Sunday 29 March 2009

നമ്മുടെയൊക്കെ ഏതോ കരുതലുകള്‍

കഴുത കുതിരയാണെന്ന്
കരുതുന്നത്
കാക്ക കൊക്കാണെന്ന്
കരുതുന്നത്
ജി. സുധാകരന്‍ കവിയാണെന്ന്
കരുതുന്നത്
മണ്‍കൂന മലയാണെന്ന്
കരുതുന്നത്.
ചേമ്പിലയിലെ വെള്ളം സമുദ്രമണെന്ന്
കരുതുന്നത്.
അതെ, അതെല്ലാം എന്താണ്?
ചിലതുണ്ട്,
വിസ്മയങ്ങളായി വിരിയുന്നവ.
കാല്പനികമായി പറയുന്നവ.
ചേമ്പിലയിലെ സമുദ്രം പോലെ.
അപ്പോഴും ചിലതുണ്ട്
നിന്റെയും എന്റെയും
അഹന്ത പോലെ
ഒട്ടും മാറാത്തത്.

പന്നിക്കൂട്

കഴുതകള്‍ പന്നികളെ
പുറത്തുകയറ്റി ഗ്രാമാന്തരങ്ങള്‍ ചുറ്റും.
പന്നികള്‍ കഴുതപ്പുറത്തിരുന്ന്
ഒരു കമ്പു നീട്ടും.
കമ്പിന്‍ തുമ്പില്‍
എന്നും അതേ കാരറ്റുണ്ടായിരിക്കും.
ഒട്ടകങ്ങള്‍ക്ക്
മരീചികപോലെ കാരറ്റ്
തൂങ്ങിയാടും.
എന്നെങ്കിലുമൊരിയ്ക്കല്‍
ആ കാരറ്റ്, ആ കാരറ്റ്...
എനിയ്ക്ക്... എനിയ്ക്ക്...
പന്നിക്കൂടുകളിലേയ്ക്ക്
പന്നികള്‍ നടന്നുപോകും.
നിറഞ്ഞ വയറുകളില്‍ നിന്നു വരുന്ന
ഏമ്പക്കങ്ങള്‍ കൊണ്ടും
കനം തൂങ്ങുന്ന
കണ്ണുകള്‍ കൊണ്ടും
പന്നിക്കൂടുകള്‍ നിറയും.
അങ്ങനെ നമ്മുടെ
വോട്ടുകള്‍ സാധുവാകും.