Saturday 30 May 2009

തൃശ്ശിവപ്പേരൂര്‍ കാണുന്നവന്‍.


വടക്കേ നടയിലെ
ചേക്ക വിട്ട്‌
വടക്കേ ചിറയില്‍
കുളിച്ചുണരും
പലതരം പക്ഷികള്‍.
പക്ഷി ശാസ്ത്രകാരന്റെ
കൈരേഖാചിത്രത്തില്‍ കാഷ്ഠിക്കും.

അപ്പോഴും
മതില്‍കെട്ടിനരികില്‍
പനമ്പട്ടയാട്ടി നില്‍ക്കും
ഗജങ്ങള്‍.


പാലക്കാട്ടേക്കു പോകുന്ന
ബസ്സുകള്‍ക്ക്‌ പാണ്ടിഗന്ധമുണ്ടാകും.

പുലര്‍കാലങ്ങള്‍
രതിവിരേചനം കഴിഞ്ഞ ദേഹങ്ങള്‍ പോലെയാണ്‌.

സ്വരാജ്‌ റൗണ്ടിനകത്ത്‌
മനുഷ്യരും
പുറത്ത്‌ വാഹനങ്ങളും
തീര്‍ക്കുന്നുണ്ട്‌

ത്രികോണങ്ങളിലെ
ത്രികോണങ്ങള്‍.
ദൂരങ്ങള്‍ക്കിടയിലെ
ദൂരങ്ങള്‍.
മരങ്ങള്‍ക്കിടയിലെ
മരങ്ങള്‍.
ലോകത്തിനകത്തെ
ലോകങ്ങള്‍.
പടിഞ്ഞാറെ ആല്‍ത്തറയിലിരുന്ന്
വിളിക്കും മുറുക്കിച്ചുവപ്പിച്ച
നഗരഗണികകള്‍.
കൊറിക്കാന്‍ കപ്പലണ്ടി.
നുണയാന്‍ ഐസ്ക്രീം.
ദാഹമകറ്റാന്‍ സംഭാരം.

വടക്കുംനാഥന്‍
വടക്കിറങ്ങതെ
കാവല്‍ക്കളിക്കും
പ്രാന്തപ്രാന്തന്മാര്‍
മുച്ചീട്ട്‌, തായം, പകിട.

കൈരേഖാശാസ്ത്രമുണ്ട്‌.
കുറിയ കുറത്തികള്‍.
പറന്നുപോകാതെ
പച്ചത്തത്ത കൂട്ടില്‍.

തുരുമ്പെടുത്ത
പഴയ സോപ്പുപെട്ടിക്കാറില്‍ നിന്നുയരും പാട്ട്‌:
'പൊതുജനത്തെ കഴുതകളാക്കും...'
വിളംബരം വീണ്ടും:
'കേരളഗവണ്മെന്റിന്റെ
225-മത്‌ ഭാഗ്യക്കുറിയാണു
സുഹൃത്തുക്കളെ
ഈ വാഹനത്തിലൂടെ
കൊടുത്തുകൊണ്ടിരിക്കുന്നത്‌.
നാളെയാകാം മറ്റന്നാളാകാം
എന്നു കരുതി കാത്തുനില്‍ക്കാതെ
കടന്നുവരുവിന്‍
കടന്നുവരുവിന്‍.
ഭാഗ്യദേവത
ആരെ, എപ്പോള്‍, എവിടെ വെച്ച്‌
കടാക്ഷിക്കുകയെന്ന്
ഒരാള്‍ക്കും പ്രവചിക്കാന്‍
സാധ്യമല്ല സുഹൃത്തുക്കളേ,
കടന്നു വരുവിന്‍, കടന്നു വരുവിന്‍...
പൊതുജനത്തെ കഴുതകളാക്കും...'

മാറ്റിനിയ്ക്ക്‌
ടിക്കറ്റിനായി
പായുന്നവര്‍ തീര്‍ക്കുന്ന
ജ്യോമിതീയമുണ്ട്‌,
വിദ്യാര്‍ഥികോര്‍ണറില്‍.
പ്രസംഗങ്ങളുടെ
സ്മാരകമാണത്‌.
കൊച്ചുമരങ്ങള്‍
പ്രബുദ്ധതയാല്‍
മുരടിച്ചുപോയിരിക്കുന്നു.
പായുന്നവരുടെ
രേഖകള്‍ ചെന്നു ചേരുന്ന
ബിന്ദുക്കളുണ്ട്‌.
രാഗം, രാംദാസ്‌, ജോസ്‌, സ്വപ്ന, കൈരളി, ശ്രീ.

ഒഴിഞ്ഞുപോയി
പോസ്റ്റോഫീസ്‌
റോഡില്‍ നിന്ന്
എന്‍.ബി.എസ്‌ ബുക്സ്റ്റാള്‍.
ചങ്ങാതിയുണ്ടവിടെ
അലുമിനിയക്കട നടത്തുന്നു.

ഭാരത്‌ ഹോട്ടലിനു മുന്നില്‍ കാണാമായിരുന്നു
കൃശഗാത്രം, കാവിയില്‍.
നവാബ്‌ രാജേന്ദ്രന്‍.
മറക്കില്ല പ്രാതലിന്
ഭാരതിലെ തൈരുവട.

ബാനര്‍ജി ക്ലബ്ബിനടുത്താണ്‌
ബിനി ടൂറിസ്റ്റ്‌ ഹോം.
കണ്ടിട്ടുണ്ട്‌ ഞാനവിടെ
പാറിയ മുടിയുമായി കടമ്മനിട്ടയെ,
യാരോ ഒരാളായി കുടവയറിനകത്ത്‌
കള്ളിന്‍കുടം ഒളിപ്പിച്ച
പവിത്രനെ.
യാത്രിനിവാസില്‍
ബിയറും ഇറച്ചിയും കലര്‍ന്ന
രസഗന്ധം.
ഊണ്‍ അവിടെ നന്ന്.
അവിടെ നിന്നിറങ്ങി ഇടത്തേക്കു നടന്നാല്‍
കൊച്ചനിയന്റെ ചോരയുണ്ട്.

ആല്‍മരങ്ങള്‍ക്കു താഴെ
കാറ്റുപോയ വഴിയെ
കരിയിലകള്‍.

അയ്യന്തോളിലാണ്‌
സി. അച്ചുതമേനോന്റെ സ്വപ്നം.
കോസ്റ്റ്ഫോഡ്‌.
ലാറി ബേക്കറുടെ
തച്ചുകൂടം.

നെഹ്രു പാര്‍ക്കില്‍
അച്ചുതമേനോന്‍ ഇരുന്ന
സിമന്റു ബെഞ്ചിന്ന്
ദ്രവിച്ചിരിക്കുന്നു.
ഇന്നവിടെ വാഴുന്നു
പിമ്പുകള്‍, സ്വവര്‍ഗാനുരാഗികള്‍.
കൊറിച്ചതിന്‍ ബാക്കി
കപ്പലണ്ടിത്തൊലികള്‍.

ടൗണ്‍ഹാളിലൂടെ
നടന്നാല്‍ കാണാം:
സ്മാരകങ്ങളായി
അക്കാദമികള്‍.
എഴുത്തും
സംഗീതവും
നാടകവും
വരയും ഭാഷയും
തിന്നുജീവിക്കുന്ന
ഇരട്ടവാലന്മാരുണ്ടവിടെ.

നാട്യഗ്ര്‌ഹത്തിന്റെ
ഇരുട്ടില്‍ ബെര്‍ഗ്മാന്റെ
പെഴ്സോണ കണ്ടുകൊണ്ടിരിയ്ക്കെ
കോളേജുപിള്ളേര്‍
മര്‍മരം പൊഴിക്കും.

പഠിക്കുന്ന കാലത്ത്‌
സ്റ്റുഡന്റ്സ്‌ ഫെഡറേഷന്റെ
ജില്ലാ സമ്മേളനം
നടന്നിട്ടുണ്ട്‌
മോഡല്‍ ബോയ്സില്‍.
അന്നു പ്രസംഗിച്ച
കെ. വേണു ഇന്ന് വിശ്രമിക്കുന്നു.
പി.ജെ. ആന്റണി ഇന്ന് ഗലീലി സംഘത്തില്‍.
അദ്ദേഹമാണ്‌ ലിയോണിദാസിന്റെ ഡയറി
വായിക്കാന്‍ പറഞ്ഞത്‌.

നവയുഗം ഓഫീസിലെ
നിത്യകാമുകനായിരുന്നു
അഭിവാദ്യയേയില്‍
പൂണൂല്‍ പൊട്ടിച്ച
മാടമ്പ്‌ കുഞ്ഞുകുട്ടന്‍.
മുല്ലനേഴിക്കൊപ്പം
ജില്ലാസ്പത്രിക്കു മുന്നിലെ
നടപ്പാതയിലൂടെ
നട നടക്കുന്നത്‌
കണ്ടിട്ടുണ്ട്‌ ഇരുട്ടില്‍.
മുലയെന്നു കേള്‍ക്കുമ്പോള്‍
തെറിയെന്നു ചൊല്ലുന്ന
തലമുറയാണെന്റെ ശത്രുവെന്ന്
മുല്ലനേഴി.

പവനനുണ്ടാകുമായിരുന്നു
ഏതു മൈക്കിനരികിലും.
കെ.ജി.ശങ്കരപ്പിള്ളയെ
അദ്ദേഹത്തിന്റെ
വസതിയില്‍ വെച്ചാണ്‌ കണ്ടത്‌.

മഴനനഞ്ഞ്‌ ജാഥ നയിച്ചിട്ടുണ്ട്‌
വിദ്യാര്‍ത്ഥി കോര്‍ണറില്‍ നിന്ന്
കലക്ട്രേറ്റിലേക്ക്‌.
അന്ന് കൂടെയുണ്ടായിരുന്ന
സുനില്‍കുമാറിന്ന്
എം.എല്‍.എ യാണ്‌.
പ്രമോദിന്‌ തുന്നല്‍പണിയും.

വര്‍ഷത്തിലൊരു വാരം
ഒത്തുചേരും
തൃശൂരിലെ സിനിമക്കാര്‍
കൈരളി-ശ്രീയില്‍.
പ്രേക്ഷകരെ അകത്താക്കി
കതകടച്ച്‌ പുറത്ത്‌
കാവല്‍ നില്‍ക്കുമവര്‍
ഉസ്താദുമാരാണെന്ന
ഭാവത്തില്‍.

പൂരം നുരയുമ്പോള്‍
പുരുഷാരം മണല്‍തരിയോടു മത്സരിക്കും.
കൊമ്പന്മാര്‍ ആള്‍ക്കൂട്ടത്തില്‍ ഞെരുങ്ങും.
ആകാശമന്ന് ഗുല്‍മോഹറാകും.
കുട്ടന്മാരാര്‍ പെയ്യും.
പിന്നെയൊരിയ്ക്കല്‍
വരത്തന്മാര്‍ക്കായി
കരികളെ കറുത്തവര്‍ തൊടാതെ
എഴുന്നെള്ളിക്കും.

വര്‍ഷങ്ങള്‍ കഴിഞ്ഞും
ഇടവേളകളില്‍
റൌണ്ടിലെത്തുമ്പോള്‍
ആ ജ്യോമിതീയത്തിലൂടെ
ഒരിയ്ക്കലെങ്കിലും
നടക്കും.
തൃശ്ശിവപ്പേരൂര്‍
ഒരു വൃത്തമാണ്‌;
യാത്രയുടെ ഒരു വൃത്തം.

Friday 22 May 2009

കഴിഞ്ഞ രാത്രി

പരിഭാഷയില്‍ ചോര്‍ന്നു പോകുന്നതെന്തോ അതാണ് കവിത എന്ന ഉത്തമ വിശ്വാസത്തോടെ പാക്കിസ്ഥാനിലെ വിഖ്യാത കവിയായിരുന്ന ഫെയ്‌സ് അഹ്മദ് ഫെയ്‌സിന്റെ ഒറ്റക്കവിത ഇവിടെ ചോര്‍ച്ചയോടെ ചേര്‍ക്കുന്നു. ആധുനിക ഉര്‍ദു കാവ്യ ലോകത്ത് കമ്മ്യൂണിസ്റ്റാശയങ്ങളോടുള്ള പ്രതിപത്തിയിലൂടെ തന്നെ അനിഷേധ്യമായ സ്ഥാനം നേടിയെടുത്തു ഫെയ്‌സ്.
നിങ്ങളെന്നെ കുടിയനെന്നു വിളിക്കരുത്. ഞാന്‍ കുടിച്ചിട്ടുള്ളത് എത്രയോ നിസ്സാരന്മാണ്, ഞാന്‍ കുടിച്ച കണ്ണീരിനോട് താരതമ്യപ്പെടുത്തുമ്പോള്‍. എന്ന് പറഞ്ഞു ഫെയ്‌സ്. അദ്ദേഹത്തിന്റെ കവിതകളില്‍ വിപ്ലവബോധവും പ്രണയാതുരയും നിറഞ്ഞു നില്‍ക്കുന്നു.
കഴിഞ്ഞ രാത്രി

കഴിഞ്ഞ രാത്രി
നിന്റെ നഷ്ട സ്മരണ
എന്റെ ചിത്തത്തെ സന്ദര്‍ശിച്ചു.
വസന്തം വന്യതയെ
ശാന്തമായി സന്ദര്‍ശിക്കുന്നതു പോലെ.
ഇളംതെന്നല്‍
അവളുടെ പദസ്വനങ്ങള്‍
മരുഭൂമിയില്‍
പ്രതിധ്വനിപ്പിക്കുന്നതു പോലെ.
ശാന്തത പതുക്കെ
സ്നിഗ്ദമായി ഒരാളുടെ
ആതുരതയിലേയ്ക്ക്
ഇറങ്ങി വരുന്നതു പോലെ.

Saturday 16 May 2009

John Abraham, Hitler of His Own Cinema


താന്‍ ഒരു പ്രതിഭാസമല്ലെന്ന് ഉറക്കെ വിളിച്ചു പറഞ്ഞു വിഖ്യാത ചലച്ചിത്രകാരന്‍ ജോണ്‍ എബ്രഹാം. മരണത്തിനുശേഷവും ഒരു വലിയ നഷ്ടമായി തുടരുന്നവര്‍ പ്രതിഭാലോകത്ത് വളരെ ഉണ്ടാകില്ല. നമ്മുടെ കഥാലോകത്ത് വലിയ നഷ്ടം വരുത്തിയാണ് വി.പിശിവകുമാറും ടി. വി. കൊച്ചുബാവയും രാജലക്ഷ്മിയും കടന്നുപോയത്. സിനിമയില്‍ തന്നെ ആസാദും ശില്പകലയില്‍ കെ.പി. ക്രിഷ്ണകുമാറും നമ്മുടെ സാംസ്കാരികസമ്പാദ്യത്തിന് വലിയ പ്രതീക്ഷകള്‍ തന്ന് പക്ഷെ വളരെ വേഗം പിന്‍‌വാങ്ങിയവരാണ്.

സര്‍ഗജീവിതത്തിലും വ്യക്തിജീവിതത്തിലും ഒരു പ്രതിഭാശാലിക്കും ഭ്രാന്തനും ഇടയിലുള്ള നേര്‍ത്ത പാലത്തിലൂടെ നടന്നു പോയ ജോണ്‍ എബ്രഹാം ഇന്ത്യന്‍ സിനിമക്കുണ്ടായ അകാല വിയോഗങ്ങളില്‍ ഏറ്റവും വിലപ്പെട്ടതാണ്. ഇന്ന് ജോണ്‍ എബ്രഹാം ആകാര സൌഷ്ടവത്തോടെ ഉയര്‍ന്നു നില്‍ക്കുന്ന പുരുഷ ലൈംഗികതയുടെ അടയാളമായ ബോളിവുഡ് താരമാണ്. എന്നാല്‍ നമ്മുടെ ബോധത്തിന്റെ തടവിനെ തീവ്രമായി നോവിച്ച്, നമ്മുടെ കപട സദാചാര സംഹിതകളെ ചോദ്യം ചെയ്ത് ഒരു കുട്ടനാട്ടുകാരന്‍ ക്യമറയുമായി Pune film Institute ന്റെ പടിയിറങ്ങി വന്നു. നമ്മുടെ കണ്ണുകള്‍ കണ്ടു പരിചയിച്ച കാഴ്ചകള്‍ക്കപ്പുറത്ത് ജീവിതവും രാഷ്ട്രീയവും സമൂഹവും ഇടകലര്‍ന്ന ദര്‍ശനങ്ങളിലേക്ക് ഒരു ബിബ്ലിക്കല്‍ നോട്ടമാണ് ജോണ്‍ എറിഞ്ഞത്.

1937 ല്‍ ജനിച്ച് ജോണ്‍ 1987 മെയ് 30 ന് കോഴിക്കോട്ടെ പണിപൂര്‍ത്തിയാകാത്ത കെട്ടിടത്തിന്റെ ടെറസ്സില്‍ നിന്ന് കാല്‍ തെന്നി വീണ് മരണമടയുകയാണുണ്ടായത്. താന്‍ ചിത്രീകരിക്കാനിരിക്കുന്ന ‘ജോസഫ് എന്ന പുരോഹിതന്‍’ എന്ന ചിത്രത്തിന് മമ്മൂട്ടിയെന്ന നടന്റെ സഹകരണം ഉറപ്പു വരുത്തിയ ശേഷം ആഘോഷിച്ചതായിരുന്നു ആ ജീവിതം. മറ്റെല്ലാം മാറ്റി വെച്ചാലും ജോണ്‍ എടുത്ത പ്രധാനപ്പെട്ട മൂന്നു സിനിമകള്‍ അദ്ദേഹത്തിന്റെ തന്നെ ഗുരുവായി അറിയപ്പെട്ട വിശ്രുത ചലച്ചിത്രകാരന്‍ Ritwik Ghatak ആശിച്ചതു പോലെ ഇന്ത്യന്‍ സിനിമയെ ലോകസിനിമയുടെ ഭൂപടത്തില്‍ പ്രതിഷ്ഠിക്കാന്‍ പര്യാപ്തമായിരുന്നു. ഈ ത്രിത്വത്തില്‍ ആദ്യത്തേത് ‘അഗ്രഹാരത്തില്‍ കഴുതൈ’ എന്ന തമിഴ് സിനിമയാണ്. അതിനു മുമ്പും ശേഷവും തമിഴ് സിനിമയില്‍ ലോകസിനിമയ്ക്ക് കണിച്ചുകൊടുക്കാന്‍ മറ്റൊരു ചിത്രം ഉണ്ടായിട്ടില്ല. എന്നിട്ടും എത്ര തമിഴന്മാര്‍ ആ ചലച്ചിത്രത്തെ സ്മരിക്കുന്നുണ്ട് എന്നത് ചോദിക്കേണ്ടതില്ലാത്ത ചോദ്യം മാത്രമാണ്. അഗ്രഹാരത്തിലെ പ്രൊഫസര്‍ വളര്‍ത്തുന്ന കഴുത പ്രാമാണികതയുടെയും പാരമ്പര്യത്തിന്റെയും ബ്രാഹ്മണ ചിഹ്നങ്ങളോടു കാണിക്കുന്ന പ്രതിഷേധം ചലച്ചിത്രത്തെ ഒരു ഇന്ത്യന്‍ ക്ലാസിക്കിന്റെ നിലവാരത്തിലേക്ക്‌ ഉയര്‍ത്തി. ഇന്ത്യന്‍ സവര്‍ണതയുടെ പാരമ്പര്യ പശ്ചാത്തലത്തിലാണ് സിനിമ രൂപം കൊള്ളുന്നതെങ്കിലും അതിന്റെ അന്തര്‍ധാര ക്രൈസതവമാണ്. സംഘടിതമായി ദ്വിജന്മാര്‍ കഴുതയെ കൊല്ലുന്നു. എന്നാല്‍ അന്നു രാത്രിയില്‍ അവര്‍ കാണുന്നത് കഴുത അഗ്നിയില്‍ നിന്ന് മുക്തി നേടി കുന്നിറങ്ങി വരുന്നതാണ്. അതോടെ നവവിശ്വാസത്തിന്റെ അഗ്നി ബ്രാഹ്മണഗ്രാമം മുഴുവന്‍ പരക്കുന്നു. ജോണിന്റെ ജീനിയസിന്റെ പ്രകടനം ഏറ്റവും അനുഭവപ്പെട്ട ചലച്ചിത്രമായിരുന്നു അഗ്രഹാരത്തില്‍ കഴുതൈ. കഴുതയും ജോണും ക്രിസ്തുവും ഒരേ രെഖയില്‍ വന്ന് അവരുടെ ത്രിത്വ സ്വത്വം വെളിവാക്കുന്നുണ്ട് ഈ സിനിമയുടെ അശയപരിസരത്ത്. മൂവരും ജീവിതകാലത്ത് വേട്ടയാടപ്പെട്ടിരുന്നവരും മരണാനന്തരം അരാധിക്കപ്പെട്ടവരുമായി എന്നത് ആകസ്മികതയല്ല.

‘ചെറിയാ‍ച്ചന്റെ ക്രൂരക്ര്ത്യങ്ങള്‍‘ കുട്ടനാടന്‍ മധ്യവര്‍ഗ പ്രതിനിധിയിലൂടെ കേരളീയ ഫ്യൂഡല്‍ഘടനയുടെ ഉള്‍ഭയം അനാവരണം ചെയ്തു. ചെറിയാച്ചന്‍ നിരവധി ചരിത്രമാറ്റങ്ങളുടെ സാക്ഷിയാണ്. പോലീസ് വേട്ടയുടെ, സഹോദരിയുടെ അവിഹിത വേഴ്ചയുടെ, തൊഴില്‍ പോരാട്ടങ്ങളുടെ, വ്യവസായത്തിന്റെ കടന്നുവരവിന്റെ എല്ല്ലാം നേര്‍സാക്ഷിയാണ്. തേങ്ങാമോഷണം അന്വേഷിച്ച് വരാനിരിക്കാനിടയുള്ള പോലീസിനെ ഭയന്ന് ചെറിയാച്ചന്‍ തെങ്ങിന്‍ മുകളില്‍ കയറുന്നു. അച്ചന്‍ വന്ന് കര്‍ത്താവിനോട് പ്രാര്‍ഥിക്കുന്നു. ചെറിയാച്ചനെ താഴെ ഇറക്കേണമേ എന്ന്. അതോടെ ചെറിയാച്ചന്‍ താഴെ വീഴുന്നു. പോലീസ് എന്ന് ഉച്ചരിച്ചുകൊണ്ട് ചെറിയാച്ചന്‍ മരിക്കുന്നു. ഇത് സ്വാതന്ത്ര്യാനന്തര കേരളത്തിന്റെ മധ്യവര്‍ഗ ജീവിതത്തിന്റെ നേര്‍പ്പകര്‍പ്പായി.

‘അമ്മ അരിയാന്‍ ‘ ഒരു സന്ദേശമാണ്. അമ്മ അറിയാതെ പോകുന്ന യൌവനത്തിന്റെ കെടുതിയുടെ ഓര്‍മപ്പെടുത്തല്‍. അന്യന്റെ തല വെട്ടാന്‍ പോകുമ്പോഴും അമ്മയുടെ അറിവോടെയായിരിക്കണം എന്ന എന്ന ഒരു ഉള്‍ബോധം.‍ യാത്രയാകുന്ന പുരുഷന്‍ കണ്ടെത്തുന്നത് പരിചയക്കാരന്റെ ജഡമാണ്. മരണവാര്‍ത്ത അയാളുടെ അമ്മയെ അറിയീക്കാനുള്ള യാത്ര നീളുന്നത് കേരളത്തിന്റെ സാംസ്കാരികവും രാഷ്ട്രീയവും സാമൂഹികവുമായ ജീവിതത്തിലൂടെയാണ്. നമ്മള്‍ മറന്നുപോകുന്ന സമരഘട്ടങ്ങളെ അത് വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. കേരളം അക്കാലങ്ങളിലുയര്‍ത്തിപ്പിടിച്ച വിക്ഷുബ്ധജീവിത0ത്തിന്റെ കണ്ണാടിയില്‍ പ്രതിഫലിച്ച സാര്‍വലൌകിക രാഷ്ട്രീയവും അമ്മ അറിയാന്‍ ചര്‍ച്ച ചെയ്തു. ഒരു കാലത്തിന്റെ ക്ഷുഭിതചെറുപ്പത്തിന്റെ ജ്വാലകളാണ് അമ്മ അറിയാന്‍ എന്ന ചിത്രത്തില്‍ കത്തിയാളിയത്.

ജോണ്‍ നമ്മുടെ ഭാവുകത്വത്തെ അതിശയിപ്പിച്ച ജീനിയസ്സാകുന്നത് ഈ മൂന്നു സിനിമകള്‍ക്കൊണ്ട്‌ അദ്ദേഹം കാഴ്ചക്കാരില്‍ സാധിച്ചെടുത്ത തിരിച്ചറിവിലൂടെയാണ്. ജോണ്‍ ചലച്ചിത്രകാരനും കഥകാരനും കവിയും ആയിരുന്നു. അതിലേറെ എടുത്ത സിനിമകളേക്കാള്‍ എടുക്കാത്ത വിസ്മയസംരംഭങ്ങളുടെ കര്‍ത്താവായിരുന്നു. കയ്യൂര്‍, നന്മയില്‍ ഗോപാലന്‍, ജോസഫ് എന്ന പുരോഹിതന്‍, നാട്ടുഗദ്ദിക എന്നിവയെല്ലം അദ്ദേഹത്തിന്റെ സഫലീകരിക്കപ്പെടാതെ പോയ രചനാസ്വപ്നങ്ങളായിരുന്നു.

ജനകീയ കലയും ജനകീയ സിനിമയും എന്ന സ്വപ്നത്തിന്റെ നിദര്‍ശനമായി ഉടലെടുത്ത ഒഡേസ ജോണിന്റെ നിര്യാണത്തോടെ ഏതാണ്ട് മരിച്ചു. ജനകീയ ചലച്ചിത്ര പ്രവര്‍ത്തകര്‍ ശിഥിലമായിപ്പോയി. ഗൌരവസിനിമയുടെ വക്താവായിരിക്കുമ്പോള്‍ തന്നെ ജീവിതത്തിന്റെ സ്വാഭാവിക ഫലിതത്തിന്റെ ആസ്വാദകനും രചയിതാവുമായിരുന്നു ജോണ്‍. ഈ മെയ് 30 ഒരു ജോണ്‍ സ്മരണയാണ്. എല്ലാ മെയ് മുപ്പതും പോലെ.

ജോണിന്റെ പറഞ്ഞു കേട്ട ഒരു ഫലിതം:

കൊല്ലത്തുനിന്ന് കുട്ടനാട്ടേക്കു കെ എസ് ആര്‍ ടി സി ബസില്‍ യാത്ര തിരിക്കുകയായിരുന്നു ജോണ്‍. മദ്യത്തിന്റെ ആധിക്യം കൊണ്ട് ബസിലെ തിരക്കില്‍ നില്‍ക്കാന്‍ വയ്യ. കണ്ടക്ടര്‍ എത്തിയപ്പോള്‍ അവശനായ ജോണ്‍ പറഞ്ഞു: എന്റെ അമ്മച്ചി മരിച്ചു.
കണ്ടക്ടര്‍: കഷ്ടം.
ജോണ്‍: എനിയ്ക്ക് നില്‍ക്കാന്‍ വയ്യ.
ഉടനെ കണ്ടക്ടര്‍: ആരെങ്കിലും ഒന്ന് എഴുന്നേല്‍ക്കൂ. ഇദ്ദേഹം അമ്മ മരിച്ചതറിഞ്ഞ് പോവ്വാ.
ഒരു യാത്രക്കാരന്‍ എഴുന്നേറ്റു. ബസ് കുട്ടനാട്ടെത്തിയപ്പോള്‍ ജോണ്‍ ഇറങ്ങി. ഉടനെ കണ്ടക്ടര്‍ ചോദിച്ചു: എപ്പോഴായിരുന്നു അമ്മച്ചിയുടെ മരണം?
ജോണ്‍: എട്ടു വര്‍ഷമായി.
tribute
a tribute to ritwik ghatak
john abraham
Ritwik Ghatak, in partition, not physically of willingness-the country departed
Out of his outer consciousness - cosmic consciousnessn one of his mistakes,
Reactions - natural reactions - reflections
Ritwik Ghatak, refugee, unborn, unwanted,
Unbearable penetrative towards the Victorian hangover of
The Tagorian corruption of thinking
Life was more important to him than the words in praise of god,
The god of Victorian Tagorian thinking.
Hence, he was rejected from the Bengalian thinking
Ritwik Ghatak - the name doesn't suit the
Hierarchic thinking of the Raynian Zamidarian thinking
Perhaps, the long echo of the forgotten factors
That becomes reminiscence of the 'death of the salesman' or otherwise
The long columns and no more Chhabi Biswas,
Cardiac arrest is common.
The death of Ghatak is uncommon.
Nay, Ritwik GhatakI remember, a tall man his hands
Moving around my shoulders, catching me
With the feeling of nearness, rather than imperialism
The man who stands before me questioning
My manliness loosing his hands to shake
My hands in appreciation of manliness
Recognizing each other-abiding in each other
Kicking on my an's and telling me"Get up, awake shoot"
I remember, not with sentiments with awakening proud,
Ritwik Ghatak
Ritwik Daa,let me call you Ritwik Daa,
I know that you are no more.
But I am, alive for you
Believe me.
When the seventh seal is opened
I will use my camera as my gun and
I am sure the echo of the sound will reverberate in your bones,
And feed back to me for my inspiration.
Thank you Ritwik Daa,I am thanking you
Not with impotency and insipidity
Ritwik Daa,I remember you, when the words fail to criticize you,
Ritwik Daa, eternally you are in my brain
In my spirit and in my Holy Ghost... Amen...

Tuesday 12 May 2009

സാല്‍വേഷന്‍ ആര്‍മി

ല്‍സിക്കുട്ടി പടിയിറങ്ങാന്‍ തീര്‍ച്ചയാക്കി. അപ്പന്‍ കൃഷിയാപ്പീസില്‍ പോയിരിക്കുന്നു. പറ്റിയ നേരം. അപ്പാ ഞാന്‍ പോണു. അവള്‍ അപ്പന്റെ സിംബലായ ചാരുകസേരയോടു വിട ചൊല്ലി. പോയിവരട്ടെ എന്നുച്ചരിക്കാനുള്ള ത്രാണി അവള്‍ പരിശീലിച്ചിട്ടില്ല. അമ്മച്ചി പള്ളീ പോയിരിക്കുന്നു. പള്ളി കഴിഞ്ഞ്‌ ഒന്നുരണ്ടിടത്ത്‌ പോകും. കളക്ഷനെടുക്കാനുണ്ടേ. കൃത്യമായി പറഞ്ഞാല്‍ പലിശ. അത്‌ പള്ളിക്കാര്യമല്ല. പള്ളക്കാര്യം.അയയില്‍ കിടക്കുന്ന അമ്മച്ചീടെ ചട്ടയോടു വിട. അമ്മച്ചീ ഞാന്‍ പോണു.നേരം നല്ല നേരം. പഴയൊരു പടത്തിന്റെ പേരാണല്ലൊ അത്‌.
മുന്‍വാതില്‍ പൂട്ടി. താക്കോല്‍ പറങ്കിത്താഴില്‍ തന്നെ വെച്ചു. തന്തപ്പടിയും തള്ളപ്പടിയും നട്ടം തിരിയരുതല്ലൊ എന്ന സദ്ഗതി. പിന്നെ ചില്ലറ വിലാപങ്ങളും മയപ്പെടുത്തിയ ഭീഷണികളും ഝടുതിയില്‍ കുത്തിക്കുറിച്ച അന്തിമ ലേഖനം(ലേഖികയുടെ നാമം, കൈയ്യെളുത്ത്‌ എന്നിവയോടു കൂടിയത്‌) പറങ്കിത്താഴിനു മേലെ ഓടാമ്പലില്‍ തിരുകി. അന്തരീക്ഷത്തിന്റെ ഗൗരവത്തിനു മേല്‍ ഒരു ചെറുകാറ്റ്‌ അരിച്ചുപെറുക്കി നടന്നു. ആ ഗൗരവത്തിലേക്ക്‌ ഒരു ലഘുതമ സാധാരണ ഗുണിതമായ്‌ അവളിറങ്ങി.ഇടതു തോളില്‍ സാമാനങ്ങള്‍ നിറച്ച വലിയ എയര്‍ബാഗ്‌. വലതു കൈയില്‍ ബ്രീഫ്കേസ്‌.
ചെമ്മണ്‍പാതയിലൂടെ നടക്കവെ ആന്റപ്പന്റപ്പന്‍ ലോനപ്പന്‍ പാമ്പായി ഇരിക്കുന്നു. ശവത്തിനു കാവലിരിക്കുന്ന പൊലീസുകാരനെ പേലെ ലോനപ്പനെ സ്വന്തം ഛര്‍ദ്ദിലിനു കാവലിരിക്കുന്നു.
കുഞ്ഞെങ്ങറ്റാ...?
കണ്ണു തുറക്കാതെ, തലയുറക്കാതെ, മറുപടി പറഞ്ഞില്ലെങ്കില്‍ പുല്ലുവില എന്ന തോതില്‍ ലോന. പാമ്പിനെ മൈന്റ്‌ ചെയ്യാതെ മൂക്കു പൊത്തി അവള്‍ ഇടവഴി താണ്ടി. മെയിന്‍ റോഡാണവളുടെ ലക്ഷ്യപ്പോരാട്ടം. ബസ്റ്റോപ്പില്‍ നിന്ന് അല്‍പം തെക്കുമാറിയുള്ള അക്ഷാംശ രേഖാംശത്തില്‍ അവന്‍ ഇപ്പൊഴേ ലാന്റ്‌ ച്ചെയ്തിരിക്കും. അവള്‍ നാലും നാലും എട്ടടി നടന്നു. റോക്കറ്റിനെ ക്രോസ്‌ ചെയ്യുന്ന ധൂമകേതു പോലെ അപ്പന്‍ കൃഷി മുന്നില്‍! മുടങ്ങാതെ ഗലീലി സംഘത്തിന്റെ രോഗശാന്തിശുശ്രൂഷയില്‍ പങ്കുകൊള്ളാറുള്ള, എന്തു പ്രകോപനമുണ്ടായാലും വചനപ്രകോഷണം മാസിക മുറതെറ്റാതെ വായിച്ച്‌ വിശ്വസിക്കാറുള്ള എല്‍സിക്കുട്ടി നിത്യസഹായമാതാവിനെ വിളിയോടു വിളി. പിന്നെ ഒന്നും സംഭവിച്ചിട്ടില്ലെന്ന ഒരു ഇന്നസെന്റ്‌ ഭാവത്തില്‍ അപ്പനെ മുഖമുഖം ചെയ്തു.
എയ്‌ നീയ്യെങ്ങട്ടാ? അപ്പന്‍.
കല്യാണത്തിന്. എന്നായി എല്‍സിക്കുട്ടി.
ആര്ടെ? മറുപടിയും ചോദ്യം.
വളിച്ച വിറ്റടിക്കാതെ എന്റപ്പാ. ഉത്തരം.
തെളിച്ചു പറ. അപ്പന്‍കുട്ടി.
അവള്‍ അവ്യക്തതയുടെ കറുത്ത കുഞ്ഞാട്ടിന്‍ പറ്റങ്ങളെ തെളിച്ചുകൊണ്ട്‌ വചന പ്രകോപനം നടത്തി.
അപ്പന്റെ ഈ മോള്‍ടെ.
കര്‍ത്താവെ.... അപ്പന്‍തിരുമേനി ഞെട്ടി. ഞെട്ടറ്റു വീഴുമെന്ന പരുവത്തിലായി. നേരോയിത്‌ കര്‍ത്താവേ...? അപ്പന്‍ കര്‍ത്താവിനെ മാനത്തു തിരഞ്ഞു. മാനം പോയല്ലോ. അപ്പന്‍ വയലിന്‍ വായിക്കേണ്ട രംഗവേദിയിലായി.
മാനമല്ല അപ്പാ. മേഘമാ പോകുന്നത്‌. മാനത്തുകണ്ണി മാനത്തു നോക്കി.
നെന്റെ ഒടുക്കത്തെ ഒരു കവിത. അപ്പന്‍ കെ. പി. അപ്പനായി.
ഗദ്യകവിത. അവള്‍ തിരുത്തല്‍ശക്തിയായി.
വിരുദ്ധകവിത. അപ്പനപ്പോള്‍ ചെറിയാന്‍ കെ. ചെറിയാനായി.
നികനേര്‍ പരേര ചൂടാകും. അപ്പനിങ്ങനെ ചൂടാവല്ലെ.
നീ ചൂടാക്കല്ലെ മകളേ...
ഞാന്‍ വിവാഹത്തിനാ പേകുന്നേ.
എന്നാല്‍ വിവാദം ഒഴിവാക്കാം.
നന്നായി.
നന്നായാ ഒന്നായി. അപ്പന്‍കുഞ്ഞുണ്ണി.
അപ്പൊ എന്തായി? എല്‍സി.
അപ്പന്‍ നിന്നനില്‍പില്‍ എഞ്ചുവടി മനസ്സിലുരുവിട്ടു.
ആട്ടെ, ഗൊണമൊള്ളതാണോടി?
ഗുണശേഖരപ്പെരുമാക്കള്‍.
ആകെമൊത്തം കൂട്ടിക്കിഴിച്ച്‌ ഹരിച്ചുഗുണിച്ച്‌ അപ്പന്‍ തൊട്ടടുത്ത ശരമെയ്തു.
ചെറുക്കന്‍?
രാജു.
ങേ! നസ്രാണ്യല്ലോടീ?
നസ്രാണി. രാജു കുര്യാക്കോസ്‌. അവള്‍ തുളക്കൊരു ആണി കണക്കെ മൊഴിഞ്ഞു.
അത്‌ ഓക്കെ. അപ്പന്റെ ഗ്രീന്‍ സിഗ്നലില്‍ അവള്‍ ആനന്ദതുന്ദിലയായി.
സഭ?
പുത്തന്‍കുറ്റി. അപ്പനല്‍പനേരം കുറ്റിയടിച്ച പോലെ നിന്നു.
പുത്തന്‍കുറ്റി?
സാല്‍വേഷന്‍ ആര്‍മി. അവള്‍ കുറ്റിയില്‍ ആഞ്ഞിടിച്ചു.
ആര്‍മിക്കാരനാ? അപ്പൊ ക്വാട്ടണ്ടാവും. അപ്പനല്‍പം തുന്ദിലനാവാന്‍ തുനിഞ്ഞു.
ആര്‍മ്യല്ല. സാല്‍വേഷന്‍. അവര്‍ക്ക്‌ ക്വാട്ടയില്ല. സര്‍വീസ്‌.
അപ്പന്റെ മുഖം ഒരു മ്ലാവിന്റേതു പോലെ മ്ലാനമായി. അപ്പന്‍ ട്രിപ്പിളെക്സിന്റെ ഒരു കാലിക്കുപ്പി പേലെ നിന്നു. അപ്പന്‍ വീണ്ടും ഗണിതശാസ്ത്ര ഗണികകളെ മനസ്സാ ധ്യാനിച്ചു. ധ്യാനത്തില്‍ വിദഗ്ദ്‌ ഗലീലി പരിശീലനം സിദ്ധിച്ച അവള്‍ ഉരചെയ്തു.
ഇത്‌ ധ്യാനത്തിനുള്ള നേരല്ല. ആളുകള് വാച്ചു ചെയ്തു തൊടങ്ങും. അവര്‍ പ്രേക്ഷകര്‍ക്കുള്ള ചേദ്യത്തിനായി കണ്ണും കാതും കൂര്‍പ്പിക്കും. സമ്മാനം കൊടുക്കാന്‍ ഒരു വൗച്ചര്‍ ബോര്‍ഡുപോയിട്ട്‌ ഒരു ചാക്കരി പോലുമില്ല എന്റടുത്ത്‌.
അപ്പന്‍ നോര്‍മലായി.
നട. എല്ലാം നിന്നിഷ്ടം.
എന്നിഷ്ടം. അവള്‍ പിമ്പേ ഗമിച്ചു.
മെയിന്‍ റോഡില്‍ തെക്കുമാറിയാണപ്പാ.
ബസ്റ്റോപ്പിലെത്തി അവള്‍ തെക്കുമറിയൊരു വീക്ഷണം ചെയ്തു. പ്രതിശ്രുതവരന്‍ പാര്‍ക്കു ചെയ്ത്‌ കാറിന്റെ പാര്‍ശ്വത്തില്‍നിന്ന് പാര്‍ശ്വദൃഷ്ടി അയക്കുന്നത്‌ അവള്‍ കണ്ടു.എല്‍സിക്കൊപ്പം അപ്പനെ കണ്ടതിനും പ്രതിശ്രുതന്റെ സ്തംഭനത്തിനുമിടയില്‍ ഒട്ടുമേ ഇന്റര്‍വെല്‍ ഇല്ലായിരുന്നു. ഈ അപ്പന്‍കുരിശെന്നാത്തിനാ കെട്ടിയെടുത്തിരിക്കുന്നേ... അവന്‍ കള്ളനെ കണ്ടു ഭയന്ന പോമറേനിയനെ പോലെ മാരുതിഭഗവാന്റെ സെന്‍ബുദ്ധിസ്റ്റ്‌ കാറില്‍ ഝടുതിയില്‍ ചാടിക്കയറി.
എടീ നെന്നോടാരാ പറഞ്ഞേ ഈ മരക്കുരിശിനെ അകമ്പടിയാക്കാന്‍? അവന്‍ അന്തരീക്ഷത്തില്‍ നിന്ന് അല്‍പം ധൈര്യം ദ്രവരൂപത്തില്‍ സംഭരിച്ച്‌ രഹസ്യമായടിച്ച്‌ ശകടം സ്റ്റാര്‍ട്ടാക്കി. പക്ഷേ, എല്‍സിക്കുട്ടി 'പോകരുതേ പ്രാണനാഥാ' എന്ന് അവനെ കൈ വീശി കാണിച്ചു. പ്രണയശസ്ത്രത്തില്‍ വിരുതാനന്തര വിരുതമെടുത്ത പ്രതി കൈകണ്ണുകളുടെ സത്വരസന്ദേശം പെട്ടെന്ന് ഗ്രഹിച്ചുവശായി. പ്രതിപക്ഷം കാറിനെ അഭിമുഖം നയിച്ചു. കാറിലേക്ക്‌ തലയിട്ട എല്‍സിക്കുട്ടിയോടായി അവന്‍ പിറകെ പറയും വിധം കയര്‍ത്തു.
ഈ അപ്പനേം കെട്ടിയെടുത്തതെന്നാത്തിനാ?
അവള്‍ കണ്ണിറുക്കി.
നോ പ്രോബ്ലം. നിന്നിഷ്ടം എന്നിഷ്ടം. അതാ എന്റപ്പാന്റിഷ്ടം.
അവന്‍ അനര്‍ത്ഥം ഗ്രഹിച്ചു.
എന്തൊരപ്പന്‍! അപ്പന്‍ കുരിശല്ല. മിശിഹായാണ്‌. മിശിഹായിടെ വെള്ളില്‍ പറവ! രാജു കുര്യാക്കോസ്‌ മനസ്സാ വചിച്ചു.
കേറപ്പാ. അവന്‍ ഫ്രന്റ്‌ ഡോര്‍ തുറന്നുകൊടുത്തു. അവള്‍ പിന്‍വാതില്‍ തുറന്ന് നമ്രശിരസ്കയായി അകമേ പൂകി. അപ്പനെ പിന്‍സീറ്റിലാക്കി താന്‍ മുന്‍സീറ്റുറപ്പിക്കാന്‍ ഇനി ഏതാനും തുച്ഛമായ സമയം മാത്രം! അവള്‍ ഹര്‍ഷവര്‍ദ്ധനയായി. സെന്‍ തെന്നലായി.
എതാ പള്ളി? അപ്പന്‍ മൗനത്തെ നിസ്സാരമട്ടില്‍ തകര്‍ത്തെറിഞ്ഞു.
പള്ളി? പള്ളിയല്ല. റെജിസ്റ്റ്രാപ്പീസ്‌. പുള്ളി പറഞ്ഞു.
ശര്യാ ഇപ്പൊ അതാ ഫാഷന്‍. സോദ്ദേശ വിവാഹം. പള്ളിയൊക്കെ പിന്നെ. അല്ലേ കൊച്ചുങ്ങളേ...? ഇനിയൊരു ഉപദര്‍ശനം വേണ്ടാത്ത മട്ടില്‍ അപ്പന്‍ വീണേടം യാഹോവാ രാജ്യമാക്കി.
മകള്‍ മനക്കണക്കില്‍ പറഞ്ഞു.
ഇടയലേഖനങ്ങള്‍ നാഴികക്ക്‌ നാല്‍പതുവട്ടം മുതല്‍ അറുപതു വട്ടം വരെ ഇറങ്ങുന്നതുകൊണ്ട്‌ അതിനൊന്നും കടലാസു വിലയില്ലാത്ത കാലമാ ഇത്‌.
അപ്പോള്‍ വളരെ പതുക്കെ ഒരു പൊലീസ്‌ ജീപ്പ്‌ അവരുടെ മുന്നില്‍ ലൈവ്‌ ടെലികാസ്റ്റ്‌ പേലെ ക്രോസ്‌ ചെയ്തു നിന്നു. സൗമ്യനായ എസ്സൈ. ഒപ്പം പരമാവധി സൗമ്യത വരുത്താന്‍ ശ്രമിച്ച്‌ ഹെഡ്‌ കോണ്‍സ്റ്റബിള്‍.
വിട്‌ വണ്ടി സ്റ്റേഷനിലേക്ക്‌. മയത്തിലുള്ള ആജ്ഞ. ഹെഡ്‌ അപ്പനെ ഇറക്കി. ജീപ്പിന്റെ പിറകില്‍ കയറാന്‍ ഉച്ചത്തില്‍ ആജ്ഞാപിച്ചു. പിന്നെ മാതൃകാപരമായി കൈ പിടിച്ച്‌ ജീപ്പില്‍ കയറ്റി. ശേഷം ഭാഗം സ്ക്രീനില്‍. എസ്സൈ ജീപ്പിലേക്ക്‌ മണ്ടിക്കൊണ്ടങ്ങനെ അരുളിചെയ്തു. എട്ടും പൊട്ടും തിരിയാതെ മൊട്ടില്‍ നിന്ന് വിരിയാന്‍ വെമ്പുന്നവരിരുന്നു. മാ നിഷാദാ. അവര്‍ പ്രാകി.
മാതൃകാ പൊലീസ്‌ സ്റ്റേഷനില്‍ റിസപ്ഷനിസ്റ്റ്‌ അവരെ അഭിവാദ്യം ചെയ്തു. എന്തുകൊണ്ടാണ് ലോകത്ത്‌ പിതൃകാ പൊലീസ്‌ സ്റ്റേഷനില്ലാത്തതെന്ന ഒരുതരം അടീസ്ഥാന രഹിത ഉല്‍ക്കണ്ഠയില്‍ അപ്പന്‍ പ്രത്യഭിവാദ്യം മറന്നു. ചെറുക്കന്‍ പ്രത്യഭിവാദ്യം ചെയ്യാന്‍ തുനിഞ്ഞപ്പോള്‍ ഹെഡ്‌ മീശ പിരിക്കാന്‍ നോക്കി. എല്‍സിക്കുട്ടി സാഹിത്യ അക്കാദമി ഹാളിലെ ചുമരില്‍ സ്ഥപിച്ചിട്ടുള്ള പുണ്യാത്മാക്കളുടെ ഛായാചിത്രങ്ങള്‍ നോക്കി നടക്കുന്ന നിരക്ഷരയുടെ കൗതുകത്തില്‍ അല്‍പം വേവലാതി റീമിക്സു ചെയ്ത്‌ പരിസരം പഠിച്ചു.
എസ്സൈ കസേര ആസനത്തില്‍ ഉറപ്പിച്ച ശേഷം ബിബ്ലിക്കലായി പറഞ്ഞു.
ഇരുന്നാലും ട്രിനിറ്റി.
പിതാവും പുത്രനും പ്രതിശ്രുതവരനും ഇരുന്നാറെ, മൂന്നു നാലു പൊലീസുകാര്‍ അക്രമാസക്തരെങ്കിലും സാത്വിക പരിവേഷഭൂഷാദികളേറ്റ്‌ അവിടെ പരിലസിച്ചു. അതിലൊരാള്‍ കൊല്ലന്റെ ആലയിലെ മുയലിനെ പേലെയിരിക്കുന്ന റിസപ്ഷനിസ്റ്റിനടുത്തു ചെന്ന് ചില കമന്റുകള്‍ പസ്സാക്കി കിട്ടാന്‍ ശ്രമിച്ചു. അതില്‍ ചിലതെല്ലാം പസ്സാക്കിക്കൊണ്ട്‌ അവള്‍ ചിലച്ചു.
പ്രതിശ്രുതന്‍ ആരാഞ്ഞു.
സര്‍, ഞങ്ങള്‍ ചെയ്ത കുറ്റം?
കുറ്റമല്ല. അപരാധം. അപരാധങ്ങള്‍. ഒന്ന് വാഹനക്കവര്‍ച്ച. രണ്ട്‌ തട്ടിക്കൊണ്ടുപോകല്‍. മൂന്ന് ഒളിച്ചോടല്‍. നാല് ഇതിനെല്ലാം കൂട്ട്‌ നില്‍ക്കല്‍. അഞ്ച്‌... അത്‌ പിന്നെ ആലോചിച്ചുണ്ടാക്കിയിട്ട്‌ പറയാം.
ഇടയലേഖനം വായിച്ചുകേട്ട്‌ ഒന്നും മനസ്സിലാകാത്ത, എന്നാല്‍ എല്ലാം മനസ്സിലായി എന്നു നടിക്കേണ്ടി വരുന്ന കുഞ്ഞാടുകളെപ്പോലെ ത്രിത്വമിരുന്നു. ഏമാന്‍ പരാതി ഉയര്‍ത്തിക്കാണിച്ചു. അടിയിലൊപ്പ്‌ പരാതിക്കാരന്‍ കുര്യാക്കോസ്‌. അപ്പന്റെ കൈപ്പട.
ഏമാനങ്കിളെ ഇത്‌ എന്റെ കാറാ. വടുക്കൂട്ട്‌ കുര്യാക്കോസ്‌ എന്റപ്പനാ.
തിരിയും. തിരിയും. നിജമായും തിരിയും. എസ്സൈ തുടര്‍ന്ന് മനോഗതമാക്കി. കള്ളത്തിരുമാലികളേ... പിന്നെയുള്ള വാക്കുകള്‍ കേള്‍ക്കാന്‍ കൊള്ളാവുന്നതാണെങ്കിലും പറയാന്‍ കൊള്ളാത്തവയായിരുന്നു. അപ്പനറിഞ്ഞാണ് ഞാനീ വണ്ട്യെട്ത്തത്‌. കുര്യാക്കു മകന്‍ സന്ദര്‍ഭോചിതമായി ഇടയില്‍പെട്ടു.
അതെനിക്കറിയില്ല. വടുക്കൂട്ട്‌ കുര്യാക്കോസ്‌ ഇവടെ പരാതിക്കാരനാ. ആര്‌ പരാതി തന്നാലും അതില്‍ നടപടി എടുക്കാനാ ഞങ്ങളിവിടെ.
ഇന്‍സ്പെക്റ്റരേമാന്‍ പറഞ്ഞു.
അയ്യോ! അപ്പനേക്കാള്‍ മുമ്പ്‌ പരാതി കൊടുക്കാനുള്ള സാമന്യബുദ്ധി തനിക്കുണ്ടായില്ലല്ലോ എന്ന നഷ്ടബോധം അവനുണ്ടായി. അങ്ങനെ കൊടുത്തിരുന്നെങ്കില്‍ ഈ ക്രമശാന്തിപാലകര്‍ തങ്ങളുടെ മാര്യേജിന്റെ ഭാരവാഹികള്‍ പോലും ആകുമായിരുന്നു.
ങാ, വണ്ടീടെ കീ എവടെ? കീ വെയ്‌ രാജൂ വെയ്‌.
കീശയിലെ കീ ഇപ്പോള്‍ മേശയില്‍. കീചെയിനിലെ വടക്കുനോക്കി യന്ത്രത്തിനകത്ത്‌ ദിക്കുകള്‍ ഗതികിട്ടാതെ കിടന്നു തിരിഞ്ഞു.
സെയ്താലി, ഈ കീയെടുത്ത്‌ വണ്ടി നമ്മടെ കുര്യാക്കോസിനെ ഏല്‍പിക്കൂ. കീ സെയ്താലിയുടെ കരതലാമലകമായി.
ഈ തെണ്ടികളേ... പറ്റിയ അബദ്ധം തിരുത്തി എസ്സൈ പറഞ്ഞു. ഈ ത്രൈംബകങ്ങളെ ഞാന്‍ കൈകാര്യം ചെയ്തോളാം.
ചാര്‍ജെല്ലാം പിന്നീട്‌ ചാര്‍ജ്‌ ചെയ്തോളാം എന്ന കണക്കുകൂട്ടലില്‍ ഏമാന്‍ തുടര്‍ന്നു.
കേസൊന്നും ചാര്‍ജ്‌ ചെയ്യുന്നില്ല. കുര്യച്ചന്റെ മോനല്ലെ.
എസ്സൈ ഒരു കടലാസില്‍ എന്തൊക്കെയോ കുത്തിക്കുറിച്ചു. പെട്ടെന്നൊരു ദൈവവിളിയില്‍ ചെറുക്കന്‍ പാന്റ്സിന്റെ പോക്കറ്റില്‍ നിന്ന് ഫോണെടുത്തു.
അത്‌ വേണ്ട. മൊബൈല്‍ വാണിഭം വേണ്ട. കാക്കി തടഞ്ഞു.
സര്‍, ഒരു ഹ്രസ്വ സന്ദേശം. അവന്‍ കൊഞ്ചിന്റെ ആകൃതിയില്‍ കെഞ്ചി.
യാര്‍ക്ക്‌?
സാക്ഷികള്‍ക്ക്‌.
ആ അഭ്യുദയപ്പരിശകള്‍ എവിടെ ക്യാമ്പു ചെയ്യുന്നു?
റെജിസ്റ്റ്രാപ്പീസിന്റെ പൂമുഖവാതില്‍ക്കല്‍.
നിന്നെയും കാത്ത്‌?
എല്ലാം കൊളമായില്ലെ...! അവന്‍ കേണു.
ഒരൊറ്റ കോളുകൊണ്ട്‌ കാടടച്ച്‌ വെടിവെയ്ക്ക്‌. സര്‍വ്വ കാക്കകളും ചത്തു വീഴട്ടെ. അല്ലെങ്കില്‍ വേണ്ട. ഞാന്‍ തന്നെ വെയ്ക്കാം സെല്‍വെടി. നമ്പ്രടിക്ക്‌.
അവന്‍ നമ്പറിറക്കാനാവാതെ നമ്പറമര്‍ത്തി. ഒന്നമാന്തിച്ചു.

താടാ. വെടി വെക്കാനവകാശം സിവിലിയനല്ല. പൊലീസിനാണ്.
എസ്സൈ ഫോണ്‍ വാങ്ങി.
ഹലോ. അങ്ങേത്തലക്കല്‍ ചന്തു.
പിരിഞ്ഞു പോകിനെടാ. എസ്സെയ്യലര്‍ച്ച.
എടാ രാജൂ, നീ ... മറുതല.
ഇങ്കെ എസ്സൈ സുകുമാര്‍. നിന്റെ രാജു അണ്ടര്‍ അറസ്റ്റ്‌. ഏമാന്റെ തറുതല.
ഏത്‌ മറ്റവനാടാ...? സെല്‍ഫോണ്‍.
നിന്റപ്പന്‍. അടിയന്തിരമായി സര്‍വ്വ ചെറ്റകളും പിരിഞ്ഞു പേകിനെടാ. അല്ലെങ്കില്‍ നിന്റെയൊക്കെ അടിയന്തിരം...
സത്വരമായി ഒന്നാം പി.സി. ഇടപ്പെട്ടു.
സര്‍, മാതൃകാലംഘനം.
ഓ. ഞാന്‍ ഒരു നിമിഷം പൂര്‍വ്വാശ്രമത്തില്‍ രമിച്ചു.
സെല്‍ ചെറുക്കനു തിരികെ നല്‍കി തുടര്‍ന്നു.
പ്രത്യുല്‍പ്പന്നമതിവാതികളെ നീ തന്നെ അനുനയിപ്പിച്ചയക്കൂ.
ചെറുക്കന്‍ നയകോവിതനായി. മുക്തകണ്ഠം ഗദ്ഗദത്തോടെ സംഗതി ആകെ പൊളിഞ്ഞു പാളീസായെന്ന് സങ്കടപ്പെട്ടു. അവന്റെ മുഖത്ത്‌ ഒരു മഹാ സങ്കടല്‍ അലയടിച്ചു.
സ്വിച്ചോഫ്‌! ഇനി പ്രതിശ്രുതവരനു പോകാം.
എസ്സൈ കൈകള്‍ തിരുമ്മിക്കൊണ്ടു പറഞ്ഞു.അവന്‍ കസേര വിട്ടു. എങ്കിലും രണ്ടു വാക്ക്‌ സിവിക്സില്‍ പറയാതെ ഇറങ്ങുന്നത്‌ ആണത്തമല്ലെന്ന് അവനു തോന്നി. ഒന്നുമില്ലെങ്കില്‍ പില്‍ക്കാലത്ത്‌ പേരക്കുട്ടികളോട്‌ സല്ലപിച്ചിരിക്കുമ്പോള്‍ വീരവാദമടിക്കാമല്ലൊ. ഈ അപ്പന്‍ പൊലീസ്‌ സ്റ്റേഷന്‍ വിറ‍പ്പിച്ചിട്ടുണ്ടെന്ന്. അപ്രകാരം അവന്‍ പൗരധര്‍മ്മം വിളമ്പി.
സര്‍, ഇതൊരു സേഷ്യലിസ്റ്റ്‌ സെക്യുലര്‍ ഡെമോക്രാറ്റിക്‌ രാജ്യമല്ലെ.
ക്യൂലക്സ്‌ കൊതുക്‌. അതുകൊണ്ടല്ലെ കേസ്‌ ചാര്‍ജ്‌ ചെയ്യാത്തത്‌.
എസ്സൈയുടെ കണ്ണുകള്‍ ചാര്‍ജ്ജായി.
അപ്പൊ ഒരു പൗരന്റെ അവകാശം? അവന്‍ ഉന്നയിച്ചു.
അത്‌ പി. എ. പൗരന്‍ നോക്കിക്കൊള്ളും.
എന്നാലും സര്‍, ഫണ്ടമെന്റല്‍ റൈറ്റ്സ്‌...
കോണ്ടിനെന്റല്‍ ഡിഷ്‌.
ടെക്സ്റ്റ്ബുക്ക്‌ പുഴു. ഹിസ്റ്ററിയില്‍ നിന്ന് സിവിക്സിനെ കീറിക്കളയണം.
സര്‍, എന്റെ ജീവിതമാണ്‌ കീറിക്കളഞ്ഞത്‌.
എസ്സൈ അന്തിമവചനങ്ങളിലേക്ക്‌ കടന്നു.
മര്യാദക്കെറങ്ങിപ്പോയാ അപ്പൊക്കീറും ഞാനീ പരാതി. അല്ലെങ്കില്‍ നിന്റെ പോസ്റ്റ്മോര്‍ട്ടം ഞാന്‍ നടത്തും.
പൊയ്ക്കൊള്ളാം. അവന്‍ നഷ്ടവസന്തത്തെ നോക്കി പറഞ്ഞു.
എന്നാ നല്ല നടപ്പ്‌.
ഓട്ടോ ആയാലോ?
ആകാം. പക്ഷേ ഇനി വേലയിറക്കരുത്‌.
ഇക്കണ്ട ഡയലോഗു കാലമത്രയും ഇതികര്‍ത്തവ്യമൂഢരായി ഇരിക്കുകയായിരുന്ന എല്‍സിക്കുട്ടിയേയും അപ്പനേയും നയശാസ്തൃപരമായി നോക്കാന്‍ ശ്രമിച്ച്‌ പരാജയപ്പെട്ട്‌ അവന്‍ ഇംഗ്ലീഷില്‍ തന്നെ താങ്ക്സ്‌ പറഞ്ഞിറങ്ങി.
ആങ്കുട്ടി അവന്റപ്പന്റടുത്ത്‌ പോയി. അപ്പനും മോളും എന്തു പറയുന്നു? ഏമാന്റെ വിനീത ചോദ്യം.അപ്പന്‍ തൊണ്ട ഉമിനീരുകൊണ്ടു നനച്ച്‌ ഉരിയാടി.
അബദ്ധം പറ്റ്യേതാണെ.
ആര്‍ക്ക്‌?
എനക്ക്‌. അപ്പന്‍.
മോള്‍ക്കോ?
പറ്റീട്ടില്ല.
പറ്റീട്ടില്ലേല്‍ നിങ്ങള്‍ക്കു കൊള്ളാം.
കൊള്ളിച്ചു പറയാതെ സാറെ.
കൊള്ളിച്ചു പറയുന്നത്‌ മാതൃകക്കെതിരെന്ന് രണ്ടാം പിസി നയനസന്ദേശം നല്‍കി. നിയമപാലകര്‍ സംസ്കൃതചിത്തരാകണം. സംസ്കൃതത്തിലേ ചിന്തിക്കാവൂ. മണിപ്രവാളം കൊടിയ പാപം!പെണ്ണിനും നല്ല നടപ്പ്‌.
സാറെ പെട്ടീം ഭാണ്ഡവും കൊണ്ടോ?
എങ്കീ വനിതാ ഓട്ടോ പിടിക്കാം.
അവള്‍ നമ്രശിരസ്കയായി എഴുന്നേറ്റു. ഇനിയെന്തു ചെയ്യേണ്ടൂ എന്നൊരാശങ്കയിലുഴറി നടന്നു. അപ്പോള്‍ വനിതാപൊലീസുണ്ടായിരുന്നെങ്കില്‍ ഇവളെ അവരെക്കൊണ്ടു നുള്ളിക്കാമായിരുന്നു എന്ന് എസ്സൈ മനോവ്യാപാരം നടത്തി. എന്നിട്ട്‌ പരാതി ഒരാവര്‍ത്തി കൂടെ വായിച്ച്‌ ഹൃദിസ്ഥമാക്കി. അല്‍പം മാതൃകാലംഘനമാവാം. എഴുന്നേറ്റ അപ്പനെ സ്വകാര്യമായി വിളിച്ച്‌ തോളില്‍ കൈയ്യിട്ട്‌ അകത്തെ മുറിയില്‍ കൊണ്ടുപോയി. മുപ്പത്തിമുക്കോടി താഢനങ്ങളേറ്റു വാങ്ങിയ ചുമരിനോട്‌ ചേര്‍ത്തു നിറുത്തി. അപ്പന്‍ എന്തോ ലോഹ്യം ശ്രവിക്കാനായി നിന്നു. എസ്സൈ കാല്‍മുട്ടുകൊണ്ട്‌ അപ്പന്റെ മണികര്‍ണ്ണികാഘട്ടിലേക്ക്‌ ഒന്നു വെച്ചുകൊടുത്തു. അപ്പന്‍ ഒഴിഞ്ഞുമാറി. കാല്‍മുട്ട്‌ ചുമരിലിടിച്ച്‌ എസ്സൈ വീണു. ആ ഊക്കില്‍ അപ്പനും വീണു.അയ്യോ! കോറസുയര്‍ന്നു. തപ്പിനോക്കിയപ്പോള്‍ കട്ടിലിനു താഴെ ചുവന്ന ചന്തിട്ട വെറും നിലം. എവടെ ഏമാന്‍? അപ്പന്‍ ചുറ്റും നോക്കി. അപനിര്‍മ്മിക്കപ്പെട്ട രംഗബോധം റീകണ്‍സ്റ്റ്രക്ഷന്‍ ചെയ്തു. ആസ്ഥാനം തെറ്റിയ ലുങ്കി നേരെയാക്കി എഴുന്നേറ്റു.
അപ്പന്‍ വിളിച്ചു.
എല്‍സിക്കുട്ടീ...
അവളെ നോക്കാന്‍ മുകളിലെ നിലയിലേക്ക്‌ ഓടിക്കയറി. അവളവിടെ ഹജറില്ല. കട്ടിലിലെ പട്ടുസാരി ക്ലോസപ്പില്‍ കണ്ടപ്പോള്‍ നെഞ്ചിടിച്ചു. എന്തോ വീണ ശബ്ദം കേട്ട്‌ എല്‍സിക്കുട്ടി അടുക്കളയില്‍ നിന്ന് അകത്തേക്കോടി. അപ്പനപ്പോള്‍ തന്റെ ഓട്ടം അടുക്കളയിലേക്ക്‌ തിരിച്ചുവിട്ടു. അപ്പനെ കാണാഞ്ഞ്‌ മകള്‍ കുളിമുറിവാതില്‍ക്കലേക്കോടി. ഒടുവില്‍ രണ്ടുപേരും കണ്ടുമുട്ടി. കൂട്ടിമുട്ടിയില്ല. അപ്പന്‍ ആശ്വാസഗോളടിച്ച ഫോര്‍വേഡിനെപ്പോലെ നിന്നു.
എന്താ ഒരൊച്ച കേട്ടത്‌ അപ്പാ? കിതച്ചുകൊണ്ടെല്‍സി.
കട്ടിലീന്നൊന്ന് വീണു. കിതച്ചുകൊണ്ടപ്പ.
വല്ലതും പറ്റ്യോ അപ്പാ?
ഇല്ല.
പിന്നെ അപ്പന്‍ ഉള്ളില്‍ പറഞ്ഞു. പറ്റിക്കാതിരുന്നാ മതി.
തടവണോ അപ്പാ?
എന്റെ പൊന്നു മകളേ.. എന്ന് ആത്മഗതം ചെയ്ത്‌ അപ്പന്‍ പതിവുപോലെ ബാത്‌റൂം പൂകി. മകള്‍ അടുക്കളയില്‍ കഞ്ഞിക്കു വകയുണ്ടാക്കി. മറ്റൊരു പതിവിനായി അപ്പന്‍ സ്റ്റോര്‍റൂമില്‍ കയറി. വൈന്‍‌കുപ്പികളിലൊന്നെടുത്തു. കോര്‍ക്കെടുത്തു മണപ്പിച്ചു. വീഞ്ഞുഗന്ധം! രണ്ടു വീതം ഗ്ലാസുകള്‍ മലര്‍ത്തി. രണ്ടും നിറച്ചു. തീന്മേശക്കടുത്തിരുന്ന് എല്‍സിയെ വിളിച്ചു. ഒന്നാം ഗ്ലാസ്‌ അപ്പന്‍ മൊത്തി. രണ്ടാം ഗ്ലാസ്‌ മകളേറ്റുവാങ്ങി.
ഉപദംശം? അപ്പന്‍.
അതിന് പട്ടയല്ലല്ലൊ അപ്പാ. അപ്പനിന്നെന്നാ പറ്റീ... എല്‍സി.
ന്നാലും വെറും വയറ്റില്‍...
അവലോസുണ്ട.
എന്ത്‌ വെടിയുണ്ടേലും പൊട്ടിച്ചുകൊണ്ടാ. അപ്പന്‍.
അവലോസ്‌ വന്നിരുന്നു. അപ്പന്‍ ചോദ്യമെയ്തു. അമ്മച്ചി എത്തീല്ലെ? ഇല്ല. അവള്‍ മോന്തി.
ഇന്ന് ലതീഞ്ഞുണ്ടോ?
കളക്ഷനുണ്ട്‌. ഞെട്ടലിനുമേല്‍ ഞെട്ടല്‍.
എന്റെ സ്വപ്നമേ... അതൊന്നും ഫലിക്കല്ലെ...കര്‍ത്താവേ...
എല്‍സിക്കുട്ടി ഗ്ലാസ്‌ കാലിയാക്കി ചോദിച്ചു.
അപ്പന്‍ കൃഷിയാപ്പീസില്‍ പോണില്ലെ?
അപ്പന്‍ ഒന്നുരണ്ടു ഞെട്ടല്‍ ഒന്നിച്ച്‌ ഞെട്ടി. ഇനി ഞെട്ടാന്‍ കഴിഞ്ഞില്ലെങ്കിലോ! മകള്‍ പ്രതിരോധമന്ത്രിസ്ഥാനം കിട്ടിയ എ കെ ആന്റണിയെപ്പോലെ ഒരു ഭാവഗാനവും പാടാതെ അടുക്കളയിലേക്ക്‌ പോയി. അപ്പന്‍ സിഗ്മണ്ട്‌ ഫ്രോയിഡിനെ പറ്റി കേട്ടിട്ടില്ലാത്തതിനാല്‍ സ്വപ്നത്തെ അപഗ്രഥനം ചെയ്യാന്‍ മിനക്കെട്ടില്ല. എം എന്‍ വിജയന്മാഷെ പറ്റിയുള്ള അറിവ്‌ പരിമിതം. ഉള്ള അറിവ്‌ വെച്ച്‌ ഒരു കമ്പാരറ്റീവ്‌ സ്റ്റഡിയിലേക്ക്‌ എത്തിനോക്കി. പട്ടുസാരി. അമ്മച്ചീടെ കുര്‍ബാന. കളക്ഷന്‍. കൃഷിയാപ്പീസ്‌. എന്റെ കര്‍ത്താവേ...അപ്പന്‍ മുന്‍വാതിലിലെ ഓടാമ്പല്‍ ഒരു ഫോറന്‍സിക്‌ വിദഗ്ദനെപ്പോലെ വിശദമായി പരിശോധിച്ചു. അന്തിമലേഖനമൊന്നുമില്ല. അത്രയെങ്കിലും ആശ്വാസം. ആകെ കിട്ടിയ വിക്കറ്റ്‌. അപ്പോള്‍ ഒരശീരി ഉണ്ടായി. അകത്തുനിന്ന് മകളാണ്‌.
അപ്പനീ നെല്‍കൃഷി നിറുത്തിക്കൂടെ. പാടം നെകത്തി പത്ത്‌ തെങ്ങ്‌ വെച്ചാ ഈ മെനക്കെടല്‍ വേണ്ടാലൊ. അപ്പന്റെ പ്രായത്തിലുള്ളോരൊക്കെ ടീവീല്‍ മിക്സട്‌ ഡബിള്‍സ്‌ ടെന്നീസ്‌ കണ്ട്‌ രസിച്ചിരിക്കുവാ.
മകളുടെ രസികര്‍ മണ്‍റം അപ്പനു നന്നേ തലക്കു പിടിച്ചു. രസച്ചരടും പിടിച്ചങ്ങനെയിരിക്കെ മുറ്റത്ത്‌ മാരിക്കാറിന്റെ നിറമുള്ള ഒരു മാതിരിക്കാര്‍ വന്നു നിന്നു. സെന്നല്ല. സ്വിഫ്റ്റ്‌. അതിലുള്ളവര്‍ പുറത്തായി. ഒരാണ്‌. ഒരു പെണ്ണ്. പളപളാ മിന്നുന്നു. ടി വി അവതാരങ്ങളാണോ എന്ന് ചോദിക്കും മുമ്പേ ആഗതര്‍ അവതരിപ്പിച്ചു.
ഗുഡ്‌ മോണിംഗ്‌ അങ്കിള്‍! ഒട്ടും വിടാതെ അപ്പനും.
ഗുഡ്‌ മോണിംഗ്‌! ആഗതരുടെ ഒച്ച കേട്ടിട്ടെന്നപോല്‍ എല്‍സിക്കുട്ടി വാതില്‍ക്കല്‍! കര്‍ത്താവേ പട്ടുസാരിയില്‍! അപ്പന്‍ ആകെ ബാക്കിയുണ്ട്യിരുന്ന ഞെട്ടലുകള്‍ കൂടെ ഞെട്ടി.
അപ്പ ഇത്‌ വില്‍സണ്‍. കൂടെ വൈഫ്‌ ഷെര്‍ളി.
അപ്പന്‍ ഞെട്ടലിന്‍ ഒരു ഷോര്‍ട്ട്‌ ലീവ്‌ കൊടുത്ത്‌ അതിഥികളെ അകത്തേക്ക്‌ ക്ഷണിച്ചു.
വരണം.
ഇല്ല. ഇപ്പോള്‍ ഇല്ല. ഇനിയും വരാല്ലൊ. ഇപ്പൊ ഞങ്ങള്‍ കല്യാണത്തിന്‍ പോകുവാ. എല്‍സിയെ കൂട്ടാന്‍ വന്നതാ. അയ്യോ! ഇനി ഞെട്ടാ‍നൊന്നുമില്ല.
ആര്ടെ കല്യാണത്തിന്‌?
ഫ്രണ്ടിന്റെ. നവാഗതകുസുമം പറഞ്ഞു.
അപ്പനോടിന്നലെ ഞാന്‍ പറഞ്ഞതല്ലെ രാജൂന്റെ കാര്യം.
രാജു നാരായണസ്വാമി? എന്നായി അപ്പന്‍.
അപ്പന്‍ നല്ല ഫലിതപ്രിയനാണല്ലൊ. എന്നായി വന്നവന്‍.
അപ്പനിതെന്നാ പറ്റീ? രാജൂ കുര്യാക്കോസ്‌ എന്ന് എല്‍സി.
ആഗതരായ വിജാതീയലിംഗങ്ങള്‍ ചിറികോടി.
സഭ മാറി കെട്ട്‌. അല്ലെ? അപ്പന്‍.
അല്ല. മകള്‍.
ല്‍വേഷന്‍ ആര്‍മി?
കുന്തം! ഇന്ത്യന്‍ ആര്‍മി. ആസാം റൈഫിള്‍സില്‍. എന്റപ്പന്റെ ഒരു കാര്യം!
അപ്പൊ സഭ?
ഒര്‌ സഭ! ആര്‍സി തന്നാ ന്റെ അപ്പാ.അപ്പന്‍ സ്ഥലകാലവിഭ്രാന്തിപ്പശുവിനെ പോലെ നിന്നു.
അപ്പാ ഞാന്‍ പോണു. മകള്‍ അസന്നിഗ്ദ്ധമായി പറഞ്ഞു. അപ്പന്‍ മരവിച്ചു. മൂവരും സ്വിഫ്റ്റില്‍ പൂകി. അപ്പന്‍ വിളകള്‍ക്ക്‌ കീടബാധയേറ്റ കര്‍ഷകനെപ്പോലെ നില്‍ക്കണോ ഒരു കടാശ്വാസ ബില്‍ പസ്സായ പോലെ നില്‍ക്കണോ എന്നറിയാതെ ഒരു വിധം നിന്നു. കാര്‍ മുറ്റത്തുനിന്ന് നീങ്ങുമ്പോള്‍ അമ്മച്ചി അന്നത്തെ കളക്ഷനുമായി മുന്നില്‍. സദ്ശകുനം! സദ്‌വാര്‍ത്ത! അപ്പോഴാണ്‌ അവള്‍ അന്തിമ കത്തിനെ പറ്റി ഓര്‍ത്തത്‌. സൗകര്യത്തിനു കിട്ടിയല്ലോ എന്ന സന്തോഷത്തില്‍ അവള്‍ ബ്ലസിനുള്ളില്‍നിന്ന് വിയര്‍പ്പില്‍ നനഞ്ഞ ഒരു കടലാസ്‌ അമ്മച്ചിക്കിട്ടു കൊടുത്തു. അമ്മച്ചിയത്‌ കാളവണ്ടിയില്‍ നിന്നെറിയുന്ന സിനിമാ നോട്ടീസ്‌ പെറുക്കിയെടുക്കുന്ന കുട്ടിയുടെ ആവേശത്തില്‍ പിടിച്ചെടുത്തു. അപ്പന്‍ അതു കാണ്‍കെ കടം വാങ്ങി ഞെട്ടാന്‍ പോലുമാവാതെ ചാരുകസേരയിലേക്ക്‌ ചെരിഞ്ഞു. ദ്വാരകയില്‍ നിന്ന് മഥുരാപുരിയിലേക്ക്‌ അക്രൂരന്‍ കൂട്ടിക്കൊണ്ടുപോകുന്ന കാര്‍വര്‍ണ്ണനെ നോക്കിനില്‍ക്കുന്ന ഗോപികയെപ്പോലെ അപ്പന്‍ ഭഗ്നചിത്തനായി. അപ്പന്‍ നയനപഥത്തിലെ മാരിക്കാര്‍ നോക്കിനിന്നു. പിന്നെ കാറുയര്‍ത്തിയ ധൂമപടലം നോക്കിയിരുന്നു. പൊടിയും അപ്രത്യക്ഷമായപ്പോള്‍ കാര്‍ പോയ ട്രാക്കുകള്‍ നോക്കി വടിയായി. ചരണങ്ങള്‍ രണ്ടും ചാരുകസേരയില്‍ കയറ്റി. ചാരത്തുനിന്നും വിശറിയെടുത്തു വീശി. വിശറിയെ സഹിക്കാഞ്ഞ്‌ വായു പല ദിക്കുകളില്‍ പാഞ്ഞു. അതില്‍ കുറെയൊക്കെ അപ്പന്റെ മുഖത്തും നെഞ്ചത്തും വന്നടിച്ചു. ചുടുകാറ്റ്‌! അപ്പോള്‍ നവസാക്ഷരതാ പ്രസ്ഥാനത്തിന്റെ നേട്ടങ്ങളിലൊന്നായ അമ്മച്ചിയില്‍ നിന്ന് ഒരു നിലവിളി ഉയരുന്നത്‌ ശ്രീലങ്കാപ്രക്ഷേപണ നിലയത്തില്‍ നിന്നെന്നപോലെ അപ്പന്‍ കേട്ടു.

Sunday 3 May 2009

ഓട്ടോറിക്ഷകള്‍ ഗുരുവായൂരിലും ചാവക്കാട്ടും

(കെ.ജി. ശങ്കരപ്പിള്ളയുടെ 'കഴുതകളായി നടിക്കേണ്ടിവന്ന കുതിരകളു'ടെ പ്രേരണയില്‍ എഴുതിയത്. ഇതടങ്ങുന്ന സമാഹാരത്തിന് കെജിയെസ് അവതാരിക എഴുതുന്നു.)

ഒറ്റക്കാഴ്ചയില്‍ ‍ഓട്ടോറിക്ഷകളെല്ലാം
ഒരുപോലെ.

ഗുരുവായൂരിലെ ഓട്ടോകള്‍ക്ക്‌
വിഷ്ണുമായ, കൃഷ്ണാമൃതം, ലോഡ്‌ കൃഷണ,
കീര്‍ത്തനം, ഗുരുവായൂരപ്പന്‍
‍എന്നൊക്കെയാണു പേരുകള്‍.
കെഎസ്സാര്‍ട്ടീസി സ്റ്റാന്റില്‍ നിന്നും വരുന്ന
യാത്രക്കാര്‍ക്ക്‌ കേറാന്‍ പാകത്തില്‍
വരിയില്‍ നില്‍ക്കുമവ.
നടക്കാവുന്ന ദൂരത്തിലുള്ള
ക്ഷേത്രത്തിലേക്ക്‌
പട്ടണപ്പുറത്തുകൂടെ
ചുറ്റിവളഞ്ഞു കൊണ്ടുപോയി
ഒടുക്കത്തെ കാശു വാങ്ങും.
വഴിയേ പോകും പാരലല്‍
കോളേജുകളിലേയും എല്ലെഫിലേയും
കുമാരിമാരോട്‌ ഐലൗയു
എന്നു പറഞ്ഞ്‌ നിര്‍വൃതി പൂകും.
ഓട്ടോവിന്‍ പൈലറ്റുമാര്‍ക്കുണ്ട്‌
സിയൈറ്റിയു, എഐറ്റിയുസി,
ഐഎന്റിയുസി എന്നിവ.
വെയിറ്റിംഗ്‌ ചാര്‍ജ്ജ്‌ കൊടുത്താലും
കാത്തുനില്‍ക്കില്ലവര്‍ ‍യാത്രക്കാരനെ.
പട്ടണത്തിലെത്തുന്ന
ദീര്‍ഘദൂര ബസ്സുകള്‍ക്കു
പിറകില്‍ മണപ്പിച്ചു നടക്കും
അവരുടെ ഓട്ടോകള്‍.
മുല്ലപ്പൂ, ചെമ്പകം,
കനകാംബരം ചൂടും
ഗുരുവായൂരിലെ ഓട്ടോകള്‍.
ചിങ്ങമൊന്നിനും നിറപ്പുത്തരിക്കും
വാഴത്തൈ, പൂമാല
എന്നിവയാല്‍ അലങ്കരിക്കും.
ചന്ദനം‌ പൂശും
ചില്ലുനെറ്റിയില്‍.

നഗരവേശ്യകള്‍ കയറിയാല്‍
‍നേരെ പായും പരിചിതമായ
ലോഡ്ജിലേക്കവ.
ജയശ്രീ തിയറ്ററിലോ
അപ്പാസ്‌ തിയറ്ററിലോ
പുത്തന്‍ പടം വന്നാല്‍
വണ്ടി സൈഡാക്കി
കരിഞ്ചന്തയില്‍
ടിക്കറ്റു വില്‍ക്കാന്‍ പോകും

ഇന്ന് ആഗസ്റ്റ്‌ 21, 2008.

ഇന്നുമില്ല ഗുരുവായൂരില്‍
വനിതാ ഓട്ടോകള്‍.
ശനിയും ഞായറും ഭക്തരേറുമ്പോള്‍
‍ആവേശം കൊള്ളും
ഗുരുവായൂരിലെ ഓട്ടോകള്‍.
ഡ്രൈവര്‍മാരില്‍
പഴയ സിആര്‍സി സിപിഐയെമ്മെല്ലുകാരുണ്ട്‌.
കെ. വേണു വഴി പിരിഞ്ഞപ്പോള്‍
‍ആത്മഹത്യ ചെയ്യാതെ
വേറെ വഴി നോക്കിയവര്‍.
ഓട്ടോകള്‍ക്ക്‌ താവളങ്ങളുണ്ട്‌.
പടിഞ്ഞാറെ നട, മഞ്ചുളാല്‍,
പ്രൈവറ്റ്‌ ബസ്റ്റാന്റ്‌, കോയാ ബസാര്‍,
മമ്മിയൂര്‍ ക്ഷേത്രം, റെയില്‍വെ സ്റ്റേഷന്‍,
കൃഷ്ണ തിയറ്ററിനു തെക്ക്‌,
മഹാരാജാ ടൂറിസ്റ്റുഹോമിനു മുന്നില്‍.
പേകുന്ന വഴികള്‍പരിചിതം.
കാരക്കാട്‌, തിരുവെങ്കിടം,
എടപ്പുള്ളി, പഞ്ചാരമുക്ക്‌,
ആനക്കോട്ട, മുതുവട്ടൂര്‍,
ബ്രഹ്മകുളം, ചൊവ്വല്ലൂര്‍.
എങ്കിലും നഗരപ്രദക്ഷിണമാണിഷ്ടം.

പച്ചക്കായ, നേന്ത്രക്കുല,
പൂജാദ്രവ്യങ്ങള്‍, സന്ധ്യകളില്‍
വന്നിറങ്ങുന്ന വേശ്യകള്‍
എന്നിവരെ വഹിക്കാനാണിഷ്ടം.

രാത്രിയില്‍ രണ്ടു പേരൊന്നിച്ചാണോട്ടല്‍.
കൊച്ചു ഡ്രൈവര്‍മാര്‍ക്ക്‌
രാത്രിസഞ്ചാരമാണിഷ്ടം.
ഗുരുവായൂരിലെ ഓട്ടോകള്‍
വഹിക്കുന്നുണ്ട്‌,
ഐശ്വര്യ റായിയെ, കാവ്യാ മാധവനെ,
മോഹന്‍ലാലിനെ, മാതാ അമൃതാനന്ദമയിയെ,
സായിബാബയെ.
ഗുരുവായൂരിലെ ഓട്ടോകള്‍ക്ക്‌
ഒരേ സോഷ്യല്‍ സ്റ്റാറ്റസാണ്‌,
അന്നും ഇന്നും.

ചാവക്കാട്ടെ ഓട്ടോകള്‍ക്ക്‌
ഗള്‍ഫ്‌ യുദ്ധനന്തരമാണ്‌
സമൂഹത്തില്‍ ഒരു നിലയൊക്കെയുണ്ടായത്‌.
അവര്‍ക്ക്‌ ദുബൈ, ഷാര്‍ജ,
തെസ്നിമോള്‍, തോമാശ്ലീഹ,
ശ്രീനാരായണന്‍, എരുമന്തുരുത്തി ഭഗവതി
എന്നൊക്കെ പേര്‍.
ലോഡ്ജുകളില്ലാത്തതിനാല്‍
വേശ്യകളുടെസഞ്ചാരം
നന്നേ കുറവ്‌.
വഞ്ചിക്കടവു റോഡില്‍,
ബൈപാസില്‍, പട്ടണമധ്യത്തില്‍,
പ്രൈവറ്റ്‌ ബസ്റ്റാന്റിനു മുന്നില്‍,
എമ്മാറാര്‍യെം ഹൈസ്കൂളിനു
മുന്നില്‍ ‍താവളങ്ങളുണ്ട്‌.
ഗള്‍ഫ്‌ യുദ്ധത്തിനു മുമ്പ്‌
കേറില്ലായിരുന്നു
ഗള്‍ഫിലുള്ളവരുടെ ഭാര്യമാര്‍.
യുദ്ധത്തോടെ ഓട്ടോയില്‍
ബാങ്കില്‍ പോകും പെണ്ണുങ്ങളെ നോക്കി
നില്‍പ്പായി ടാക്സി‍ഡ്രൈവര്‍മാര്‍.

ചാവക്കാട്ടെ ഓട്ടോകള്‍ക്ക്‌
പൂക്കള്‍ക്കൊണ്ടലങ്കാരം
അധികമില്ല.
ഓണത്തിനുണ്ടെങ്കിലായി.
പേറുന്നുണ്ടവ സ്റ്റിക്കറുകള്‍.
തോമാശ്ലീഹായുടെ,
അജ്മീര്‍ ദര്‍ഗയുടെ,
മക്കയുടെ,ശ്രീനാരായണ ഗുരുവിന്റെ,
മാര്‍ക്സിന്റെ, ലെനിന്റെ,
ഇയെമ്മെസ്സിന്റെ.
കാവ്യാമാധവനും ഐശ്വര്യ റായിയും
ഇവിടെയും വഴ്‌വുള്ളവര്‍.
മമ്മൂട്ടിയുണ്ട്‌, സച്ചിനും മരഡോണയും.
കുടിയന്മാര്‍ക്കുവേണ്ടി ബാറുകളില്‍ ചെല്ലും.
സല്‍ക്കാര, അമരാവതി, സമുദ്ര
എന്നിവയാണ്‌ ഇന്ധനകേന്ദ്രങ്ങള്‍.
നക്സലിസം തോറ്റപ്പോള്‍
ഒരത്താണിയായത്‌ ബജാജ്‌ ഓട്ടോയാണെന്ന്
ചാവക്കാടെ ചില ഓട്ടോക്കാരെങ്കിലും പറയും.
അവരിലിപ്പോള്‍ ‍എസ്‌യുസിഐക്കാരുണ്ട്‌.
നാലുമണിയോടെ യൂണിഫോമിനു മുകളില്‍
‍ചെത്തു ഷര്‍ട്ടിട്ട്‌ എമ്മാറാര്‍എമ്മിനു
മുന്നില്‍ വന്ന് വാ പൊളിക്കുന്നവരുണ്ട്‌.
എം. മുകുന്ദന്റെ കഥകള്‍ വായിച്ച്‌
ഡല്‍ഹിയില്‍ കറങ്ങി
തിരിച്ചെത്തിയവരുണ്ട്‌.
അവരില്‍ ചിലര്‍ ‍റോസാ ലക്സംബര്‍ഗിനെക്കുറിച്ചും
അന്റോണിയോ ഗ്രാംഷിയെക്കുറിച്ചും
സംസാരിക്കും.
അല്‍പജ്ഞാനി ഭയപ്പെടണം.

ഗസലുകളുണ്ടാവും.
പയനിയര്‍ സെറ്റിന്റെ
കാതടപ്പന്‍ സംഗീതമുണ്ടാവും.
പട്ടണത്തില്‍ നിന്നവപോകും,
കടപ്പുറത്തേക്ക്‌, മുട്ടിപ്പാലം കടന്ന്
ഒരുമനയൂരിലേക്ക്‌.
പാലയൂര്‍ പള്ളി കടന്ന്
പഞ്ചാരമുക്കിലേക്കും
ഗുരുവായൂരിലേക്കും.
ആസ്പത്രി റോഡു വഴി
പുന്നയിലേക്ക്‌.
മണത്തല പള്ളിയും
വിശ്വനാഥ ക്ഷേത്രവും കടന്ന്
എടക്കഴിയൂരിലേക്ക്‌.
ഓരോ ദേശവും
ഓരോ ചിഹ്നം പേറുന്നുണ്ട്.

വഹിക്കുമവ അരി,
പച്ചക്കറികള്‍,വെളിച്ചെണ്ണ, കൊപ്ര.
കാണാം ഓട്ടോയില്‍
‍സ്വര്‍ണ്ണാഭരണങ്ങളില്‍
‍നവവധുക്കളെ.
യൂണിയനുകളുണ്ട്‌
ഗുരുവായൂരിലെപ്പോലെ
ചാവക്കാട്ടും.

ചാവക്കാടിനും ഗുരുവായൂരിനുമിടയിലെ
സ്വവര്‍ഗാനുരാഗികളുടെ ഫെറാമോണ്‍
നിരയിലൂടെ ഓട്ടോകള്‍
പഞ്ഞുപോകാറുണ്ട്‌, ഇപ്പോഴും.
ഗുരുവായൂരിലെ ഓട്ടോകള്‍
‍അമ്പാടിക്കണ്ണനെ വാഴ്ത്തുന്ന പോലെ
ചാവക്കാട്ടെ ഓട്ടോകള്‍
‍ഗള്‍ഫിനെ വാഴ്ത്തുന്നു.
എത്ര പറഞ്ഞാലും പറഞ്ഞില്ലെങ്കിലും
ഗുരുവായൂരിലേയും ചാവക്കാട്ടേയും
ഓട്ടോക്കാര്‍ക്ക്‌ പരിഭവമേ കാണൂ,
എല്ലായിടത്തെയും ഓട്ടോകാരെയും പോലെ.
എന്തുകൊണ്ടെന്നാല്‍
ഇവരാരും കോഴിക്കോട്ടെ
ഓട്ടോക്കാരല്ലല്ലോ


(ഗുരുവായൂരിലേയും ചാവക്കാട്ടേയും ഓട്ടോക്കാര്‍ ക്ഷമിക്കുക)


Saturday 2 May 2009

പ്രതിമകളുടെ പ്രജനനകാലം


ഗാന്ധി പാര്‍ക്കിന്ന്
ആള്‍പാര്‍പ്പില്ലാത്ത

വീടു പോലെയാണ്‌.
ശിരസ്സു തകര്‍ന്നൊരു
പ്രതിമ കാണാമവിടെ.
ജയന്തിയില്‍ ചാര്‍ത്തിയ
പൂക്കളുടെ അഴുകും ദുര്‍ഗന്ധത്തില്‍.
എവിടെയോ ഒരു റിവോള്‍വറിന്‍
കറുത്ത നോട്ടം.
കരിയിലകള്‍ കടന്നെത്തും
കാറ്റിന്‍ ഭീതിതമാം വിജനത.
മുമ്പെന്നോ വന്നുപോയ
സ്കൂള്‍ കുട്ടികളിട്ട
കടലാസുപൂക്കളുടെ ഓര്‍മ.
ഏകനാണാ പ്രതിമ.
സാത്വികം, അനാസക്തന്‍.
പ്രജനനമില്ലാത്തവന്‍.
എങ്കിലും ക്ലോണുകളെ കാണ്മൂ
നഗരത്തില്‍.

ശിവജി നഗറിലിന്നാഘോഷമാണ്‌.
ഹെഗ്ഡേവാര്‍ പാര്‍ക്കിന്നവിടെയാണ്‌.
പ്രതിമകള്‍ നരഭോജികളായി
നില്‍ക്കയാണവിടെ.
പുത്തന്‍ പ്രതിമകള്‍.
പൊയ്മുഖം വെച്ചവര്‍.
യന്ത്രരഥത്തില്‍
ചാഞ്ഞും ചെരിഞ്ഞും ശയിപ്പവര്‍.
ത്രിശൂലങ്ങളില്‍ അയല്‍ക്കാരന്റെ
ശിരസ്സുമായി രസിക്കും പ്രതിമകള്‍.
അമ്മതന്‍ വയര്‍പിളര്‍ന്ന്
ഭ്രൂണത്തെ പകുത്തെടുത്ത്‌
ആസക്തിയാല്‍ ഭുജിക്കും
സസ്യഭുക്കുകള്‍.
തേറ്റകളില്‍ ക്രൗര്യം
കോര്‍ത്ത്‌ ചാരത്തുനില്‍ക്കയാണു ശില്‍പി,
നാഥുറാം ഗോഡ്സെ.

അയല്‍ഭയം


എനിയ്ക്കു ഭയമില്ല

അടുക്കളത്തൊടിയില്‍
‍ഞാന്‍ ഭദ്രമായ്‌ വെച്ച
വടിവാളുകളില്‍,
ആസിഡുബോംബുകളില്‍.
പക്ഷെ, അയല്‍ക്കാരന്റെ
കറിക്കത്തിയിലാണെന്റെ ഭയം.
ഭയമില്ല, വിത്തനാഥന്റെ
ബേബിതന്‍ പാല്‍കുപ്പിയില്‍.

വറുതിക്കോലങ്ങളുടെ
പിച്ചച്ചട്ടി പെട്ടെന്നൊരു
ദിനം ആര്‍ഡിയെക്സായി മാറുമോ
എന്നു ഞാന്‍ ഭയക്കുന്നു.
പുലരിയില്‍ എന്റെ പേടി പുലരുന്നു.
അയ്യോ! അയല്‍ക്കാരന്‍ ‍നോക്കുന്നു.
രാവുകളില്‍ വേണ്ടത്ര ഇരുട്ടുണ്ട്‌,
എനിക്കെന്റെ മുഖമൊളിപ്പിക്കാന്‍.
യജമാനന്റെ ധ്വനിയില്‍
പേശാനാണെനിക്കിഷ്ടം.
കുറഞ്ഞത്‌ യജമാനന്റെ
പട്ടിയെപ്പോലെ
കുരക്കുകയെങ്കിലുമാകാമല്ലൊ.
എന്റെ ഗ്യാസടുപ്പിലെ
നീല നാളങ്ങളെത്ര സൗമ്യം!
അയല്‍ക്കാരന്റെ മുറ്റത്തെ
വിറകടുപ്പിലെ കനല്‍ക്കണ്ണുകള്‍
എന്നെതുറിച്ചു നോക്കുന്നു.
എന്റെ ഭവനം, എന്റെ കുഞ്ഞുങ്ങള്‍,
എന്റെ ടി.വി., എന്റെ ഫ്രിഡ്ജ്‌,
എന്റെ കാര്‍... ദൈവമേ...
ഒന്നുമേ കവര്‍ന്നെടുക്കരുതേ...
അയല്‍ക്കാരന്‍ തീ കായരുത്‌.
കഞ്ഞിവെക്കരുത്‌.
കറിക്കരിയരുത്‌.
ദയക്കായി നിലവിളിക്കരുത്‌.
ഭവനങ്ങള്‍ക്കിടയിലെ
മകരമഞ്ഞിനും
തുലാവര്‍ഷ പകര്‍ച്ചക്കും
മീനവെയിലിനുംഒരേ ഭയഭാവമാണ്‌.