Friday, 15 October 2010

ഓട്ടോറിക്ഷകള്‍ ഗുരുവായൂരിലും ചാവക്കാട്ടും

  

(കെ.ജി. ശങ്കരപ്പിള്ളയുടെ 'കഴുതകളായി നടിക്കേണ്ടിവന്ന കുതിരകളു'ടെ പ്രേരണയില്‍ എഴുതിയത്.)
ഒറ്റക്കാഴ്ചയില്‍ ‍ഓട്ടോറിക്ഷകളെല്ലാം 
ഒരുപോലെ. 

ഗുരുവായൂരിലെ ഓട്ടോകള്‍ക്ക്‌
വിഷ്ണുമായ, കൃഷ്ണാമൃതം, ലോഡ്‌ കൃഷണ,
കീര്‍ത്തനം, ഗുരുവായൂരപ്പന്‍
‍എന്നൊക്കെയാണു പേരുകള്‍ .
കെഎസ്സാര്‍ട്ടീസി സ്റ്റാന്റില്‍ നിന്നും വരുന്ന
യാത്രക്കാര്‍ക്ക്‌ കേറാന്‍ പാകത്തില്‍
വരിയില്‍ നില്‍ക്കുമവ.
നടക്കാവുന്ന ദൂരത്തിലുള്ള
ക്ഷേത്രത്തിലേക്ക്‌
പട്ടണപ്പുറത്തുകൂടെ
ചുറ്റിവളഞ്ഞു കൊണ്ടുപോയി
ഒടുക്കത്തെ കാശു വാങ്ങും.
വഴിയേ പോകും പാരലല്‍
കോളേജുകളിലേയും എല്ലെഫിലേയും
കുമാരിമാരോട്‌ ഐലൗയു
എന്നു പറഞ്ഞ്‌ നിര്‍വൃതി പൂകും.
ഓട്ടോവിന്‍ പൈലറ്റുമാര്‍ക്കുണ്ട്‌
സിയൈറ്റിയു, എഐറ്റിയുസി,
ഐഎന്റിയുസി എന്നിവ.
വെയിറ്റിംഗ്‌ ചാര്‍ജ്ജ്‌ കൊടുത്താലും
കാത്തുനില്‍ക്കില്ലവര്‍ ‍യാത്രക്കാരനെ.
പട്ടണത്തിലെത്തുന്ന
ദീര്‍ഘദൂര ബസ്സുകള്‍ക്കു
പിറകില്‍ മണപ്പിച്ചു നടക്കും
അവരുടെ ഓട്ടോകള്‍ .
മുല്ലപ്പൂ, ചെമ്പകം,
കനകാംബരം ചൂടും
ഗുരുവായൂരിലെ ഓട്ടോകള്‍ .
ചിങ്ങമൊന്നിനും നിറപ്പുത്തരിക്കും
വാഴത്തൈ, പൂമാല
എന്നിവയാല്‍ അലങ്കരിക്കും.
ചന്ദനം‌ പൂശും
ചില്ലുനെറ്റിയില്‍ .

നഗരവേശ്യകള്‍ കയറിയാല്‍
‍നേരെ പായും പരിചിതമായ
ലോഡ്ജിലേക്കവ.
ജയശ്രീ തിയറ്ററിലോ
അപ്പാസ്‌ തിയറ്ററിലോ
പുത്തന്‍ പടം വന്നാല്‍
വണ്ടി സൈഡാക്കി
കരിഞ്ചന്തയില്‍
ടിക്കറ്റു വില്‍ക്കാന്‍ പോകും

ഇന്ന് ആഗസ്റ്റ്‌ 21, 2008.

ഇന്നുമില്ല ഗുരുവായൂരില്‍
വനിതാ ഓട്ടോകള്‍ .
ശനിയും ഞായറും ഭക്തരേറുമ്പോള്‍
‍ആവേശം കൊള്ളും
ഗുരുവായൂരിലെ ഓട്ടോകള്‍ .
ഡ്രൈവര്‍മാരില്‍
പഴയ സിആര്‍സി സിപിഐയെമ്മെല്ലുകാരുണ്ട്‌.
കെ. വേണു വഴി പിരിഞ്ഞപ്പോള്‍
‍ആത്മഹത്യ ചെയ്യാതെ
വേറെ വഴി നോക്കിയവര്‍ .
ഓട്ടോകള്‍ക്ക്‌ താവളങ്ങളുണ്ട്‌.
പടിഞ്ഞാറെ നട, മഞ്ചുളാല്‍ ,
പ്രൈവറ്റ്‌ ബസ്റ്റാന്റ്‌, കോയാ ബസാര്‍ ,
മമ്മിയൂര്‍ ക്ഷേത്രം, റെയില്‍വെ സ്റ്റേഷന്‍,
കൃഷ്ണ തിയറ്ററിനു തെക്ക്‌,
മഹാരാജാ ടൂറിസ്റ്റുഹോമിനു മുന്നില്‍ .
പേകുന്ന വഴികള്‍പരിചിതം.
കാരക്കാട്‌, തിരുവെങ്കിടം,
എടപ്പുള്ളി, പഞ്ചാരമുക്ക്‌,
ആനക്കോട്ട, മുതുവട്ടൂര്‍ ,
ബ്രഹ്മകുളം, ചൊവ്വല്ലൂര്‍.
എങ്കിലും നഗരപ്രദക്ഷിണമാണിഷ്ടം.

പച്ചക്കായ, നേന്ത്രക്കുല,
പൂജാദ്രവ്യങ്ങള്‍ , സന്ധ്യകളില്‍
വന്നിറങ്ങുന്ന വേശ്യകള്‍
എന്നിവരെ വഹിക്കാനാണിഷ്ടം.

രാത്രിയില്‍ രണ്ടു പേരൊന്നിച്ചാണോട്ടല്‍ .
കൊച്ചു ഡ്രൈവര്‍മാര്‍ക്ക്‌
രാത്രിസഞ്ചാരമാണിഷ്ടം.
ഗുരുവായൂരിലെ ഓട്ടോകള്‍
വഹിക്കുന്നുണ്ട്‌,
ഐശ്വര്യ റായിയെ, കാവ്യാ മാധവനെ,
മോഹന്‍ലാലിനെ, മാതാ അമൃതാനന്ദമയിയെ,
സായിബാബയെ.
ഗുരുവായൂരിലെ ഓട്ടോകള്‍ക്ക്‌
ഒരേ സോഷ്യല്‍ സ്റ്റാറ്റസാണ്‌,
അന്നും ഇന്നും.

ചാവക്കാട്ടെ ഓട്ടോകള്‍ക്ക്‌
ഗള്‍ഫ്‌ യുദ്ധനന്തരമാണ്‌
സമൂഹത്തില്‍ ഒരു നിലയൊക്കെയുണ്ടായത്‌.
അവര്‍ക്ക്‌ ദുബൈ, ഷാര്‍ജ,
തെസ്നിമോള്‍ , തോമാശ്ലീഹ,
ശ്രീനാരായണന്‍, എരുമന്തുരുത്തി ഭഗവതി
എന്നൊക്കെ പേര്‍.
ലോഡ്ജുകളില്ലാത്തതിനാല്‍
വേശ്യകളുടെസഞ്ചാരം
നന്നേ കുറവ്‌.
വഞ്ചിക്കടവു റോഡില്‍ ,
ബൈപാസില്‍ , പട്ടണമധ്യത്തില്‍ ,
പ്രൈവറ്റ്‌ ബസ്റ്റാന്റിനു മുന്നില്‍ ,
എമ്മാറാര്‍യെം ഹൈസ്കൂളിനു
മുന്നില്‍ ‍താവളങ്ങളുണ്ട്‌.
ഗള്‍ഫ്‌ യുദ്ധത്തിനു മുമ്പ്‌
കേറില്ലായിരുന്നു
ഗള്‍ഫിലുള്ളവരുടെ ഭാര്യമാര്‍ .
യുദ്ധത്തോടെ ഓട്ടോയില്‍
ബാങ്കില്‍ പോകും പെണ്ണുങ്ങളെ നോക്കി
നില്‍പ്പായി ടാക്സി‍ഡ്രൈവര്‍മാര്‍ .

ചാവക്കാട്ടെ ഓട്ടോകള്‍ക്ക്‌
പൂക്കള്‍ക്കൊണ്ടലങ്കാരം
അധികമില്ല.
ഓണത്തിനുണ്ടെങ്കിലായി.
പേറുന്നുണ്ടവ സ്റ്റിക്കറുകള്‍ .
തോമാശ്ലീഹായുടെ,
അജ്മീര്‍ ദര്‍ഗയുടെ,
മക്കയുടെ,ശ്രീനാരായണ ഗുരുവിന്റെ,
മാര്‍ക്സിന്റെ, ലെനിന്റെ,
ഇയെമ്മെസ്സിന്റെ.
കാവ്യാമാധവനും ഐശ്വര്യ റായിയും
ഇവിടെയും വഴ്‌വുള്ളവര്‍ .
മമ്മൂട്ടിയുണ്ട്‌, സച്ചിനും മരഡോണയും.
കുടിയന്മാര്‍ക്കുവേണ്ടി ബാറുകളില്‍ ചെല്ലും.
സല്‍ക്കാര, അമരാവതി, സമുദ്ര
എന്നിവയാണ്‌ ഇന്ധനകേന്ദ്രങ്ങള്‍ .
നക്സലിസം തോറ്റപ്പോള്‍
ഒരത്താണിയായത്‌ ബജാജ്‌ ഓട്ടോയാണെന്ന്
ചാവക്കാടെ ചില ഓട്ടോക്കാരെങ്കിലും പറയും.
അവരിലിപ്പോള്‍ ‍എസ്‌യുസിഐക്കാരുണ്ട്‌.
നാലുമണിയോടെ യൂണിഫോമിനു മുകളില്‍
‍ചെത്തു ഷര്‍ട്ടിട്ട്‌ എമ്മാറാര്‍എമ്മിനു
മുന്നില്‍ വന്ന് വാ പൊളിക്കുന്നവരുണ്ട്‌.
എം. മുകുന്ദന്റെ കഥകള്‍ വായിച്ച്‌
ഡല്‍ഹിയില്‍ കറങ്ങി
തിരിച്ചെത്തിയവരുണ്ട്‌.
അവരില്‍ ചിലര്‍ ‍റോസാ ലക്സംബര്‍ഗിനെക്കുറിച്ചും
അന്റോണിയോ ഗ്രാംഷിയെക്കുറിച്ചും
സംസാരിക്കും.
അല്‍പജ്ഞാനി ഭയപ്പെടണം.

ഗസലുകളുണ്ടാവും.
പയനിയര്‍ സെറ്റിന്റെ
കാതടപ്പന്‍ സംഗീതമുണ്ടാവും.
പട്ടണത്തില്‍ നിന്നവപോകും,
കടപ്പുറത്തേക്ക്‌, മുട്ടിപ്പാലം കടന്ന്
ഒരുമനയൂരിലേക്ക്‌.
പാലയൂര്‍ പള്ളി കടന്ന്
പഞ്ചാരമുക്കിലേക്കും
ഗുരുവായൂരിലേക്കും.
ആസ്പത്രി റോഡു വഴി
പുന്നയിലേക്ക്‌.
മണത്തല പള്ളിയും
വിശ്വനാഥ ക്ഷേത്രവും കടന്ന്
എടക്കഴിയൂരിലേക്ക്‌.
ഓരോ ദേശവും
ഓരോ ചിഹ്നം പേറുന്നുണ്ട്.

വഹിക്കുമവ അരി,
പച്ചക്കറികള്‍,വെളിച്ചെണ്ണ, കൊപ്ര.
കാണാം ഓട്ടോയില്‍
‍സ്വര്‍ണ്ണാഭരണങ്ങളില്‍
‍നവവധുക്കളെ.
യൂണിയനുകളുണ്ട്‌
ഗുരുവായൂരിലെപ്പോലെ
ചാവക്കാട്ടും.

ചാവക്കാടിനും ഗുരുവായൂരിനുമിടയിലെ
സ്വവര്‍ഗാനുരാഗികളുടെ ഫെറാമോണ്‍
നിരയിലൂടെ ഓട്ടോകള്‍
പഞ്ഞുപോകാറുണ്ട്‌, ഇപ്പോഴും.
ഗുരുവായൂരിലെ ഓട്ടോകള്‍
‍അമ്പാടിക്കണ്ണനെ വാഴ്ത്തുന്ന പോലെ
ചാവക്കാട്ടെ ഓട്ടോകള്‍
‍ഗള്‍ഫിനെ വാഴ്ത്തുന്നു.
എത്ര പറഞ്ഞാലും പറഞ്ഞില്ലെങ്കിലും
ഗുരുവായൂരിലേയും ചാവക്കാട്ടേയും
ഓട്ടോക്കാര്‍ക്ക്‌ പരിഭവമേ കാണൂ,
എല്ലായിടത്തെയും ഓട്ടോകാരെയും പോലെ.
എന്തുകൊണ്ടെന്നാല്‍
ഇവരാരും കോഴിക്കോട്ടെ
ഓട്ടോക്കാരല്ലല്ലോ.
(ഒരു പുനര്‍ പോസ്റ്റ്‌ )
ചിത്രം:  ഗുരുവായൂര്‍ ആനത്താവള ത്തിലേക്കുള്ള വഴി  (കടപ്പാട്: ഫ്ലിക്കര്‍ )

13 comments:

  1. കടാപുറങ്ങളോട് ചേര്‍ന്നുള്ള കൊച്ചു പട്ടണങ്ങളിലെ ഓട്ടോകള്‍ക്ക്
    ചാള മേരി, അയല തമ്പാന്‍, സ്രാവ് വാസു,
    ചെമ്മീന്‍ ജോര്‍ജ്, ഞണ്ട് മമ്മദ്.......
    തുടങ്ങിയ പേരുകള്‍ വെച്ചാല്‍ നല്ല ശേലാകും!!

    ReplyDelete
  2. സ്ഥല കാലങ്ങൾക്കനുസരിച്ചുള്ള മാറ്റം എന്തിനുമാകാം അല്ലേ? ഈ മുച്ചക്രവണ്ടികളില്ലാതെ നമ്മുടെ നിരത്തുകളെ സങ്കല്പിക്കാനാവില്ലല്ലോ!

    ReplyDelete
  3. ചാവക്കാട്ടെ ഓട്ടോകള്‍ക്ക്..

    പടിഞ്ഞാട്ട് ഓട്ടം വന്നാല്‍
    കറുത്ത മുട്ടനാടിന്‍ ശൌര്യം(അടി..)

    വടക്ക് ഓട്ടം വന്നാല്‍
    കരിവണ്ടിന്‍ നാണം(എല്‍ . എഫ് )

    തെക്കോട്ടോടിയാല്‍
    ലഹരിതന്‍ ഗന്ധം (സല്‍ക്കാര )

    കിഴക്കോടിയാല്‍
    ........................(എന്തായിരിക്കും ?)

    ReplyDelete
  4. dear manaf, jose and rasheed....
    respect your reading.
    love
    faizal

    ReplyDelete
  5. Autos are like that ..this remainds me Attoor Ravivarma

    " pazhayorillam polichu vittu Pothiyou rotto rikash vangi puthumanakkal Kunji kuttan..
    valathottu thiriyumbol edathottu charinjirunnu, edathottu thiriyumbol valathottu charinjirinnu
    puthiya oro tto riksha otti , puthumanakkal kunji kuttan...........

    ReplyDelete
    Replies
    1. I am Dr Arun, I have heard my dad singing this song but i never found the full lyrics. can you just send me the lyrics....
      regards Dr. Arun

      Delete
    2. Send me full lyrics / poem...
      Regards Dr. Arun

      Delete
  6. നന്നായി ആസ്വദിച്ചു.കോഴിക്കോ‍ട്ടേ ഓട്ടോക്കാരെയും ഇപ്പോള്‍ ബങളുരു ഓട്ടോക്കാരെയും ആസ്വദിക്കുന്ന എനിക്കു എങനെ പിടിക്കാതിരിക്കും...

    ReplyDelete
  7. read about the autos.....sundareee onnorungiva...naleyanu thali mangalam....enikkithanu orma...anyway very funny..

    ReplyDelete
  8. കൊള്ളാം ...നന്നായിരിക്കുന്നു ....
    അല്ല ഇപ്പോഴും പെണ്‍ സാരഥികള്‍ ഇല്ലേ
    ഈ 50 % വന്നിട്ടും ...
    എന്റെ ഗുരുവായൂരപ്പാ.................

    ReplyDelete
  9. @ O.S.A.Rasheedകുംബസാരം പാലയൂര്‍ പള്ളിയില്‍.....

    ReplyDelete
  10. quite interesting......specially for us chava-guru folks....

    ReplyDelete
  11. സാലുക്കാ, നന്ദി. കുറേ നാളുകളായി ബ്ലോഗിൽ ഉന്നും പോസ്റ്റാറില്ല. അച്ചടിരൂപത്തിൽ വന്നവയിൽ നിന്ന് ചിലത് ഇടാം, വൈകാതെ. ഈ കവിത നവീനഭാവുകത്വത്തിന്റെ സ്നേഹത്തിൽ രൂപം കൊണ്ടതാണെന്ന വിധത്തിൽ ഒരഭിപ്രായം ചേലക്കരയുടെ കഥാകൃത്തായ ശ്രീ. കെ പി നിർമൽകുമാർ രേഖപ്പെടുത്തിയിരുന്നു.

    ReplyDelete