Thursday, 23 April 2009

ചെറു കവികള്‍ (പരിഭാഷ: എം. ഫൈസല്‍)

Nicanor Parra
(നികനോര്‍ പര്‍‌ര വിരുദ്ധകവിതയുടെ ഉപജ്ഞാതാവാണ്. മലയാളത്തില്‍ ചെറിയാന്‍ കെ. ചെറിയാന്‍ ഇദ്ധേഹത്തെ വളരെ മുമ്പ് പരിചയപ്പെടുത്തിയിട്ടുണ്ട്. ശ്രീ. ചെറിയാന്റെ കവിതകളിലും ആന്റി പോയട്രിയുടെ സ്വാധീനം കാണാം- പരിഭാഷകന്‍)

ഇച്ഛിക്കുന്ന പോലെ നിങ്ങളെഴുതുക,
നിങ്ങളിഷ്ടപ്പെടുന്ന ശൈലിയില്‍.
ഒരു പാടു ചോര ഒഴുകിപ്പോയിട്ടുണ്ട്
പാലത്തിന്നടിയിലൂടെ,
ഒരൊറ്റ പാത മാത്രമാണ്
ശരിയെന്ന വിശ്വാ‍സം
കാക്കാന്‍.

കവിതയില്‍ എല്ലാം അനുവദനീയമാണ്,
തീര്‍ച്ചയായും നിങ്ങള്‍ ഒഴിഞ്ഞ ഏടുകളെ
മെച്ചപ്പെടുത്തണം എന്ന ഒരേയൊരു ഉപാധിയില്‍

Thursday, 16 April 2009

വോട്ട് കാഞ്ഞിരിക്കല്‍

വോട്ടുചിഹ്നം നോക്കി
വോട്ടുസ്വിച്ചു ഞെക്കി
വോട്ടുമഷി പൂശി
വോട്ടുപൌരരായി
വോട്ടുമക്കള്‍ പോയി.

വോട്ടുത്സവമാടി
വോട്ടുതിറയാടി
വോട്ടുചൂട്ടണച്ച്
വോട്ടവന്മാര്‍ മുങ്ങി.

വോട്ടു തോരണങ്ങള്‍
വോട്ടു ലേഖനങ്ങള്‍
വോട്ടുവിഗ്രഹങ്ങള്‍
വോട്ടു തോന്ന്യാസങ്ങള്‍
വോട്ടുകാറ്റില്‍ പാറി
വോട്ടുബൂത്തിലാകെ.

വോട്ടു ചെയ്ത കോരന്‍
വോട്ടുകുരയാലെ
വോട്ടു ചവറു വാരി
വോട്ടുതീ കൊളുത്തി.

വോട്ടുചൂടു പൊങ്ങി
വോട്ടു കാഞ്ഞിരുന്ന്
വോട്ടുതണുപ്പാറ്റി
വോട്ടുകോരന്‍ മെല്ലെ
വോട്ടുറക്കമായി.

Wednesday, 15 April 2009

ആദ്യം‌പൂദ്യം

ചിരിച്ചു ചിരിച്ച്
കരഞ്ഞു കരഞ്ഞ്
കഥയില്‍ രമിച്ച്
കഥയില്ലായ്മയില്‍
അലഞ്ഞ്
ഒരു ജീവിതം.

വൈകി ഉണര്‍ന്നപ്പോള്‍ തോന്നി
പുലര്‍ച്ചയ്ക്കേ ഉണരാമായിരുന്നെന്ന്.
ഉച്ച കഴിഞ്ഞായിരുന്നു ഊണ്‍.
അത് നേരത്തെയാകാമായിരുന്നു.
കണ്ണൊന്നടച്ചു തുറക്കുമ്പൊഴേക്കും
അന്തി മയങ്ങിയല്ലോ.

ഈ പകല്‍
സ്ലേറ്റു മായ്ച്ചെഴുതും പോലെ
ഒന്നാദ്യം‌പൂദ്യം
എഴുതാന്‍ കഴിഞ്ഞിരുന്നെങ്കില്‍...

Monday, 13 April 2009

സര്‍, താങ്കളുടെ രാഷ്ട്രീയമെന്താണു സര്‍?

താങ്കളുടെ രാഷ്ട്രീയമെന്താണെന്ന്
എന്റെ വിദ്യാര്‍ത്ഥികളെന്നോടു
ചോദിച്ചു.
പൂവില്‍ സൌരഭ്യമായിരിയ്ക്കല്‍,
തേനില്‍ മധുരമായിരിയ്ക്കല്‍,
അടുപ്പില്‍ കനലായിരിയ്ക്കല്‍,
കഞ്ഞിയില്‍ ഉപ്പായിരിയ്ക്കല്‍,
കണ്ണില്‍ കരടുപോയാല്‍
സഖാവിന്റെ ചുണ്ടിലെ കാറ്റായിരിയ്ക്കല്‍,
നിശബ്ദരാക്കപ്പെട്ടവരുടെ
നാക്കായിരിയ്ക്കല്‍,
പ്രണയകാലത്ത്
ഡിസംബറിലെ മഞ്ഞില്‍
പൈന്മരങ്ങളുടെ
അവെന്യുവിലൂടെയുള്ള നടത്തമായിരിക്കല്‍,
ഏതു കമ്പോളത്തില്‍ പോയാലും
ഏതൊന്നു തെരഞ്ഞെടുത്താലും
ആദ്യമെന്റെ ഗ്രാമമായിരിയ്ക്കല്‍,
പിന്നെയെന്റെ നാടായിരിക്കല്‍,
ഒടുവിലെന്റെ ലോകമായിരിയ്ക്കല്‍,
വയല്‍ വിള്ളും വേനലില്‍
ഇടമഴയായിരിയ്ക്കല്‍,
വിരല്‍ മുറിയും വര്‍ഷത്തില്‍
തെളിവെയിലായിരിയ്ക്കല്‍,
രാവില്‍ നിലാവായിരിയ്ക്കല്‍,
പരിസ്ഥിതിയില്‍ പച്ചയായിരിയ്ക്കല്‍,
ആകാശത്ത് നീലയായിരിയ്ക്കല്‍,
പടനിലത്ത് പോരാട്ടമായിരിയ്ക്കല്‍,
അടയാളക്കൊടികള്‍ക്കിടയില്‍
ചുവപ്പായിരിയ്ക്കല്‍.
എന്റെ രാഷ്ട്രീയം
ഏതു ഭീഷണിയിലും
മനുഷ്യനായിരിയ്ക്കല്‍.

Monday, 6 April 2009

Saturday, 4 April 2009

ചേറ്റുവ പാലം
കുട്ടിക്കാലത്തെ
നിറഞ്ഞ ജലാശയത്തിന്റെ,
ജങ്കാറിന്റെ ഇരമ്പലിന്റെ
സ്മരണയാണ് ചേറ്റുവ പാലം.
കൊച്ചിക്കു പുറപ്പെട്ട
ടിപ്പുവിന്റെ
തിരിച്ചു പോക്കിന്റെ
ചരിത്രമാണത്.
ഉപേക്ഷിക്കപ്പെട്ട
കോട്ടയാണ്.
പണ്ടൊരിയ്ക്കല്‍
ദീര്‍ഘനാള്‍ ഉമ്മ
ആശുപത്രിയില്‍
കിടക്കവെ
പുഴകടന്നുപോയതിന്റെ
ഓര്‍മ്മയാണത്.
ഒരു വേള ജങ്കാറുകള്‍
നിശ്ചലമായപ്പോള്‍
അകലത്തായിപ്പോയ
തീരങ്ങള്‍ക്കും
ആകാശത്തിനുമിടയിലൂടെ
ഇരമ്പുന്ന കടല്‍ഭീതിയില്‍,
ഒരു കുഞ്ഞു തോണിയില്‍,
ഒരു സന്ധ്യയില്‍
പുഴ കടന്നതിന്റെ
ഓര്‍മയാണ്.
ചേറ്റുവ പാലം
പാലമില്ലാതിരുന്ന
കാലത്തിന്റെ
സ്ഥാവര സ്മരണയാണ്.
കടവു കടന്ന്
ഒരിയ്ക്കല്‍ നടക്കുമ്പോള്‍
രാമു കാര്യാട്ടിന്റെ
വീടിന്റെ മുമ്പില്‍
കണ്ട ആള്‍ക്കൂട്ടമാണ്.
കാര്യാട്ടിന്റെ മരണമാണ്.
ചേറ്റുവ പാലം
പിടയുന്ന കരിമീനുകള്‍
മസാല പുരണ്ട്
എണ്ണയില്‍ മൊരിയുമ്പോള്‍
വായിലൂറുന്ന രുചിയാണ്.
പാലത്തിന് കരുത്തുകിട്ടാന്‍
ജീവനോടെ കരുവാക്കപ്പെടുമെന്ന
കുഞ്ഞുഭയമാണ്.
ഇന്നില്ലാത്ത പലതിന്റെയും
ഓര്‍മയാണ്
ചേറ്റുവ പാലം.

Thursday, 2 April 2009

കൂര്‍ക്കയുടെ മണം

കുളത്തില്‍ നിന്ന്
വെള്ളം കോരിയത്.
പയറിന് നനച്ചത്.
മൂവാണ്ടന്‍ മാവില്‍ നിന്ന്
അണ്ണാറക്കണ്ണന്‍
ചാടിയോടി
വെയില്‍ക്കയം കടന്ന്
തെങ്ങിന്‍‌ത്തൈക്കൈകളിലേയ്ക്ക്
മറഞ്ഞത്.
പയറിന്റെ തളിരില നുള്ളി
വെള്ളത്തില്‍ വേവിച്ച്
അരിയും നാളികേരവും
വറുത്തുചെര്‍ത്ത് തിന്നത്
കൈതക്കാടിനടുത്ത്
പുല്ലാണിമൂര്‍ഖന്‍ പടം പൊഴിച്ചത്
കള്ളുചെത്താന്‍
കുഞ്ഞന്‍ തെങ്ങില്‍ കയറിയത്
ഉമ്മയോടൊപ്പം
മണ്ണുമാന്തി

കൂര്‍ക്കയുടെ
സുഗന്ധമുള്ള
മണികള്‍ കുടഞ്ഞെടുത്തത്.
ഒരുനിലവിളി കേട്ടത്.
കുഞ്ഞന്‍ ചെത്തിയെടുത്ത
കള്ളുമായി ഇച്ചാപ്പയുടെ
മുറിയിലേക്കോടിയത്.
ഞങ്ങളും പാഞ്ഞത്.
റൂഹ് പോയി
ഇച്ചാപ്പ കിടക്കുന്നത് കണ്ടത്.
സ്മരണയിലുണ്ട്
ഇപ്പോഴും.
പയറ്റിലത്തോരന്‍
കാണുമ്പോള്‍,
കൂര്‍ക്കയുടെ
മണമേല്‍ക്കുമ്പോള്‍
എല്ലാം കൂടുതല്‍ സാന്ദ്രമാകും.