Tuesday, 12 May 2009

സാല്‍വേഷന്‍ ആര്‍മി

ല്‍സിക്കുട്ടി പടിയിറങ്ങാന്‍ തീര്‍ച്ചയാക്കി. അപ്പന്‍ കൃഷിയാപ്പീസില്‍ പോയിരിക്കുന്നു. പറ്റിയ നേരം. അപ്പാ ഞാന്‍ പോണു. അവള്‍ അപ്പന്റെ സിംബലായ ചാരുകസേരയോടു വിട ചൊല്ലി. പോയിവരട്ടെ എന്നുച്ചരിക്കാനുള്ള ത്രാണി അവള്‍ പരിശീലിച്ചിട്ടില്ല. അമ്മച്ചി പള്ളീ പോയിരിക്കുന്നു. പള്ളി കഴിഞ്ഞ്‌ ഒന്നുരണ്ടിടത്ത്‌ പോകും. കളക്ഷനെടുക്കാനുണ്ടേ. കൃത്യമായി പറഞ്ഞാല്‍ പലിശ. അത്‌ പള്ളിക്കാര്യമല്ല. പള്ളക്കാര്യം.അയയില്‍ കിടക്കുന്ന അമ്മച്ചീടെ ചട്ടയോടു വിട. അമ്മച്ചീ ഞാന്‍ പോണു.നേരം നല്ല നേരം. പഴയൊരു പടത്തിന്റെ പേരാണല്ലൊ അത്‌.
മുന്‍വാതില്‍ പൂട്ടി. താക്കോല്‍ പറങ്കിത്താഴില്‍ തന്നെ വെച്ചു. തന്തപ്പടിയും തള്ളപ്പടിയും നട്ടം തിരിയരുതല്ലൊ എന്ന സദ്ഗതി. പിന്നെ ചില്ലറ വിലാപങ്ങളും മയപ്പെടുത്തിയ ഭീഷണികളും ഝടുതിയില്‍ കുത്തിക്കുറിച്ച അന്തിമ ലേഖനം(ലേഖികയുടെ നാമം, കൈയ്യെളുത്ത്‌ എന്നിവയോടു കൂടിയത്‌) പറങ്കിത്താഴിനു മേലെ ഓടാമ്പലില്‍ തിരുകി. അന്തരീക്ഷത്തിന്റെ ഗൗരവത്തിനു മേല്‍ ഒരു ചെറുകാറ്റ്‌ അരിച്ചുപെറുക്കി നടന്നു. ആ ഗൗരവത്തിലേക്ക്‌ ഒരു ലഘുതമ സാധാരണ ഗുണിതമായ്‌ അവളിറങ്ങി.ഇടതു തോളില്‍ സാമാനങ്ങള്‍ നിറച്ച വലിയ എയര്‍ബാഗ്‌. വലതു കൈയില്‍ ബ്രീഫ്കേസ്‌.
ചെമ്മണ്‍പാതയിലൂടെ നടക്കവെ ആന്റപ്പന്റപ്പന്‍ ലോനപ്പന്‍ പാമ്പായി ഇരിക്കുന്നു. ശവത്തിനു കാവലിരിക്കുന്ന പൊലീസുകാരനെ പേലെ ലോനപ്പനെ സ്വന്തം ഛര്‍ദ്ദിലിനു കാവലിരിക്കുന്നു.
കുഞ്ഞെങ്ങറ്റാ...?
കണ്ണു തുറക്കാതെ, തലയുറക്കാതെ, മറുപടി പറഞ്ഞില്ലെങ്കില്‍ പുല്ലുവില എന്ന തോതില്‍ ലോന. പാമ്പിനെ മൈന്റ്‌ ചെയ്യാതെ മൂക്കു പൊത്തി അവള്‍ ഇടവഴി താണ്ടി. മെയിന്‍ റോഡാണവളുടെ ലക്ഷ്യപ്പോരാട്ടം. ബസ്റ്റോപ്പില്‍ നിന്ന് അല്‍പം തെക്കുമാറിയുള്ള അക്ഷാംശ രേഖാംശത്തില്‍ അവന്‍ ഇപ്പൊഴേ ലാന്റ്‌ ച്ചെയ്തിരിക്കും. അവള്‍ നാലും നാലും എട്ടടി നടന്നു. റോക്കറ്റിനെ ക്രോസ്‌ ചെയ്യുന്ന ധൂമകേതു പോലെ അപ്പന്‍ കൃഷി മുന്നില്‍! മുടങ്ങാതെ ഗലീലി സംഘത്തിന്റെ രോഗശാന്തിശുശ്രൂഷയില്‍ പങ്കുകൊള്ളാറുള്ള, എന്തു പ്രകോപനമുണ്ടായാലും വചനപ്രകോഷണം മാസിക മുറതെറ്റാതെ വായിച്ച്‌ വിശ്വസിക്കാറുള്ള എല്‍സിക്കുട്ടി നിത്യസഹായമാതാവിനെ വിളിയോടു വിളി. പിന്നെ ഒന്നും സംഭവിച്ചിട്ടില്ലെന്ന ഒരു ഇന്നസെന്റ്‌ ഭാവത്തില്‍ അപ്പനെ മുഖമുഖം ചെയ്തു.
എയ്‌ നീയ്യെങ്ങട്ടാ? അപ്പന്‍.
കല്യാണത്തിന്. എന്നായി എല്‍സിക്കുട്ടി.
ആര്ടെ? മറുപടിയും ചോദ്യം.
വളിച്ച വിറ്റടിക്കാതെ എന്റപ്പാ. ഉത്തരം.
തെളിച്ചു പറ. അപ്പന്‍കുട്ടി.
അവള്‍ അവ്യക്തതയുടെ കറുത്ത കുഞ്ഞാട്ടിന്‍ പറ്റങ്ങളെ തെളിച്ചുകൊണ്ട്‌ വചന പ്രകോപനം നടത്തി.
അപ്പന്റെ ഈ മോള്‍ടെ.
കര്‍ത്താവെ.... അപ്പന്‍തിരുമേനി ഞെട്ടി. ഞെട്ടറ്റു വീഴുമെന്ന പരുവത്തിലായി. നേരോയിത്‌ കര്‍ത്താവേ...? അപ്പന്‍ കര്‍ത്താവിനെ മാനത്തു തിരഞ്ഞു. മാനം പോയല്ലോ. അപ്പന്‍ വയലിന്‍ വായിക്കേണ്ട രംഗവേദിയിലായി.
മാനമല്ല അപ്പാ. മേഘമാ പോകുന്നത്‌. മാനത്തുകണ്ണി മാനത്തു നോക്കി.
നെന്റെ ഒടുക്കത്തെ ഒരു കവിത. അപ്പന്‍ കെ. പി. അപ്പനായി.
ഗദ്യകവിത. അവള്‍ തിരുത്തല്‍ശക്തിയായി.
വിരുദ്ധകവിത. അപ്പനപ്പോള്‍ ചെറിയാന്‍ കെ. ചെറിയാനായി.
നികനേര്‍ പരേര ചൂടാകും. അപ്പനിങ്ങനെ ചൂടാവല്ലെ.
നീ ചൂടാക്കല്ലെ മകളേ...
ഞാന്‍ വിവാഹത്തിനാ പേകുന്നേ.
എന്നാല്‍ വിവാദം ഒഴിവാക്കാം.
നന്നായി.
നന്നായാ ഒന്നായി. അപ്പന്‍കുഞ്ഞുണ്ണി.
അപ്പൊ എന്തായി? എല്‍സി.
അപ്പന്‍ നിന്നനില്‍പില്‍ എഞ്ചുവടി മനസ്സിലുരുവിട്ടു.
ആട്ടെ, ഗൊണമൊള്ളതാണോടി?
ഗുണശേഖരപ്പെരുമാക്കള്‍.
ആകെമൊത്തം കൂട്ടിക്കിഴിച്ച്‌ ഹരിച്ചുഗുണിച്ച്‌ അപ്പന്‍ തൊട്ടടുത്ത ശരമെയ്തു.
ചെറുക്കന്‍?
രാജു.
ങേ! നസ്രാണ്യല്ലോടീ?
നസ്രാണി. രാജു കുര്യാക്കോസ്‌. അവള്‍ തുളക്കൊരു ആണി കണക്കെ മൊഴിഞ്ഞു.
അത്‌ ഓക്കെ. അപ്പന്റെ ഗ്രീന്‍ സിഗ്നലില്‍ അവള്‍ ആനന്ദതുന്ദിലയായി.
സഭ?
പുത്തന്‍കുറ്റി. അപ്പനല്‍പനേരം കുറ്റിയടിച്ച പോലെ നിന്നു.
പുത്തന്‍കുറ്റി?
സാല്‍വേഷന്‍ ആര്‍മി. അവള്‍ കുറ്റിയില്‍ ആഞ്ഞിടിച്ചു.
ആര്‍മിക്കാരനാ? അപ്പൊ ക്വാട്ടണ്ടാവും. അപ്പനല്‍പം തുന്ദിലനാവാന്‍ തുനിഞ്ഞു.
ആര്‍മ്യല്ല. സാല്‍വേഷന്‍. അവര്‍ക്ക്‌ ക്വാട്ടയില്ല. സര്‍വീസ്‌.
അപ്പന്റെ മുഖം ഒരു മ്ലാവിന്റേതു പോലെ മ്ലാനമായി. അപ്പന്‍ ട്രിപ്പിളെക്സിന്റെ ഒരു കാലിക്കുപ്പി പേലെ നിന്നു. അപ്പന്‍ വീണ്ടും ഗണിതശാസ്ത്ര ഗണികകളെ മനസ്സാ ധ്യാനിച്ചു. ധ്യാനത്തില്‍ വിദഗ്ദ്‌ ഗലീലി പരിശീലനം സിദ്ധിച്ച അവള്‍ ഉരചെയ്തു.
ഇത്‌ ധ്യാനത്തിനുള്ള നേരല്ല. ആളുകള് വാച്ചു ചെയ്തു തൊടങ്ങും. അവര്‍ പ്രേക്ഷകര്‍ക്കുള്ള ചേദ്യത്തിനായി കണ്ണും കാതും കൂര്‍പ്പിക്കും. സമ്മാനം കൊടുക്കാന്‍ ഒരു വൗച്ചര്‍ ബോര്‍ഡുപോയിട്ട്‌ ഒരു ചാക്കരി പോലുമില്ല എന്റടുത്ത്‌.
അപ്പന്‍ നോര്‍മലായി.
നട. എല്ലാം നിന്നിഷ്ടം.
എന്നിഷ്ടം. അവള്‍ പിമ്പേ ഗമിച്ചു.
മെയിന്‍ റോഡില്‍ തെക്കുമാറിയാണപ്പാ.
ബസ്റ്റോപ്പിലെത്തി അവള്‍ തെക്കുമറിയൊരു വീക്ഷണം ചെയ്തു. പ്രതിശ്രുതവരന്‍ പാര്‍ക്കു ചെയ്ത്‌ കാറിന്റെ പാര്‍ശ്വത്തില്‍നിന്ന് പാര്‍ശ്വദൃഷ്ടി അയക്കുന്നത്‌ അവള്‍ കണ്ടു.എല്‍സിക്കൊപ്പം അപ്പനെ കണ്ടതിനും പ്രതിശ്രുതന്റെ സ്തംഭനത്തിനുമിടയില്‍ ഒട്ടുമേ ഇന്റര്‍വെല്‍ ഇല്ലായിരുന്നു. ഈ അപ്പന്‍കുരിശെന്നാത്തിനാ കെട്ടിയെടുത്തിരിക്കുന്നേ... അവന്‍ കള്ളനെ കണ്ടു ഭയന്ന പോമറേനിയനെ പോലെ മാരുതിഭഗവാന്റെ സെന്‍ബുദ്ധിസ്റ്റ്‌ കാറില്‍ ഝടുതിയില്‍ ചാടിക്കയറി.
എടീ നെന്നോടാരാ പറഞ്ഞേ ഈ മരക്കുരിശിനെ അകമ്പടിയാക്കാന്‍? അവന്‍ അന്തരീക്ഷത്തില്‍ നിന്ന് അല്‍പം ധൈര്യം ദ്രവരൂപത്തില്‍ സംഭരിച്ച്‌ രഹസ്യമായടിച്ച്‌ ശകടം സ്റ്റാര്‍ട്ടാക്കി. പക്ഷേ, എല്‍സിക്കുട്ടി 'പോകരുതേ പ്രാണനാഥാ' എന്ന് അവനെ കൈ വീശി കാണിച്ചു. പ്രണയശസ്ത്രത്തില്‍ വിരുതാനന്തര വിരുതമെടുത്ത പ്രതി കൈകണ്ണുകളുടെ സത്വരസന്ദേശം പെട്ടെന്ന് ഗ്രഹിച്ചുവശായി. പ്രതിപക്ഷം കാറിനെ അഭിമുഖം നയിച്ചു. കാറിലേക്ക്‌ തലയിട്ട എല്‍സിക്കുട്ടിയോടായി അവന്‍ പിറകെ പറയും വിധം കയര്‍ത്തു.
ഈ അപ്പനേം കെട്ടിയെടുത്തതെന്നാത്തിനാ?
അവള്‍ കണ്ണിറുക്കി.
നോ പ്രോബ്ലം. നിന്നിഷ്ടം എന്നിഷ്ടം. അതാ എന്റപ്പാന്റിഷ്ടം.
അവന്‍ അനര്‍ത്ഥം ഗ്രഹിച്ചു.
എന്തൊരപ്പന്‍! അപ്പന്‍ കുരിശല്ല. മിശിഹായാണ്‌. മിശിഹായിടെ വെള്ളില്‍ പറവ! രാജു കുര്യാക്കോസ്‌ മനസ്സാ വചിച്ചു.
കേറപ്പാ. അവന്‍ ഫ്രന്റ്‌ ഡോര്‍ തുറന്നുകൊടുത്തു. അവള്‍ പിന്‍വാതില്‍ തുറന്ന് നമ്രശിരസ്കയായി അകമേ പൂകി. അപ്പനെ പിന്‍സീറ്റിലാക്കി താന്‍ മുന്‍സീറ്റുറപ്പിക്കാന്‍ ഇനി ഏതാനും തുച്ഛമായ സമയം മാത്രം! അവള്‍ ഹര്‍ഷവര്‍ദ്ധനയായി. സെന്‍ തെന്നലായി.
എതാ പള്ളി? അപ്പന്‍ മൗനത്തെ നിസ്സാരമട്ടില്‍ തകര്‍ത്തെറിഞ്ഞു.
പള്ളി? പള്ളിയല്ല. റെജിസ്റ്റ്രാപ്പീസ്‌. പുള്ളി പറഞ്ഞു.
ശര്യാ ഇപ്പൊ അതാ ഫാഷന്‍. സോദ്ദേശ വിവാഹം. പള്ളിയൊക്കെ പിന്നെ. അല്ലേ കൊച്ചുങ്ങളേ...? ഇനിയൊരു ഉപദര്‍ശനം വേണ്ടാത്ത മട്ടില്‍ അപ്പന്‍ വീണേടം യാഹോവാ രാജ്യമാക്കി.
മകള്‍ മനക്കണക്കില്‍ പറഞ്ഞു.
ഇടയലേഖനങ്ങള്‍ നാഴികക്ക്‌ നാല്‍പതുവട്ടം മുതല്‍ അറുപതു വട്ടം വരെ ഇറങ്ങുന്നതുകൊണ്ട്‌ അതിനൊന്നും കടലാസു വിലയില്ലാത്ത കാലമാ ഇത്‌.
അപ്പോള്‍ വളരെ പതുക്കെ ഒരു പൊലീസ്‌ ജീപ്പ്‌ അവരുടെ മുന്നില്‍ ലൈവ്‌ ടെലികാസ്റ്റ്‌ പേലെ ക്രോസ്‌ ചെയ്തു നിന്നു. സൗമ്യനായ എസ്സൈ. ഒപ്പം പരമാവധി സൗമ്യത വരുത്താന്‍ ശ്രമിച്ച്‌ ഹെഡ്‌ കോണ്‍സ്റ്റബിള്‍.
വിട്‌ വണ്ടി സ്റ്റേഷനിലേക്ക്‌. മയത്തിലുള്ള ആജ്ഞ. ഹെഡ്‌ അപ്പനെ ഇറക്കി. ജീപ്പിന്റെ പിറകില്‍ കയറാന്‍ ഉച്ചത്തില്‍ ആജ്ഞാപിച്ചു. പിന്നെ മാതൃകാപരമായി കൈ പിടിച്ച്‌ ജീപ്പില്‍ കയറ്റി. ശേഷം ഭാഗം സ്ക്രീനില്‍. എസ്സൈ ജീപ്പിലേക്ക്‌ മണ്ടിക്കൊണ്ടങ്ങനെ അരുളിചെയ്തു. എട്ടും പൊട്ടും തിരിയാതെ മൊട്ടില്‍ നിന്ന് വിരിയാന്‍ വെമ്പുന്നവരിരുന്നു. മാ നിഷാദാ. അവര്‍ പ്രാകി.
മാതൃകാ പൊലീസ്‌ സ്റ്റേഷനില്‍ റിസപ്ഷനിസ്റ്റ്‌ അവരെ അഭിവാദ്യം ചെയ്തു. എന്തുകൊണ്ടാണ് ലോകത്ത്‌ പിതൃകാ പൊലീസ്‌ സ്റ്റേഷനില്ലാത്തതെന്ന ഒരുതരം അടീസ്ഥാന രഹിത ഉല്‍ക്കണ്ഠയില്‍ അപ്പന്‍ പ്രത്യഭിവാദ്യം മറന്നു. ചെറുക്കന്‍ പ്രത്യഭിവാദ്യം ചെയ്യാന്‍ തുനിഞ്ഞപ്പോള്‍ ഹെഡ്‌ മീശ പിരിക്കാന്‍ നോക്കി. എല്‍സിക്കുട്ടി സാഹിത്യ അക്കാദമി ഹാളിലെ ചുമരില്‍ സ്ഥപിച്ചിട്ടുള്ള പുണ്യാത്മാക്കളുടെ ഛായാചിത്രങ്ങള്‍ നോക്കി നടക്കുന്ന നിരക്ഷരയുടെ കൗതുകത്തില്‍ അല്‍പം വേവലാതി റീമിക്സു ചെയ്ത്‌ പരിസരം പഠിച്ചു.
എസ്സൈ കസേര ആസനത്തില്‍ ഉറപ്പിച്ച ശേഷം ബിബ്ലിക്കലായി പറഞ്ഞു.
ഇരുന്നാലും ട്രിനിറ്റി.
പിതാവും പുത്രനും പ്രതിശ്രുതവരനും ഇരുന്നാറെ, മൂന്നു നാലു പൊലീസുകാര്‍ അക്രമാസക്തരെങ്കിലും സാത്വിക പരിവേഷഭൂഷാദികളേറ്റ്‌ അവിടെ പരിലസിച്ചു. അതിലൊരാള്‍ കൊല്ലന്റെ ആലയിലെ മുയലിനെ പേലെയിരിക്കുന്ന റിസപ്ഷനിസ്റ്റിനടുത്തു ചെന്ന് ചില കമന്റുകള്‍ പസ്സാക്കി കിട്ടാന്‍ ശ്രമിച്ചു. അതില്‍ ചിലതെല്ലാം പസ്സാക്കിക്കൊണ്ട്‌ അവള്‍ ചിലച്ചു.
പ്രതിശ്രുതന്‍ ആരാഞ്ഞു.
സര്‍, ഞങ്ങള്‍ ചെയ്ത കുറ്റം?
കുറ്റമല്ല. അപരാധം. അപരാധങ്ങള്‍. ഒന്ന് വാഹനക്കവര്‍ച്ച. രണ്ട്‌ തട്ടിക്കൊണ്ടുപോകല്‍. മൂന്ന് ഒളിച്ചോടല്‍. നാല് ഇതിനെല്ലാം കൂട്ട്‌ നില്‍ക്കല്‍. അഞ്ച്‌... അത്‌ പിന്നെ ആലോചിച്ചുണ്ടാക്കിയിട്ട്‌ പറയാം.
ഇടയലേഖനം വായിച്ചുകേട്ട്‌ ഒന്നും മനസ്സിലാകാത്ത, എന്നാല്‍ എല്ലാം മനസ്സിലായി എന്നു നടിക്കേണ്ടി വരുന്ന കുഞ്ഞാടുകളെപ്പോലെ ത്രിത്വമിരുന്നു. ഏമാന്‍ പരാതി ഉയര്‍ത്തിക്കാണിച്ചു. അടിയിലൊപ്പ്‌ പരാതിക്കാരന്‍ കുര്യാക്കോസ്‌. അപ്പന്റെ കൈപ്പട.
ഏമാനങ്കിളെ ഇത്‌ എന്റെ കാറാ. വടുക്കൂട്ട്‌ കുര്യാക്കോസ്‌ എന്റപ്പനാ.
തിരിയും. തിരിയും. നിജമായും തിരിയും. എസ്സൈ തുടര്‍ന്ന് മനോഗതമാക്കി. കള്ളത്തിരുമാലികളേ... പിന്നെയുള്ള വാക്കുകള്‍ കേള്‍ക്കാന്‍ കൊള്ളാവുന്നതാണെങ്കിലും പറയാന്‍ കൊള്ളാത്തവയായിരുന്നു. അപ്പനറിഞ്ഞാണ് ഞാനീ വണ്ട്യെട്ത്തത്‌. കുര്യാക്കു മകന്‍ സന്ദര്‍ഭോചിതമായി ഇടയില്‍പെട്ടു.
അതെനിക്കറിയില്ല. വടുക്കൂട്ട്‌ കുര്യാക്കോസ്‌ ഇവടെ പരാതിക്കാരനാ. ആര്‌ പരാതി തന്നാലും അതില്‍ നടപടി എടുക്കാനാ ഞങ്ങളിവിടെ.
ഇന്‍സ്പെക്റ്റരേമാന്‍ പറഞ്ഞു.
അയ്യോ! അപ്പനേക്കാള്‍ മുമ്പ്‌ പരാതി കൊടുക്കാനുള്ള സാമന്യബുദ്ധി തനിക്കുണ്ടായില്ലല്ലോ എന്ന നഷ്ടബോധം അവനുണ്ടായി. അങ്ങനെ കൊടുത്തിരുന്നെങ്കില്‍ ഈ ക്രമശാന്തിപാലകര്‍ തങ്ങളുടെ മാര്യേജിന്റെ ഭാരവാഹികള്‍ പോലും ആകുമായിരുന്നു.
ങാ, വണ്ടീടെ കീ എവടെ? കീ വെയ്‌ രാജൂ വെയ്‌.
കീശയിലെ കീ ഇപ്പോള്‍ മേശയില്‍. കീചെയിനിലെ വടക്കുനോക്കി യന്ത്രത്തിനകത്ത്‌ ദിക്കുകള്‍ ഗതികിട്ടാതെ കിടന്നു തിരിഞ്ഞു.
സെയ്താലി, ഈ കീയെടുത്ത്‌ വണ്ടി നമ്മടെ കുര്യാക്കോസിനെ ഏല്‍പിക്കൂ. കീ സെയ്താലിയുടെ കരതലാമലകമായി.
ഈ തെണ്ടികളേ... പറ്റിയ അബദ്ധം തിരുത്തി എസ്സൈ പറഞ്ഞു. ഈ ത്രൈംബകങ്ങളെ ഞാന്‍ കൈകാര്യം ചെയ്തോളാം.
ചാര്‍ജെല്ലാം പിന്നീട്‌ ചാര്‍ജ്‌ ചെയ്തോളാം എന്ന കണക്കുകൂട്ടലില്‍ ഏമാന്‍ തുടര്‍ന്നു.
കേസൊന്നും ചാര്‍ജ്‌ ചെയ്യുന്നില്ല. കുര്യച്ചന്റെ മോനല്ലെ.
എസ്സൈ ഒരു കടലാസില്‍ എന്തൊക്കെയോ കുത്തിക്കുറിച്ചു. പെട്ടെന്നൊരു ദൈവവിളിയില്‍ ചെറുക്കന്‍ പാന്റ്സിന്റെ പോക്കറ്റില്‍ നിന്ന് ഫോണെടുത്തു.
അത്‌ വേണ്ട. മൊബൈല്‍ വാണിഭം വേണ്ട. കാക്കി തടഞ്ഞു.
സര്‍, ഒരു ഹ്രസ്വ സന്ദേശം. അവന്‍ കൊഞ്ചിന്റെ ആകൃതിയില്‍ കെഞ്ചി.
യാര്‍ക്ക്‌?
സാക്ഷികള്‍ക്ക്‌.
ആ അഭ്യുദയപ്പരിശകള്‍ എവിടെ ക്യാമ്പു ചെയ്യുന്നു?
റെജിസ്റ്റ്രാപ്പീസിന്റെ പൂമുഖവാതില്‍ക്കല്‍.
നിന്നെയും കാത്ത്‌?
എല്ലാം കൊളമായില്ലെ...! അവന്‍ കേണു.
ഒരൊറ്റ കോളുകൊണ്ട്‌ കാടടച്ച്‌ വെടിവെയ്ക്ക്‌. സര്‍വ്വ കാക്കകളും ചത്തു വീഴട്ടെ. അല്ലെങ്കില്‍ വേണ്ട. ഞാന്‍ തന്നെ വെയ്ക്കാം സെല്‍വെടി. നമ്പ്രടിക്ക്‌.
അവന്‍ നമ്പറിറക്കാനാവാതെ നമ്പറമര്‍ത്തി. ഒന്നമാന്തിച്ചു.

താടാ. വെടി വെക്കാനവകാശം സിവിലിയനല്ല. പൊലീസിനാണ്.
എസ്സൈ ഫോണ്‍ വാങ്ങി.
ഹലോ. അങ്ങേത്തലക്കല്‍ ചന്തു.
പിരിഞ്ഞു പോകിനെടാ. എസ്സെയ്യലര്‍ച്ച.
എടാ രാജൂ, നീ ... മറുതല.
ഇങ്കെ എസ്സൈ സുകുമാര്‍. നിന്റെ രാജു അണ്ടര്‍ അറസ്റ്റ്‌. ഏമാന്റെ തറുതല.
ഏത്‌ മറ്റവനാടാ...? സെല്‍ഫോണ്‍.
നിന്റപ്പന്‍. അടിയന്തിരമായി സര്‍വ്വ ചെറ്റകളും പിരിഞ്ഞു പേകിനെടാ. അല്ലെങ്കില്‍ നിന്റെയൊക്കെ അടിയന്തിരം...
സത്വരമായി ഒന്നാം പി.സി. ഇടപ്പെട്ടു.
സര്‍, മാതൃകാലംഘനം.
ഓ. ഞാന്‍ ഒരു നിമിഷം പൂര്‍വ്വാശ്രമത്തില്‍ രമിച്ചു.
സെല്‍ ചെറുക്കനു തിരികെ നല്‍കി തുടര്‍ന്നു.
പ്രത്യുല്‍പ്പന്നമതിവാതികളെ നീ തന്നെ അനുനയിപ്പിച്ചയക്കൂ.
ചെറുക്കന്‍ നയകോവിതനായി. മുക്തകണ്ഠം ഗദ്ഗദത്തോടെ സംഗതി ആകെ പൊളിഞ്ഞു പാളീസായെന്ന് സങ്കടപ്പെട്ടു. അവന്റെ മുഖത്ത്‌ ഒരു മഹാ സങ്കടല്‍ അലയടിച്ചു.
സ്വിച്ചോഫ്‌! ഇനി പ്രതിശ്രുതവരനു പോകാം.
എസ്സൈ കൈകള്‍ തിരുമ്മിക്കൊണ്ടു പറഞ്ഞു.അവന്‍ കസേര വിട്ടു. എങ്കിലും രണ്ടു വാക്ക്‌ സിവിക്സില്‍ പറയാതെ ഇറങ്ങുന്നത്‌ ആണത്തമല്ലെന്ന് അവനു തോന്നി. ഒന്നുമില്ലെങ്കില്‍ പില്‍ക്കാലത്ത്‌ പേരക്കുട്ടികളോട്‌ സല്ലപിച്ചിരിക്കുമ്പോള്‍ വീരവാദമടിക്കാമല്ലൊ. ഈ അപ്പന്‍ പൊലീസ്‌ സ്റ്റേഷന്‍ വിറ‍പ്പിച്ചിട്ടുണ്ടെന്ന്. അപ്രകാരം അവന്‍ പൗരധര്‍മ്മം വിളമ്പി.
സര്‍, ഇതൊരു സേഷ്യലിസ്റ്റ്‌ സെക്യുലര്‍ ഡെമോക്രാറ്റിക്‌ രാജ്യമല്ലെ.
ക്യൂലക്സ്‌ കൊതുക്‌. അതുകൊണ്ടല്ലെ കേസ്‌ ചാര്‍ജ്‌ ചെയ്യാത്തത്‌.
എസ്സൈയുടെ കണ്ണുകള്‍ ചാര്‍ജ്ജായി.
അപ്പൊ ഒരു പൗരന്റെ അവകാശം? അവന്‍ ഉന്നയിച്ചു.
അത്‌ പി. എ. പൗരന്‍ നോക്കിക്കൊള്ളും.
എന്നാലും സര്‍, ഫണ്ടമെന്റല്‍ റൈറ്റ്സ്‌...
കോണ്ടിനെന്റല്‍ ഡിഷ്‌.
ടെക്സ്റ്റ്ബുക്ക്‌ പുഴു. ഹിസ്റ്ററിയില്‍ നിന്ന് സിവിക്സിനെ കീറിക്കളയണം.
സര്‍, എന്റെ ജീവിതമാണ്‌ കീറിക്കളഞ്ഞത്‌.
എസ്സൈ അന്തിമവചനങ്ങളിലേക്ക്‌ കടന്നു.
മര്യാദക്കെറങ്ങിപ്പോയാ അപ്പൊക്കീറും ഞാനീ പരാതി. അല്ലെങ്കില്‍ നിന്റെ പോസ്റ്റ്മോര്‍ട്ടം ഞാന്‍ നടത്തും.
പൊയ്ക്കൊള്ളാം. അവന്‍ നഷ്ടവസന്തത്തെ നോക്കി പറഞ്ഞു.
എന്നാ നല്ല നടപ്പ്‌.
ഓട്ടോ ആയാലോ?
ആകാം. പക്ഷേ ഇനി വേലയിറക്കരുത്‌.
ഇക്കണ്ട ഡയലോഗു കാലമത്രയും ഇതികര്‍ത്തവ്യമൂഢരായി ഇരിക്കുകയായിരുന്ന എല്‍സിക്കുട്ടിയേയും അപ്പനേയും നയശാസ്തൃപരമായി നോക്കാന്‍ ശ്രമിച്ച്‌ പരാജയപ്പെട്ട്‌ അവന്‍ ഇംഗ്ലീഷില്‍ തന്നെ താങ്ക്സ്‌ പറഞ്ഞിറങ്ങി.
ആങ്കുട്ടി അവന്റപ്പന്റടുത്ത്‌ പോയി. അപ്പനും മോളും എന്തു പറയുന്നു? ഏമാന്റെ വിനീത ചോദ്യം.അപ്പന്‍ തൊണ്ട ഉമിനീരുകൊണ്ടു നനച്ച്‌ ഉരിയാടി.
അബദ്ധം പറ്റ്യേതാണെ.
ആര്‍ക്ക്‌?
എനക്ക്‌. അപ്പന്‍.
മോള്‍ക്കോ?
പറ്റീട്ടില്ല.
പറ്റീട്ടില്ലേല്‍ നിങ്ങള്‍ക്കു കൊള്ളാം.
കൊള്ളിച്ചു പറയാതെ സാറെ.
കൊള്ളിച്ചു പറയുന്നത്‌ മാതൃകക്കെതിരെന്ന് രണ്ടാം പിസി നയനസന്ദേശം നല്‍കി. നിയമപാലകര്‍ സംസ്കൃതചിത്തരാകണം. സംസ്കൃതത്തിലേ ചിന്തിക്കാവൂ. മണിപ്രവാളം കൊടിയ പാപം!പെണ്ണിനും നല്ല നടപ്പ്‌.
സാറെ പെട്ടീം ഭാണ്ഡവും കൊണ്ടോ?
എങ്കീ വനിതാ ഓട്ടോ പിടിക്കാം.
അവള്‍ നമ്രശിരസ്കയായി എഴുന്നേറ്റു. ഇനിയെന്തു ചെയ്യേണ്ടൂ എന്നൊരാശങ്കയിലുഴറി നടന്നു. അപ്പോള്‍ വനിതാപൊലീസുണ്ടായിരുന്നെങ്കില്‍ ഇവളെ അവരെക്കൊണ്ടു നുള്ളിക്കാമായിരുന്നു എന്ന് എസ്സൈ മനോവ്യാപാരം നടത്തി. എന്നിട്ട്‌ പരാതി ഒരാവര്‍ത്തി കൂടെ വായിച്ച്‌ ഹൃദിസ്ഥമാക്കി. അല്‍പം മാതൃകാലംഘനമാവാം. എഴുന്നേറ്റ അപ്പനെ സ്വകാര്യമായി വിളിച്ച്‌ തോളില്‍ കൈയ്യിട്ട്‌ അകത്തെ മുറിയില്‍ കൊണ്ടുപോയി. മുപ്പത്തിമുക്കോടി താഢനങ്ങളേറ്റു വാങ്ങിയ ചുമരിനോട്‌ ചേര്‍ത്തു നിറുത്തി. അപ്പന്‍ എന്തോ ലോഹ്യം ശ്രവിക്കാനായി നിന്നു. എസ്സൈ കാല്‍മുട്ടുകൊണ്ട്‌ അപ്പന്റെ മണികര്‍ണ്ണികാഘട്ടിലേക്ക്‌ ഒന്നു വെച്ചുകൊടുത്തു. അപ്പന്‍ ഒഴിഞ്ഞുമാറി. കാല്‍മുട്ട്‌ ചുമരിലിടിച്ച്‌ എസ്സൈ വീണു. ആ ഊക്കില്‍ അപ്പനും വീണു.അയ്യോ! കോറസുയര്‍ന്നു. തപ്പിനോക്കിയപ്പോള്‍ കട്ടിലിനു താഴെ ചുവന്ന ചന്തിട്ട വെറും നിലം. എവടെ ഏമാന്‍? അപ്പന്‍ ചുറ്റും നോക്കി. അപനിര്‍മ്മിക്കപ്പെട്ട രംഗബോധം റീകണ്‍സ്റ്റ്രക്ഷന്‍ ചെയ്തു. ആസ്ഥാനം തെറ്റിയ ലുങ്കി നേരെയാക്കി എഴുന്നേറ്റു.
അപ്പന്‍ വിളിച്ചു.
എല്‍സിക്കുട്ടീ...
അവളെ നോക്കാന്‍ മുകളിലെ നിലയിലേക്ക്‌ ഓടിക്കയറി. അവളവിടെ ഹജറില്ല. കട്ടിലിലെ പട്ടുസാരി ക്ലോസപ്പില്‍ കണ്ടപ്പോള്‍ നെഞ്ചിടിച്ചു. എന്തോ വീണ ശബ്ദം കേട്ട്‌ എല്‍സിക്കുട്ടി അടുക്കളയില്‍ നിന്ന് അകത്തേക്കോടി. അപ്പനപ്പോള്‍ തന്റെ ഓട്ടം അടുക്കളയിലേക്ക്‌ തിരിച്ചുവിട്ടു. അപ്പനെ കാണാഞ്ഞ്‌ മകള്‍ കുളിമുറിവാതില്‍ക്കലേക്കോടി. ഒടുവില്‍ രണ്ടുപേരും കണ്ടുമുട്ടി. കൂട്ടിമുട്ടിയില്ല. അപ്പന്‍ ആശ്വാസഗോളടിച്ച ഫോര്‍വേഡിനെപ്പോലെ നിന്നു.
എന്താ ഒരൊച്ച കേട്ടത്‌ അപ്പാ? കിതച്ചുകൊണ്ടെല്‍സി.
കട്ടിലീന്നൊന്ന് വീണു. കിതച്ചുകൊണ്ടപ്പ.
വല്ലതും പറ്റ്യോ അപ്പാ?
ഇല്ല.
പിന്നെ അപ്പന്‍ ഉള്ളില്‍ പറഞ്ഞു. പറ്റിക്കാതിരുന്നാ മതി.
തടവണോ അപ്പാ?
എന്റെ പൊന്നു മകളേ.. എന്ന് ആത്മഗതം ചെയ്ത്‌ അപ്പന്‍ പതിവുപോലെ ബാത്‌റൂം പൂകി. മകള്‍ അടുക്കളയില്‍ കഞ്ഞിക്കു വകയുണ്ടാക്കി. മറ്റൊരു പതിവിനായി അപ്പന്‍ സ്റ്റോര്‍റൂമില്‍ കയറി. വൈന്‍‌കുപ്പികളിലൊന്നെടുത്തു. കോര്‍ക്കെടുത്തു മണപ്പിച്ചു. വീഞ്ഞുഗന്ധം! രണ്ടു വീതം ഗ്ലാസുകള്‍ മലര്‍ത്തി. രണ്ടും നിറച്ചു. തീന്മേശക്കടുത്തിരുന്ന് എല്‍സിയെ വിളിച്ചു. ഒന്നാം ഗ്ലാസ്‌ അപ്പന്‍ മൊത്തി. രണ്ടാം ഗ്ലാസ്‌ മകളേറ്റുവാങ്ങി.
ഉപദംശം? അപ്പന്‍.
അതിന് പട്ടയല്ലല്ലൊ അപ്പാ. അപ്പനിന്നെന്നാ പറ്റീ... എല്‍സി.
ന്നാലും വെറും വയറ്റില്‍...
അവലോസുണ്ട.
എന്ത്‌ വെടിയുണ്ടേലും പൊട്ടിച്ചുകൊണ്ടാ. അപ്പന്‍.
അവലോസ്‌ വന്നിരുന്നു. അപ്പന്‍ ചോദ്യമെയ്തു. അമ്മച്ചി എത്തീല്ലെ? ഇല്ല. അവള്‍ മോന്തി.
ഇന്ന് ലതീഞ്ഞുണ്ടോ?
കളക്ഷനുണ്ട്‌. ഞെട്ടലിനുമേല്‍ ഞെട്ടല്‍.
എന്റെ സ്വപ്നമേ... അതൊന്നും ഫലിക്കല്ലെ...കര്‍ത്താവേ...
എല്‍സിക്കുട്ടി ഗ്ലാസ്‌ കാലിയാക്കി ചോദിച്ചു.
അപ്പന്‍ കൃഷിയാപ്പീസില്‍ പോണില്ലെ?
അപ്പന്‍ ഒന്നുരണ്ടു ഞെട്ടല്‍ ഒന്നിച്ച്‌ ഞെട്ടി. ഇനി ഞെട്ടാന്‍ കഴിഞ്ഞില്ലെങ്കിലോ! മകള്‍ പ്രതിരോധമന്ത്രിസ്ഥാനം കിട്ടിയ എ കെ ആന്റണിയെപ്പോലെ ഒരു ഭാവഗാനവും പാടാതെ അടുക്കളയിലേക്ക്‌ പോയി. അപ്പന്‍ സിഗ്മണ്ട്‌ ഫ്രോയിഡിനെ പറ്റി കേട്ടിട്ടില്ലാത്തതിനാല്‍ സ്വപ്നത്തെ അപഗ്രഥനം ചെയ്യാന്‍ മിനക്കെട്ടില്ല. എം എന്‍ വിജയന്മാഷെ പറ്റിയുള്ള അറിവ്‌ പരിമിതം. ഉള്ള അറിവ്‌ വെച്ച്‌ ഒരു കമ്പാരറ്റീവ്‌ സ്റ്റഡിയിലേക്ക്‌ എത്തിനോക്കി. പട്ടുസാരി. അമ്മച്ചീടെ കുര്‍ബാന. കളക്ഷന്‍. കൃഷിയാപ്പീസ്‌. എന്റെ കര്‍ത്താവേ...അപ്പന്‍ മുന്‍വാതിലിലെ ഓടാമ്പല്‍ ഒരു ഫോറന്‍സിക്‌ വിദഗ്ദനെപ്പോലെ വിശദമായി പരിശോധിച്ചു. അന്തിമലേഖനമൊന്നുമില്ല. അത്രയെങ്കിലും ആശ്വാസം. ആകെ കിട്ടിയ വിക്കറ്റ്‌. അപ്പോള്‍ ഒരശീരി ഉണ്ടായി. അകത്തുനിന്ന് മകളാണ്‌.
അപ്പനീ നെല്‍കൃഷി നിറുത്തിക്കൂടെ. പാടം നെകത്തി പത്ത്‌ തെങ്ങ്‌ വെച്ചാ ഈ മെനക്കെടല്‍ വേണ്ടാലൊ. അപ്പന്റെ പ്രായത്തിലുള്ളോരൊക്കെ ടീവീല്‍ മിക്സട്‌ ഡബിള്‍സ്‌ ടെന്നീസ്‌ കണ്ട്‌ രസിച്ചിരിക്കുവാ.
മകളുടെ രസികര്‍ മണ്‍റം അപ്പനു നന്നേ തലക്കു പിടിച്ചു. രസച്ചരടും പിടിച്ചങ്ങനെയിരിക്കെ മുറ്റത്ത്‌ മാരിക്കാറിന്റെ നിറമുള്ള ഒരു മാതിരിക്കാര്‍ വന്നു നിന്നു. സെന്നല്ല. സ്വിഫ്റ്റ്‌. അതിലുള്ളവര്‍ പുറത്തായി. ഒരാണ്‌. ഒരു പെണ്ണ്. പളപളാ മിന്നുന്നു. ടി വി അവതാരങ്ങളാണോ എന്ന് ചോദിക്കും മുമ്പേ ആഗതര്‍ അവതരിപ്പിച്ചു.
ഗുഡ്‌ മോണിംഗ്‌ അങ്കിള്‍! ഒട്ടും വിടാതെ അപ്പനും.
ഗുഡ്‌ മോണിംഗ്‌! ആഗതരുടെ ഒച്ച കേട്ടിട്ടെന്നപോല്‍ എല്‍സിക്കുട്ടി വാതില്‍ക്കല്‍! കര്‍ത്താവേ പട്ടുസാരിയില്‍! അപ്പന്‍ ആകെ ബാക്കിയുണ്ട്യിരുന്ന ഞെട്ടലുകള്‍ കൂടെ ഞെട്ടി.
അപ്പ ഇത്‌ വില്‍സണ്‍. കൂടെ വൈഫ്‌ ഷെര്‍ളി.
അപ്പന്‍ ഞെട്ടലിന്‍ ഒരു ഷോര്‍ട്ട്‌ ലീവ്‌ കൊടുത്ത്‌ അതിഥികളെ അകത്തേക്ക്‌ ക്ഷണിച്ചു.
വരണം.
ഇല്ല. ഇപ്പോള്‍ ഇല്ല. ഇനിയും വരാല്ലൊ. ഇപ്പൊ ഞങ്ങള്‍ കല്യാണത്തിന്‍ പോകുവാ. എല്‍സിയെ കൂട്ടാന്‍ വന്നതാ. അയ്യോ! ഇനി ഞെട്ടാ‍നൊന്നുമില്ല.
ആര്ടെ കല്യാണത്തിന്‌?
ഫ്രണ്ടിന്റെ. നവാഗതകുസുമം പറഞ്ഞു.
അപ്പനോടിന്നലെ ഞാന്‍ പറഞ്ഞതല്ലെ രാജൂന്റെ കാര്യം.
രാജു നാരായണസ്വാമി? എന്നായി അപ്പന്‍.
അപ്പന്‍ നല്ല ഫലിതപ്രിയനാണല്ലൊ. എന്നായി വന്നവന്‍.
അപ്പനിതെന്നാ പറ്റീ? രാജൂ കുര്യാക്കോസ്‌ എന്ന് എല്‍സി.
ആഗതരായ വിജാതീയലിംഗങ്ങള്‍ ചിറികോടി.
സഭ മാറി കെട്ട്‌. അല്ലെ? അപ്പന്‍.
അല്ല. മകള്‍.
ല്‍വേഷന്‍ ആര്‍മി?
കുന്തം! ഇന്ത്യന്‍ ആര്‍മി. ആസാം റൈഫിള്‍സില്‍. എന്റപ്പന്റെ ഒരു കാര്യം!
അപ്പൊ സഭ?
ഒര്‌ സഭ! ആര്‍സി തന്നാ ന്റെ അപ്പാ.അപ്പന്‍ സ്ഥലകാലവിഭ്രാന്തിപ്പശുവിനെ പോലെ നിന്നു.
അപ്പാ ഞാന്‍ പോണു. മകള്‍ അസന്നിഗ്ദ്ധമായി പറഞ്ഞു. അപ്പന്‍ മരവിച്ചു. മൂവരും സ്വിഫ്റ്റില്‍ പൂകി. അപ്പന്‍ വിളകള്‍ക്ക്‌ കീടബാധയേറ്റ കര്‍ഷകനെപ്പോലെ നില്‍ക്കണോ ഒരു കടാശ്വാസ ബില്‍ പസ്സായ പോലെ നില്‍ക്കണോ എന്നറിയാതെ ഒരു വിധം നിന്നു. കാര്‍ മുറ്റത്തുനിന്ന് നീങ്ങുമ്പോള്‍ അമ്മച്ചി അന്നത്തെ കളക്ഷനുമായി മുന്നില്‍. സദ്ശകുനം! സദ്‌വാര്‍ത്ത! അപ്പോഴാണ്‌ അവള്‍ അന്തിമ കത്തിനെ പറ്റി ഓര്‍ത്തത്‌. സൗകര്യത്തിനു കിട്ടിയല്ലോ എന്ന സന്തോഷത്തില്‍ അവള്‍ ബ്ലസിനുള്ളില്‍നിന്ന് വിയര്‍പ്പില്‍ നനഞ്ഞ ഒരു കടലാസ്‌ അമ്മച്ചിക്കിട്ടു കൊടുത്തു. അമ്മച്ചിയത്‌ കാളവണ്ടിയില്‍ നിന്നെറിയുന്ന സിനിമാ നോട്ടീസ്‌ പെറുക്കിയെടുക്കുന്ന കുട്ടിയുടെ ആവേശത്തില്‍ പിടിച്ചെടുത്തു. അപ്പന്‍ അതു കാണ്‍കെ കടം വാങ്ങി ഞെട്ടാന്‍ പോലുമാവാതെ ചാരുകസേരയിലേക്ക്‌ ചെരിഞ്ഞു. ദ്വാരകയില്‍ നിന്ന് മഥുരാപുരിയിലേക്ക്‌ അക്രൂരന്‍ കൂട്ടിക്കൊണ്ടുപോകുന്ന കാര്‍വര്‍ണ്ണനെ നോക്കിനില്‍ക്കുന്ന ഗോപികയെപ്പോലെ അപ്പന്‍ ഭഗ്നചിത്തനായി. അപ്പന്‍ നയനപഥത്തിലെ മാരിക്കാര്‍ നോക്കിനിന്നു. പിന്നെ കാറുയര്‍ത്തിയ ധൂമപടലം നോക്കിയിരുന്നു. പൊടിയും അപ്രത്യക്ഷമായപ്പോള്‍ കാര്‍ പോയ ട്രാക്കുകള്‍ നോക്കി വടിയായി. ചരണങ്ങള്‍ രണ്ടും ചാരുകസേരയില്‍ കയറ്റി. ചാരത്തുനിന്നും വിശറിയെടുത്തു വീശി. വിശറിയെ സഹിക്കാഞ്ഞ്‌ വായു പല ദിക്കുകളില്‍ പാഞ്ഞു. അതില്‍ കുറെയൊക്കെ അപ്പന്റെ മുഖത്തും നെഞ്ചത്തും വന്നടിച്ചു. ചുടുകാറ്റ്‌! അപ്പോള്‍ നവസാക്ഷരതാ പ്രസ്ഥാനത്തിന്റെ നേട്ടങ്ങളിലൊന്നായ അമ്മച്ചിയില്‍ നിന്ന് ഒരു നിലവിളി ഉയരുന്നത്‌ ശ്രീലങ്കാപ്രക്ഷേപണ നിലയത്തില്‍ നിന്നെന്നപോലെ അപ്പന്‍ കേട്ടു.

3 comments:

 1. എന്തായിപ്പൊ പറയ്യാ..
  ഒറ്റയിരിപ്പിലൊരു വായന.. അതിന്റെ സുഖമൊന്നു വേറെ.
  എത്സീടപ്പനെന്നല്ല ,എല്ലാ പെണ്‍കുട്ടികളുടേയും അപ്പന്മാര്‍ കാണുന്ന(കണേണ്ട )സ്വപ്നം
  അവസരോചിതമായി ഒഴുക്കു മുറിയാതെ എഴുതിയ ചില പ്രത്യേക വാക്കുകള്‍.. വ്യത്യസ്തതയുള്ള അവതരണം.. ഹാസ്യത്തിലെ ഗൌരവം.. എല്ലാം അഭിനന്ദനാര്‍ഹം.

  സംഭാഷണങ്ങള്‍ക്കും വിവരണങ്ങള്‍ക്കുമനുസരിച്ച് വരിവിട്ടും മുറിച്ചുമെഴുതിയിരുന്നെങ്കില്‍....

  ReplyDelete
 2. നന്ദി സമാന്തരന്‍
  സ്നേഹം
  ഫൈസല്‍

  ReplyDelete
 3. സന്തോഷം.
  താങ്കള്‍ മുന്നോട്ടൂ വെച്ച നിര്‍ദേശമനുസരിച്ച്
  കാര്യങ്ങള്‍ ചെയ്തിട്ടൂണ്ട്.
  സ്നേഹത്തിന് നന്ദി.
  ഫൈസല്‍

  ReplyDelete