Tuesday 13 December 2011

ഉന്മാദത്തിന്റെ നൂല്പാലം കടന്നവർ


ഡിലന്‍ തോമസിന്റെ കാവ്യസമാഹാരത്തിന് അവതാരിക എഴുതിയ ദാനിയ ല്‍
ജോന്‍സ്‌ പറയുന്നുണ്ട് താനും തോമസും ചേര്‍ന്ന് ചില കവിതക ള്‍ രചിച്ചിട്ടുണ്ടെന്ന്. ഒന്നിടവിട്ട വരികളാണ് അവര്‍ രചിച്ചത്. രചനയുടെ ഭ്രാന്തമായ ഒരു തലമായി ഇതിനെ വ്യാഖ്യാനിക്കാവുന്നതാണ്. ഹോളിവുഡിലെ അഭിനേത്രികളെയും കൂട്ടി കുടിച്ച് ലക്കുകെട്ട് മഹാനായ ചാര്‍ളി ചാപ്ലിനെ കാണുവാനായി പോയ തോമസ്‌ ആദ്യം ചെയ്തത് ചാപ്ലിന്റെ ടെന്നീസ്‌ കോര്‍ട്ടിനടുത്ത് കണ്ട ഒരു ചെടിയി ല്‍ മൂത്രമൊഴിക്കുകയായിരുന്നു. ആദ്യം പറഞ്ഞ രചനയിലെ സഹവര്‍ത്തിത്വം ഒരു ഭ്രാന്തായി നമ്മ ള്‍ സ്വീകരിക്കില്ലായിരിക്കാം. എന്തെന്നാല്‍ മലയാളത്തില്‍ തന്നെ സേതു - കുഞ്ഞബ്ദുള്ള, മാധവിക്കുട്ടി - മോഹനവര്‍മ, എം. ടി .- എന്‍. പി മുഹമ്മദ്‌ തുടങ്ങിയ തലമുതിര്‍ന്ന എഴുത്തുകാ ര്‍ തന്നെ അത്തരം പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ കവിതയി ല്‍ ഓരോവരിയിലായി ഇങ്ങനെ ഒരു പരീക്ഷണം എത്രമാത്രം യുക്തിസഹമാണ് എന്നത് പ്രസക്തമായ സംശയമാണ്. ഡിലന്‍ തോമസിന്റെ രണ്ടാമത്തെ പെരുമാറ്റം മനുഷ്യന്റെ സ്വാഭാവിക ശീലങ്ങള്‍ക്ക് അന്യമാകുന്നതോടെ അത് നമുക്ക് ഭ്രാന്തമായ പെരുമാറ്റമാകുന്നു.
മാര്‍ട്ടി ന്‍ എസ്. ലിന്‍ഡ ര്‍  എഴുതിയ Are Creative Writers Mad? An Empirical Perspective
എന്ന ലേഖനത്തില്‍ ഉന്മാദവും സര്‍ഗാത്മകതയും കണിശമായി ചര്‍ച്ച ചെയ്യുന്നുണ്ട്. സര്‍ഗാത്മകതയും ഉന്മാദവും തമ്മില്‍ ബന്ധമുണ്ടോ? ഉണ്ടെങ്കില്‍ അത് ഏതുതരം ബന്ധം? സര്‍ഗാത്മക പ്രവര്‍ത്തകരി ല്‍ തന്നെ കവി, നോവലിസ്റ്റ്, നാടകകൃത്ത്‌ എന്നിവരി ല്‍ ഈ ഉന്മാദം വ്യത്യാസപ്പെട്ടിരിക്കുന്നുണ്ടോ? ഉന്മാദം രചനാത്മക പ്രതിഭയെ ഉത്തേജിപ്പിക്കുന്നുണ്ടോ? അതോ സര്‍ഗാത്മക പ്രവര്‍ത്തനം ഒരാളെ ഉന്മാദിയാക്കുന്നുണ്ടോ? അതല്ല ഈ രണ്ടവസ്ഥകളെയും ഒരാളില്‍ നിര്‍മ്മിക്കുന്നത് അയാളുടെ പാരമ്പര്യമോ മായാത്ത ബാല്യകാല അനുഭവമോ മറ്റോ ആണോ? ഇത്തരം ചോദ്യങ്ങളും അതിന്റെ അന്വേഷനങ്ങളുമാണ് ലിന്‍ഡ ര്‍ മുന്നോട്ടു വെക്കുന്നത്. ഒരെഴുത്തുകാരന്റെ/കാരിയുടെ രചനകളെയും വ്യക്തിത്വത്തെയും സാഹിത്യസംബന്ധമായും മന:ശാസ്ത്രപരമായും മാനുഷികമായും വിശകലനം ചെയ്യുന്നത് ആവേശകരവും ആകര്‍ഷകവും സംതൃപ്തവുമാണ്. ഇത്തരം അന്വേഷണങ്ങ ള്‍ വിവാദങ്ങള്‍ക്ക്‌ വഴിമരുന്നിടുന്നുവെന്നും അത് മുന്‍ധാരണകള്‍ക്ക്‌ വിരുദ്ധമായ പുന:ചിന്ത പാകുന്നുവെന്നും ലിന്‍ഡ ര്‍ എഴുതുന്നു. അഗാധമന:ശാസ്ത്രത്തിന്റെ ഉപാധികള്‍ ഉപയോഗിച്ച് വായനക്കാരന് ഇത്തരം രചനകളി ല്‍ സൂക്ഷമമായി അന്വേഷിക്കാം. കണ്ടെത്താം. കണ്ടെത്തിയ ഫലങ്ങളെ സ്വജീവിതവുമായി ബന്ധപ്പെടുത്താം. ഇതാണ് നമ്മുടെ എഴുത്തുകാരുടെ കാര്യത്തിലും സംഭവിക്കുന്നത്. ഇത്തരം എഴുത്തുകാര്‍ നമ്മുടെ നിരന്തരമായ നിരീക്ഷണത്തില്‍ കഴിയുന്നു. അവരുടെ എഴുത്തുകള്‍, അവരുമായുള്ള അഭിമുഖങ്ങള്‍, ഏതെങ്കിലും ഏജന്‍സികള്‍ക്ക്‌ നിര്‍വഹിക്കാവുന്ന പരിശോധന എന്നിവ ഉന്മാദ വ്യക്തിത്വങ്ങളുടെ അന്തര്‍ഗതങ്ങളെ ബഹിര്‍ഗമിപ്പിക്കുന്നുണ്ട് എന്ന് ലിന്‍ഡ ര്‍ പറയുന്നു. സര്‍ഗാത്മ സാഹിത്യകാരന്മാ ര്‍ വായനക്കാര്‍ക്ക്‌ വിചിത്രജീവികളായി തോന്നിയേക്കാം. എന്നാല്‍ അവ ര്‍ അങ്ങനെയല്ല. അവരുടെ ആവേശം, ശിശുസഹജത, ലീലകള്‍ മറ്റുള്ളവരി ല്‍ ഭ്രാന്തിന്റെ ധാരണ സൃഷ്ടിച്ചേക്കാം. അത് ഒരു തരം അരക്കിറുക്ക്‌ മാത്രമാണെന്നും അതിനെ നാം എളുപ്പത്തി ല്‍ ഭ്രാന്തായി വ്യാഖ്യാനിക്കുകയാണെന്നും
മാര്‍ട്ടി ന്‍ എസ് ലിന്‍ഡ ര്‍ നിരീക്ഷിക്കുന്നു. എഴുത്തുകാരുടെ അസ്ഥിരപ്രതികരണം, വിഗ്രഹഭഞ്ജകത്വം എന്നീ സ്വഭാവവിശേഷങ്ങളെ ഭ്രാന്തിന്റെ ബഹിര്സ്ഫുരണമായി വ്യാഖ്യാനിക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. എന്നാല്‍ മദ്യപിച്ചു കൊണ്ട് ഒരാള്‍ക്ക്‌ സര്‍ഗരചനയി ല്‍   ഏര്‍പ്പെടാ ന്‍ കഴിയില്ല എന്ന് പലരും അനുഭവവിവരണം നടത്തിയിട്ടുള്ളതുപോലെ ഭ്രാന്തിന്റെ അവസ്ഥയിലും ആര്‍ക്കും ഒന്നും എഴുതാനാവില്ല എന്ന് ലിന്‍ഡ ര്‍ വിശദമാക്കുന്നുണ്ട്. സ്വപ്രതിഫലനത്തിന്റെ ശേഷി നല്‍കിയിട്ടുള്ളത്‌ മനുഷ്യന് മാത്രമാണെന്നും അതുകൊണ്ട് തന്നെ അവന് ഉന്മാമാദിയാകാനുള്ള വിശേഷാധികാരവും ഉണ്ടെന്ന് ഹെഗ ല്‍ എഴുതിയിട്ടുണ്ട്. ദറിദയും ഫൂക്കോയും ഉന്മാദത്തിനും സുസ്ഥിരചിന്തക്കും ഇടയില്‍ ഒരു സുരക്ഷമേഖല എന്ന സമനിരീക്ഷണത്തി ല്‍ എത്തുന്നു. നമ്മുടെ വായനയുടെ അനുഭവം എന്താണ്? ലോകസാഹിത്യത്തില്‍ സാഹിത്യവും ഉന്മാദവും തമ്മിലുള്ള സമ്മേളനത്തിന് എണ്ണിയാ ല്‍ ഒടുങ്ങാത്ത ദൃഷ്ടാന്തങ്ങളുണ്ട്. മോപ്പസാങ്ങ്, വില്യം ഫോക്നര്‍, യുജീന്‍ ഒനീല്‍, സില്‍വിയ പ്ലാത്ത്, ഹെമിംഗ് വേ, വില്യം ബ്ലെയ്ക്ക് മുതലായവര്‍ സര്‍ഗാത്മകഭ്രാന്തിന്റെ സ്ഥലരാശിയി ല്‍ നിന്നുള്ള വെറും പെറുക്കിയെടുക്ക ല്‍ മാത്രമാണ്. സര്‍ഗരചനയുടെ കാലഘട്ടത്തി ല്‍ ഭ്രാന്തിന്‍റെ അതിരുകളി ല്‍ നിന്ന് സൃഷ്ടിയി ല്‍ ഏര്‍പ്പെടുകയും മലയാളിയുടെ ഭാവുകത്വത്തെ തച്ചുടച്ച് നവീകരിക്കുകയും ചെയ്ത ഒരു വിശ്രുത എഴുത്തുകാര ന്‍ നമുക്കുണ്ട്. വൈക്കം മുഹമ്മദ്‌ ബഷീര്‍. അദ്ദേഹത്തിന്റെ പാത്തോളജിയി ല്‍ ഉന്മാദം പ്രകടമായിരുന്നു. പാത്തോളജിക്ക ല്‍ ഉന്മാദം രേഖപ്പെടുത്തിയിട്ടില്ലെങ്കിലും എഴുത്തിലും മൊഴിയിലും അരക്കിറുക്കിന്റെ ഭിന്നനിറങ്ങള്‍ ആവോളം കോരിയിട്ട ഒരെഴുത്തുകാരിയും നമുക്കുണ്ട്. മാധവിക്കുട്ടി.
വൈ.മു.ബ.
തനിക്ക്‌ തൊണ്ണൂറ്റിയൊമ്പത്‌ ശതമാനവും ഭ്രാന്തുണ്ട് എന്ന് തുറന്നു പറഞ്ഞ മലയാളത്തിലെ ഒരേ ഒരു എഴുത്തുകാരന്‍ ബഷീ ര്‍ ആണ്. 5, 10, 25, 50, 75 ശതമാനക്കണക്കില്‍ എല്ലാ മനുഷ്യരിലും ഭ്രാന്തുണ്ട്. ഭ്രാന്തിനെ പറ്റി ചിലതെല്ലാം ബഷീ ര്‍ തന്റെ ചില കഥകളി ല്‍ പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും ഉന്മാദവേളകളി ല്‍ മസ്തിഷ്കതരംഗങ്ങളിലൂടെ പാഞ്ഞ മിഥ്യാരൂപങ്ങളെ അദ്ദേഹം ഒരിയ്ക്കലും തന്റെ രചനകളില്‍ കടത്തിവിട്ടില്ല എന്ന് കെ പി അപ്പന്‍ പറയുന്നുണ്ട്. എന്നാല്‍ പാത്തുമ്മായുടെ ആട് എന്ന അനിതരസാധാരണമായ ഒരു രചനയുടെ പിറകി ല്‍ ബഷീ ര്‍ തൊട്ടുമുമ്പ്‌ അനുഭവിച്ച ഭ്രാന്തിന്റെ പൊലിമ ഉണ്ടായിരുന്നില്ലേ എന്ന് സംശയിക്കണം. ആടിന്റെ സൃഷ്ടിയും അതിന്റെ ആഖ്യാനവും വലിയൊരു ധ്യാനാത്മക അനുഭവം വായനക്കാരന് നല്‍കുന്നു. പാത്തുമ്മായുടെ ആട് പൂര്‍ണമായും ഒരു സാനട്ടോറിയത്തി ല്‍ വെച്ച് എഴുതപ്പെട്ട കൃതിയാണ്. വല്ലപ്പുഴയിലെ പി സി ഗോവിന്ദന്‍ നായരുടെ ചിത്തരോഗാശുപത്രിയുടെ പ്രശാന്തത ആടിലെ ഭാഷയിലും ആഖ്യാനത്തിലും സംഭവിക്കുന്നുണ്ട്. സ്നേഹം, ഉദാരത,  ദയ, പ്രതികാരം, ചതി എന്നിവയെല്ലാം നിര്‍മ്മലമായ ചാരുതയോടെ ഈ രചനയി ല്‍ പ്രത്യക്ഷമാകുന്നു. ഉന്മാദത്തിന്റെ ആപേക്ഷികത പോലെ ബഷീ ര്‍ സ്വീകരിച്ച രചനാരീതിയും ഇവിടെ ആപേക്ഷികമാണ്. എഴുത്തിലെ സറിയലിസ്റ്റിക് ഭാവന ബഷീറില്‍ ചിറകു വിടര്‍ത്തുന്ന കൃതികളി ല്‍ സുപ്രധാനമാണ് പാത്തുമ്മായുടെ ആട്. ബഷീര്‍ എഴുതുന്നു.
അങ്ങനെ കിടക്കുമ്പോള്‍ എന്നെ സ്റ്റൈലായി പെറ്റ ഉമ്മാ അടുത്തു വന്നു. മൂപ്പത്തിക്ക് അറുപത്തിയേഴോ എഴുപത്തിയേഴോ എണ്‍പത്തിയേഴോ വയസ്സുണ്ട്...  അറുപത്തിയേഴിനും എണ്‍പത്തിയേഴിനും ഇടയി ല്‍ ഊഞ്ഞാലാടുന്ന ഭാവന അസാധാരണമാണ്. ഈ അസാധാരണത്വമാണ് ജോ ണ്‍ എബ്രഹാം എന്ന ചലച്ചിത്രകാരനെ ഈ കൃതിയുടെ ദൃശ്യസാധ്യതയിലേക്ക് നയിച്ചത്‌, ഉദ്യമം നടക്കാതെ പോയെങ്കിലും.
        ബഷീര്‍ സൂഫിയായും സന്യാസിയായും മാന്ത്രികനായും പാചകക്കാരനായും കപ്പല്‍തൊഴിലാളിയായും കൈനോട്ടക്കാരനായും ട്യൂട്ടറായും നടന്നിട്ടുണ്ട്. ഇന്ത്യയിലും വെളിയിലും നിരന്തര സഞ്ചാരം നടത്തിയിട്ടുണ്ട്. ഒരിടത്തും ഉറച്ചുനില്‍ക്കാത്ത പ്രകൃതമായിരുന്നു. ബഷീറിന്റെ പ്രതികരണവും അങ്ങനെ തന്നെ. എങ്ങും നോക്കാതെ തുറന്നു പറയും. നസ്രാണി, നായര്‍, മുസല്‍മാന്‍, തീയ്യന്‍ എന്നൊക്കെ സ്വതന്ത്രമായി വിളിക്കാന്‍ ബഷീറിനേ സ്വാതന്ത്രമുണ്ടായിരുന്നുള്ളൂ. അത് നമ്മുടെ സാംസ്കാരിക ലോകം ആസ്വാദിക്കുകയാണ് ചെയ്തത്. മറ്റാരെങ്കിലുമാണത് ചെയ്തിരുന്നതെങ്കി ല്‍ വലിയ മത-ജാതീയ വിദ്വേഷത്തിന് ഇടയാകുമായിരുന്നു. ഭ്രാന്തിന്റെ ലോകത്ത്‌ അലയുന്ന കാലത്തു പോലും ബഷീ ര്‍ പരസ്പരവിരുദ്ധമായ കാര്യങ്ങ ള്‍ പറഞ്ഞിട്ടില്ല. കൃത്യമായ ബുദ്ധികൂര്‍മ്മതയോടെയാണ് എല്ലാ രചനകളും നിര്‍വ്വഹിച്ചത്. അവസാനകാലത്ത്‌ അദ്ദേഹം പറയുന്നത് കേട്ട് പക ര്‍ത്തി എഴുതി പല പത്രപ്രവര്‍ത്തകരും പ്രസിദ്ധീകരിച്ച പലതും ബഷീ ര്‍ എഴുത്തിറെ ലാവണ്യത്തെ പ്രകാശിപ്പിച്ചില്ല എന്നുമാത്രമല്ല അവ അദ്ദേഹം ഒരിയ്ക്കല്‍ നിരന്തരമായി പകര്‍ന്ന രസക്കൂട്ടിന് ഭംഗം വരുത്തുകയും ചെയ്തു. ചുരുക്കത്തില്‍ ബഷീ ര്‍ തന്റെ ഭ്രാന്തി ല്‍ നിന്ന് മുതലെടുത്തില്ല എന്നുവേണം കരുതാ ന്‍.
        ഉന്മാദത്തിനുള്ള ചികിത്സക്ക് ശേഷം ഒരിയ്ക്കല്‍ മദ്രാസി ല്‍ താല്‍ക്കാലികമായി തങ്ങുന്നതിനിടയി ല്‍ ഒരു രസകരമായ സംഭവമുണ്ടായി. താമസിക്കുന്ന ലോഡ്ജില്‍ സ്ഥിരമായി ഒരു സന്ദര്‍ശക ന്‍ എത്തുമായിരുന്നു. അദ്ദേഹം വന്നുകഴിഞ്ഞാല്‍ ആകാശത്തിനു ചുവട്ടിലുള്ള സകലതിനെ കുറിച്ചും ഇടതടവില്ലാതെ സംസാരിച്ചുകൊണ്ടിരിക്കും. ഇത് അവിടത്തെ അന്തേവാസികള്‍ക്ക് ഏറെ മുഷിപ്പുണ്ടാക്കി. ഒരു ദിവസം ബഷീര്‍ ലോഡ്ജില്‍ വന്നു കയറുമ്പോ ള്‍ വാചാല ന്‍ സ്വപ്രവൃത്തിയി ല്‍ മുഴുകിയിരിക്കുന്നു. ബഷീര്‍ നേരെ അടുക്കളയി ല്‍ പോയി ഒരു കത്തിയുമായി തിരിച്ചു വന്നു. കത്തിയുമായി സന്ദര്‍ശകന്റെ നേരെ നീങ്ങി. മറ്റുള്ളവര്‍ എന്താണ് സംഭവിക്കുക എന്ന ഉത്ക്കണ്ഠയി ല്‍ ഇരുന്നു. ഭ്രാന്തുള്ള മനുഷ്യനാണ്. സന്ദര്‍ശകനെ കുത്തിമലര്‍ത്തുമോ? പിടിച്ചുമാറ്റും മുമ്പ്‌ ബഷീ ര്‍ കത്തി വാചാലന്റെ നേര്‍ക്ക്‌ നീട്ടി. കത്തി അയാളുടെ കൈയ്യി ല്‍ പിടിപ്പിച്ച ശേഷം കഴുത്ത് നീട്ടിക്കൊടുത്തു. എന്നിട്ട് എന്നെ കൊല്ല് എന്ന് പറഞ്ഞു. പിന്നെ സന്ദര്‍ശക ന്‍ അവിടെ നിന്നില്ല. ഇതേ ബഷീര്‍ തന്നെ ഭ്രാന്തിന്റെ പാരമ്യത്തി ല്‍ സ്വന്തം പത്നിയെ വരെ മുറിവേല്‍പ്പിച്ചിട്ടുണ്ട്. സന്തതസഹചാരിയായ പുനലൂര്‍ രാജനെ നോക്കി കത്തി വീശി അവന്‍ പുനലൂ ര്‍ രാജന്റെ രൂപത്തിലും വരും എന്ന് വിളിച്ചു പറഞ്ഞിട്ടുണ്ട്. ബഷീറിനെ പറ്റി എഴുതിയ അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ - എം. ടി., ശോഭനാ പരമേശ്വരന്‍ നായര്‍, പുനലൂര്‍ രാജന്‍, പട്ടത്തുവിള കരുണാകരന്‍ തുടങ്ങിയവര്‍- അദ്ദേഹത്തിന്റെ ഉന്മാദവേളകളെ പലതവണ പരാമര്‍ശിച്ചിട്ടുണ്ട്. അങ്ങനെയാണ് അസൂയാവഹമായ കഥാപാത്രനിര്‍മ്മാണം നടത്തിയ ബഷീ ര്‍ തന്നെ എല്ലാ കഥാപാത്രങ്ങളെയും കീഴ്പ്പെടുത്തുന്ന ഉന്നതശീര്‍ഷനായ കഥാപാത്രമായി മാറുന്നത്. ബഷീറിന്റെ ഉന്മാദം നമുക്ക്‌ ഒരു രോഗമാല്ലാതെയാകുന്നു. അത് വായനക്കാരന്‍ ബഷീ ര്‍ എന്ന കഥാപാത്രത്തെ സര്‍ഗാത്മകമായി വാര്‍ത്തെടുക്കുമ്പോ ള്‍ ചേര്‍ക്കുന്ന സഹാജമിശ്രിതമായി മാറുന്നു.
കമലയെന്ന മാധവിക്കുട്ടിയെന്ന സുരയ്യയെന്ന കമല
കേള്‍ക്കുമ്പോ ള്‍ പേരില്‍ അല്പം ഭ്രാന്ത്‌ കളിയാടുന്നു. കമല ജനിക്കുകയും വളരുകയും ചെയ്ത പശ്ചാത്തലം കൂടെ പരിശോധിക്കുമ്പോള്‍ ഇങ്ങനെ ഒരു സമവാക്യം പ്രയാസകരമാണ്. രോഗനിര്‍ണയത്തില്‍ കമല ഒരു മനോരോഗിയല്ല. A Feminist Voice- A Study of Kamala Dass Poems  എന്ന ലേഖനത്തി ല്‍ രമേഷ്കുമാര്‍ ഗുപ്ത പറയുന്നത് കമലയുടെ കവിതകളി ല്‍ പുരുഷ കേന്ദ്രിത സമൂഹം ചാര്‍ത്തിയ വിലങ്ങുകളെ പൊട്ടിച്ചെറിയുന്ന പെണ്‍പക്ഷത്തെയാണ് കാണുന്നത് എന്നാണ്. ഇത്തരം വിലയിരുത്ത ല്‍ കമലയുടെ സുരയ്യാകാലഘട്ടത്തില്‍ സാധ്യമാകുമായിരുന്നോ? കമല എന്ന കാലത്തെ ജീവിതത്തിന്റെ ക്രമങ്ങള്‍ അവരുടെ ഇംഗ്ലീഷ്‌ രചനകളി ല്‍ പ്രകടമാണ്. ഇന്ത്യന്‍ ഇംഗ്ലീഷ്‌ ഭാഷയിലെ ഏറ്റവും ചേതോഹരങ്ങളായ രചനകളായി അവ മാറുന്നത് കവിതയില്‍ അങ്കുരിക്കുന്ന വിമോചനതീക്ഷണത കൊണ്ട് മാത്രമല്ല, കവിത കുളിര്‍ നുകരാനിരിക്കുന്ന പാരമ്പര്യത്തിന്റെ നവനീതം മണക്കുന്ന ഒരു അകത്തളമുണ്ട്. അത് നാലപ്പാടന്‍ പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ്. അതിനെ സവര്‍ണമെന്നു ആരെങ്കിലും മുദ്രകുത്തിയാ ല്‍ പോലും കാല്പനികമായ കാവ്യലോകത്ത് കമലയുടെ രചനകളെ കൂടുതല്‍ പുഷ്കലമാക്കാ ന്‍ അവ സഹായിച്ചിട്ടുണ്ട് എന്ന് വിമര്‍ശകര്‍ക്കും സമ്മതിക്കേണ്ടിവരും. മാധവിക്കുട്ടിയായി വന്നു മലയാളത്തി ല്‍ കഥക ള്‍ പറയുമ്പോഴും ബാല്യകാല സ്മരണകളും നീര്‍മാതളത്തണലും പങ്കുവെക്കുമ്പോഴും പ്രത്യക്ഷമാകുന്നത് മറ്റൊരു സ്ത്രീയാണ്. അടുക്കളയില്‍ ഒത്തു ചേരുന്ന കുടുംബാംഗങ്ങളുടെയും ഭൃത്യരുടെയും കുനുട്ടും കുന്നായ്മയും വാല്യക്കാരത്തി ചിരകുന്ന നാളികേരത്തോടൊപ്പം ആസ്വദിക്കുന്ന ഒരു ദാവണിപെണ്‍കുട്ടിയുടെ സഹജ ഭാവത്തോടെ മാധവിക്കുട്ടി വായനക്കാരനോട് പങ്കുവെക്കുന്നു. അവിടന്നും മാറി മാധവിക്കുട്ടി സുരയ്യയായി മറ്റൊരു വാതില്‍ തുറക്കുന്നു. അത് അതുവരെ നടന്ന പാതയില്‍ നിന്ന് തീര്‍ത്തും വഴിമാറിയുള്ള നടത്താമായിരുന്നു. പരമ്പരാഗത മലയാളി സങ്കല്പങ്ങളെ അത് മാറ്റിമറിച്ചു. അതിനിടയില്‍ കമലാദാസ്‌ മുഴക്കിയ വലിയൊരു കാഹളമുണ്ട്. അത് മൈ സ്റ്റോറിയിലും എന്റെ കഥയിലും വായനക്കാരന്‍ കണ്ടു. ആത്മകഥയല്ലെ എന്ന് കരുതി അപ്പടി വിശ്വസിച്ചു. അല്ലെങ്കിലും അങ്ങനെ വിശ്വസിച്ചുകൊണ്ട് വായിക്കാനായിരുന്നു മലയാളിയുടെ ആത്മാവ് ശ്രമിച്ചത്‌. മാധവിക്കുട്ടിയുടെ കഥകളെയും കമലയുടെ കവിതകളെയും സര്‍ഗാത്മക രചനക ള്‍ എന്ന നിലയി ല്‍ അതിന്റേതായ സ്വാതന്ത്ര്യത്തിലേക്ക്‌ നമ്മ ള്‍ വിട്ടയച്ചു. എന്നാല്‍ എന്റെ കഥയെ അങ്ങനെ വിടാന്‍ നമ്മ ള്‍ തയ്യാറായില്ല. അങ്ങനെ വിടരുതെന്ന് കമലയും ധരിച്ചിട്ടുണ്ടാവണം. മൈ സ്റ്റോറി അച്ചടിച്ചു വന്നിരുന്ന കാലത്ത്‌ കമ്പോളതാല്പര്യങ്ങ ള്‍ അതിന്റെ രചനയില്‍ നിഴലിച്ചിരുന്നു എന്ന് കമലാദാസ്‌ തന്നെ പറഞ്ഞിട്ടുണ്ട്. ഒരിയ്ക്കല്‍ അതി ല്‍ പറഞ്ഞതെല്ലാം കഥയല്ലേ എന്ന് അവര്‍ കൈ മലര്‍ത്തിയിട്ടുണ്ട്. അതേ കമല ദാസ്‌ പറഞ്ഞു, താന്‍ എന്റെ കഥയില്‍ പറഞ്ഞെതെല്ലാം കഥയാണെന്ന്. ഇഗ്ലീഷില്‍ പ്രസിദ്ധീകരിച്ച് മൈ സ്റ്റോറിയുടെ നേര്‍ പരിഭാഷ ആയിരുന്നില്ല എന്റെ കഥ. ഇംഗ്ലീഷില്‍ കറന്റ് വാരിക പ്രസിദ്ധീകരിച്ച മൈ സ്റ്റോറി വായനക്കാരന്റെ കണ്ണും മനസ്സും കവരുന്ന ഉപശീര്‍ഷകങ്ങളോടെയാണ് ഓരോ വാരവും പുറത്തിറങ്ങിയത്. പിന്നീട് മലയാളനാട് വാരിക അത് മലയാളത്തി ല്‍ പ്രസിദ്ധീകരിച്ചപ്പോ ള്‍ ഉപശീര്‍ഷകങ്ങ ള്‍ പലതും മാറ്റിയെഴുതി എന്നുമാത്രമല്ല ഉള്ളടക്കത്തിലും മാറ്റം വരുത്തി. ഇങ്ങനെ മാറ്റം വരുത്താവുന്ന ഒന്ന് എങ്ങനെ ആത്മകഥയാവും? ഈ തര്‍ക്കം ഇന്നും മലയാള സാഹിത്യത്തി ല്‍ തുടരുന്നുണ്ട്. സത്യത്തിലുള്ള വിശ്വാസം ഭ്രാന്താണെന്ന് പറഞ്ഞത്‌ നീഷേ ആണ്. അങ്ങനെയെങ്കി ല്‍ സത്യാസത്യങ്ങ ള്‍ അറിയാതെ കുഴങ്ങുമ്പോള്‍ എവിടെ നമ്മ ള്‍ ഭ്രാന്തിനെ അന്വേഷിക്കണം? ഭ്രാന്ത്‌ മാധവിക്കുട്ടിക്കോ വായനക്കാരനോ? മാധവിക്കുട്ടിയുടെ ആത്മകഥയിലെ യാഥാര്‍ത്ഥ്യം-ഭാവന അനുപാതം എത്ര എന്ന കാര്യത്തില്‍ ഇന്നും ദുരൂഹത തുടരുന്നു. എഴുത്തുകാരി തന്നെ പരസ്പര വിരുദ്ധമായ പ്രസ്താവനകള്‍ ഇതുമായി ബന്ധപ്പെട്ട് നടത്തിയിട്ടുണ്ട്.
രണ്ടാമത്‌ അവസാന കാലത്തെ മത പരിവര്‍ത്തനമാണ്. കനേഡിയന്‍ എഴുത്തുകാരിയായ മെരിലിന്‍ വൈസ്‌ബോര്‍ഡ്‌ ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയഞ്ചില്‍ തുടങ്ങി പത്ത് വര്‍ഷം നീണ്ടു നിന്ന അഭിമുഖത്തില്‍ മാധവിക്കുട്ടി കൌതുകകരമായ ചില കാര്യങ്ങ ള്‍ വെളിപ്പെടുത്തുന്നതായി കെ പി നിര്‍മല്‍കുമാ ര്‍ ഈയിടെ മാതൃഭൂമി ആഴ്ചപ്പതിപ്പി ല്‍ എഴുതുകയുണ്ടായി. ഒരു യുവ മതപ്രഭാഷകനില്‍ അഭിരമിച്ചാണ് മാധവിക്കുട്ടി ഇസ്ലാം മതം സ്വീകരിച്ചതെന്നും പിന്നീട് അയാള്‍ പിന്മാറിയെന്നും മെരിലി ന്‍  നല്‍കിയ അഭിമുഖത്തി ല്‍ പറയുന്നുണ്ട്. ഇത് ഒരു പുതിയ വെളിപ്പെടുത്തലല്ല. എന്നാല്‍ പരിവര്‍ത്തനാനന്തരം ഒരു യുവഡോക്ടറുമായി മാധവിക്കുട്ടി പ്രണയത്തിലായി എന്നും മെരിലിനു നല്‍കിയ മുഖാമുഖത്തില്‍ മാധവിക്കുട്ടി വെളിപ്പെടുത്തുന്നു. ഇതൊക്കെ എത്രമാത്രം വിശ്വാസയോഗ്യമാണെന്ന സംശയവും നിര്‍മല്‍കുമാ ര്‍ ഉന്നയിക്കുന്നു. ആത്മകഥാരൂപകവും മതപരിവര്‍ത്തനപ്രഹസനവും മാധവിക്കുട്ടി എന്ന എഴുത്തുകാരിയുടെ സമചിത്തതയെ ചോദ്യം ചെയ്ത രണ്ട് അധ്യായങ്ങളാണ്. ഈ രണ്ട് സാഹചര്യങ്ങളുടെയും അടിസ്ഥാനത്തില്‍ മാധവിക്കുട്ടി ഉന്മാദിനിയായിരുന്നോ എന്ന അന്വേഷണം പലരും നടത്തിയിട്ടുണ്ട്. സന്ദര്‍ശകരുമായുള്ള സംഭാഷണങ്ങളിലും പരസ്പര ബന്ധമില്ലാത്ത നിലപാടുക ള്‍ അവ ര്‍ എടുത്തിട്ടുണ്ട്. മതം മാറ്റമല്ല മറിച്ച് അതിന്റെ പശ്ചാത്തലത്തില്‍ നടന്ന നാടകങ്ങളാണ് നമ്മെ അമ്പരപ്പിച്ചത്. പാര്‍ട്ടി രൂപീകരണവും തെരഞ്ഞെടുപ്പുമെല്ലാം ഒരു സ്വപ്നജീവിയുടെ രൂപമാണ് അവര്‍ക്ക്‌ ചാര്‍ത്തിക്കൊടുത്തത്. അത് കാല്പനികമായ യാത്രയായിരുന്നു, അതും കേരളീയ രാഷ്ട്രീയ സാമൂഹ്യ ഘടനയില്‍ നിന്നുകൊണ്ട്. സൂക്ഷമമായ ഭാഷാപ്രയോഗം നടത്തിയ മാധവിക്കുട്ടി നറുനിലാവ് കൊള്ളുന്ന നീര്‍മാതളത്തിന്റെയും പൂവരശിന്റെയു കുങ്കുമമരത്തിന്റെയും സൌരഭ്യം നമുക്ക്‌ നല്‍കി. നീര്‍മാതളം പൂത്തകാലം എന്ന ഓര്‍മപുസ്തകത്തി ല്‍ മാധവിക്കുട്ടിയുടെ നാരായണ ന്‍ നായ ര്‍ പിറുപിറുക്കുന്നു. അതെയതെ. സൊപ്നം കണ്ടോളൊ. വെല്യ കാശ്കാരനായി നാട്ട്പ്പോയി കുന്നംകൊളം അങ്ങാടി അങ്ങ്ട്ട് വാങ്ങിക്കൊളൊ. എന്തൊരു ചാരുതയാണ്, ലാളിത്യമാണ് ആ ഭാഷയ്ക്ക്!
        വര്‍ഷങ്ങളുടെ വസന്തങ്ങള്‍ പിന്നിട്ടു സുരയ്യ എഴുതുന്നു. അല്ലാഹുവേ, നീ താമസ്സുകളെ  ദുരീകരിക്കുക. ശല്യപ്പെടുത്തുന്ന ഈ ശരീരത്തെ അതിന്റെ രണ്ടാം സ്ഥാനത്തില്‍നിന്ന് വ്യതിചലിക്കാതിരിക്കുവാന്‍ ശീലിപ്പിക്കുക. അതിന്റെ കാമനകളില്‍ നിന്ന് എനിക്ക് മോചിതയാവണം. പിന്നീട് സര്‍വ മോചനങ്ങളില്‍നിന്നും ഞാന്‍ മോചിതയാവും. എന്റെ കിനാവുകളില്‍ നീ മാത്രം പ്രത്യക്ഷപ്പെടുക. നീ മതി, നിന്റെ മണലാരണ്യങ്ങള്‍ മതി, നിന്റെ ഉഷ്ണക്കാറ്റുകള്‍ മതി....
        താമസംവിനാ അവര്‍ ജീവിതനിരീക്ഷണത്തിന്റെ മറ്റൊരു ഗന്ധകപ്പുരക്ക് തീ കൊടുത്തു.
എനിക്കിഷ്ടമല്ലാ
മൌലവിമാരുടെ സന്ദര്‍ശനം
ഇഷ്ടമല്ലാ അവരുടെ ചുരുളന്‍താടികളും
അസഹിഷ്ണുതയുടെ ആ നോട്ടവും.
(മുനാഫിക്‌)
ഞാന്‍ അംഗീകരിച്ച ഒരു മതമേയുള്ളൂ:
സ്നേഹം. നാം പ്രണയത്തിന്റെ
വാക്കുകളുമായാണു വന്നത്.
പിന്നീടവയ്ക്ക് പ്രസക്തി വര്‍ധിച്ചു.
നമ്മുടെ ഉത്കണ്ഠകള്‍ ഞാ ന്‍
എന്റേതാക്കി, താങ്കളുടെ ശ്വാസത്തിന്റെ
താളം, തയമ്പു വീണ താങ്കളുടെ
കാലിന് ഇടയ്ക്കിടക്കുണ്ടാകാറുള്ള വേദന.
പിന്നെ ഒട്ടും അസ്വസ്ഥയാകാതെ
താങ്കളുടെ മതവും.
പക്ഷേ, ഏറെക്കഴിയും മുമ്പേ
ഞാന്‍ കണ്ടെത്തി, താങ്കളുടെ യജമാനന്‍
അള്ളാ ആയിരുന്നില്ലെന്ന്.
താങ്കളുടെ മേലാളന്മാരുടെ കോപം ഭയന്ന്
താങ്കളെന്നെ വിട്ടുപോയി...
(കൂലിപ്പട്ടാളക്കാരുടെ ഘോഷയാത്ര)
വായനക്കാരന്‍ ഇത്രയും വായിച്ചു പോകുമ്പോ ള്‍, മാധവിക്കുട്ടിയെ കമലയായും സുരയ്യയായും അനുഭവിച്ചു പോകുമ്പോള്‍ സ്വാഭാവികമായും ചോദിച്ചു പോകും, ശരിക്കും വട്ടാണല്ലേ? എന്ന്. അങ്ങനെ പരസ്യമായി ആരും ചോദിക്കാതിരുന്നത് നാലാപ്പാടന്‍ പാരമ്പര്യം വെയി ല്‍ വീശിയ കാവ്യാംശം കൊണ്ടോ ബാലാമണിയമ്മ മലയാളത്തിന് നല്‍കിയ മാതൃവാത്സല്യം കൊണ്ടോ മാത്രമായിരുന്നില്ല. മാധവിക്കുട്ടി എന്ന എഴുത്തുകാരി മലയാളത്തിലും ഇംഗ്ലീഷിലും തീ ര്‍ത്ത വിസ്മവാങ്ങ്മയ സൌധങ്ങളുടെ തലയെടുപ്പുകൊണ്ടും കൂടിയാണ്.
ഉന്മാദത്തിന്റെ ലോകത്ത്‌ ബഷീറും മാധവിക്കുട്ടിയും കണ്ടുമുട്ടുമ്പോ ള്‍ ചില ഇഴയടുപ്പങ്ങ ള്‍ കാണാം. ബഷീര്‍ റാഡിക്ക ല്‍ ഇസ്ലാം അംഗീകരിക്കാത്ത അന ല്‍ ഹഖുമായി കുറെ ഊരുചുറ്റി. മതങ്ങളുടെ
അതിര്‍ത്തികളി ല്‍ വെച്ച് വേഷം മാറി ബഷീ ര്‍ ഭിക്ഷുവും സൂഫിയുമായി. മദ്യത്തിന്റെ ലഹരിയിലും മസ്തിഷ്ക കമ്പനങ്ങള്‍ പ്രസരിപ്പിച്ച ഉന്മാദത്തിലും ഒരു അവധൂതനായി കൂടുവിട്ടു കൂടുമാറി. വാര്‍ദ്ധക്യത്തിലും കുമാരിമാര്‍ തനിക്കയച്ചുകൊണ്ടിരിക്കുന്ന പ്രണയലേഖനങ്ങളെ വാഴ്ത്തി സന്ദര്‍ശകരോട് സംസാരിച്ചു. മാധവിക്കുട്ടിയും വാര്‍ദ്ധക്യത്തി ല്‍ വിരുന്നുവന്ന കാമുകന്റെ അഴക്‌ വര്‍ണ്ണിച്ചു. ബാല്യകാലസഖിയില്‍ ആത്മാവിന്റെ ചോര പടര്‍ന്നിട്ടും ആ രചനയെ ആത്മകഥ എന്ന് വിളിച്ചില്ല. മാധവിക്കുട്ടി ഭാവനയില്‍ പൊതിഞ്ഞ അത്മാംശമായ എന്റെ കഥയെ ഒരു സങ്കോചവും കൂടാതെ ആത്മകഥ എന്ന് വിളിച്ചു, പലതവണ പരസ്പര വിരുദ്ധമായി പറഞ്ഞെങ്കിലും. ഒടുവില്‍ രണ്ട് പേരും രചിച്ച പുസ്തകത്തിന്‌ ഒരേ അര്‍ത്ഥമുള്ള പേരും വന്നു ചേര്‍ന്നു. ബഷീറിന്റെ അവസാന ഗ്രന്ഥം യാ ഇലാഹി എന്ന് വിളിക്കപ്പെട്ടപ്പോള്‍ മാധവിക്കുട്ടിയുടെ ഒടുവിലത്തെ പുസ്തകം അറിയപ്പെട്ടത് യാ അല്ലാഹ് എന്നാണ്.
മലയാള സാഹിത്യം പഠിക്കുന്ന ഒരാള്‍ക്ക്‌ ബഷീറും മാധവിക്കുട്ടിയും തമ്മിലുള്ള ഭിന്ന-സാമ്യങ്ങള്‍ കണ്ടില്ലെന്നു നടിക്കാനാവില്ല. മുഴുക്കിറുക്കെന്നു പറയാവുന്ന ഉന്മാദം ബഷീറിനെ പിടികൂടിയപ്പോ ള്‍ അരക്കിറുക്കെന്ന ഉന്മാദം മാധവിക്കുട്ടി അലങ്കാരമായി കൂടെ കൂട്ടുകയാണ് ചെയ്തത്. അതിനാല്‍ അവ ര്‍ കാണിച്ച മലക്കം മറിച്ചിലുകള്‍ മലയാളി സഹിച്ചു. അത് നമ്മുടെ മാധവിക്കുട്ടിയല്ലേ എന്ന് വായനക്കാര്‍ ക്ഷമിച്ചു. ചിലര്‍ക്ക് ചിലതെല്ലാം നമ്മ ള്‍ വകവെച്ചു കൊടുത്തിട്ടുണ്ടല്ലോ. എഴുത്തില്‍ ഋതുഭേദങ്ങ ള്‍ പകര്‍ത്തിയ രണ്ടെഴുത്തുകാ ര്‍ നമുക്ക്‌ അനശ്വര ര്‍ ആകുന്നത് അവ ര്‍ തിന്ന ഉന്മാദം കൊണ്ടല്ല, അവര്‍ വരച്ചിട്ട വര്‍ണലോകം കൊണ്ടാണ്.