Sunday 25 October 2009

പ്രണയജിഹാദും മജീദും ചന്ദ്രികയും പിന്നെ മറ്റു ചിലരും


വൈക്കത്തെത്തിയ രമണന്‍

രമ്യനയനങ്ങളാല്‍ കണ്ടൂ,

തരള ചിത്തത്താല്‍ പുല്‍കി,
തെങ്ങോല ഞൊറികളില്‍
മറഞ്ഞ ചന്ദ്രിക പോല്‍
തട്ടത്താല്‍ മുഖം പാതി
മറച്ചിരിക്കും സുഹറയെ.


‘ഒന്നുമൊന്നും രണ്ടല്ല,
ഇമ്മിണി വല്യൊരൊന്ന്’
എന്നുറക്കെപ്പറഞ്ഞ വിരുതന്‍
നാടുവിട്ടോടിയ മജീദൊരുനാള്‍
കണ്ടുമുട്ടീയിടപ്പള്ളിത്തെരുവില്‍
ചന്ദ്രികാചര്‍ച്ചിത രാത്രിയില്‍
പ്രണയഗന്ധിയാം ചന്ദ്രികയെ.
ക്ഷണാല്‍ തളിരിട്ടൂ പ്രണയം
വനപ്പച്ചതന്നാര്‍ദ്രതയില്‍
സൂര്യകാന്തിസ്മിതം പോലെ.


രണ്ടുപേരറസ്റ്റിലായ്, കേമന്‍‌മാര്‍!
മുറിബീഡി വലിച്ചിട്ടതിന്‍
പുകയൂതിക്കൊണ്ടൊരാള്‍ ബഷീര്‍.
വട്ടക്കണ്ണട വിരലാല്‍ നെറ്റിയില-
മര്‍ത്തിക്കൊണ്ടൊരാള്‍ ചങ്ങമ്പുഴ.


കുറ്റപത്രത്തിലുണ്ടാരോപണം:
രണ്ടുപേരിവര്‍ ദ്രോഹികള്‍
ചെയ്തിരിക്കുന്നു, കുറ്റം
കൊടും ഭീകരമതോ, ലൌ ജിഹാദ്!


സ്നേഹമധുരം സ്വരവീചികള്‍
‘സ്നേഹിക്കയില്ല ഞാന്‍ 
നോവുമാത്മാവിനെ1
സ്നേഹിച്ചിടാത്തൊരു 
തത്വശാസ്ത്രത്തെയും.’
പാസിന്റെ വരികള്‍ 
പ്രസരിക്കുന്നുണ്ടീ താളില്‍
‘പ്രേമിക്കലല്ലോ സമരം, 
രണ്ടുപേര്‍ ചുംബിക്കവേ 
മാറുന്നു നാം വാഴും ലോകം.’2


1. വയലാറിന്റെ വരികള്‍
2. ഒക്ടോവിയോ പാസിന്റെ വരികള്‍

Wednesday 14 October 2009

ജോണ്‍ എബ്രഹാം, ബോളിവുഡിലേതല്ലാത്ത.




ജോണ്‍! അവന്റെ നാമം എന്നാണ് വാഴ്ത്തപ്പെടുക! ഏതു ചാരയഷാപ്പില്‍ നിന്ന്? ഏത് ഗണികാഭവനത്തില്‍നിന്ന്? അപകടകരവും ജുഗുപ്സാവഹവുമായ തെരുവിലൂടെ നിര്‍ഭയനായി നടന്നുപോയ ചലച്ചിത്രകാരനായിരുന്നു ജോണ്‍ എബ്രഹാം. അദ്ദേഹത്തിന്റെ വേര്‍പാടോടെ നമ്മുടെ ഭാവുകത്വത്തിന് താങ്ങാനാവാത്ത തീക്ഷണസ്വരൂപമുള്ള ഒരു ജീനിയനിസ്സിനെയാണ് നഷ്ടമായത്. അഗ്രഹാരത്തില്‍ കഴുതൈ എന്ന ഒരു ചിത്രം.ചെറിയാച്ചന്റെ ക്രൂരക്ര്‌ത്യങ്ങള്‍ എന്ന മറ്റൊന്ന്. ഒടുവില്‍ അമ്മ അറിയാന്‍.... ജോണിന്റെ ചിത്രങ്ങളില്‍നിന്ന് മൂന്നു വിശുദ്ധജന്മങ്ങള്‍. വാഴ്ത്തുന്നവരുടെ നാവുകളില്‍ നിന്നല്ല ജീനിയസ്സിനെ തിരിച്ചറിഞ്ഞവരുടെ അകക്കാമ്പില്‍ നിന്നാണ് ജോണിന്റെ ഓര്‍മപ്പാട്ടുകള്‍ ഉണരുന്നത്.

Thursday 8 October 2009

മോഹന്‍ലാലിന്റെ അമ്മ ദേഹവിരുന്നില്‍



‘ദേഹവിരുന്ന്‘ എന്ന കഥാസമാഹാരം ഇറച്ചിയും അധികാരവും കാമവും ചോരയും കെട്ടുപിണഞ്ഞ നമ്മുടെ ജീവിതത്തിന്റെ സമസ്യകളെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നു. ‘മോഹന്‍ലാലിന്റെ അമ്മ’ എന്ന കഥ ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ് പറഞ്ഞതുപോലെ നടപ്പുസദാചാരത്തിന്റെ വക്കുകള്‍ ഒടിക്കുന്നുണ്ട് എന്നാണ് വിശാസം. സി. വി. ശ്രീരമന്റെ അവതാരിക എന്റെ പുസ്തകത്തിനുള്ള അനുഗ്രഹമാണ്. വായനയുടെ ഏത് തുറമുഖത്താണ് എന്റെ പുസ്തകം നങ്കൂരമിടുന്നതെന്ന് അനുവാചകരാണ് നിശ്ചയിക്കുന്നത്.
ഇതിനിടയില്‍ വായിച്ചവര്‍ക്ക് നന്ദി. വായിക്കാനിരിക്കുന്നവരോടൊന്നും കാര്യമായി പറയാനില്ല.
വായിച്ച് നല്ല സ്വന്തം നിരീക്ഷണങ്ങള്‍ നടത്തിയവര്‍ക്ക് നന്ദി. അതില്‍ സന്തോഷിക്കുന്നു.
വായനയില്‍ താല്പര്യമുള്ളവര്‍ തരപ്പെടുമ്പോള്‍ വാങ്ങുക. വായിക്കുക. നിശിതമായ അഭിപ്രായം കുറിക്കുക.
പുസ്തകം നിങ്ങളെ നിരാശപ്പെടുത്തിയെങ്കില്‍ നിങ്ങള്‍ മുടക്കിയ പണം തിരികെ തരുന്നതാണ് എന്ന് പറയാനുള്ള വകതിരിവൊന്നും എനിയ്ക്കില്ല. പുസ്തകം ഒലീവിലും ഇതര സ്ഥാപനങ്ങളിലും കിട്ടുമെന്നാണ് അറിവ്. നാല്പത് രൂപയാണ് വില.
ഒലീവ് പബ്ലിക്കേഷന്‍സ് കോഴിക്കോട്.
പുസ്തകത്തിന്റെ സ്ലൈഡുകള്‍ താഴെ കൊടുത്തിട്ടുണ്ട്.
ചിത്രത്തിന് സംഗീത് ശിവനോട് കടപ്പാട്.

Friday 2 October 2009

മനുഷ്യച്ചങ്ങല വിമര്‍ശിക്കപ്പെടേണ്ടതോ?



മനുഷ്യന്‍ ഇന്ന് അനുഭവിക്കുന്ന അവകാശങ്ങളുടെയും അധികാരങ്ങളുടെയും പിറകില്‍ നിരവധി സമരങ്ങളുടെ ചരിത്രവീര്യമുണ്ടെന്നത് ആര്‍ക്കും നിഷേധിക്കാനാവില്ല. ഏറ്റവും അടുത്ത ഭൂതകാലത്തില്‍ നിന്നുള്ള തീക്ഷ്ണാനുഭവത്തെ ഉദാഹരിക്കുകയാണെങ്കില്‍ മഹാത്മജിയുടെ നായകത്വത്തില്‍ ഇന്ത്യയുടെ വിമോചനത്തിനു വേണ്ടി നടന്ന ധീരസമരത്തെ എടുക്കാം. ഒരു സമരത്തെ എങ്ങനെയാണ് ഒരു കേവലമലയാളി എടുക്കേണ്ടത്? സി. പി ഐ എം നടത്തുന്നതുകൊണ്ടു മാത്രം സമരത്തെ ന്യായീകരിക്കാനും ഭരണകൂട തീരുമാനത്തെ ശകാരിക്കാനും പറ്റുമോ?
             കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന ആസിയാന്‍ കരാറിനോടുള്ള പ്രതിഷേധസൂചകമയാണ് സി പി ഐ എം കേരളത്തില്‍ മനുഷ്യച്ചങ്ങല തീര്‍ക്കുന്നത്. ഇതിനു മുമ്പ് ആ പാര്‍ട്ടി രണ്ടു തവണ മനുഷ്യച്ചങ്ങല തീര്‍ത്തിട്ടുണ്ട്. അതിലൊന്നില്‍ ഈ ലേഖകനും പങ്കെടുത്തിയട്ടുണ്ട്. അന്നും ഇന്നും ഞാന്‍ സി പി ഐ എമ്മില്‍ അംഗമായിരുന്നിട്ടില്ല. എന്നാല്‍ ഒരു ജനകീയപ്രസ്ഥാനം മുന്നോട്ടു വെക്കുന്ന സമരം തീര്‍ത്തും സാമൂഹിക പ്രസക്തിയുള്ളതാണെങ്കില്‍ അതില്‍ ആര്‍ക്കും സഹകരിക്കാം.
            1967 ല്‍ ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യങ്ങളുടെ ഭൂമിശാസ്ത്രപരവും സാമ്പത്തികവും രാഷ്ട്രീയവുമായ പൊതുസ്വഭാവത്തെ പ്രതിനിധാനം ചെയ്യാന്‍ രൂപപ്പെട്ടതാണ് ആസിയാന്‍(അസോസിയേഷന്‍ ഓഫ് സൌത്ത് ഈസ്റ്റ് ഏഷ്യന്‍ നാഷന്‍സ്). ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, തായ്‌ലാന്റ്, സിംഗപ്പൂര്‍, മലേഷ്യ, മ്യാന്മര്‍, ബ്രൂണെ, കമ്പോഡിയ, ലാവോസ്, വിയറ്റ്നാം എന്നിവയാണ് അതിലെ അംഗങ്ങള്‍. ഈ രാജ്യങ്ങളുമായി സ്വതന്ത്രമായ വ്യാപാര കരാര്‍ നടപ്പിലാക്കുമ്പോള്‍ ഇന്ത്യയെ പോലുള്ള രാജ്യങ്ങള്‍ അതിസങ്കീര്‍ണമായ സാമ്പത്തികദുരിതത്തിലേക്ക് കൂപ്പികുത്ത്മെന്നുള്ളത് ആസിയാന്‍ രാജ്യങ്ങളുടെയും ഇന്ത്യയുടെയും ഭൌമവിഭവങ്ങളുടെ പൊതുസ്വഭാവം ലളിതാമായി പഠിച്ചാല്‍ മനസ്സിലാകും. വിശേഷിച്ച് കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ അവസ്ഥ ഏറെ പരിതാപകരമാകും. കേരളജനതയില്‍ നല്ലൊരുഭാഗം മവുഷ്യവിഭവം കയറ്റുമതിയിലൂടെയും വെള്ളക്കോളര്‍ തൊഴിലുകളിലൂടെയുമാണ് അതിജീവനം നടത്തുന്നതെങ്കിലും ഭൂരിപക്ഷവും പ്രത്യക്ഷമായോ പരോക്ഷമായോ ആശ്രയിക്കുന്നത്  കാര്‍ഷികമേഖലയെ തന്നെയാണ്.
               ആസിയാന്‍ കരാര്‍ നിലവില്‍ വന്നാല്‍ അത് കേരളത്തിന്റെ ജീവിതാവസ്ഥയെ കണിശമായും ആപത്കരമായി ബാധിക്കുമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ആപ്ത്കരമായി ബാധിക്കാനിടയുള്ള കേരള വിഭവങ്ങളെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട് എന്നാണ്‍ കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ഇത് അടിസ്ഥാനരഹിതമാണെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്.



               രാജ്യങ്ങള്‍ തമ്മിലുള്ള സാംസ്കാരികവും സമ്പത്തികവും വാണിജ്യപരവുമായ ബന്ധങ്ങളും കരാറുകളും ഇത് ആദ്യമായല്ല. അത് മനുഷ്യസമൂഹം അതിന്റെ കൂട്ടായ്മ രൂപപ്പെടുത്തിയ കാലം മുതലേ ഉണ്ട്. അത് ആഗോളസമൂഹക്രമത്തിന്റെ ഭാഗമാണ്. അങ്ങനെത്തന്നെയാണ് മനുഷ്യന്റെ രാജ്യാന്തരമായ ആദാനപ്രദാനങ്ങള്‍ പുഷ്ടിപ്പെട്ടിട്ടുള്ളത്. എന്നാല്‍ മനുഷ്യ സംസ്കാരത്തെ ഉത്തേജിപ്പിച്ച ബന്ധങ്ങളും കരാറുകളും തുല്യലാഭത്തിലും പരസ്പര ബഹുമാനത്തിലും വിളക്കിയെടുത്തതായിരുന്നു. എന്നാല്‍ ഇന്ന് നമ്മള്‍ സാക്ഷികളാകുന്ന കരാറുകള്‍ ഏകധ്രുവലാഭത്തിലും വഞ്ചനയിലും കലര്‍ന്നാണ് കിടക്കുന്നത്.

         അതുകൊണ്ടുതന്നെ ആസിയാന്‍ കരാറിനെ നമുക്ക് അംഗീകരിക്കാന്‍ കഴിയില്ല. അംഗീകരിക്കാന്‍ കഴിയാത്തതിനെതിരെ നമ്മള്‍ പ്രതിഷേധിക്കും. നമ്മള്‍ എന്നു പറഞ്ഞാല്‍ മുഖ്യമായും രഷ്ട്രീയ പാര്‍ട്ടികള്‍. ഇതിനുമുമ്പ് ഗാട്ട് കരാറിനെതിരെയും ഇടതു പാര്‍ട്ടികള്‍ പ്രതിഷേധിച്ചിട്ടുണ്ട്. അന്നും വഴിയോരങ്ങളില്‍ മാറി നിന്ന് വിമര്‍ശിച്ചവരും കളിയാക്കിയവരും ‘ഇവര്‍ക്കൊന്നും വേറെ പണിയില്ലെ; എന്നൊക്കെ പറഞ്ഞവരും ഉണ്ട്. കാലം കടന്നു പോയി. നമ്മുടെ വയനാട്ടിലും ഇടുക്കിയിലുമുള്ള കര്‍ഷകര്‍ ഒന്നൊന്നായി ആത്മഹത്യ ചെയ്തു. അപ്പോള്‍ ആളുകള്‍ ചോദിച്ചു: എന്തുകൊണ്ട് അത്മഹത്യകള്‍? സര്‍ക്കാര്‍ കര്‍ഷകരെ രക്ഷിക്കുന്നില്ല എന്ന് പരാതി. എന്നാല്‍ ജനവിരുദ്ധമായ കരാര്‍ മുമ്പ് കേന്ദ്ര സര്‍ക്കാര്‍ ഒപ്പിടുമ്പോള്‍ നമ്മുടെ ചോദ്യങ്ങള്‍ എവിടെയായിരുന്നു? രാഷ്ട്രീയ പാര്‍ട്ടികള്‍ സമരങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ നമ്മുടെ ധാര്‍മികരോഷം എവിടെയായിരുന്നു? നമ്മള്‍ നിശബ്ദരായി ഇരിക്കുമ്പോള്‍ ഭരണകൂടം നമുക്കെതിരെയുള്ള സന്നാഹങ്ങള്‍ നടത്തുന്നു. അതുകൊണ്ടാണ് യശ:ശരീരനായ പൌലോസ് മാര്‍ പൌലോസ് ചോദിച്ചത്: നിശബ്ദരായിരിക്കാന്‍ നമുക്കെന്തവകാശം? നമ്മള്‍ നമ്മുടെ നിശബ്ദത തുടരുന്നിടത്തോളം ഗാലറിയിലിരുന്ന് കളി കാണുന്നിടത്തോളം പ്രതിബദ്ധതയും പ്രതികരണശേഷിയും ഉള്ള ഒരു ജനതയാണ് നമ്മളെന്നു പറയാന്‍ സാധ്യമല്ല.
         ഭരകൂടത്തിന്റെ ജനവിരുദ്ധനയത്തിനെതിരെ ജനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിച്ചു വരുമ്പോള്‍ അതിനെതിരെ സങ്കുചിത താല്പര്യങ്ങള്‍ ഉയര്‍ന്നു വരാറുണ്ട്. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ആസിയാന്‍ കരാറിന്റെ കെടുതികള്‍ മലയാളിയെ ചൂഴ്ന്ന് വളരാന്‍ തുടരുമ്പോള്‍ നമ്മള്‍ ചോദിക്കും: എന്താ ഇങ്ങനെ? അന്ന് ഒരു ചെറുവിരലെങ്കിലും അനക്കാന്‍ ആരും ഉണ്ടാവില്ല.
         സി പി ഐ എം തീര്‍ക്കുന്ന മനുഷ്യച്ചങ്ങലയെ നമുക്ക് അനുകൂലിക്കാമോ? സി പി ഐ എം കേരളത്തിലെ എറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയാണ്. അതിന് മറ്റു പാര്‍ട്ടികള്‍ക്കുള്ളതിനേക്കാള്‍ ജനകീയ അടിത്തറയുണ്ട്. പക്ഷെ നമുക്കിടയില്‍ ഒരസ്ക്യതിയില്ലെ? സി പി ഐ എമ്മോ? അത് വേണ്ട. കേരള രാഷ്ട്രീയത്തെയും ഇന്ത്യന്‍ രാഷ്ട്രീയത്തെയും സൂക്ഷ്മമായി പഠിക്കാന്‍ ശ്രമിക്കുന്ന ഒരാള്‍ക്ക് സി പി ഐ എമ്മിന്റെ രാഷ്ട്രീയ നിലപാടുകളെ നിഷേധിക്കാനാവില്ല.  ഇന്നും സി പി ഐ എമ്മിനകത്തും പുറത്തും ആഴത്തിലുള്ള മനുഷ്യനന്മയിലും സാമൂഹിക ബോധത്തിലും ആവേശം കൊള്ളുന്ന ഒരു ക്ഷുഭിതജനതയുണ്ടെന്ന് കരുതുന്നതില്‍ തെറ്റില്ല. ആര്‍ക്കും എങ്ങനെയും വിശദീകരിക്കാം. വിമര്‍ശിക്കാം. പക്ഷെ വസ്തുത വസ്തുതയായി നിലനില്‍ക്കും.
           ഇത്രയുമെഴുതിയത് മുഖ്യധാരാ മാധ്യമങ്ങളിലും ബ്ലോഗുകളിലും സി പി ഐ എമ്മിനെയും മനുഷ്യച്ചങ്ങലയേയും അടിസ്ഥാനമില്ലാതെ ശകാരിക്കുന്ന പ്രതികരണങ്ങള്‍ കണ്ടതിനാലാണ്. പോകുന്ന പോക്കില്‍ സി പി എം എമ്മിന്റെ മണ്ടക്ക് ഒരു കിഴുക്ക് എന്ന രീതി മാറണം. ഓട്ടോറിക്ഷയുടെ എഞ്ചിന്‍ പ്രവര്‍ത്തനത്തെ പറ്റി വിശദീകരിക്കുന്ന ലേഖനത്തിലും സി പി എം എമ്മിനെ ഒന്നു ഞേടണം എന്നത് അത്ര അശാസ്യമല്ല. അതുകൊണ്ടാണ് കവിതയും കഥയും അതിന്റെ പരിസരങ്ങളുമായി ഇടപഴകുന്ന ഈ ബ്ലോഗില്‍ ഒരു രാഷ്ട്രീയ വിഷയം എടുത്തിട്ടത്. രാഷ്ട്രീയം സംസകാരത്തില്‍ നിന്ന് വേറിട്ട സ്വത്വമല്ല എന്നും ഞാന്‍ കരുതുന്നു.
          എന്തുകൊണ്ടാണ്‍ നമ്മള്‍ ഇടതു പാര്‍ട്ടികളെ വിമര്‍ശിക്കുന്ന ആവേശത്തോടെ കോണ്‍ഗ്രസിനേയോ ബിജെപിയേയോ വിമര്‍ശിക്കാത്തത്? കോണ്‍ഗ്രസിന് അതിന്റെ ധാര്‍മികത എന്നേ നഷ്ടമായി എന്നതിനാലാണ്. അവര്‍ പോലും അത് സമ്മതിക്കുനതാണ്. ബിജെപിയാണെങ്കില്‍ അതിന്റെ ജൈവരൂപത്തില്‍ തന്നെ ജനവിരുദ്ധമാണ്. ബാക്കിയുള്ളത് ചരിത്രത്തില്‍ നീണ്ടു കിടക്കുന്ന ഇടതു പാര്‍ട്ടികളാണ്. ശരാശരി കേരളീയന്റെ ഗോപ്യമായ ഇടതു മനസ്സ് ഇടതു പാര്‍ട്ടികളെ വിമര്‍ശിച്ചുകൊണ്ടിരിക്കും. അത് ഒരു തെളിഞ്ഞ പ്രഭാതം കാണാനുള്ള കൊതി മൂലമൊന്നുമല്ല. തമ്മില്‍ ഭേദപ്പെട്ട ഒരു സമൂഹജന്മം കാണാനുള്ള വെറും ആഗ്രഹം മാത്രമാണ്.



     അതിനാല്‍ ഈ സമരത്തിലെങ്കിലും ആസിയാന്‍ കരാറിനെതിരെ നമുക്ക് സി പി ഐ എമ്മിനോടൊപ്പം നില്‍ക്കാം.  നമ്മുടെ ഗിരിച്ചെരുവുകളില്‍ നിന്ന് ആത്മഹത്യകളുടെ ചങ്ങല കടലോരത്തേക്ക് വ്യാപിക്കാതിരിക്കാന്‍. നമ്മുടെ പൈത്ര്‌ക വിഭവങ്ങള്‍ കൊള്ളയടിക്കാതെ സംരക്ഷിക്കപ്പെടാന്‍. യുദ്ധം തോല്‍ക്കുന്നതാണെങ്കിലും ധര്‍മയുദ്ധമാണെങ്കില്‍ അത് തുടര്‍ന്നേ പറ്റൂ. കണ്ടില്ലെന്നു നടിക്കുന്നവര്‍ക്ക്, ഇതൊക്കെ ചില നാടകങ്ങളല്ലെ എന്നു ധരിക്കുന്നവര്‍ക്ക് പിന്നീട് ‘ഈശ്വരാ...‘ എന്ന് പരിതപിക്കാം.