Tuesday, 24 February 2009

ഇളംകവിതകള്‍

നദിയടയാളം

വരണ്ടുപോയ ഈ നദി
എന്തിന്റെ അടയാളമാണ്‌?
നമ്മുടെ ഭൂതം,വര്‍ത്തമാനം,
പിന്നെയോ ഭാവി.


പ്രാണന്‍

‍കാറ്റാണ്‌ പ്രാണന്‍.
സംശയമുണ്ടോ?
ഒരിറ്റു കാറ്റുകടക്കാതെ
അടച്ചുനോക്ക്‌
വായും മൂക്കും
സര്‍വ്വ ദ്വാരങ്ങളും.
പ്രാണന്‍ പോകുന്നതു കാണാം.


ആനന്ദം

നദിക്കരയിലിരിക്കുക.
ഇളവെയില്‍ നുണയുക.
ഓളങ്ങളില്‍
‍ആലോലം ശ്രവിക്കുക.
അവയിലൊഴുക്കുക,
ഹൃദയ ഗദ്ഗദങ്ങള്‍.
പുഴയില്‍ പവനന്‍
അലിഞ്ഞു ചേരും പോലെ.


തര്‍പ്പണം

ദിക്കുകള്‍ തിളയ്ക്കും
കൊടുംചൂടില്‍ മകന്‍
നില്പൂ, അച്ഛന്റെ
ബലിതര്‍പണത്തിനായ്
മണല്‍നദിയില്‍
പഴയൊരു ജലസ്മ്ര്‌തിയില്‍.


ബാക്കി

സെമിത്തേരിയില്‍
കുഴിയെടുക്കുമ്പോള്‍
പറയാതെ പോയ
വാക്കുകള്‍,
പാതി മുറിഞ്ഞ ഗദ്ഗദങ്ങള്‍,
നിറം കെടാത്ത വളപ്പൊട്ടുകള്‍,
ആകാശം കാണാത്ത
മയില്‍പീലികള്‍,
പിന്നെ, മധുരസ്വപ്നങ്ങള്‍
ജീര്‍ണിച്ച ദുര്‍ഗന്ധം.

മാന്ത്രികം

ആരുമേ പിരിഞ്ഞുപോകരുത്‌,
അവസാനത്തെ ഐറ്റവും കഴിയാതെ.
ആടിനെ പട്ടിയാക്കും,
പൂവിനെ പൂമ്പാറ്റയാക്കും,
ആനയെ മയിലാക്കുംവിദ്യകള്‍
ഏവരും കണ്ടല്ലോ?
ഇനിയാണ്‌ ലാസ്റ്റൈറ്റം.
ആള്‍ക്കൂട്ടത്തെ
അപ്രത്യക്ഷമാക്കല്‍.


കഥാപാത്രം

തൊപ്പി വെച്ചഡയറക്ടര്‍ സാര്‍,
എന്തെങ്കിലും ഒരു കഥാപാത്രം പ്ലീസ്‌...
തീവണ്ടിയ്ക്ക്‌ തല വെയ്ക്കാം.
കഴുത്തില്‍ കുരുക്കിട്ടു തൂങ്ങാം.
ഭക്ഷണത്തില്‍ പാഷാണമാവാം
ഏതു റോളിലും റെഡി, സാര്‍.
അകലെ കൂട്ടിനുണ്ട്‌ പെണ്ണും നാലു മക്കളും
അവരേം അനുവദിക്കൂ, സാര്‍
‍ചേര്‍ന്നഭിനയിക്കാന്‍.


ഓണം

ആദ്യം കാണം വിറ്റാണ്‌
ഒാണമുണ്ടത്‌.
പിന്നെ കോണം വിറ്റും.
ഒടുവിലത്തോണം
സര്‍ക്കാരോണം.
പാഷാണമായിരുന്നു
പായസം.


പേര്‌

ക്ലാസിലെ ആദ്യ ദിവസം
പേരെഴുതാന്‍ മറന്നുപോയ
കുട്ടിയുടെ നോട്ബുക്കില്
‍ഞാന്‍ ‍അനാമികയെന്നെഴുതി.
പിറ്റേന്നവള്‍ തിരുത്തി.
അനാമിക മന്‍സൂര്‍.


കാലം

എത്രയോ
ഇരുന്നിരുന്ന്
തേഞ്ഞതാണീ
പാര്‍ക്കിലെ പുള്ളിയും
പായലുമുള്ള സിമന്റു ബെഞ്ച്‌.
എത്രയോ അഭിമുഖംപുഞ്ചിരിച്ചതാണീ
ഗാന്ധിപ്രതിമ.
വര്‍ഷങ്ങള്‍ക്കപ്പുറം
വെറുമൊരു ഇളംതൈയായിരുന്നു
ഈ ഗുല്‍മോഹര്‍.
വേനലൊടുങ്ങുന്നു.
ഞാന്‍വീട്ടിലേക്ക്‌ മടങ്ങുന്നു.


സൈറണ്‍

എന്നോ നിലച്ചുപോയ
നഗരകാര്യാലയത്തിലെ
സൈറന്‍ പെട്ടെന്നു
നിലവിളിച്ചപ്പോള്‍
‍പറന്നുപോകുന്നു,
താവളം നഷ്ടമായ
കിളികള്‍.

ഹരണം

സുഭദ്രാഹരണം
കഴിഞ്ഞപ്പോളള്‍
‍ബലരാമന്‍
കൃഷ്ണനുണ്ണിയോട്
‌ചൂടായി.
എന്താ അന്‌ജനൊന്നും
മിണ്ടാത്തെ?
സുഭദ്രേനെ അര്‍ജ്‌നന്‍
അടിച്ച്മാറ്റ്യേതൊന്നും
അറ്യാത്ത പോലെ.
നാണക്കേടായി.
കൃഷ്ണേട്ടന്‍ മറുപടി കൊടുത്തു.
ഒര്‌ നാണക്കേടൂല്ല.
അര്‍ജ്നനൊരാണാ.
ഓന്‍ സുഭദ്രേനെ
കൊണ്ടോയാ നമ്മക്കതൊര്‌
ക്രെഡിറ്റാ.
അപ്പൊ നീയാണിത്‌
ഒപ്പിച്ചൊട്ത്തത്‌ ല്ലെ
എന്നു പറഞ്ഞ്‌
ബലരാമന്‍ചൂടായി,
പിന്നെ തണുത്തു.
ഇന്ദ്രപ്രസ്ഥത്തില്‍ ചെന്ന്
ക്രിഷ്ണന്‍ ‍അര്‍ജുനനോടൊപ്പം
നായാട്ടില്‍ രസിച്ചു.

പോത്തിറച്ചി

വരുവിന്‍, വാങ്ങുവിന്
‍പോത്തിറച്ചി.
മായമില്ല,
കള്ളമില്ല.
കാളയല്ല, പശുവല്ല.
പട്ടിയല്ല, പൂച്ചയല്ല.
ഒറിജിനല്‍ പോത്ത്‌.
നോക്കൂ, കറുത്ത
തൊലി, ഈ തല,
തലയില് ‍തെറിച്ചു
നില്‍ക്കും കണ്ണുകള്‍.
ഒറിജിനല്‍ സ്മാരകങ്ങള്‍.


പശുദേശം

വെറും വാഴത്തൈ
തിന്നതിനാണയാള്
‍എന്റെ പശുവിനെ
കെട്ടിയിട്ടത്‌.
അതിനാല്‍
‍ഞാനയാളെ ജീവനോടെ
കുഴിച്ചുമൂടി.
കുഴിമാടത്തില്‍
‍തളിര്‍ത്ത പുല്ലില്‍
‍എന്റെ പശുദേശീയത വളരുന്നു.

Friday, 20 February 2009

അനര്‍ത്ഥങ്ങളുടെ നാനാര്‍ത്ഥങ്ങള്‍

‍ഗ്ലോബലൈസേഷന്‍ മതിലുകള്‍ ഇല്ലാതാവലാണ്‌.
അതിരുകളില്ലാത്ത ലോകം പണിയലാണ്‌.
നിങ്ങള്‍ക്ക്‌ നിങ്ങളുടെ ലോകം ഇതാ നിങ്ങളുടെ കൈകളില്‍,
അമ്മാനമാടിക്കോളൂ എന്നു പറയലാണ്‌.
മൃഗയാവിനോദം.
വിനോദത്തില്‍ മരണം.
വേടന്റെ അസ്ത്രമുനയില്‍ പിടഞ്ഞോടും
മാന്‍കൂട്ട നിലവിളിയാണ്‌.
മുയലുകള്‍ അവയുടെ മാളങ്ങള്‍ക്കകത്തു
തന്നെ ബലിയാടപ്പെടും.
കണ്ണിനകത്തെ നെരിപ്പോട്‌.
കാഴ്ചയിലെ വിസ്മയം.
ഇരയെപ്പൊഴും വിഡ്ഢിയാക്കപ്പെട്ടുകൊണ്ടിരിക്കും.
മരണത്തില്‍പോലും അവനതറിയുകയില്ല.
എന്തുകൊണ്ടെന്നാല്‍
‍അവന്റെ വേലയും വിയര്‍പ്പും കൊണ്ടാണ്
വേടന്‍ അവന്റെ ഓരോ ശൂലവും പണിയുന്നത്‌.
ഗ്ലോബലൈസേഷന്‍ ആഘോഷമാണ്‌.
രണ്ടാം ലോകം അലിഞ്ഞുപോയതോടെ
ഒന്നാം ലോകത്തില്‍ നിന്നകലെ
പെരുകും സ്വയംഹത്യകളുടെ
വിളവെടുപ്പാണ്‌.
മൃത്യു കുരുമുളകു വള്ളിയിലിരുന്ന് തുറിച്ചുനോക്കും.
ഇഞ്ചിയില്‍ നിന്ന് മുളപൊട്ടി വരും.
നെല്ലില്‍ പതിരായി പടരും.
പതിയിരുന്നാക്രമിക്കും.
എന്തെന്നാല്‍ അന്തകന്‍വിത്താണത്‌.
അസ്തികള്‍ കൊണ്ടുംതലയോടുകള്‍
കൊണ്ടും ഉയരുന്ന നവഭൂപടം.

ബാഗ്ദാദ്‌

പറന്നു പോകുന്ന
പക്ഷികളൊന്നും
തിരിച്ചു വരുന്നില്ല.
മൃതിയുടെ ആഘോഷമായ്‌
തുമ്പികള്‍ ‍പൊട്ടിവളരുന്ന
തീമരങ്ങള്‍ക്കിടയില്‍.
ജനിതക ഭ്രംശം
സംഭവിച്ചിട്ടെന്നപോലെ
ഒരു ഭീമന്‍ തുമ്പി
ചിറകുകള്‍
വട്ടത്തില്‍ കറക്കി
മരണം തുപ്പുന്നു.
പാതകള്‍, പാലങ്ങള്‍,
പാഠശാലകള്‍,
പാതയോരസത്രങ്ങള്‍,
ഭവനങ്ങള്‍,
ആതുരാലയങ്ങള്‍
തകര്‍ന്ന ചീനപ്പാത്രങ്ങള്‍ കണക്കെ.
അവശേഷിച്ച മകനെ
അവസാനമായൊന്നു
ചുംബിച്ചുകൊണ്ടമ്മയും.
ചോരയാല്‍,
മസൃണതയാല്‍
നനഞ്ഞുപോയ്‌
ഇരു നദികള്‍ക്കിടയിലെ മണ്ണ്.
ഒാരോ നിലവിളിയും
കനത്ത മൗനത്തിലേക്ക്‌
വീഴും മുമ്പ്‌ ഒന്നു പിടയുന്നുവല്ലൊ,
ഒന്നു കുതറുന്നുവല്ലൊ.
ചോരയാല്‍ വരക്കുന്നു
മെസൊപൊടേമിയ.
റെഡിന്ത്യക്കാരന്റെ
ചോരകൊണ്ട്‌ ചോളവയലുകള്‍
നനച്ചവരെ,
മാച്ചുപിച്ചുവിന്റെ
ഉയരങ്ങളില്‍
വിഷക്കാറ്റൂതിയവരെ,
വരൂ, നോക്കൂ,
ഈ നദികളില്‍
പടര്‍ന്ന ചോര
ആകാശപ്പൂക്കളുടേതല്ല.
ഒഴുകുന്ന ജഡങ്ങള്
‍വെറും മനുഷ്യരുടേതല്ല.
നദീവസന്തത്തിന്റേത്‌.
യൂഫ്രട്ടീസ്‌ ടൈഗ്രീസ്‌
വെറും നദികളല്ല.
ധമനികളാണവ,
ഓര്‍മ്മകളുടെ.
അവയുടെ നിലക്കാത്ത
ഒഴുക്കില്‍ കാണാം
ആര്‍മീനിയന്‍ മലനിരകളുടെ കുളിര്‌,
കുന്നിന്‍മുകളിലെ സിഗുരാത്തുകള്‍,
മണ്‍ഫലകങ്ങളിലെ ക്യൂണിഫോമുകള്‍.
എല്ലാം ഈ നദികളില്‍.
പക്ഷെ,
നദികള്‍ക്കുമേല്‍ചോര
പെയ്തുപോയെന്നു മാത്രം.

Thursday, 19 February 2009

അറിയുന്നില്ലയൊന്നും

പെയ്തു മഴ;മഞ്ഞും.
അറിഞ്ഞില്ല ആരും
ഇലകള്‍ ‍അടരുന്നത്‌.
കാലം പഴുക്കുന്നത്‌.
മുന്‍വരിയിലെ
പല്ലു പോയ
മോണ കാട്ടി
ചിരിക്കുന്ന പുലരി.
നര കയറിയ
പുരികങ്ങള്‍ക്കുമേല്‍
ചുളിവു വീണ
നെറ്റി പോലെ
അസ്തമിക്കുന്ന
സന്ധ്യ.
മരത്തില്‍ നിന്നും കനി.
കനിയില്‍ നിന്നും
വിത്ത്‌.
പൂവില്‍ നിന്നും
തേന്‍.
തേനിന്റെ മധുരം.
രാവില്‍നിന്ന് ചുവപ്പ്‌.
ചുവപ്പില്‍ നിന്ന്
വെണ്‍പകല്‍.
മുമ്പേ പോയവരില്‍ നിന്ന്
പിമ്പേ വന്നവര്‍.
ഒഴുകിത്തീരാത്തതുകൊണ്ട്‌
അറിയുന്നില്ല,
എത്രയൊഴുകി
ഈ പുഴയെന്ന്.

അറിയുന്നത്‌

കടലിന്റെ
ആഴം
കുന്നിന്റെ
ഉയരം
ആകാശത്തിന്റെ
വിസ്തൃതി
ഒന്നിനുമാവില്ല,
നിന്നെ
ഞാനറിഞ്ഞതിനു
പകരം
വെയ്ക്കാന്‍.

ഒരറിവിനുമാവില്ല.

അകലെ

ഒന്നില്‍ ഞാന്‍ മഴ നനഞ്ഞ പുസ്തകം.
ബെഞ്ചില്‍ നിരങ്ങി മൂടുതേഞ്ഞ നിക്കര്‍.
വെളുത്തുപോയ ബ്ലാക്ബോഡില്‍
‍തെളിയാത്തൊരക്ഷരം.
രണ്ടില്‍ ചോറ്റുപാത്രം
തൂക്കിയെത്തുമായിരുന്നു
രുഗ്മിണിടീച്ചര്‍.
കൃഷ്ണന്റെ ഹര്‍മ്യം,
കുചേലന്റെ ഓലക്കുട,
അവില്‍പൊതിയില്‍ പറ്റിയ സ്വേദം.
മൂന്നിലെ ഭാര്‍ഗവിട്ടീച്ചര്‍ക്ക്‌
ടൈഗര്‍ബാമിന്റെ ഗന്ധമായിരുന്നു.
വര്‍ഷമൂര്‍ച്ചയില്‍ മിന്നലെത്തുമായിരുന്നു.
നാലില്‍ ഞാന്‍ വൈകിയെത്തുന്ന ബസ്‌.
ഒടുവിലത്തെ മണി കേള്‍ക്കെ
മത്സരിച്ചാണോട്ടം.
സ്റ്റിയറിംഗ്‌, ഹോണ്‍, ഗിയര്‍, ബ്രേയ്ക്ക്‌.
പാഞ്ഞുപോകുന്ന ബസിന്റെ
ഡ്രൈവറായിരുന്നു ഞാന്‍.
അഞ്ചു മുതല്‍ ഏഴുവരെ
ഞാനുമവളും മലയാളം വായിച്ചത്‌
ഒരേ ഈണത്തിലെന്ന്
മാരന്‍മാഷ്‌.
തെങ്ങോലനിഴലുകളില്‍,
വെയില്‍ക്കാഞ്ഞ പറമ്പുകളില്‍,
പേരറിയാ പഴമധുരങ്ങളില്‍,
പലകഥകള്‍ നുണഞ്ഞു,
ചിരിച്ചു നടന്നു.
കരിയിലകള്‍ വീണ
മരച്ചുവടുകളില്‍ മധുരമാം
ഇലമംഗലം ചവച്ചു.
ഇടവഴില്‍കളില്‍
കലഹിച്ചും മഴ നനഞ്ഞും
നടത്തം.
മറഞ്ഞുപോയ്‌
മഴയിലെന്നപോല്‍ കാലം.
മഴവെള്ളത്തിലെവിടെയോ
കുതിര്‍ന്നു കിടക്കയാവാം
പഴയൊരു കടലാസുതോണി.
നാവികര്‍ കളഞ്ഞുപോയ
ഒരു ഛേദക്കപ്പല്‍ പോലെ.
കപ്പലിന്റെ ഓരോ അറയിലും
നിറയുന്നുണ്ട്‌ സമുദ്രം.

Tuesday, 17 February 2009

മാത്ര്‌ഭൂമി ആഴ്ചപ്പതിപ്പ്മോഹന്‍ലാലിന്റെ കള്ളുകുടി

മൂക്കറ്റം കുടിച്ചശേഷം
മൊയ്തുണ്ണി
‍പേരകം കള്ളുഷാപ്പില്‍നിന്നിറങ്ങി.
ഉടുമുണ്ടഴിച്ച് തലയില്‍ കെട്ടി.
കൈയില്‍ പറ്റിയ
നാരങ്ങാ അച്ചാര്‍
മാളിയേക്കല്‍ ‍ജോസപ്പേട്ടന്റെ
തെങ്ങില്‍ തേച്ചു.
തൊണ്ടയില്‍ കുടുങ്ങിയ
ഡയലോഗ് തികട്ടി
ഒരു കുഞ്ഞു വാള്‍ വെച്ചു.
ഒവുങ്ങലിലേക്കൂള്ള
ചെമ്മണ്‍ വഴിയില്‍.

കൂട്ടുങ്ങലെ
പഴയപാലത്തിന്നടിയില്‍നിന്ന്
ഇല്ലാപണംകൊടുത്തു
പൊതിയായി വാങ്ങിയ
സാമിയെ കാജാ ബീഡിയില്‍
‍തെരുത്ത് അതിന്‍ പുക തിന്നു.
നാലും കൂടിയ കൂട്ടുങ്ങലില്‍നിന്ന്
പൊലീസിന്റെ അഭാവത്തില്‍
ഗതാഗതം നിയന്ത്രിച്ചു.
പൊലീസു വണ്ടി കണ്ടപ്പോള്‍
ഉത്തരവാദിത്ത ബോധത്തോടെ
ചന്ദ്രൂസ് കേഫിന്നകം പൂകി.
ആഞ്ഞു വലിച്ചപുകയില്‍
‍മൊയ്തുണ്ണി മോഹന്‍ലാലായി.
മീശ പിരിച്ച് ഒരുവശം ചെരിഞ്ഞു.
മടക്കിക്കുത്തിയ ലുങ്കിക്കടിയിലെ
വള്ളിട്രൌസറോടെ
അവന്‍ അരിമാര്‍ക്കറ്റ് കടന്നു.
അറബിക്കടലിന്റെ മുകളില്‍ നിന്ന്
ചാഞ്ഞുപെയ്യുന്ന
അന്തിച്ചുവപ്പു പതിച്ച
‍വഞ്ചിക്കടവിലേക്കു നടന്നു
മോഹന്‍ലാല്‍.

അദ്രയമാങ്കുട്ടിനായരും വാലന്റൈന്‍ സായ്‌വും

അങ്ങനെ ഒരു നാള്‍ അവര്‍ വിണ്ടും കണ്ടുമുട്ടി. പാലൂപള്ളീലെ കുരിശുമേടയില്‍ നിന്ന് താഴോട്ട് നോക്കിയപ്പോള്‍ വാലന്റൈന്‍ സായ്‌വുണ്ട് ബസ് സ്റ്റോപ്പില്‍ നില്‍ക്കുന്നു. അടുത്ത് ഒരാട്ടിന്‍ കുട്ടിയെ പോലെ സ്വന്തം ഫിയറ്റ് കാറും. ഉടനെ അദ്രയമാങ്കുട്ടിനായര്‍ മേടയില്‍ നിന്ന് ചാടിയോടിയിറങ്ങി. സായ്‌വിന് ഉടനെ കൊടുത്തു ഒരു കൈ.
സായ്‌വെങ്ങോട്ടാ? എന്നായി അദ്രയമാങ്കുട്ടിനായര്‍.
ഞാന്‍ കോട്ടപ്പടിക്ക്. ഇന്ന് വാലന്റൈന്‍സ് ഡെ അല്ലേഡാ.
എന്താവടെ കാര്യം?
കഞ്ഞിവീത്ത്ണ്ട്. മൊഴിഞ്ഞു സായ്‌വ്.
എന്ത് കഞ്ഞി? കഞ്ഞി?
കഞ്ഞിയെന്ന ആവര്‍ത്തനത്തിലെ പന്തികേട് വിയര്‍പ്പുപറ്റിയ മൂക്കിനാല്‍ മണത്തറിഞ്ഞ സായ്‌വ് പറഞ്ഞു.
എഡാ ഞാന്‍ ലതീഞ്ഞിനല്ല പോണത്. കഞ്ഞിവീത്ത്.
അപ്പോള്‍ മൂത്രമൊഴിക്കാനെന്ന ഭാവേന മതിലിനോട് ചേര്‍ന്നിരുന്ന് ഐ.എന്‍. സി. ബുക്ക്ഡ് എന്ന് ചെങ്കല്‍ കഷ്ണം കൊണ്ടെഴുതുന്ന കപ്യാര്‍ ഇട്ട്യെരയെ കണ്ടു. അദ്രയമാങ്കുട്ടിനായരുടെ നോട്ടത്തിലെ കത്തുന്ന കമ്മ്യൂണിസ്റ്റ് പന്തികേട് കണ്ടപ്പോള്‍ ഭയത്താലോ അതോ ഒന്നൊഴിച്ചു കളയാം ഒരഖിലേന്ത്യ ബോധത്താലോ ഇട്ട്യെര ഒന്നങ്ങട്ടൊഴിച്ചു. ഒഴിച്ച ശേഷം കെ. പി. സി. സി യോഗം കഴിഞ്ഞു വരുന്ന ഒരു ഡി. സി. സി. മെമ്പറെ പോലെ മുതുവട്ടൂര്‍ വഴിയ്ക്ക് നല്ല നടപ്പു നടന്നു. അല്ല. അത് പോട്ടെ. അപ്പളെങ്ങനാണ് ആഘോഷങ്ങള്‍? നായരുടെ പുലിച്ചോദ്യം.
തെക്കന്‍ പലൂര്‍ന്ന് അപ്പോഴാണ് നായരുടെ സംബന്ധം അന്നാമ്മ ഒരസംബന്ധ നാടക നടിയെ പോലെ ചാവക്കാട്ടെ കാജാ സില്‍‌വര്‍‍ എവര്‍ റോളിംഗ് ട്രോഫി കാല്‍പന്ത് ടൂര്‍ണമെന്റ് പരിസരത്ത് കപ്പലണ്ടി വില്‍ക്കാന്‍ അതുവഴി വന്നത്. അതു കാണാതെ അദ്രയമാങ്കുട്ടി പറഞ്ഞു.
സായ്‌വ് സഖാവെ, വെരി വെരി ഹാപ്പി വലന്റൈന്‍സ് ഡെ.
ഒരൊറ്റ അടി.
രണ്ടടി.
അല്ല. മൂന്നടിനടന്നു വന്ന് അവള്‍ പറഞ്ഞു.
അതെയ് ഒക്കെ ശര്യാ. ഇവടെ കറങ്ങി നടക്കാണ്ട് കുടുമ്മത്ത് പോയി കുട്ട്യേളെ നോക്ക്. ഞാന്‍ വരാന്‍ വൈകും. പത്ത് മണ്യൊക്കെ ആകും. വെല്ല കഞ്ഞീം ണ്ടാക്കി കുടുമ്മത്തിര്ന്നൊ. സായ്‌വ് മേരിക്കുണ്ടൊരുകുഞ്ഞാട് എന്ന പ്രൈമറി ഭക്തിഗാനം പാടി ആട്ടിങ്കുട്ടി സ്റ്റാര്‍ട്ടാക്കുമ്പൊ നായര്‍ പറഞ്ഞു.
സായ്‌വെ ന്നത്തെ ലതീഞ്ഞ്...?
പോഡാ. ലതീഞ്ഞ്! വെഞ്ചിരിക്കലാണ് എന്ന ഈണത്തില്‍ വണ്ടി പോയി. ബസ് സ്റ്റോപ്പിലങ്ങനെ നായര്‍ പുത്തരിയല്ലാത്ത നാണക്കേടില്‍ നിമഗ്നനായി, നഗ്നനായി നിലപാടു നിന്നു. നായര്‍ വാമത്തെ നോക്കി. ന്നാലും നല്ലൊരു ദെവസം നീ കൊളാക്കീല്ലെ എന്ന് മനസ്സാ കര്‍മ്മണാ.
ചില്ലറെണ്ടോഡീ അന്നാ? ചില്ലറ?
എന്തിനാ? കപ്പലണ്ടി ഗന്ധത്തിലന്ന.
കോന്തിടെ കള്ളുശാലയിലെ കപ്പലണ്ടിയുടെ അതേ ഗന്ധം. ലോകത്തെല്ലാം വറുത്ത കപ്പലണ്ടിയ്ക്ക് ഒരേ ഗന്ധമാണെന്ന ശാസ്ത്രീയ നിഗമനവുമാ‍യി ഒരു കെഞ്ചല്‍.
ഇന്ന് വാലന്റൈന്‍സ് ഡെ അല്ലെ. ഒന്ന് മിന്നാമിനുങ്ങാ...
പ്പെ! എരപ്പെ!!! തുപ്പല്‍ സുബ്രമണ്യന്റെ പെട്ടിക്കടയോളം നീണ്ടു.
നായരുടെ തലക്കകത്തു നിന്ന് കൊറേ നക്ഷത്രങ്ങള്‍ പുറത്തുവന്ന് ബസ് കാത്തു നില്‍ക്കുന്നവരുടെ തലക്കു മുകളിലൂടെ ഗുരുവായൂരെ അന്തോണീസ് ബാര്‍ ഉന്നം വെച്ച് ഉന്നങ്ങള്‍ പോലെ പോയി. കൂട്ടുങ്ങലിലേക്കു നടക്കുമ്പൊ അന്നാമ്മ പറഞ്ഞു. ദെവസോം പാമ്പായിട്ടാ വരണത്. ഇന്നെങ്ങാനോം അങ്ങനെ വന്നാ ന്റെ വിധം മാറും. അന്നാമ്മ അന്നനട നടന്നു. അദ്രയമാങ്കുട്ടിനായര്‍ പിടിവിട്ട പുലിവാലു പോലെ കുരിശുമേടയിലേക്കു നോക്കി. ഇന്നലെ അന്നാമ്മ ചിരവ കൊണ്ടു തന്ന കഴുത്തിലെ മുഴയില്‍ തലോടി. നായര്‍ ആത്മഗതം ചെയ്തു.
നമ്മക്ക് സായ്പ്പമ്മാര് എന്തോരം ഫെസ്റ്റിവത്സാ തന്നീര്ക്കണത്! പക്ഷെ ഒന്ന് സ്റ്റീമാകാന്‌ള്ള യോഗല്ല. അട്ത്ത ജമ്മത്തീ സായ്പ്പായി ജനിക്കണേ....ആ‍മേന്‍...കര്‍ത്താവിന് എന്തിന് സ്തോത്രം!

EIGHT YEARS

The smile of missed comes back
Saddled on memory's back.
The enflamed past
Enliven in the street.

The hostile officers
Come with records
Remind the mother of missed
Today the file crossed
Missed cases are closed.

Eight years ago in burns
Lanes of licking flames
With kripans and saffron flags
In storming crowd's cries
The son's groaning face.

Not the soul or heart
But the sword of court
Says of man in red tags
Whether dead or stays.

With the eyes of deep wells
Mother looks the official hells
Years passed as eight
She waited till the day last
With a thin hope on her face
Missed will come back once.

But the time crossed the line
The State states in order
The missed till yesterday
But surely dead today.

Yet, she waits for him
Even in the steps to grave.

Whose Name is Red?

Not Orhan Pamuk
In the city which smells
An ancient trunk.
But in the streets
Of olden campaigns
Of the Cheras
Of the Zamorins,
Tippu,
The Company,
But now
The red turns
Into brown.

The stained blood
In streets.
The Flag
Retreats
From its rally.

As in fairy tales
Cover the Red
With golden silk.

Throw the word,
Comrade
Out of your throght.
The blood red
Which once
Boiled in thoughts
Sheds in cocktails
For the Apostles
Of wealth.
Orphaned the Red.
But the martyrs cry out
In grave yards.

Che on shirts,
On caps, on panties
Like a cricketer,
Like a brand ambassador.
Yankee's brutal game!

Bolivian School
Sleeps in dead memory.
The raised sickle and hammer
To the grey sky.

ഗജമേള ത്ര്ശൂരില്‍

ആനയെക്കാണാന്‍ പോയി
ത്ര്ശ്ശിവപ്പേരൂരുള്ളോരു മേളയില്‍.

പക്കത്തുനിന്നു പാര്‍ക്കാതെ
ബാരിക്കേഡുകള്‍ക്കപ്പുറം നില്‍ക്കണം
നമ്മളീ നാട്ടുകാര്‍ ‍തൊലിയത്രയിരുണ്ടവര്‍.

മേളയിതാര്‍ക്കെന്നോ?
എനിക്കല്ല, നിനക്കല്ല.
രണ്ടു നൂറ്റാണ്ടെന്റേം നിന്റേം
ചോരയൂറ്റിക്കുടിച്ചോര്‍ക്കായ്
ഇന്നു സര്‍ക്കാര്‍ നടത്തുന്നു
ഗജമേളയിതേ വിധം!
നിയമപാലകരുലാത്തുന്നു-
ണ്ടങ്ങുമിങ്ങും ജനരഥ്യയില്‍
‍തൊലി കറുത്തോരെ കാണുമ്പോള്‍
‍ലാത്തിയാലടിച്ചാട്ടുന്നു.

കലാമണ്ഡലം കലാ‍ാശാല
കരിവേഷക്കാരെ കാണവെ
കരി‍പ്പുറത്തിരിക്കുന്ന
വെണ്‍‌തലക്കാരന്നതിശയം.
ക്ലൌണുകള്‍ക്കും കളറിലുള്ള
ക്രൌണുവെച്ചോരു കേരളം,
നമിക്കുന്നേന്‍, ദേവരാജ്യം,
മഹാശ്ചര്യം! മഹാമഹം!!

അതിഥി ദേവനെന്ന വാക്യത്തില്‍
‍അഥിതികള്‍ക്കായ് വെച്ചു വില്‍ക്കുന്നു
നമ്മല്ല് നാടിന്റെസംസ്ക്ര്തി.
ഡോളറിന്‍ പച്ച കാണുമ്പോള്‍
‍പെങ്ങളെ തൂക്കിവില്‍ക്കുവോര്‍
‍കാണ്മതില്ലീ ദുരന്തത്തെ
കാഴ്ചയേറെയിരിക്കിലും.