മനിട്ടയെ,
യാരോ ഒരാളായി കുടവയറിനകത്ത്
കള്ളിന്‍കുടം ഒളിപ്പിച്ച
പവിത്രനെ.
യാത്രിനിവാസില്‍
ബിയറും ഇറച്ചിയും കലര്‍ന്ന
രസഗന്ധം.
ഊണ്‍ അവിടെ നന്ന്.
അവിടെ നിന്നിറങ്ങി ഇടത്തേക്കു നടന്നാല്‍
കൊച്ചനിയന്റെ ചോരയുണ്ട്.
ആല്‍മരങ്ങള്‍ക്കു താഴെ
കാറ്റുപോയ വഴിയെ
കരിയിലകള്‍.
അയ്യന്തോളിലാണ്
സി. അച്ചുതമേനോന്റെ സ്വപ്നം.
കോസ്റ്റ്ഫോഡ്.
ലാറി ബേക്കറുടെ
തച്ചുകൂടം.
നെഹ്രു പാര്‍ക്കില്‍
അച്ചുതമേനോന്‍ ഇരുന്ന
സിമന്റു ബെഞ്ചിന്ന്
ദ്രവിച്ചിരിക്കുന്നു.
ഇന്നവിടെ വാഴുന്നു
പിമ്പുകള്‍, സ്വവര്‍ഗാനുരാഗികള്‍.
കൊറിച്ചതിന്‍ ബാക്കി
കപ്പലണ്ടിത്തൊലികള്‍.
ടൗണ്‍ഹാളിലൂടെ
നടന്നാല്‍ കാണാം:
സ്മാരകങ്ങളായി
അക്കാദമികള്‍.
എഴുത്തും
സംഗീതവും
നാടകവും
വരയും ഭാഷയും
തിന്നുജീവിക്കുന്ന
ഇരട്ടവാലന്മാരുണ്ടവിടെ.
നാട്യഗ്ര്‌ഹത്തിന്റെ
ഇരുട്ടില്‍ ബെര്‍ഗ്മാന്റെ
പെഴ്സോണ കണ്ടുകൊണ്ടിരിയ്ക്കെ
കോളേജുപിള്ളേര്‍
മര്‍മരം പൊഴിക്കും.
പഠിക്കുന്ന കാലത്ത്
സ്റ്റുഡന്റ്സ് ഫെഡറേഷന്റെ
ജില്ലാ സമ്മേളനം
നടന്നിട്ടുണ്ട്
മോഡല്‍ ബോയ്സില്‍.
അന്നു പ്രസംഗിച്ച
കെ. വേണു ഇന്ന് വിശ്രമിക്കുന്നു.
പി.ജെ. ആന്റണി ഇന്ന് ഗലീലി സംഘത്തില്‍.
അദ്ദേഹമാണ് ലിയോണിദാസിന്റെ ഡയറി
വായിക്കാന്‍ പറഞ്ഞത്.
നവയുഗം ഓഫീസിലെ
നിത്യകാമുകനായിരുന്നു
അഭിവാദ്യയേയില്‍
പൂണൂല്‍ പൊട്ടിച്ച
മാടമ്പ് കുഞ്ഞുകുട്ടന്‍.
മുല്ലനേഴിക്കൊപ്പം
ജില്ലാസ്പത്രിക്കു മുന്നിലെ
നടപ്പാതയിലൂടെ
നട നടക്കുന്നത്
കണ്ടിട്ടുണ്ട് ഇരുട്ടില്‍.
മുലയെന്നു കേള്‍ക്കുമ്പോള്‍
തെറിയെന്നു ചൊല്ലുന്ന
തലമുറയാണെന്റെ ശത്രുവെന്ന്
മുല്ലനേഴി.
പവനനുണ്ടാകുമായിരുന്നു
ഏതു മൈക്കിനരികിലും.
കെ.ജി.ശങ്കരപ്പിള്ളയെ
അദ്ദേഹത്തിന്റെ
വസതിയില്‍ വെച്ചാണ് കണ്ടത്.
മഴനനഞ്ഞ് ജാഥ നയിച്ചിട്ടുണ്ട്
വിദ്യാര്‍ത്ഥി കോര്‍ണറില്‍ നിന്ന്
കലക്ട്രേറ്റിലേക്ക്.
അന്ന് കൂടെയുണ്ടായിരുന്ന
സുനില്‍കുമാറിന്ന്
എം.എല്‍.എ യാണ്.
പ്രമോദിന് തുന്നല്‍പണിയും.
വര്‍ഷത്തിലൊരു വാരം
ഒത്തുചേരും
തൃശൂരിലെ സിനിമക്കാര്‍
കൈരളി-ശ്രീയില്‍.
പ്രേക്ഷകരെ അകത്താക്കി
കതകടച്ച് പുറത്ത്
കാവല്‍ നില്‍ക്കുമവര്‍
ഉസ്താദുമാരാണെന്ന
ഭാവത്തില്‍.
പൂരം നുരയുമ്പോള്‍
പുരുഷാരം മണല്‍തരിയോടു മത്സരിക്കും.
കൊമ്പന്മാര്‍ ആള്‍ക്കൂട്ടത്തില്‍ ഞെരുങ്ങും.
ആകാശമന്ന് ഗുല്‍മോഹറാകും.
കുട്ടന്മാരാര്‍ പെയ്യും.
പിന്നെയൊരിയ്ക്കല്‍
വരത്തന്മാര്‍ക്കായി
കരികളെ കറുത്തവര്‍ തൊടാതെ
എഴുന്നെള്ളിക്കും.
വര്‍ഷങ്ങള്‍ കഴിഞ്ഞും
ഇടവേളകളില്‍
റൌണ്ടിലെത്തുമ്പോള്‍
ആ ജ്യോമിതീയത്തിലൂടെ
ഒരിയ്ക്കലെങ്കിലും
നടക്കും.
തൃശ്ശിവപ്പേരൂര്‍
ഒരു വൃത്തമാണ്;
യാത്രയുടെ ഒരു വൃത്തം.
Labels:
കവിത
Subscribe to:
Post Comments (Atom)
ആ വൃത്തത്തിനെ ചുറ്റിയാണ് ഒരു വലിയ സമൂഹം....തേക്കിന്‍ കാട് മൈതാനത്ത് എത്താത്ത ഒരു പ്രണയവും ഉണ്ടാവില്ല കേരളവര്‍മ്മയില്‍....
ReplyDeleteഇത്രയും കാവ്യാത്മകമായി ത്രിശ്ശിവപേരൂറിനെ വര്‍ണ്ണിച്ചുവല്ലോ!!!!
നന്നായി....
ഒരു വട്ടം തികച്ചു.
ReplyDeleteനന്ദി.
ReplyDeleteവീണ്ടും സന്ദര്‍ശിക്കുക.
ത്രിശ്ശിവപ്പേരൂരിനെ പറ്റി പറഞ്ഞാല്‍ എന്തും കുറഞ്ഞു
പോകും. ഏറുമെന്നതിനാല്‍ പറയാതെ പോകുന്നതാണ് അധികവും.
എങ്കിലും ഒന്നു രണ്ട് കൂട്ടിച്ചേര്‍ക്കലുണ്ട് കവിതയില്‍.
നദി.
ഫൈസല്‍
ഗുരുവായൂരില്‍ ഇപ്പോഴും നടത്തത്തിലാണ്.
തൃശ്ശൂരിനെ ശരിക്കു വരച്ചിട്ടുണ്ടല്ലോ...:)
ReplyDeleteപഴയ കുറെ ഓര്‍മ്മകള്‍ മടക്കികിട്ടി.
ReplyDelete