Saturday 13 November 2010

കുമ്പളങ്ങിത്തോമ: ഒരു എന്‍ഡോസള്‍ഫാന്‍ പാനം

കുമ്പളങ്ങിക്കുമേല്‍
മേഘം വിഷം പെയ്യുന്നില്ല. 
കണ്ണാടി പോല്‍ കായല്‍ .
കായലില്‍ യാനായനങ്ങള്‍ 
തൊലി തുടുത്ത ഉടല്‍സദ്യകള്‍ .
ഷാപ്പില്‍ കള്ള്.
നുര. പത. ലഹരി.
നാക്കിലയില്‍ കരിമീന്‍ .
കൂര്‍ക്കയിട്ട കുടല്‍ക്കറി.
ഉരുളക്കിഴങ്ങില്‍ താറാവുകറി. 
തൊട്ടുനക്കാന്‍ 
ഭരണി തുറന്നെടുത്ത കടുമാങ്ങ.
ആവി പാറുന്ന ചിരട്ടപ്പുട്ട്.
ചാഞ്ഞ  തെങ്ങില്‍ 
താളം പിടിക്കുന്ന ഒറ്റയോല.
സന്ധ്യയെ കാത്തിരിക്കുന്ന
ആകാശം. 
നര്‍മ്മം കൊറിച്ചിരിക്കുന്ന
കുമ്പളങ്ങിത്തോമ.

ഡല്‍ഹിയില്‍  
ഗ്രീഷ്മവും ശൈത്യവും
കനക്കുമ്പോള്‍ 
കുമ്പളങ്ങിത്തോമ
കായലില്‍  മേയുന്ന 
മേഘങ്ങളെ നോക്കി 
ഇളം  കാറ്റിനോരത്തിരുന്ന്‍
വറുത്ത അണ്ടിപ്പരിപ്പ് തിന്നുന്നു. 

കുമ്പളങ്ങിത്തോമാ ,
ഇരിക്കൂ; ഈ ഭൂപടം കാണൂ.
ഉത്തര അക്ഷാംശം 12 ഡിഗ്രി 40 മിനിറ്റ്
12 ഡിഗ്രി 35 മിനിറ്റ്.
പൂര്‍വ രേഖാംശം 75 ഡിഗ്രി 51 മിനിറ്റ്   
75 ഡിഗ്രി 10 മിനിറ്റ്.
എന്മകജെ എന്ന ദേശപ്പൂവില്‍
സ്വര്‍ഗം ഒരിതള്‍ .
നരകം പടര്‍ന്ന നാകം.

ഇങ്ങു തരൂ 
ആ മണ്‍കലം.
അതിലൊഴിക്കട്ടെ 
അല്പമീ നീര്.
ഈ മൊരിഞ്ഞ
കരിമീനില്‍ 
നാലഞ്ചു തുള്ളികള്‍ .
എന്‍ഡോസള്‍ഫാന്‍
ഒരു മൃദുപാനീയം.
ആചമിക്കുക, ആവോളം.

മരണം മറ്റുള്ളവര്‍ക്കാണ്.
നരകം മറ്റുള്ളവര്‍ക്കാണ്.
സചിവോത്തമ സുവിശേഷം.       
    

     

16 comments:

  1. കുമ്പളങ്ങിത്തോമ സുവിശേഷം. എന്മകജെയില്‍
    സ്വര്‍ഗം.
    നരകം പടരുന്ന നാകം.

    ReplyDelete
  2. എന്റോസൾഫാൻ നിരോധനം ലക്ഷ്യമാക്കി നമുക്കൊന്നിക്കാം. എല്ലാവിധ പിന്തുണകളും....

    ReplyDelete
  3. കവിത കൊള്ളാം...

    പിന്നെ കുമ്പളങ്ങിയിലല്ല... പശ്ചിമകൊച്ചിയിലെ തോപ്പുമ്പടിയിലെ കൊച്ചുപള്ളി റോഡിന്റെ പടിഞ്ഞാറേ അറ്റത്താണ്.... അവിടെ ഇപ്പറഞ്ഞ ഗ്രാമീണത ഒന്നുമില്ല.. ആകെയുള്ളത് പുള്ളിയുടെ വീടിന്റെ കുറച്ച് പുറകിലായി ഒഴുകുന്ന അഴുക്ക് കനാലാണ് :)

    ReplyDelete
  4. എന്റെ ഗ്രാമമായ കുംബളങ്ങി എന്ന് ഒരു മൈക്കിനു മുന്നിലെ വായാടിത്തത്തിനിടയില്‍ അയാള്‍ പറ്യുന്നത് കേട്ടു, ഞാനും വിചാരിച്ച്ത് കുംബ്ലങ്ങിയുടെ ഇതിഹാസകാരന്‍ അവിടത്തുകാരന്‍ ആകും എന്നണു നന്ദി മനോജ്

    ReplyDelete
  5. ഞാൻ എഴുത്തിൽ തോമയുടെ ജന്മസ്ഥലം എന്ന 
    അർത്ഥത്തിലല്ല കുമ്പളങ്ങിയെ ഉദ്ദേശിച്ചത്. 
    പിന്നെ മന്ത്രി കെ വി തോമസ് എഴുതിയ 
    'എന്റെ കുമ്പളങ്ങി' എന്ന നർമപുരാണം 
    അദ്ദേഹത്തിന്റെ ജന്മസ്ഥലത്തിന്റെ 
    ആധാരത്തിലാണ്‌.  
    നമ്മുടെ തോമയുടെ ഔദ്യോഗിക രേഖകളിൽ 
    ജന്മസ്ഥലം കുമ്പളങ്ങിയാണ്‌. 
    എഴുത്തിൽ കുമ്പളങ്ങിത്തോമ എന്ന് വിശേഷിപ്പിച്ചത് 
    തോമയുടെ സർഗപരിസരത്തെ
    ഉദ്ദേശിച്ചാണ്‌. 
    പിന്നെ മറ്റേത് ബഹുമാനപ്പെട്ട 
    മന്ത്രി കെ വി തോമസ് മാഷല്ലെ. 
    അദ്ദേഹം ജനിച്ചതും കുമ്പളങ്ങിയിൽ 
    തന്നെയെന്ന് രേഖകൾ പറയുന്നു. 
    അദ്ദേഹം ജനസേവകനായ മന്ത്രിയല്ലെ. 
    അദ്ദേഹം നീണാൾ വാഴട്ടെ. 
    പ്രതികരണത്തിന്‌ എല്ലാവർക്കും നന്ദി.

    ReplyDelete
  6. ഈ ആക്രമണം നന്നായി
    കവിത, കവി സമൂഹത്തോട് നീതി പുലര്‍ത്തുന്നത് ഇങ്ങനെയാണ്!

    എന്നാലൊന്നും നമ്മളീ മരുന്ന് നിരോധിക്കൂല്ലാ!

    ReplyDelete
  7. ഇങ് കുമ്പളങി കായലില്‍ നിന്ന്നും പിടിച്ച ജീവന്‍ പിടയുന്ന നല്ല ഒന്നാന്തരം കരിമീന്‍ ഒരു നാലഞ്ചു കിലൊ ഇരുപത്തിനാലു കാരറ്റ് ഇറ്റാലിയന്‍ പോളിത്തീനില്‍ പൊതിഞു കെട്ടി അങ് ധര്‍മ്മപുരിയില്‍ മദാമ്മയുടെ അടുക്കളപ്പുറത്ത് മേല്‍മുണ്ടഴിച്ച് അരയില്‍ കെട്ടി കുനിഞ് നിന്ന് കാണിക്ക വച്ച് നേടിയ മന്ത്രിപ്പാണിയാണു. അല്ലാതെ നിങളീപ്പറയുന്ന എല്ലുന്തിയ, കണ്ണു തള്ളിയ എന്മകജെ എന്ന കോത്താഴക്കാരുടെ സൗജന്യം കൊണ്ടല്ല. ഇങ് ബിഷപ്പു ഹൗസുകളിലും അങ് ധര്‍മ്മപുരിയിലും മാറിമാറി കയറി തേഞുപോയ കാലിന്‍റെ വേദന കര്‍ത്താവിനും തോമാച്ചനും മാത്രമറിയാം. അനന്തപുരി മുതല്‍ എന്മകജെ വരെയുള്ള ഒരൊറ്റ വൃത്തികെട്ട പരിഷകളുടെയും സഹായമില്ലാതെ തന്നെ, കര്‍ത്താവ് സഹായിച്ച് സഭയും മദാമ്മയും ഒത്തു പിടിച്ച് ഇനിയും ഈ തോമ, മന്ത്രിയാകും. പോയാല്‍ ഒരു നാലോ അഞ്ചോ കിലോ കരിമീന്‍. പിന്നെ ആര്‍ക്കു വേണം ഈ എന്മകജെ....പോയി തൊലയട്ട്.....ഫൂ......

    ReplyDelete
  8. എന്മകജെയിലേക്കും,വാണിനഗറിലേക്കുമെല്ലാം ഈ കുമ്പളങ്ങിത്തോമയെ ആനയിക്കാൻ ആരുമില്ലാതായിപ്പോയല്ലോ കഷ്ടം.
    സോണിപറഞ്ഞത് പോലെ ധർമ്മം നിർവ്വഹിച്ചു.
    അഭിനന്ദനങ്ങൾ ഫൈസൽ.

    ReplyDelete
  9. കുമ്പളങ്ങിതോമ ഒന്നും കാണാതെയല്ല അവതരിച്ചത്‌, ആണ്റ്റണീ തിരിച്ചു വരാന്‍ കളമൊരുക്കുകയാണൂ ഇവരെല്ലം കൂടി ഉമ്മന്‍ ചാണ്ടിയെ തുരത്തണം അതിനാണു എന്‍ഡോസള്‍ഫാനും മറ്റും, പിണറായിയും ഉമ്മന്‍ ചാണ്ടിയും അതാത്‌ പര്‍ട്ടികളിലെ പാര്‍ട്ടിക്കാര്‍ക്കു വേണ്ടി വല്ലതും ചെയ്യാന്‍ ആഗ്രഹിക്കുന്നവരും നല്ല ഇഛാശക്തി ഉള്ളവരുമാണൂ അച്യുതാനദനു പകരം പിണാറായിയും ആണ്റ്റണിക്കു പകരം ഉമ്മന്‍ ചാണ്ടിയും യഥാസമയം മുഖ്യമന്ത്രി ആയിരുന്നെങ്കില്‍ കേരളത്തിണ്റ്റെ അവസ്ഥ തമിഴ്നാടുപോലെ ആകുമായിരുന്നു, വികസനത്തിനുള്ള ഒരു പ്രതിബന്ധങ്ങളും കൂട്ടാക്കുന്നവരല്ല ഇരുവരും ഫൈസല്‍ കവിത നന്നായിരിക്കുന്നു എന്നല്ല ഉഗ്രന്‍ തന്നെ അഭിനന്ദനങ്ങള്‍

    ReplyDelete
  10. എന്റോസൾഫാൻ നിരോധനം ലക്ഷ്യമാക്കി നമുക്കൊന്നിക്കാം.
    ഫുള്‍ സപ്പോര്‍ട്ടും നല്‍കുന്നു
    എന്തുകൊണ്ട് നിങ്ങള്‍ക്ക് എന്‍ഡോസള്‍ഫാന്‍ നിരോധിച്ചു കൂടാ…?

    ReplyDelete
  11. i have nothing but gratitude to extend.
    i understand that your solidarity is not to the poem which borders its aesthetics and poetic rhetoric minimal but casts its protest in its full throat as it can.
    regards and love,
    m. faizal

    ReplyDelete
  12. Kavi(poet) ennum janapakshath thanne.Congrats.

    ReplyDelete
  13. കാസര്‍കോട് ജില്ലയില്‍ നിന്നും ഞാന്‍ പകര്‍ത്തിയ ചിത്രമാണ് മുകളില്‍ കൊടുത്തിട്ടുള്ളത്‌

    ReplyDelete
  14. പ്രിയ ബഷീര്‍ ,
    താന്കളുടെതാണ് ഇവിടെ ചേര്‍ത്ത ഫോട്ടോ എങ്കില്‍ തീര്‍ച്ചയായും സ്നേഹവും കടപ്പാടും നന്ദിയും രേഖപ്പെടുത്തുന്നു.

    ReplyDelete
  15. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് ബ്ലോഗര്‍മാരുടെ ഒരു കവിതാ സമാഹാരം ഇറക്കാന്‍ ഉദ്ദേശിക്കുന്നു. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുന്ന രീതിയില്‍ സജ്ജമാക്കിയ 10 വരിയില്‍ താഴെയുള്ള കവിതകള്‍, മനോഹരമായ വാക്കുകള്‍ എന്നിവ ക്ഷണിക്കുന്നു.
    പ്രസിദ്ധീകരണ യോഗ്യമായ രചനകള്‍ പുസ്തകത്തില്‍ ഉള്പെടുത്തുന്നതാണ്.
    30 കവിതകളാണ് പുസ്തകത്തില്‍ ഉള്‍പെടുത്താന്‍ ഉദേശിക്കുന്നത്. പുസ്തകം വിറ്റഴിക്കുന്ന ലാഭത്തിന്റെ മുഴുവന്‍ ശതമാനവും ഇരകള്‍ക്ക് വേണ്ടി ചിലവഴിക്കും.
    താല്പര്യമുള്ളവര്‍ക്ക് തങ്ങളുടെ കവിതകള്‍, thoughtintl@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കാവുന്നതാണ്. അയക്കുന്നവര്‍ തങ്ങളുടെ പൂര്‍ണ വിലാസം, തൂലികാ നാമം, മൊബൈല്‍ നമ്പര്‍, ടെലെഫോണ്‍ നമ്പര്‍, ഇ മെയില്‍ എന്നിവ ഉള്പെടുതെണ്ടാതാണ്.
    പ്രസിദ്ധീകരിക്കപ്പെടുന്ന കഴിഞ്ഞ രചനയുടെ പ്രസാധനാവകാശം പ്രസാധകരില്‍ നിക്ഷിപതമായിരിക്കും.

    ReplyDelete
  16. പ്രസിദ്ധീകരണത്തിനായി കവിത വേണമെങ്കില്‍ ഈ കവിത നല്‍കാന്‍ സമ്മതം. പത്ത് വരിയായി എഴുതാന്‍ പ്രയാസം. സസ്നേഹം,
    എം. ഫൈസല്‍

    ReplyDelete