Sunday, 12 December 2010

മഴുകേരളം

കരുണാകരന്റെ
പല്ലുകാട്ടിച്ചിരി
കണ്ടു ശീലിക്കും മുമ്പ്
ആയിരത്തിത്തൊള്ളായിരത്തി അമ്പത്താറില്‍
ഏതോ ഒരു കുടുമ വെച്ച
ഭസ്മധാരി
അറബിക്കടലില്‍ മഴുവെറിഞ്ഞ്
കേരളമുണ്ടാക്കി.
മഴുകൊണ്ട് അയാള്‍ക്ക്
മറ്റൊരു വേലയും അറിയില്ലായിരുന്നു.
അങ്ങനെയാണ്
മഴുവഞ്ചേരിത്തമ്പ്രാക്കളും
നാടുവാണത്.
കേരളത്തെ ജില്ലാപഞ്ചായത്തുകളായും
അവയെ ബ്ളോക്ക് പഞ്ചായത്തുകളായും
വിഭജിച്ചു.
ബ്ളോക്ക് പഞ്ചായത്തിനെ
വിഭജിച്ചാണ് ഗ്രാമപഞ്ചായത്തുകള്‍
ഉണ്ടായത്.
ഇവിടങ്ങളിലെ ഭരണാധികാരികളെ
പ്രസിഡന്റുമാര്‍ എന്നാണ് വിളിച്ചിരുന്നത്.
വാര്‍ഡ് അഥവാ ഗ്രാമസഭയാണ്
ഗ്രാമപഞ്ചായത്തിന്റെ
അടിസ്ഥാന തലം.
അഞ്ചു വര്‍ഷത്തിലൊരിക്കല്‍
അവിടെ എല്‍ഡിയെഫും
യുഡിയെഫും
കള്ളനും പോലീസും
കളിച്ചു.
തോല്‍ക്കുന്നവര്‍
പറഞ്ഞു:
അടുത്ത കളിയില്‍
കാണിച്ചു തരാം.

കടലില്‍ തപ്പുകയാണ്
പണ്ട് പതിച്ച
മഴു തിരിച്ചെടുക്കാന്‍ .
നമ്മുടെ ചരിത്രം.
നമ്മുടെ ഭൂമിശാസ്ത്രം.
നമ്മുടെ പൌരധര്‍മം.

Saturday, 27 November 2010

അയ്യപ്പജീവിതം

പല്ലു തേച്ചിട്ട്,
കുളിച്ചിട്ട്,
നേരത്തിനന്നം കഴിച്ചിട്ട്,
പെങ്ങളെക്കണ്ടിട്ട്,
ഉടുപ്പഴിച്ച് വേറൊന്നുടുത്തിട്ട്,
നാളുകളഞ്ചാറായി.

അയ്യപ്പന്‍ : കുട്ടി എടക്കഴിയൂരിന്റെ  കാരിക്കേച്ചര്‍ 
ഇന്നു കാലത്തും
കീശകാലിയാകും വരെ
മോന്തി ഞാന്‍
അന്നനാളത്തിലാളിയ
ചാരായം.
സുഗതകുമാരിട്ടീച്ചറുടെ
സ്നേഹശകാരത്തില്‍
പിണങ്ങി.
പണം തന്നൊരു
തോഴനെ തെറിവിളിച്ചു.
കിടന്നുറങ്ങി ഞാന്‍
സ്റ്റാച്യു ജങ്ഷനില്‍ .

ഇത്രയും നാളുകള്‍
അന്നമില്ലാതെയും
വെള്ളമടിച്ചും
നന്നേ ക്ഷയിച്ചു ഞാന്‍ .
അയ്യപ്പനാകാനുള്ള
വേലകളെല്ലാം
വൃഥാവിലായ്.
കുപ്പായക്കൈമടക്കില്‍
തിരുകിയ കടലാസില്‍
തെളിഞ്ഞതേയില്ല
ഒറ്റവരിയും.
ആയതേയില്ല  ഞാന്‍
ഒരയ്യപ്പന്‍  പോയിട്ട്
കാലയ്യപ്പനെങ്കിലും.

ബെയറര്‍ , കൊണ്ടു വരൂ,
ചിക്കന്‍ കബാബും
ബട്ടര്‍ നാനും
ബ്ളാക്ലേബലിനോടൊപ്പം.
  
എന്തയ്യപ്പന്‍ ! ഏതയ്യപ്പന്‍ !
സ്വാമിയേ, ശരണമയ്യപ്പ !

Friday, 26 November 2010

പെറ്റീഷന്‍ :എന്ടോസള്‍ഫാന്‍


കവിതയും കഥയും നമ്മുടെ നൈതികതയെ തൊടാത്ത വേളകളുണ്ട്. ചിലപ്പോള്‍ അവ നമ്മുടെ പ്രതിഷേധ ജ്വാലകളും ആകാം. ഇവിടെ അടയാളപ്പെടുത്തുക നമ്മുടെ നിലപാട് :     

Saturday, 13 November 2010

കുമ്പളങ്ങിത്തോമ: ഒരു എന്‍ഡോസള്‍ഫാന്‍ പാനം

കുമ്പളങ്ങിക്കുമേല്‍
മേഘം വിഷം പെയ്യുന്നില്ല. 
കണ്ണാടി പോല്‍ കായല്‍ .
കായലില്‍ യാനായനങ്ങള്‍ 
തൊലി തുടുത്ത ഉടല്‍സദ്യകള്‍ .
ഷാപ്പില്‍ കള്ള്.
നുര. പത. ലഹരി.
നാക്കിലയില്‍ കരിമീന്‍ .
കൂര്‍ക്കയിട്ട കുടല്‍ക്കറി.
ഉരുളക്കിഴങ്ങില്‍ താറാവുകറി. 
തൊട്ടുനക്കാന്‍ 
ഭരണി തുറന്നെടുത്ത കടുമാങ്ങ.
ആവി പാറുന്ന ചിരട്ടപ്പുട്ട്.
ചാഞ്ഞ  തെങ്ങില്‍ 
താളം പിടിക്കുന്ന ഒറ്റയോല.
സന്ധ്യയെ കാത്തിരിക്കുന്ന
ആകാശം. 
നര്‍മ്മം കൊറിച്ചിരിക്കുന്ന
കുമ്പളങ്ങിത്തോമ.

ഡല്‍ഹിയില്‍  
ഗ്രീഷ്മവും ശൈത്യവും
കനക്കുമ്പോള്‍ 
കുമ്പളങ്ങിത്തോമ
കായലില്‍  മേയുന്ന 
മേഘങ്ങളെ നോക്കി 
ഇളം  കാറ്റിനോരത്തിരുന്ന്‍
വറുത്ത അണ്ടിപ്പരിപ്പ് തിന്നുന്നു. 

കുമ്പളങ്ങിത്തോമാ ,
ഇരിക്കൂ; ഈ ഭൂപടം കാണൂ.
ഉത്തര അക്ഷാംശം 12 ഡിഗ്രി 40 മിനിറ്റ്
12 ഡിഗ്രി 35 മിനിറ്റ്.
പൂര്‍വ രേഖാംശം 75 ഡിഗ്രി 51 മിനിറ്റ്   
75 ഡിഗ്രി 10 മിനിറ്റ്.
എന്മകജെ എന്ന ദേശപ്പൂവില്‍
സ്വര്‍ഗം ഒരിതള്‍ .
നരകം പടര്‍ന്ന നാകം.

ഇങ്ങു തരൂ 
ആ മണ്‍കലം.
അതിലൊഴിക്കട്ടെ 
അല്പമീ നീര്.
ഈ മൊരിഞ്ഞ
കരിമീനില്‍ 
നാലഞ്ചു തുള്ളികള്‍ .
എന്‍ഡോസള്‍ഫാന്‍
ഒരു മൃദുപാനീയം.
ആചമിക്കുക, ആവോളം.

മരണം മറ്റുള്ളവര്‍ക്കാണ്.
നരകം മറ്റുള്ളവര്‍ക്കാണ്.
സചിവോത്തമ സുവിശേഷം.       
    

     

Tuesday, 2 November 2010

ജെറുസലെം

(സിറിയൻ കവിത)
നിസാർ ഖബ്ബാനി
വിവ: എം. ഫൈസൽ

കണ്ണീർ വറ്റുന്നതുവരെ ഞാൻ കരഞ്ഞു.
മെഴുതിരികൾ മങ്ങും വരെ പ്രാർത്ഥിച്ചു.
തറ കീറും വരെ ഞാൻ മുട്ടുകുത്തി നിന്നു.
ഞാൻ മുഹമ്മദിനെയും
ക്രിസ്തുവിനെയും പറ്റി ചോദിച്ചു.
ഓ! ജെറുസലെം,
പ്രവാചകരുടെ സുഗന്ധം.
ആകാശത്തിനും ഭൂമിക്കുമിടയിലെ
ഏറ്റവും ഹ്രസ്വപാത.

ഓ! ജെറുസലെം, നിയമങ്ങളുടെ കാവൽക്കോട്ട.
കരിഞ്ഞ വിരലുകളുമായി വിഷണ്ണമിഴികളോടെ ഒരു സുന്ദരിക്കുട്ടി.
പ്രവാചകൻ കടന്നുപോയ ഒരു ശീതളമരുപ്പച്ചയാണു നീ.
നിന്റെ തെരുവുകൾ ശോകാർദ്രം.
നിന്റെ മിനാരങ്ങൾ വിലപിക്കുന്നു.
നീ,  കറുപ്പണിഞ്ഞ ചെറുപ്പക്കാരി.

ആരാണ്‌ വിശുദ്ധപ്പിറവിദേശത്ത്
ശനിയാഴ്ച പുലർച്ചെ മണിയടിക്കുന്നത്?
ക്രിസ്തുമസ് തലേന്ന് ആരാണ്‌
കുഞ്ഞുങ്ങൾക്ക് കളിപ്പാട്ടങ്ങൾ കൊണ്ടുവരുന്നത്?

ഓ! ജെറുസലെം, വേപഥുവിന്റെ നഗരമേ.
ഒരു വലിയ കണ്ണുനീർത്തുള്ളി അലയുന്നു നിന്റെ കണ്ണിൽ
ആര്‌ നിറുത്തും നിന്റെ മേലുള്ള അധിനിവേശങ്ങൾ,
മതങ്ങളുടെ മുത്തേ?
ആര്‌ കഴുകും നിന്റെ രക്തച്ചുമരുകൾ?
ആര്‌ സംരക്ഷിക്കും ബൈബിൾ?
ആര്‌ രക്ഷിക്കും ഖുർ‍ആൻ?
ആര്‌ രക്ഷിക്കും ക്രിസ്തുവിനെ?
ആര്‌ രക്ഷിക്കും മനുഷ്യനെ?
ഓ! ജെറുസലെം, എന്റെ നഗരമേ,
എന്റെ പ്രണയമേ,
നാളെ നാരകങ്ങൾ പൂക്കും.
ഒലീവുമരങ്ങൾ ഹർഷപുളകിതരാകും.
നിന്റെ കണ്ണുകൾ നൃത്തം ചെയ്യും.
ദേശാടനപ്രാവുകൾ നിന്റെ വിശുദ്ധ
മേൽക്കൂരകളിലേക്ക് തിരികെ വരും.
പിന്നെ നിന്റെ കുഞ്ഞുങ്ങൾ വീണ്ടും കളിച്ചു തുടങ്ങും.
നിന്റെ പനിനീർകുന്നുകൾക്കു മുകളിൽ
മക്കളും അവരുടെ പിതാക്കന്മാരും കണ്ടുമുട്ടും.

എന്റെ നഗരം
ശാന്തിയുടെയും ഒലീവുകളുടെയും നഗരം.

Friday, 15 October 2010

ഓട്ടോറിക്ഷകള്‍ ഗുരുവായൂരിലും ചാവക്കാട്ടും

  

(കെ.ജി. ശങ്കരപ്പിള്ളയുടെ 'കഴുതകളായി നടിക്കേണ്ടിവന്ന കുതിരകളു'ടെ പ്രേരണയില്‍ എഴുതിയത്.)
ഒറ്റക്കാഴ്ചയില്‍ ‍ഓട്ടോറിക്ഷകളെല്ലാം 
ഒരുപോലെ. 

ഗുരുവായൂരിലെ ഓട്ടോകള്‍ക്ക്‌
വിഷ്ണുമായ, കൃഷ്ണാമൃതം, ലോഡ്‌ കൃഷണ,
കീര്‍ത്തനം, ഗുരുവായൂരപ്പന്‍
‍എന്നൊക്കെയാണു പേരുകള്‍ .
കെഎസ്സാര്‍ട്ടീസി സ്റ്റാന്റില്‍ നിന്നും വരുന്ന
യാത്രക്കാര്‍ക്ക്‌ കേറാന്‍ പാകത്തില്‍
വരിയില്‍ നില്‍ക്കുമവ.
നടക്കാവുന്ന ദൂരത്തിലുള്ള
ക്ഷേത്രത്തിലേക്ക്‌
പട്ടണപ്പുറത്തുകൂടെ
ചുറ്റിവളഞ്ഞു കൊണ്ടുപോയി
ഒടുക്കത്തെ കാശു വാങ്ങും.
വഴിയേ പോകും പാരലല്‍
കോളേജുകളിലേയും എല്ലെഫിലേയും
കുമാരിമാരോട്‌ ഐലൗയു
എന്നു പറഞ്ഞ്‌ നിര്‍വൃതി പൂകും.
ഓട്ടോവിന്‍ പൈലറ്റുമാര്‍ക്കുണ്ട്‌
സിയൈറ്റിയു, എഐറ്റിയുസി,
ഐഎന്റിയുസി എന്നിവ.
വെയിറ്റിംഗ്‌ ചാര്‍ജ്ജ്‌ കൊടുത്താലും
കാത്തുനില്‍ക്കില്ലവര്‍ ‍യാത്രക്കാരനെ.
പട്ടണത്തിലെത്തുന്ന
ദീര്‍ഘദൂര ബസ്സുകള്‍ക്കു
പിറകില്‍ മണപ്പിച്ചു നടക്കും
അവരുടെ ഓട്ടോകള്‍ .
മുല്ലപ്പൂ, ചെമ്പകം,
കനകാംബരം ചൂടും
ഗുരുവായൂരിലെ ഓട്ടോകള്‍ .
ചിങ്ങമൊന്നിനും നിറപ്പുത്തരിക്കും
വാഴത്തൈ, പൂമാല
എന്നിവയാല്‍ അലങ്കരിക്കും.
ചന്ദനം‌ പൂശും
ചില്ലുനെറ്റിയില്‍ .

നഗരവേശ്യകള്‍ കയറിയാല്‍
‍നേരെ പായും പരിചിതമായ
ലോഡ്ജിലേക്കവ.
ജയശ്രീ തിയറ്ററിലോ
അപ്പാസ്‌ തിയറ്ററിലോ
പുത്തന്‍ പടം വന്നാല്‍
വണ്ടി സൈഡാക്കി
കരിഞ്ചന്തയില്‍
ടിക്കറ്റു വില്‍ക്കാന്‍ പോകും

ഇന്ന് ആഗസ്റ്റ്‌ 21, 2008.

ഇന്നുമില്ല ഗുരുവായൂരില്‍
വനിതാ ഓട്ടോകള്‍ .
ശനിയും ഞായറും ഭക്തരേറുമ്പോള്‍
‍ആവേശം കൊള്ളും
ഗുരുവായൂരിലെ ഓട്ടോകള്‍ .
ഡ്രൈവര്‍മാരില്‍
പഴയ സിആര്‍സി സിപിഐയെമ്മെല്ലുകാരുണ്ട്‌.
കെ. വേണു വഴി പിരിഞ്ഞപ്പോള്‍
‍ആത്മഹത്യ ചെയ്യാതെ
വേറെ വഴി നോക്കിയവര്‍ .
ഓട്ടോകള്‍ക്ക്‌ താവളങ്ങളുണ്ട്‌.
പടിഞ്ഞാറെ നട, മഞ്ചുളാല്‍ ,
പ്രൈവറ്റ്‌ ബസ്റ്റാന്റ്‌, കോയാ ബസാര്‍ ,
മമ്മിയൂര്‍ ക്ഷേത്രം, റെയില്‍വെ സ്റ്റേഷന്‍,
കൃഷ്ണ തിയറ്ററിനു തെക്ക്‌,
മഹാരാജാ ടൂറിസ്റ്റുഹോമിനു മുന്നില്‍ .
പേകുന്ന വഴികള്‍പരിചിതം.
കാരക്കാട്‌, തിരുവെങ്കിടം,
എടപ്പുള്ളി, പഞ്ചാരമുക്ക്‌,
ആനക്കോട്ട, മുതുവട്ടൂര്‍ ,
ബ്രഹ്മകുളം, ചൊവ്വല്ലൂര്‍.
എങ്കിലും നഗരപ്രദക്ഷിണമാണിഷ്ടം.

പച്ചക്കായ, നേന്ത്രക്കുല,
പൂജാദ്രവ്യങ്ങള്‍ , സന്ധ്യകളില്‍
വന്നിറങ്ങുന്ന വേശ്യകള്‍
എന്നിവരെ വഹിക്കാനാണിഷ്ടം.

രാത്രിയില്‍ രണ്ടു പേരൊന്നിച്ചാണോട്ടല്‍ .
കൊച്ചു ഡ്രൈവര്‍മാര്‍ക്ക്‌
രാത്രിസഞ്ചാരമാണിഷ്ടം.
ഗുരുവായൂരിലെ ഓട്ടോകള്‍
വഹിക്കുന്നുണ്ട്‌,
ഐശ്വര്യ റായിയെ, കാവ്യാ മാധവനെ,
മോഹന്‍ലാലിനെ, മാതാ അമൃതാനന്ദമയിയെ,
സായിബാബയെ.
ഗുരുവായൂരിലെ ഓട്ടോകള്‍ക്ക്‌
ഒരേ സോഷ്യല്‍ സ്റ്റാറ്റസാണ്‌,
അന്നും ഇന്നും.

ചാവക്കാട്ടെ ഓട്ടോകള്‍ക്ക്‌
ഗള്‍ഫ്‌ യുദ്ധനന്തരമാണ്‌
സമൂഹത്തില്‍ ഒരു നിലയൊക്കെയുണ്ടായത്‌.
അവര്‍ക്ക്‌ ദുബൈ, ഷാര്‍ജ,
തെസ്നിമോള്‍ , തോമാശ്ലീഹ,
ശ്രീനാരായണന്‍, എരുമന്തുരുത്തി ഭഗവതി
എന്നൊക്കെ പേര്‍.
ലോഡ്ജുകളില്ലാത്തതിനാല്‍
വേശ്യകളുടെസഞ്ചാരം
നന്നേ കുറവ്‌.
വഞ്ചിക്കടവു റോഡില്‍ ,
ബൈപാസില്‍ , പട്ടണമധ്യത്തില്‍ ,
പ്രൈവറ്റ്‌ ബസ്റ്റാന്റിനു മുന്നില്‍ ,
എമ്മാറാര്‍യെം ഹൈസ്കൂളിനു
മുന്നില്‍ ‍താവളങ്ങളുണ്ട്‌.
ഗള്‍ഫ്‌ യുദ്ധത്തിനു മുമ്പ്‌
കേറില്ലായിരുന്നു
ഗള്‍ഫിലുള്ളവരുടെ ഭാര്യമാര്‍ .
യുദ്ധത്തോടെ ഓട്ടോയില്‍
ബാങ്കില്‍ പോകും പെണ്ണുങ്ങളെ നോക്കി
നില്‍പ്പായി ടാക്സി‍ഡ്രൈവര്‍മാര്‍ .

ചാവക്കാട്ടെ ഓട്ടോകള്‍ക്ക്‌
പൂക്കള്‍ക്കൊണ്ടലങ്കാരം
അധികമില്ല.
ഓണത്തിനുണ്ടെങ്കിലായി.
പേറുന്നുണ്ടവ സ്റ്റിക്കറുകള്‍ .
തോമാശ്ലീഹായുടെ,
അജ്മീര്‍ ദര്‍ഗയുടെ,
മക്കയുടെ,ശ്രീനാരായണ ഗുരുവിന്റെ,
മാര്‍ക്സിന്റെ, ലെനിന്റെ,
ഇയെമ്മെസ്സിന്റെ.
കാവ്യാമാധവനും ഐശ്വര്യ റായിയും
ഇവിടെയും വഴ്‌വുള്ളവര്‍ .
മമ്മൂട്ടിയുണ്ട്‌, സച്ചിനും മരഡോണയും.
കുടിയന്മാര്‍ക്കുവേണ്ടി ബാറുകളില്‍ ചെല്ലും.
സല്‍ക്കാര, അമരാവതി, സമുദ്ര
എന്നിവയാണ്‌ ഇന്ധനകേന്ദ്രങ്ങള്‍ .
നക്സലിസം തോറ്റപ്പോള്‍
ഒരത്താണിയായത്‌ ബജാജ്‌ ഓട്ടോയാണെന്ന്
ചാവക്കാടെ ചില ഓട്ടോക്കാരെങ്കിലും പറയും.
അവരിലിപ്പോള്‍ ‍എസ്‌യുസിഐക്കാരുണ്ട്‌.
നാലുമണിയോടെ യൂണിഫോമിനു മുകളില്‍
‍ചെത്തു ഷര്‍ട്ടിട്ട്‌ എമ്മാറാര്‍എമ്മിനു
മുന്നില്‍ വന്ന് വാ പൊളിക്കുന്നവരുണ്ട്‌.
എം. മുകുന്ദന്റെ കഥകള്‍ വായിച്ച്‌
ഡല്‍ഹിയില്‍ കറങ്ങി
തിരിച്ചെത്തിയവരുണ്ട്‌.
അവരില്‍ ചിലര്‍ ‍റോസാ ലക്സംബര്‍ഗിനെക്കുറിച്ചും
അന്റോണിയോ ഗ്രാംഷിയെക്കുറിച്ചും
സംസാരിക്കും.
അല്‍പജ്ഞാനി ഭയപ്പെടണം.

ഗസലുകളുണ്ടാവും.
പയനിയര്‍ സെറ്റിന്റെ
കാതടപ്പന്‍ സംഗീതമുണ്ടാവും.
പട്ടണത്തില്‍ നിന്നവപോകും,
കടപ്പുറത്തേക്ക്‌, മുട്ടിപ്പാലം കടന്ന്
ഒരുമനയൂരിലേക്ക്‌.
പാലയൂര്‍ പള്ളി കടന്ന്
പഞ്ചാരമുക്കിലേക്കും
ഗുരുവായൂരിലേക്കും.
ആസ്പത്രി റോഡു വഴി
പുന്നയിലേക്ക്‌.
മണത്തല പള്ളിയും
വിശ്വനാഥ ക്ഷേത്രവും കടന്ന്
എടക്കഴിയൂരിലേക്ക്‌.
ഓരോ ദേശവും
ഓരോ ചിഹ്നം പേറുന്നുണ്ട്.

വഹിക്കുമവ അരി,
പച്ചക്കറികള്‍,വെളിച്ചെണ്ണ, കൊപ്ര.
കാണാം ഓട്ടോയില്‍
‍സ്വര്‍ണ്ണാഭരണങ്ങളില്‍
‍നവവധുക്കളെ.
യൂണിയനുകളുണ്ട്‌
ഗുരുവായൂരിലെപ്പോലെ
ചാവക്കാട്ടും.

ചാവക്കാടിനും ഗുരുവായൂരിനുമിടയിലെ
സ്വവര്‍ഗാനുരാഗികളുടെ ഫെറാമോണ്‍
നിരയിലൂടെ ഓട്ടോകള്‍
പഞ്ഞുപോകാറുണ്ട്‌, ഇപ്പോഴും.
ഗുരുവായൂരിലെ ഓട്ടോകള്‍
‍അമ്പാടിക്കണ്ണനെ വാഴ്ത്തുന്ന പോലെ
ചാവക്കാട്ടെ ഓട്ടോകള്‍
‍ഗള്‍ഫിനെ വാഴ്ത്തുന്നു.
എത്ര പറഞ്ഞാലും പറഞ്ഞില്ലെങ്കിലും
ഗുരുവായൂരിലേയും ചാവക്കാട്ടേയും
ഓട്ടോക്കാര്‍ക്ക്‌ പരിഭവമേ കാണൂ,
എല്ലായിടത്തെയും ഓട്ടോകാരെയും പോലെ.
എന്തുകൊണ്ടെന്നാല്‍
ഇവരാരും കോഴിക്കോട്ടെ
ഓട്ടോക്കാരല്ലല്ലോ.
(ഒരു പുനര്‍ പോസ്റ്റ്‌ )
ചിത്രം:  ഗുരുവായൂര്‍ ആനത്താവള ത്തിലേക്കുള്ള വഴി  (കടപ്പാട്: ഫ്ലിക്കര്‍ )

Thursday, 23 September 2010

വിധി

അയോധ്യയുടെ
യുദ്ധവും ചോരയും
ഹൃദയങ്ങളിലാണ്.

മിനാരങ്ങള്‍ക്കും
മീഞ്ചന്തകള്‍ക്കും
താഴെ മാന്തിച്ചെന്നാല്‍
മണ്ണടരില്‍ ക്ഷേത്രത്തിന്റെ
കല്‍ത്തൂണോ മീനിന്റെ മുള്ളോ
കണ്ടെത്താം.
പുരാതന ദൈവതത്തിന്
കാവലായി നിന്ന
മണ്‍ധ്യാനം.
മാലാഖ തിന്ന
മീനിന്റെ മുള്ള്.
അടരുകള്‍ക്കടിയില്‍
ബോധിസത്വന്റെ
ചിതറിയ ശിരസ്സ്.
അടുത്ത അടരെടുത്തപ്പോള്‍
മനുഷ്യാസ്തികളുടെ
ഒരു ക്ഷേത്രഗണിതം.
അതിന്നടിയില്‍
വിളവെടുക്കാറായ
കണ്ണുനീര്‍പാടം.
അമ്പേറ്റുപായുന്ന
പേടമാനിന്റെ നിശ്ചലത.
പിന്നെ കത്തിയമരുന്ന
ഭവനം പോലെ ഒരു വനം.

വിധി ഇതൊന്നുമല്ല.
അത് മണ്ണടരുകള്‍ക്കുമേല്‍
മഴയായി പെയ്യുന്ന
മനുഷ്യരക്തമാണ്.
നിഷ്കാസിതരുടെയും
നിഷ്കളങ്കരുടെയും
ചോരയില്‍ കുത്തിനിറുത്തിയ
ഈ ത്രിശൂലം
ഏത് ദൈവത്തിനുള്ള
സമര്‍പ്പണമാണ്?

Thursday, 9 September 2010

ആനകളുടെ ശ്മശാനം

'ആനകളുടെ ശ്മശാന'ത്തില്‍ നിന്ന്‍ 
കറുത്ത വന്‍കരയെന്ന്‍  വെളുത്ത ലോകം മുദ്രകുത്തിയ ആഫ്രിക്കയിലെ ഘോരവനം ടെലിവിഷനില്‍ കാണുമ്പോള്‍ അയാളുടെ ഓര്‍മ്മകള്‍ കലങ്ങി മറിഞ്ഞ് പുറകോട്ടു പോകും. ഭൂതകാല ജീവിതത്തില്‍ അതിരുകളിട്ട് അടയാളപ്പെടുത്തിയ നടന്‍-കഥാപാത്രം, യുവാവ്-വൃദ്ധന്‍ എന്നീ ദ്വന്ദങ്ങളെ വേര്‍ത്തിരിക്കാന്‍ അയാള്‍ക്ക്  കഴിയുന്നില്ല. ജോണി വീസ്മുള്ളര്‍ എന്ന പഴയ ഹോളിവുഡ് നടന്‍ മെക്സിക്കോയിലെ ഒരു ആശുപത്രിയില്‍ മനോരോഗികളുടെ വാര്‍ഡിലാണ് കഴിയുന്നത്.  അയാള്‍ ആശുപത്രിയിലെ തീന്മുറിയില്‍ ഇരുന്ന്‍ സൂപ്പ് കഴിക്കുന്നതിനിടയില്‍ മേശയിലിരിക്കുന്ന ഓറഞ്ചു ജ്യൂസ് പാക്ക് കാണുന്നു. പാക്കില്‍ ഓറഞ്ചിന്റെ ചിത്രം. പൊടുന്നനെ അയാളുടെ ഓര്‍മ ആഫ്രിക്കന്‍ കാട്ടിലൊരിടത്ത്‌ മരക്കൊമ്പില്‍ പറന്നേറുന്നു. ചില്ലയില്‍, അരികില്‍ സഹചാരിയായ കുരങ്ങന്‍. ഇരുവരും മരത്തില്‍ നിന്ന്‍ പഴങ്ങള്‍ പറിച്ചെടുത്ത് തിന്നുന്നു. പെട്ടെന്ന്‍ അകലെ ആളനക്കം. മരക്കൊമ്പില്‍ ഇരുന്ന്‍ ടാര്‍സന്‍ വിളിച്ചു പറയുന്നു. അതാ ആനക്കൊമ്പ് വേട്ടക്കരെത്തി; ഒരു സ്ത്രീയും കൂടെയുണ്ട്. പിന്നെ കാണുന്നത് ടാര്‍സന്‍ കാട്ടില്‍ കടന്നു വന്നവരെ നേരിടുന്നതാണ്. പക്ഷെ അയാളെ തോക്കുകളുമായി വളഞ്ഞവരുടെ കെണിയില്‍ അയാള്‍ അകപ്പെടുന്നു. കൂട്ടത്തില്‍ ഉണ്ടായിരുന്ന സുന്ദരിയുടെയും ടാര്‍സന്റെയും കണ്ണുകള്‍ പ്രണയത്തിന്റെ പ്രതിപാദ്യാതീതമായ ഭാഷ കൈമാറുന്നു.
നിസ്സിം നിസിമോവ് ജോണി വീസ്മുള്ളറുടെ വേഷത്തില്‍.
'ആനകളുടെ ശ്മശാനം' 
          പല തവണ ടാര്‍സനെ അവതരിപ്പിച്ച ജോണി വീസ്മുള്ളര്‍ക്കിപ്പോള്‍ 80 വയസ്സായി. മനസ്സ് ശ്ലഥസ്ഫടികമായി. ആശുപത്രിയിലെ വൈദ്യ പരിചാരിക അയാള്‍ക്ക് മരുന്ന് കൊടുക്കുമ്പോള്‍ അയാള്‍ അനുസരണയോടെ കഴിക്കുന്നു. അവള്‍ അയാളെ പ്രശംസിക്കുന്നു. ജോണി ഒരിയ്ക്കലും സംസാരിക്കുന്നില്ല. ടാര്‍സന്‍ എന്ന സിനിമയിലും ജോണിക്ക് സംഭാഷണങ്ങള്‍ നന്നേ കുറവായിരുന്നു എന്നു തന്നെ പറയാം. ആനകളുടെ അന്ത്യത്തെ പറ്റി നിരവധി കഥകളുണ്ട്. അവ മരണത്തോടടുക്കുമ്പോള്‍ ഒരു ദിശയില്‍ നടന്ന്‍ പൂര്‍വികര്‍ മരിച്ചു കിടക്കുന്നിടത്ത് പോയി മരണം കാത്തു കിടക്കുമത്രെ. മറ്റൊരു കഥയുള്ളത്, ആനവേട്ടക്കാരെ ഭയന്ന്‍ ആനകള്‍ ഒരു സുരക്ഷിത പ്രദേശത്തേക്ക് നീങ്ങുന്നു എന്നതാണ്.  ആഫ്രിക്കന്‍ കാട്ടിലൂടെ ആനകള്‍ നീങ്ങുന്നതായി അയാള്‍ ടെലിവിഷനില്‍ കാണുന്നു. 'ആനകളുടെ ശ്മശാനം' എന്നത് ഒടുവിലത്തെ വിശ്രമസ്ഥലം എന്നു സൂചിപ്പിക്കുന്ന ഒരു പ്രയോഗമായി വ്യവഹരിച്ചു വരുന്നു.  ഇന്ന്‍ ഇതെല്ലാം മാറി. ആനകളും ഇതര മൃഗങ്ങളെ പോലെ മരണമെത്തുന്ന നേരത്ത് എവിടെയാണോ അവിടെ കിടന്ന്‍ മരിക്കുന്നു. അവ ശ്മശാനങ്ങള്‍ തേടുന്നില്ല.
ആഫ്രിക്കന്‍ ആനകള്‍ 

           പിന്നെ നാം കാണുന്നത് ആശുപത്രിയില്‍ ടെലിവിഷന്‍ കണ്ടിരിക്കുന്ന ജോണിയെയാണ്. പ്രതിവാര പരിശോധനക്കായി ഇനിയുമെത്തിയിട്ടില്ലാത്ത ജോണി ഡോക്ടറെ കാണാന്‍ ഉടനെ എത്തണമെന്ന് സ്പീക്കറിലൂടെ വിളംബരം വരുന്നു. അയാള്‍ ആയാസപ്പെട്ട് കാലുകള്‍ വലിച്ചുവെച്ച് ഭിഷഗ്വരനെ കാണാന്‍ പോകുന്നു. പരിശോധനക്ക് ശേഷം ഡോക്ടര്‍  പറയുന്നു, ഹൃദയത്തിന് താന്റെ കാറിന്റെ ശബ്ദമാണ്. എന്നാലും താങ്കള്‍ക്ക് വലിയ കുഴപ്പമൊന്നുമില്ല.  ഡോക്ടര്‍ സ്തെതസ്കോപ്പ് ജോണിയുടെ നെഞ്ചില്‍ വെച്ചതോടെ ദൃശ്യം മാറുന്നു. കാട്ടില്‍ വെള്ളക്കാരുടെ കെണിയില്‍ അകപ്പെടുമ്പോള്‍ കണ്ട സുന്ദരി ടാര്‍സന്റെ നെഞ്ചില്‍ അവളുടെ കൈ വെയ്ക്കുന്നു.  രാത്രിയില്‍ അവള്‍ കമ്പുകള്‍ കൂട്ടി കെട്ടിയ കൂട്ടില്‍ നിന്ന്‍ ടാര്‍സനെ രക്ഷപ്പെടുത്തുന്നു. മോചനം നേടിയ വന്യമൃഗത്തെ പോലെ ടാര്‍സന്‍ കുതിച്ചോടുന്നു. ഒപ്പം വെളുത്ത സുന്ദരിയും. അവര്‍ ചുംബനത്തിലും ആലിംഗനത്തിലും ആഴുന്നു.
               ഡോക്ടറെ കണ്ടതിനു ശേഷം പരിചാരകര്‍ ജോണിയെ കുളിത്തൊട്ടിലില്‍ കിടത്തി കുളിപ്പിക്കുന്നു. കുളി കഴിഞ്ഞ് വരാന്തയിലൂടെ നടക്കുമ്പോള്‍ അയാള്‍ പുറത്തെ പച്ച വള്ളിപ്പടര്‍പ്പുകള്‍ കാണുന്നു. പഴയ വനസ്മൃതിയില്‍  ഒരു കൈ വായയുടെ ഒരു ഭാഗത്ത് വെച്ച് ടാര്‍സനായി അഭിനയിച്ചപ്പോള്‍ ഉണ്ടാക്കിയ ഒരു സവിശേഷ ശബ്ദമുണ്ടാക്കുന്നു. ആഫ്രിക്കന്‍ വനസാന്ദ്രതയിലൂടെ ആനകള്‍ നീങ്ങുന്നതായി അയാള്‍ക്ക് തോന്നുന്നു.  പിന്നെ കാണുന്നത് കാറ്റു പിടിച്ച വനപ്പുല്ലുകളുടെ മധ്യത്തില്‍ കട്ടിലില്‍ ജോണി വീസ്മുള്ളര്‍ ഇരിക്കുന്നു. അടുത്ത് ഒരു ആശുപത്രി മുറിയുടെ അന്തരീക്ഷം. അയാള്‍ മേല്‍ക്കുപ്പായം അഴിച്ചു വെച്ച് നടക്കുന്നു. വനശാന്തത. നടന്ന്‍ ഒരു നദിയിലേക്ക് ഇറങ്ങുന്നു. ഒരിയ്ക്കല്‍ കാട്ടിലെ രാജാവായിരുന്ന അയാള്‍ നദിയുടെ ജലസമൃദ്ധിയില്‍ എന്നെന്നേക്കുമായി സ്വയം നിമഞ്ജനം ചെയ്യുന്നു. വേരുകളിലേക്കുള്ള യാത്ര!
          ഇത്രയും എഴുതിയത് ഇസ്രയേല്‍ ചലച്ചിത്രകാരനായ അവി ബെല്‍കിന്‍ അമേരിക്കന്‍-ഇസ്രായേല്‍ കള്‍ച്ചറല്‍ ഫൌണ്ടേഷന് വേണ്ടി എടുത്ത ഹ്രസ്വ ചിത്രത്തെ കുറിച്ചാണ്. 'Elephant Graveyard'. 'ആനകളുടെ ശ്മശാനം'. ബെയ്റ്റ് ബേള്‍ കോളേജിലെ ഫിലിം വകുപ്പ് കലാകാരന്മാരാണ് ഈ സംരംഭത്തിനു പിറകില്‍. എഡ്ഗാര്‍ റൈസ് ബാറോസിന്റെ ടാര്‍സന്‍ എന്ന സാഹസിക കഥയാണ് പശ്ചാത്തലം. എന്നാല്‍ വെറും 14 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ഹ്രസ്വ ചിത്രം മെനഞ്ഞെടുത്തിരിക്കുന്നത് ടോമാര്‍ ഹനുകയുടെ  ഗ്രാഫിക് നോവലിനെ അടിസ്ഥാനമാക്കിയാണ്. ജോണി വീസ്മുള്ളറെ നിസ്സിം നിസ്സിമോവ് അവിസ്മരണീയമാക്കിയിരിക്കുന്നു. നിയന്ത്രിത ചലനങ്ങളും മൌനവും നോട്ടവും ചിത്രത്തിലെ അദ്ദേഹത്തിന്റെ പെരുമാറ്റത്തെ ഭാവതീവ്രമാക്കുന്നു.
         ടാര്‍സന്‍ കഥകള്‍ ഉത്പാദിപ്പിച്ച വംശീയമായ വിവേചനങ്ങളും സാംസ്കാരികമായ അധിക്ഷേപങ്ങളും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. ടാര്‍സന്‍ ശ്രേണിയിലെ ആദ്യ രചന മുതല്‍ വംശീയ വിദ്വേഷങ്ങളുടെ പ്രകട പ്രവണതകള്‍ കാണാം. അറബി-നീഗ്രോ വംശാധിക്ഷേപങ്ങളുടെയും യൂറോപ്യന്‍ കോയ്മയുടെ മഹത്വവല്‍ക്കരണത്തിന്റെയും മംഗള പത്രങ്ങളാണ് ടാര്‍സന്‍ കഥകള്‍. പില്‍ക്കാല ടാര്‍സന്‍ കഥകള്‍ ഒരു പടികൂടി കടന്ന്‍ കമാല്‍ അബ്ദുല്‍ നാസര്‍ മുന്നോട്ടു വെച്ച വിശാല അറേബ്യന്‍ ദേശീയതയെ കുഴിച്ചു മൂടാന്‍ എല്ലാ ക്രൌര്യവും അഴിച്ചുവിടുന്ന സയോണിസത്തെ വാഴ്ത്തുന്നുണ്ട്. എന്നാല്‍ ആനകളുടെ ശ്മശാനം മനുഷ്യന്റെ ആയുര്‍സായാഹനത്തിലെ വിഭ്രമാത്മകതയെ ദൃശ്യവത്ക്കരിക്കുന്നതോടൊപ്പം യൂറോപ്യന്‍ അധിനിവേശത്തിന്റെ ഹിംസാത്മകതയെയും എടുത്തുകാട്ടുന്നു.
അവി ബെല്‍കിന്‍ 

         'ആനകളുടെ ശ്മശാനം' ജീവിതാന്ത്യത്തില്‍ എത്തിയ ഒരു കലാകാരന്റെ മാനസികമായ  സ്ഥലജല വിഭ്രാന്തിയെ ജോണി വീസ്മുള്ളര്‍ എന്ന നടന്റെ ആശുപത്രി കാല ജീവിതത്തിന്റെ മനോവ്യാപാരങ്ങളുമായി ഘടിപ്പിച്ച് വിശകലനം ചെയ്യുന്നു. ആനകള്‍ അവരുടെ ശ്മശാനങ്ങള്‍ തേടുന്ന പോലെ ജോണിയും അദ്ദേഹത്തിന്റെ ഒടുവിലത്തെ വിശ്രമസ്ഥലി തേടുന്നു. വിവിധ ഘടനയും ഭാവവുമുള്ള ഹ്രസ്വ ചിത്രങ്ങളെ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് ലോകത്ത് പ്രചരിപ്പിക്കുന്നതില്‍ മുന്‍കൈ ഉള്ള www.cultureunplugged.com എന്ന വെബ്സൈറ്റാണ് ഈ ചിത്രത്തെ എന്റെ മുന്നില്‍ കൊണ്ടുവന്നത്. നമ്മുടെ വിരല്‍ത്തുമ്പില്‍ സര്‍ഗാത്മകമായ ദൃശ്യസ്വരൂപങ്ങളെ കൊണ്ടു വരുന്നതില്‍ ഈ വെബ്സൈറ്റ് ഗൗരവമുള്ള  പങ്ക് വഹിക്കുന്നു. ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി മാധ്യമ പ്രവര്‍ത്തകരുടെയും സാമൂഹ്യപ്രവര്‍ത്തകരുടെയും പ്രതിരോധ രചനകള്‍ക്ക് ഇവിടെ ഇടം കിട്ടുന്നത് നമുക്ക് കാണാം.

Wednesday, 1 September 2010

ഭയമനസ്സ്

ആന്തരികമായും ബാഹ്യമായും മനുഷ്യനില്‍ ഭയം നിറഞ്ഞ പരുഷലോകത്താണ് നമ്മുടെ ഈ ജീവിതം. ഭയവും ലജ്ജയും നിമിത്തം നമുക്ക് തല നേരെ പിടിക്കാന്‍ ഒക്കുന്നില്ല. തെരുവിലൂടെ നടക്കുമ്പോള്‍ ആരെങ്കിലും നമ്മുടെ പണം തട്ടിയെടുത്ത് പായുമോ എന്ന ഭയം ഏറ്റവും സത്വരമാണെങ്കില്‍ മക്കളുടെ കാലമാകുമ്പൊഴേക്ക് പ്രൊഫഷണല്‍ കോഴ്സിനുള്ള ഫീ വര്‍ദ്ധിക്കുമോ, സ്വര്‍ണം കിട്ടാക്കനിയാകുമോ എന്നീ ഭയങ്ങളും നമ്മെ ചൂഴ്ന്നു നില്‍ക്കുന്നു. നമ്മളിലൊരാള്‍ അയല്‍‌പെണ്‍കൊടിയുടെ കന്യകാത്വത്തില്‍ അയാളുടെ ആസക്തിക്കത്തി വെക്കുമ്പോള്‍ ലജ്ജ നിങ്ങളെയും എന്നെയും ശവത്തെ ആറു തുണ്ടം തുണിയെന്നപോലെ പൊതിയാറില്ലെ? ഭയം ഇപ്പോള്‍ നമ്മുടെ ആവരണമായിരിക്കുന്നു. ലജ്ജിച്ച് ലജ്ജിച്ച് നമുക്ക് പരിചയമേറുന്നു. അഭിമാനത്തോടെ നടക്കുന്നത് കൈക്കൂലികൊടുക്കാതെ അര്‍ഹമായത് സര്‍ക്കാരാപ്പീസില്‍ നിന്ന് നേടുന്നതുപോലെ അറു ബോറായിരിക്കുന്നു.
സര്‍ക്കാരാപ്പീസില്‍ പോയി വരുന്നവരോട് നാട്ടു നടപ്പനുസരിച്ച് ‘എത്ര കൊടുത്തു’ എന്ന് നമ്മള്‍ ചോദിച്ചിരിക്കണം.[phobia2+(1).jpg]
ചില ദാര്‍ശനിക പ്രശ്നങ്ങളും ചില്ലറ ഇടതുരാഷ്ട്രീയ ചിന്താപദ്ധതിയുമായി നടന്നിരുന്ന എന്റെ ഒരു ചങ്ങാതിയ്ക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് നഗരസഭാ കാര്യാലയത്തില്‍ ഗുമസ്തപ്പണി കിട്ടി. കൈക്കൂലി വാങ്ങില്ല എന്നതായിരുന്നു വിദ്വാന്റെ ഓത്ത്. ചെന്നുകയറിയ ശേഷം അവിടം മേയുന്ന താപ്പാനകളുമായി അടുത്തു. കൈക്കൂലിയൊക്കെ വരവായി.
എന്റെ പൊന്നു ചങ്ങാതി പറഞ്ഞു. ച്ഛേ! എന്തായിത്? കൈക്കൂല്യാ? കൊണ്ടു പോ!
വര്‍ഷങ്ങളായി അവിടെ സ്വൈരവിഹാരം നടത്തുന്ന വിഷജന്തുക്കള്‍ കൂട്ടമായും അല്ലാതെയും പിറുപിറുത്തു.
പാവം ഒന്നും അറിയില്ല.
ഇവനെ നമുക്ക് പഠിപ്പിച്ച് പഠിപ്പിച്ച് കൈക്കൂലിയില്‍ ഒരു കേരള സര്‍വകലശാല ഡോക്ടറേറ്റ് വാങ്ങിച്ചു കൊടുക്കണം.
അവര്‍ അതിനു വേണ്ടിയുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. മന:പൂര്‍വ്വം പറയട്ടെ, അവനുമായി വര്‍ഷങ്ങളായി എനിക്ക് വലിയ ബന്ധമില്ല. ഒന്നുകില്‍ അവന്‍ നഗരസഭാ കാര്യനോട്ടത്തിന്റെ ഏതെങ്കിലും പൊടിപിടിച്ച പങ്ക തിരിയുന്ന മൂലയില്‍ ലജ്ജിച്ചോ ഭയന്നോ ഇരിക്കുകയാവും. അല്ലെങ്കില്‍ അവന്‍ പഴയ ചിന്താ പദ്ധതികള്‍ വെറും പഞ്ചവത്സര പദ്ധതികളുടെ ഗൌരവത്തോടെ കണ്ട് ഒരു കിടിലന്‍ കൈക്കൂലിപ്പെരുമാളായി പിന്നിടെത്തിയ കുഞ്ഞു ഇരകളെ ട്രെയിന്‍ ചെയ്യിക്കയാവും.

ഇത്രയൊക്കെ വിരലുകളാല്‍ കൊത്തിയത് നമ്മളെങ്ങനെ ശിരസ്സ് ഉയര്‍ത്തിപ്പിടിക്കണം എന്നും നിര്‍ഭയരാകണമെന്നും ചിന്തിച്ചപ്പോഴാണ്. അതിന് കാരണമായത് ശ്രീ രവീന്രനാഥ് ടാഗോറിന്റെ ഗീതാഞ്ജലിയുടെ പുനര്‍വായനയാണ്.

Mind Without Fear എന്നതിനെ തിരിച്ചിട്ടു വായിക്കുമ്പോള്‍ ഈ വക ചിന്തകളുടെ മറ്റൊരു ആഴത്തിലേക്ക് ടാഗോര്‍ നമ്മെ എത്തിക്കുന്നു. അതിനാല്‍ അധികം വിസ്തരിക്കാതെ ടാഗോറിന്റെ ഗീതാഞ്ജലിയുടെ ആദ്യഭാഗത്തെ നമ്മുടെ കാലത്തിന്റെ തലതിരിച്ചിലോടെ വായിക്കാന്‍ നോക്കാം. ടാഗോര്‍ ക്ഷമിക്കുമെന്നാണ് ഞാനും നിങ്ങളെപ്പോലെ കരുതുന്നത്. അതിനാലിങ്ങനെ:

എവിടെയാണ് മനസ്സ് ഭയപൂരിതമായിരിക്കുന്നത്, ശിരസ്സ് കുനിഞ്ഞിരിക്കുന്നത്;
എവിടെയാണ് ജ്ഞാനം തടങ്കലില്‍;
എവിടെയാണ് നമ്മുടെ ഈ ലോകത്തെ ഇടുങ്ങിയ മതിലുകളാല്‍ കൊച്ചുകൊച്ചു കഷ്ണങ്ങളായി മുറിച്ചിട്ടിരിക്കുന്നത്;
എവിടെയാണ് നുണയുടെ ആഴങ്ങളില്‍ നിന്ന് വരുന്ന വാക്കുകളുള്ളത്;
എവിടെയാണ് അലസത അതിന്റെ കരങ്ങള്‍ പൂര്‍ണതയിലേക്കു നീട്ടുന്നത്;
എവിടെയാണ് അയുക്തികതയുടെ കലുഷമായ അരുവി ജൈവചര്യകളുടെ ഹരിതസമ്പന്ന ഭൂമിയിലേക്ക് വഴി തുറക്കുന്നത്;
ചുരുങ്ങിച്ചുരുങ്ങിക്കൊണ്ടേയിരിക്കുന്ന ചിന്തയിലേക്കും ചെയ്തികളിലേക്കും നീ നയിക്കുന്ന മനസ്സ് എവിടെയാണുള്ളത്;
ആ പാരതന്ത്ര്യത്തിന്റെ ആ നരകത്തിലേക്ക്,
(ഇത്രയും എഴുതി. ഇനി വയ്യ എന്റെ രാജ്യത്തെ ഉണര്‍ത്താന്‍ പറയാന്‍)
എന്റെ തമ്പുരാനേ, എന്റെ രാജ്യത്തെ ഉണര്‍ത്താതിരിക്കേണമേ!
(അങ്ങനെ പറയാനേ കഴിയൂ. അല്ലെങ്കില്‍ ഗുരുദേവ് ക്ഷമിക്കുമോ?)

അങ്ങനെ ടാഗോറിന്റെ മേല്‍ കയറിയിരുന്നുകൊണ്ടുള്ള ആ പണി തീര്‍ന്നു. ഇന്ത്യന്‍ ഭാഷകള്‍ക്ക് ലോകത്തിന് കൈമാറാന്‍ കഴിഞ്ഞ അപൂര്‍വം പ്രതിഭകളില്‍ ഒരാളായി ഇന്നും ടാഗോര്‍ നിലനില്‍ക്കുന്നു. ഗീതാഞ്ജലിയോടൊപ്പം എന്റെ ഈ കൈക്കുറ്റപ്പാടും
വായിക്കുമ്പോള്‍ ആര്‍ക്കും തോന്നണം നമ്മള്‍ മൂല്യങ്ങളുടെ കാര്യത്തില്‍ പൂര്‍വസൂരികളില്‍ നിന്ന് എത്ര അകലെയണെന്ന്. നമുക്ക് നമ്മുടെ തല ഉയര്‍ത്തിപ്പിടിക്കാനാവുന്നുണ്ടോ എന്ന്, മദ്യശാലകള്‍ അടച്ചിടുന്ന നാളുകളില്‍ പോലും! നിര്‍ഭയം നിന്നിരുന്ന പഴയ ഭീഷ്മപര്‍വങ്ങളുടെ ഓര്‍മപ്പെരുന്നാളുകള്‍ ആഘോഷിക്കുമ്പോഴും നമ്മള്‍ സുഖം കണ്ടെത്തുന്നത് ഭയത്തിന്റെയും ലജ്ജയുടെയും വാത്മീകത്തിനകത്താണ്. കൊക്കൂണിനകത്തെ പ്യൂപ്പയുടെ സുഖം!

Friday, 27 August 2010

തട്ടകത്തെ കോവിലൻഎം. ഫൈസൽ 

സത്യത്തിൽ കോവിലനെ കുറിച്ച് ഇപ്പോൾ എഴുതുമ്പോൾ കുറ്റബോധവും സങ്കടവുമുണ്ട്. എന്തുകൊണ്ടെന്നാൽ നമുക്കിടയിൽ നമ്മോടൊപ്പം അദ്ദേഹം ഉണർന്നിരിയ്ക്കെ ആ എഴുത്തിന്റെ തീക്ഷ്ണാനുഭവം പങ്കിടാനാവാതെ പോയല്ലോ! ഞാൻ ജനിച്ചു വളര്‍ന്ന ഭൂസ്വരൂപത്തിന്റെയും ജീവിതവ്യവഹാരങ്ങളുടെയും സര്‍ഗാത്മകവ്യാഖ്യാനം നടത്തിയ ഹിമാലയതുല്യനായ കോവിലനെക്കുറിച്ചെഴുതാൻ ഈ പംക്തിയില്‍ ഇതിനുമുമ്പേ ആഗ്രഹിച്ചതാണ്. ഇടപെട്ട ഇടങ്ങളിൽ വേറിട്ട മുദ്ര രചിച്ചവരെയായിരുന്നു ഈ പംക്തിയിൽ ഞാൻ അക്ഷരസ്മരണയ്ക്ക് സ്വീകരിച്ചത്. മലയാളത്തിൽ ജീവിച്ചിരുന്ന ഇതര എഴുത്തുകാരിൽ നിന്ന് വ്യത്യസ്തമായി എന്തു സവിശേഷതയായിരുന്നു അയ്യപ്പൻ എന്ന കോവിലന് ഉണ്ടായിരുന്നത് എന്ന സംശയം അദ്ദേഹത്തിന്റെ രചനാപ്രപഞ്ചത്തിലൂടെ കടന്നുപോയിട്ടുള്ളവർ തീർച്ചയായും ഉന്നയിക്കില്ല. എന്തുകൊണ്ടെന്നാൽ എഴുത്തുകാരൻ എപ്പോഴും വിട്ടുപോകുന്നത് അനന്യവും അതുല്യവുമായ സൌന്ദര്യമാണ്. ആ സൌന്ദര്യത്തിന് രചയിതാവിന്റെയും ആസ്വാദകന്റെയും ദർശനസ്വാഭാവത്തിന് അനുസരിച്ചുള്ള വൈവിദ്ധ്യങ്ങളുണ്ടാകാം. കോവിലൻ നമുക്കു മുന്നിൽ വിട്ടുപോയത് എഴുത്തിൽ അധികമാരും പറഞ്ഞു പതിയാത്ത വാമൊഴി വഴക്കങ്ങളാണ്. ശിലായുഗത്തിന്റെ പിന്തുടർച്ചയിലൂടെ ഊറിവന്ന ദ്രാവിഡജീവിത സമ്പ്രദായമാണ്.
   
ഗുരുവായൂർ ശ്രീ ക്ര്‌ഷണ കോളേജ് നിലകൊള്ളുന്ന അരികന്നിയൂർ കുന്നിറങ്ങി തെക്കു പടിഞ്ഞാട്ടിറങ്ങിയാൽ കണ്ടാണിശ്ശേരിയായി. കോളേജിന്റെ പഴയ ലേഡീസ് ഹോസ്റ്റലിനു പിറകിലെ കുറ്റിക്കാട്ടിൽ ഉണക്കിലയുടെ ഞരമ്പു പോലെ അവ്യക്തമായി കിടക്കുന്ന നടവഴിയുണ്ട്. അതിലൂടെ നടന്നാൽ കുന്നിറങ്ങാം. അതിറങ്ങിയാൽ ചരിത്രത്തിലെ ശിലായുഗത്തിലേക്ക് നീളുന്ന കാഴ്ചവിസ്മയമുണ്ട്. കുടക്കല്ലുകൾ! ദേശീയ പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള തൊപ്പിക്കല്ലുകൾ കടന്നാൽ വഴിയോരത്തെ കള്ളുഷാപ്പിൽ നിന്ന് പുളിച്ച കള്ളിന്റെ മണം ഇറച്ചിയുടെയും മീനിന്റെയും മസാലഗന്ധത്തിൽ കലർന്ന് പരക്കുന്നതറിയാം. പിന്നെയും കുന്നു കയറിയാൽ ചാരായഷാപ്പാണ്. കള്ളുഷാപ്പിലെ കുടി പഴഞ്ചനായെന്നു തോന്നിയാൽ പിള്ളേർ പിന്നെയെത്തുന്നത് ചാരായഷാപ്പിലാണ്.
1987 ലെ ഒരു പൊള്ളുന്ന വെയിലിലാണ് ഞാൻ ആദ്യാമായി കോവിലനുമായി സംസാരിക്കുന്നത്.  അന്നു ഞാന്‍ ശ്രീ ക്ര്‌ഷ്ണ കോളേജിൽ ഒന്നാം വർഷ ചരിത്രബിരുദത്തിന് പഠിക്കുകയായിരുന്നു. കോഴിക്കോട് സര്‍വകലാശാലയുടെ ഡി-സോണ്‍ തല കവിതാരചനാ മത്സരത്തിൽ ആ വര്‍ഷം എന്നെ ഒന്നാമതായി തെരഞ്ഞെടുത്തിരുന്നു. അടുത്തത് ഇന്റർസോൺ മത്സരം. അത് അതേ അക്കാദമികവർഷം കോഴിക്കോട് മീഞ്ചന്ത ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിലായിരുന്നു. അങ്ങോട്ട് പുറപ്പെടും മുമ്പ് തെരഞ്ഞെടുക്കപ്പെടാന്‍ നിമിത്തമായ എന്റെ കവിത എനിയ്ക്ക് കിട്ടിയാൽ കൊള്ളാമെന്ന് തോന്നി. വിഷയം തന്ന് സത്വരം രണ്ടു മണിക്കൂറുകൊണ്ട് എഴുതിയതാണ്.  കവിയും ഗണിതശാസ്ത്ര പ്രൊഫസറുമായ പി. കേശവന്‍ നമ്പൂതിരിയാണു പറഞ്ഞത് കവിത കോവിലന്റെ കൈവശമാണെന്ന്. ഇന്നും ഞാന്‍ ഓര്‍ക്കുന്നു ആ കവിതയുടെ ശീര്‍ഷകം: സികതാക്ഷരങ്ങള്‍‘.  കള്ളുഷാപ്പ് കടന്നു. ചാരായഷാപ്പ് കടന്നു. പ്രാചീന സംക്ര്‌തിയുടെ അടയാളങ്ങളായ തൊപ്പിക്കല്ലുകളും മുനിമടയും കടന്നു. പറങ്കിമാവുകൾ അതിർത്തിയിടുന്ന ചെമ്മൺ വഴിയിലൂടെ നടത്തം.  
വീടിനടുത്ത വഴിയിൽ എഴുത്തിലെ ഹിമാലയം! കണ്ടു. പരിചയപ്പെട്ടു. സൌമ്യം. സംസാരിച്ചു. ദീപ്തം. ഗോത്രകണിശം! തിരിച്ചു പോന്നു. കോവിലന്‍ എന്ന മഹാപ്രതിഭയുടെ തീക്ഷ്ണമായ രചനകള്‍ വായിച്ചു. എന്ന കഥ ഇന്നും പിന്തുടരുന്ന അടയാള കഥയാണ്. കഥാകാരന്‍റെ പതാക. രു ക്ഷരമല്ല. അത് ജീവിതത്തിന്റെ മറ്റൊരു ചിഹ്നമാകുന്നത് എന്ന രൂപമുള്ള മണ്‍പാത്രവുമായി കുട്ടി പള്ളിക്കൂടത്തിലേക്ക് പോകുന്നത് ഒരു നേരത്തെ അന്നത്തിനാണ് എന്നറിയുമ്പോഴാണ്. പൊള്ളുന്ന ജീവിതത്തിന്‍റെ യാഥാര്‍ത്ഥ്യവുമായി ബന്ധപ്പെടാതെ ഒരു വിദ്യയും സാധ്യമല്ല എന്ന സ്ത്യത്തെ എന്ന കഥ മുദ്രണം ചെയ്യുന്നു.
കോവിലന്‍റെ കഥകളിലൂടെ കടന്നുപോകുമ്പോഴൊക്കെ വെടിയൊച്ചകളുടെ മുഴക്കങ്ങളും ട്രഞ്ചുകളില്‍ അകപ്പെട്ടു പോകുന്ന പ്രതീക്ഷകളുടെ ഞരക്കങ്ങളും വായനക്കാരനറിഞ്ഞു. തോറ്റങ്ങള്‍, ഹിമാലയം, തട്ടകം.
ഒരിയ്ക്കൽ കുഞ്ഞുണ്ണിമാഷുമായി ഒരുനാള്‍ അവിടെ ചെന്നു. കുഞ്ഞുണ്ണിമാഷ് എന്നോടു പറഞ്ഞു. എനിയ്ക്ക് അയ്യപ്പനെ കണ്ടിട്ടു വേണം പോകാന്‍’. ഞാന്‍ അധ്യാപനം നടത്തിയിരുന്ന വിദ്യാലയത്തിലെ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കുഞ്ഞുണ്ണിമാഷ്. മാഷുടെ കൈ പിടിച്ച് ഞാന്‍ കോവിലന്റെ വീട്ടുപടി കയറി. കുറേ നേരം സംസാരിച്ചിരുന്നു. വ്യക്തിപരമായ വിശേഷങ്ങൾ. കവിതയെഴുത്ത്. കഥകളുടെയും നോവലെഴുത്തിന്റെയും വഴികൾ. അന്നേരം തട്ടകംമലയാളത്തിൽ ഏറെ വായിക്കപ്പെടുന്ന നോവലുകളിൽ ഒന്നായി മാറിയിരുന്നു. പിന്നീടൊരിയ്ക്കൽ എന്റെ ചങ്ങാതിയും കഥകാരനുമായഷീർ മേച്ചേരിയുമായി കോവിലന്റെ ഗിരിയിൽ പോയി. എം. എ റഹ്മാന്‍ കോവിലന്‍: എന്റെ അച്ഛാച്ഛന്‍ എന്ന ഡോക്യുമെന്ററി എടുക്കുന്നു. അന്ന് ഏതാണ്ട് അവിടെ തന്നെ ചെലവഴിച്ചു. റഹ്മാന്റെ ഡോക്യുമെന്ററി ചലച്ചിത്രം ഒരു കോവിലൻ പഠനമാണ്. അദ്ദേഹത്തിന്റെ ബഷീർ ദ് മാൻഎങ്ങനെ ബഷീറിനെ വിശദീകരിച്ചുവോ അതേ അഴത്തിൽ റഹ്മാനും തന്റെ സർഗാത്മക ദൌത്യം നിർവഹിച്ചു. കോവിലന്റെ വളർത്തു പുത്രന്റെ കാഴ്ചയിലൂടെയാണ് ആ വിവരണസിനിമ വികസിച്ചത്.

പിന്നെയും ഗുരുവായൂരിലെ സാംസ്കാരിക വേളകളിലെ സമാഗമങ്ങൾ. ഒരിയ്ക്കല്‍ ഗുരുവായൂർ ജിയുപി സ്കൂളിൽ കോവിലൻ ചർച്ച. 1995 ലായിരുന്നു ഗുരുവായൂർ ശ്രീക്ര്‌ഷ്ണ കോളേജിൽ ഏകദിന കോവിലൻ സമ്മേളനം നടന്നത്. മലയാളത്തിലെ മിക്കവാറും എഴുത്തുകാർ പങ്കെടുത്ത മഹാസംഗമം. തട്ടകവും ആത്മഭാഷണങ്ങളുംഅന്ന് പ്രകാശനം ചെയ്തു. അന്ന് മാധ്യമം പത്രത്തിനു വേണ്ടി വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തത് ഞാനായിരുന്നു. കോവിലൻ എന്ന എഴുത്തുകാരൻ മലയാളത്തിലെ എത്ര ശ്രേഷ്ഠമായ അക്ഷരഗോപുരമാണ് എന്ന് സ്പഷ്ടമാക്കുന്നതായിരുന്നു ദിവസം മുഴുവൻ നീണ്ടു നിന്ന സാഹിത്യ സദസ്സ്. ദേഹാസ്വാസ്ഥ്യം മൂലം മാത്രം എത്താതിരുന്ന വൈക്കം മുഹമ്മദ് ബഷീർ ഒഴികെ മലയാളത്തിലെ തലയെടുപ്പുള്ള ഒട്ടുമിക്ക എഴുത്തുകാരും സമ്മേളനത്തിൽ പങ്കെടുത്തു. അന്നാണ്തട്ടകവുംആത്മഭാഷണങ്ങളുംപ്രകശിപ്പിക്കപ്പെട്ടത്.
മലയാളത്തിലെ എക്കാലത്തേയും മികച്ച രചനകളുടെ കര്‍ത്താവായിട്ടും എന്തുകൊണ്ട് അംഗീകാരങ്ങളുടെ ലോകവും മാധ്യമത്തമ്പുരാക്കന്മാരും കോവിലന് തീര്‍ച്ചയായും ലഭിക്കേണ്ടിയിരുന്ന പരിഗണന കൊടുത്തില്ല എന്നതിന്‍ വളരെ ലളിതമായ മറുപടിയുണ്ട്. കോവിലൻ തന്നെ പറയാറുള്ളതു പോലെ അദ്ദേഹം വളയിലും തുളയിലും കൊള്ളാത്തവനാണ്. മിസ്ഫിറ്റാണ്. സ്ഥാപനവല്‍ക്കരിക്കപ്പെട്ട സാംസ്കാരികഭൂമുഖത്തു നോക്കി രോഷത്തോടെ പൊട്ടിത്തെറിക്കുന്നവൻ എന്നും അനഭിമതനാണ്. കോവിലൻ നമ്മുടെ എസ്റ്റാബ്ലിഷ്മെന്‍റ് കോട്ടയ്ക്ക് പുറത്തായതിൽ അദ്ഭുതമെന്തിരിക്കുന്നു! അതുകൊണ്ടു തന്നെ ശ്രീ. എം.എന്‍ വിജയന്‍ മാഷ് ബഷീറിനെപ്പറ്റിമരുഭൂമികൾ പൂക്കുമ്പോൾ എന്ന ഗ്രന്ഥത്തിൽ എഴുതിയതിനെ തെല്ലുമാറ്റങ്ങളോടെ കോവിലനുമായി അടുപ്പിക്കാം. എല്ലാ ദര്‍ശനങ്ങളേയും അനുഭവം കൊണ്ട് അടിയറവു പറയിക്കുന്ന ഒരു ദര്‍ശനം കോവിലനുണ്ട്. ഇത് നാം അറിയാത്തത് ഗുരുവായൂരില്‍നിന്ന് കണ്ടാണിശ്ശേരിയിലേക്കുളള ദൂരം കുറവായതുകൊണ്ടാണ്, ജന്മവര്‍ഷങ്ങളുടെ അകലം ചെറുതായതുകൊണ്ടാണ്. കോവിലന്‍റെ ആദ്യകാല രചനാജീവിതത്തിന്‍റെ പരിസരം പട്ടാളമായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തെ പട്ടാളസാഹിത്യകാരൻ എന്ന് മുദ്ര കുത്താനുള്ള ശ്രമം നടന്നു. ഓരോ എഴുത്തുകാരനും/രിയും സ്വയം രൂപപ്പെട്ടുവരുന്ന സാഹചര്യങ്ങളോടു തന്നെയാണ്‍ പ്രാഥമികമായും സം‌വദിക്കേണ്ടത്. കോവിലൻ ചെയ്തതും മറ്റൊന്നല്ല. അദ്ദേഹത്തിന്‍റെ മൈന്‍സ് ബി’, ‘ഹിമാലയം‘, ‘ഏഴാമെങ്ങൾ‘, ‘താഴ്വരകൾഎന്നീ രചനകളുടെ പശ്ചാത്തലം സൈനികജീവിതത്തിന്‍റെ അനുഭവങ്ങൾ തന്നെയായിരുന്നു. 1972. കേരള സാഹിത്യ അക്കാദമി പുരസ്കാരം സിദ്ധിച്ചതോറ്റങ്ങൾഎന്ന കൊച്ചു നോവൽ പകര്‍ത്തിയത് ഇതിഹാസ സമാനമായ ഗ്രാമീണജീവിതത്തെയാണ്. തോറ്റങ്ങളുടെ അവതാരികയിൽ ഡോ. കെ. എം. തരകൻ നോവലിനെ ഒരുമോഡേൺ ക്ലാസിക്എന്നാണ്‍ വിശേഷിപ്പിക്കുന്നത്. തോറ്റങ്ങൾ അതിലെ കേന്ദ്രകഥാപാത്രമായ ഉണ്ണിമോളുടെ മാത്രം കഥയല്ല. അത് പുതിയകാലത്തെ എഴുത്തിന്‍റെ മുമ്പേ പറന്ന പക്ഷിയാകുന്നത് പുത്തനെഴുത്തിന്‍റെ ദേശമെഴുത്ത് രീതിയുടെ അനുപമമായ ആവിഷ്കാരം മൂലമാണ്. കേരളീയ ഗ്രാമീണജീവിതത്തിൽ കാലാനുസാരിയായി സംഭവിച്ച സാമൂഹ്യമാറ്റങ്ങളുടെ തീവ്രധ്വനികൾ കോവിലന്‍റെ തോറ്റങ്ങളിൽ കാണാനാകും. ആറാടിമനയുടെ ജന്മിത്തത്തിന്‍റെ തകര്‍ച്ച ചേന്നാടന്തുരുത്തിലെ ശേഖരന്മുതലാളിയുടെ മുതലാളിത്തിന്‍റെ ഉദയമായി മാറി. ഉദ്യോഗസ്ഥവര്‍ഗം അവസരത്തിനൊത്ത് നിറം മാറി മുതലാളിത്തത്തെ താങ്ങിയപ്പോൾ തകര്‍ന്നുപോയത് ഇതിലൊന്നും പെടാതെ സ്വസ്ഥജീവിതം നയിച്ച സാധാരണക്കാരാണ്. അങ്ങനെ മനുഷ്യത്വം നഷ്ടപ്പെട്ടവരുടെ വേദനയാണ് കഥയിലെ ഉണ്ണിമോൾ പേറുന്നത്. തന്‍റെ രചനകളിലെല്ലാം നിഴലടിക്കുന്ന വേദനതന്നെയാണ് കോവിലനെ നവോത്ഥാനകാല എഴുത്തുകാരിൽ നിന്ന് വേറിട്ടു നിറുത്തുന്നത്. ബഷീറിനെയും പൊറ്റെക്കാടിനെയും ഉറൂബിനെയും തകഴിയെയും പോലുള്ള നവോത്ഥാന സാഹിത്യകാരന്മാർ എഴുത്തിന്‍റെ പ്രകാശമായി കണ്ടത് പ്രതീക്ഷാനിര്‍ഭരമായ ഒരു വരുംകാലത്തെയാണ്. എന്നാൽ അത്തരമൊരു ശുഭപ്രതീക്ഷാമുനമ്പിന്‍റെ സാധ്യതയിൽ ശങ്കാലുവായിരുന്നു കോവിലൻ. സങ്കീര്‍ണമായ ജീവിതസന്ധികളിലൂടെ കടന്നുപോയ ഭൂതകാല കേരളീയഗ്രാമീണതയുടെ ഇരുളാകാശത്തെ കോവിലൻ സ്വന്തം തട്ടകമായി കണ്ടു. കോവിലൻ ജീവിതത്തിൽ ഉടനീളം കൊണ്ടുനടന്ന് ആഗന്തുകത്വമില്ലാത്ത അമര്‍ഷത്തിന്‍റെ ഉത്പ്പന്നങ്ങളാണ്‍ അദ്ദേഹത്തിന്‍റെ എല്ലാ രചനകളും. കോവിലന്‍റെ പ്രബന്ധങ്ങളുടെ സത്തയും മറ്റൊന്നല്ല. ‘കോവിലന്‍റെ ലേഖനങ്ങൾ‘, ‘ആത്മഭാഷണങ്ങൾ, ‘നാമൊരു ക്രിമിനൽ സമൂഹംഎന്നിവയുടെ അന്തര്‍ധാര അമര്‍ഷവും അനീതിയോടുള്ള കലഹവുമാണ്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഫെല്ലോഷിപ്പ് കൈമാറ്റവേളയിൽ അക്കാദമിയുടെ അദ്ധ്യക്ഷനായിരുന്ന ശ്രീ. ഗോപീ ചന്ദ് നാരംഗ് ഊന്നിപ്പറഞ്ഞതും കോവിലന് മനുഷ്യമഹത്വത്തോടും നീതിയോടും ഉള്ള പ്രതിബദ്ധതയെ കുറിച്ചാണ്.
കോവിലന്റെ മാഗ്നം ഓപസ് എന്ന രചന ഒടുവിലാണ് വരുന്നത്. 1995ലാണത്. അതായിരുന്നുതട്ടകം’. നാട്ടൈതിഹ്യങ്ങളുടെ സമാവര്‍ത്തനമാണ് തട്ടകം. അത് മുപ്പിലിശ്ശേരിയുടെ ചരിത്രം. നോവൽ തുടങ്ങുന്നത് നോക്കൂ:
        ഉണ്ണീരി മുത്തപ്പൻ ചന്തയ്ക്കുപോയി.
                ഏഴരവെളുപ്പിനെണീറ്റ് കുളിച്ചു കുറിയിട്ട് കുടുമയിൽ തെച്ചിപ്പൂ ചൂടി ഉണ്ണീരിക്കുട്ടി പുറപ്പെടാനൊരുങ്ങി.
        പുറപ്പാട് നാട്ടൈതിഹ്യങ്ങളിലൂടെയാണ്. ഗ്രാമീണവാണിഭങ്ങളിലൂടെയും അനുഷ്ഠാനങ്ങളിലൂടെയും വിശ്വാസങ്ങളിലൂടെയും ആഖ്യാനം കടന്നു പോകുന്നു. കോവിലൻ തട്ടകത്തിൽ സ്വത്വാവിഷ്കാരത്തിന്‍റെ സൌന്ദര്യമാണ് പണിക്കുറ തീർക്കുന്നത്. തട്ടകം പുറത്തു വരുന്നതിനു മുമ്പു തന്നെ കോവിലൻ പലവട്ടം പറയാറുള്ളതാണ് അദ്ദേഹത്തിന്‍റെ ബാല്യകാല ഗുരുവായൂർ ദര്‍ശനം. സംഭവത്തെ അപ്പുകുട്ടനിലൂടെയും അവന്‍റെ പിതാവ് കുഞ്ഞപ്പനിലൂടെയും കോവിലൻ തട്ടകത്തിന്റെ പതിനൊന്നാം അദ്ധ്യായത്തിൽ വിവരിക്കുന്നുണ്ട്..
        പണ്ട് മഞ്ജുളാലിനു സമീപം ചോമാരുടെ അമ്പലമുണ്ടായിരുന്നു. അവിടം വരെ പോകാനേ ഈഴവരടക്കമുള്ള അധഃമർണ്ണർക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നുള്ളൂ. ചോമാരുടെ അമ്പലത്തിൽ തൊഴുത ശേഷം കുഞ്ഞപ്പൻ പടിഞ്ഞാട്ടു തിരിഞ്ഞു നിന്ന് തൊഴുതു. കുഞ്ഞപ്പൻ മകനോടു പറഞ്ഞു,
        അതാ കണ്ടോ, ദൂരെ അങ്ങ് പടിഞ്ഞാറ് കാണുന്ന വെളിച്ചം, വിളക്കാണ് ഗുരുവായൂരപ്പൻ.
        കുഞ്ഞപ്പൻ തൊഴുതുനിന്നു.
        വിളക്ക് അച്ചൻ സ്വപ്നം കണ്ടതാവുമോ എന്ന് ഏറെക്കാലം കഴിഞ്ഞിട്ടും അപ്പുകുട്ടൻ തിരിച്ചറിഞ്ഞില്ല.
        കോവിലന്റെ അനുഭവത്തിൽ പിതാവിന്റെ വിശദീകരണം കൂടെ ഉണ്ടായിരുന്നു. അത് അക്കാലത്ത് നിലനിന്നിരുന്ന അയിത്തത്തിന്റെയും ജാതിവ്യവസ്ഥയുടെയും കാഠിന്യത്തെ സംബന്ധിച്ചായിരുന്നു. അന്ന് മഞ്ജുളാലിനപ്പുറം പടിഞ്ഞാട്ട് അയിത്തജാതിക്കാർക്ക് നടക്കാൻ അനുവാദമുണ്ടായിരുന്നില്ല. ഇന്ന് അഹിന്ദുക്കൾക്ക് പ്രവേശനമില്ല എന്ന അറിയിപ്പു പോലും ഗുരുവായൂർ അമ്പലത്തിന്റെ പ്രധാനകവാടത്തിൽ മാത്രമാണ്.
        കോവിലൻ ദേശത്തിന്റെയും കാലത്തിന്റെയും എഴുത്തുകാരനായിരുന്നു. ജീവിച്ചിരുന്ന കാലത്തിന്റെയും ദേശത്തിന്റെയും സംസ്കാരവും രാഷ്ട്രീയവും വിശ്വാസവും അനുഷ്ഠാനങ്ങളും എഴുത്തിന്റെ ഈടുകളായി. എന്നിട്ടും മലയാളത്തിലെ സ്ഥാപിത ഗോപുരങ്ങളിലെ എഴുത്തുകാരും സ്ഥാപനങ്ങളും കോവിലനു നേരെ കണ്ണടച്ചു. നിരന്തരമായ അഭിമുഖങ്ങൾക്കോ ഉദ്ധരണികൾക്കോ കോവിലനെ സമീപിച്ചില്ല. എന്തുകൊണ്ടെന്നാൽ അഭിമുഖത്തിലെ ഓരോ ഉത്തരത്തെയും പൊതിയാൻ കോവിലന് അവിഹിതരതിയുടെ വാങ്മയങ്ങളില്ല. പിന്നെ പറയാനുള്ള സത്യങ്ങൾ പറഞ്ഞാലോ അത് നിലനിൽക്കുന്ന വ്യവസ്ഥിതിയുടെ കാവലാളന്മാർക്ക് രുചിക്കാത്തതുമാകാം. കോവിലന്റെ എഴുത്തിൽ വാചകങ്ങൾ ഏറെ കുറിയതാകുന്നു. ചിലപ്പോൾ ഒറ്റവാക്കാണ് ഒറ്റവാചകം. അത് പടർന്നു കയറി ഗരിമയുള്ള ലോകം നിർമ്മിക്കുന്നു. കണ്ടാണിശ്ശേരിയിലെ മനുഷ്യർ സംസാരിക്കുന്ന ഭാഷ കോവിലൻ സംസാരിച്ചു. അതേ ഭാഷ മൊഴിയുന്നു. ഭാഷ പൊതു മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താതെ തന്നെ നമ്മോട് ആശയവിനിമയം നടത്തുന്നു.
കോവിലൻ ഏറ്റവും കൂടുതൽ ഉദ്ധരിച്ചിട്ടുള്ളത് ബഷീറിനെ ആണെന്നു തോന്നുന്നു. വ്യവസ്ഥിതിയോടുള്ള കലഹം രണ്ടുപേരും നടത്തിയിട്ടുണ്ട്. കോവിലൻ പറയാറുണ്ട്:
        ബഷീർ എന്നോട് എപ്പോഴും പറയാറുണ്ട്, അയ്യപ്പാ, നമ്മൾ എഴുതുമ്പോൾ നന്നായി ശ്രദ്ധിക്കണം. എന്തുകൊണ്ടെന്നാൽ എഴുത്തുകാരായ നമ്മേക്കാൾ വിവരമുള്ളമുള്ളവരാണ് നമ്മുടെ വായനക്കാർ.
        എഴുത്തിന്റെയും വായനയുടെയും ജനാധിപത്യസ്വഭാവത്തെ ആദരിക്കുന്നതിൽ കോവിലൻ എല്ലാകാലത്തും ഉയർന്ന മാന്യത പുലർത്തി. കണ്ടാണിശ്ശേരിയിലെ മുനിമടയുടെയും കുടക്കല്ലുകളുടെയും അയൽക്കാരനായ കോവിലൻ സ്വന്തം എഴുത്തിൽ നാട്ടുജീവിതത്തിന്റെ വംശാവലിയിലൂടെ വർത്തമാന കാലത്തേക്കു നീളുന്ന ദ്രാവിഡ സൌന്ദര്യത്തെയാണ് ശാശ്വതീകരിച്ചത്. സൌന്ദര്യം വർത്തമാന തലമുറയിലൂടെ ഭാവിയിലേക്കു നീളുന്ന ഭാവുകത്വത്തെ എത്രമാത്രം സ്വാധീനിക്കുമെന്നത് നാം വ്യാജമായി രൂപപ്പെടുത്തുന്ന സാംസ്കാരിക സ്വഭാവത്തെ കൂടെ ആശ്രയിച്ചിരിക്കും.  
(സൗദി ടൈംസില്‍ ആഗസ്റ്റില്‍ പ്രസിദ്ധീകരിച്ചത്.)