Sunday, 10 April 2011

കാവ്യാ മാധവനും കുഞ്ഞാലിക്കുട്ടിയും പിന്നെ അജിതയും


ഒന്ന്
കാവ്യയും കുഞ്ഞാലിക്കുട്ടിയും തമ്മിലെന്ത്‌? ഈ ചോദ്യത്തിന് ഒന്നുമുണ്ടായിരിക്കില്ല എന്ന് തന്നെയാണ് എന്റെ ഉത്തരം. കുഞ്ഞാലിക്കുട്ടിയും കെ അജിതയും തമ്മിലെന്ത്‌ എന്ന് ചോദിച്ചാല്‍ പലതുമുണ്ട് എന്ന് തന്നെയാണ് എന്റെ ഉത്തരം. കുഞ്ഞാലിക്കുട്ടിക്ക് നേരെ ലൈംഗിക പീഡനങ്ങളുടെ ആരോപണങ്ങള്‍ ഉയര്‍ന്ന കാലം മുതല്‍ അജിത അതേ വിഷയത്തെ ജനകീയ വിഷയമായി ഏറ്റെടുത്ത്‌ കേരളീയ സമൂഹത്തിനു മുന്നിലുണ്ട്. അങ്ങനെയല്ലാതെ ആവാന്‍ മന്ദാകിനിയുടെയും കുന്നിക്കല്‍ നാരായണന്റെയും മകള്‍ക്ക് കഴിയില്ല. നമ്മുടെ സ്ത്രീത്വത്തിന്റെ ജൈവാവകശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി മാത്രമല്ല, സകല മനുഷ്യാവകാശ വിഷയങ്ങളിലും മേധാപരമായ ഇടപെടല്‍ നടത്താന്‍ അജിതക്ക് കഴിയുന്നുണ്ട്. അതുകൊണ്ട് തന്നെ മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള മതാധിഷ്ഠിത സ്ഥാപനങ്ങള്‍ക്ക്‌ അജിത എന്നും ഭീഷണിയാണ്. അത് തന്നെയാണ് കുഞ്ഞാലിക്കുട്ടിയും അജിതയും തമ്മിലുള്ളത്. പിന്നെയെങ്ങിനെ കാവ്യാ മാധവന്‍ വിഷയമായി? ഗണേഷിന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന് തൊഴില്‍ ചങ്ങാത്തത്തിന്റെ അടിസ്ഥാനത്തില്‍ കാവ്യാ മാധാവനും സംഘവും പങ്കെടുക്കുകയുണ്ടായി. പലര്‍ക്കും പലതാവാം രാഷ്ട്രീയ പ്രവര്‍ത്തനത്തിനുള്ള നിയാമാകഘടകങ്ങള്‍ . അത് അവരുടെ വ്യക്തിപരമായ കാര്യങ്ങള്‍ . ഏതാനും ചില നടീ നടന്മാരോ മിമിക്രിക്കാരോ ഇറങ്ങിപ്പുറപ്പെട്ടാല്‍ മാറി മറിയുന്നതല്ല പൊതുവില്‍ കേരളീയ മനസ്സ്‌. എന്നാല്‍ രാഷ്ട്രീയക്കാരന് കലയോ കലാകാരന് രാഷ്ട്രീയമോ വര്‍ജ്യമാണെന്ന് വിശ്വസിക്കുന്നുമില്ല. എന്നാല്‍ ഏതു മേഖലയില്‍ ഇടപെടുമ്പോഴും ഒരു പൊതുബോധം അനിവാര്യമാണ്. അതുകൊണ്ടാണ് അന്തരിച്ച ചലച്ചിത്രനടന്‍ മുരളിയുടെ രാഷ്ട്രീയ പ്രവര്‍ത്തനവും ഗണേഷിന്റെ രാഷ്ട്രീയപ്രവര്ത്തനവും വിഭിന്നമാകുന്നത്. മുരളി തന്റെ സര്‍ഗാത്മക പ്രവര്‍ത്തനത്തിന്റെ ഒരു വികസ്വര ഭൂമികയായാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തെ കണ്ടത്‌. ഗണേശന്‍ തന്റെ പിതാവിന്റെ രാഷ്ട്രീയത്തിന്റെ വികാസമോ നിലനിറുത്തലോ ആയാണ് രാഷ്ട്രീയപ്രവര്ത്തനത്തെ കണ്ടത്‌. സ്ത്രീ പീഡനവിഷയവുമായി ബന്ധപ്പെട്ടു ഒരാള്‍ യു ഡി എഫ് അധികാരത്തില്‍ വരികയാണെങ്കില്‍ സുപ്രധാന മന്ത്രിസ്ഥാനത്തേക്ക് കടന്നുവരാന്‍ തയ്യാറെടുത്തു നില്‍ക്കുമ്പോഴാണ് ആ മുന്നണിയിലെ ഒരംഗത്തിന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തില്‍ കാവ്യ പങ്കെടുക്കുന്നത്. ഗണേശന്റെ കാര്യത്തില്‍ തന്നെ ഇത്തരം വിഷയങ്ങളില്‍ പ്രചരിക്കുന്ന കഥകളുണ്ട്. അത് സത്യമോ നുണയോ ആയിരിക്കാം. അതെന്തെങ്കിലുമാകട്ടെ, കാവ്യാ മാധവനെ പോലുള്ളവര്‍ നിരുപദ്രവമെന്ന തോന്നലിലോ സൌഹൃദസഹായം എന്ന വികാരത്താലോ രാഷ്ട്രീയ പ്രചാര വേലകളില്‍ പങ്കെടുത്തേക്കാം. പക്ഷെ അതിന്റെ സ്വാധീന ഫലമായി ജനങ്ങളില്‍ ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടായേക്കാം.
പ്രസക്തമാകുന്നത് ഇതാണ്, അജിത ചോദിച്ച പോലെ: കുഞ്ഞാലിക്കുട്ടി മന്ത്രിയായാല്‍ നമ്മുടെ നാട്ടിലെ സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കും! വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഇറങ്ങിയ ഒരു സിനിമയുണ്ട്. മൃഗയ. അതില്‍ മമ്മൂട്ടി അവതരിപ്പിച്ചത്‌ ഒരു ക്രൂരനും സ്ത്രീലംബടനുമായ വാറുണ്ണി എന്ന വേട്ടക്കാരനെയാണ്. വാറുണ്ണി കയറിയ വീട് എന്ന് പറഞ്ഞാല്‍ ആ വീട്ടിലെ പെണ്‍കുട്ടിയ്ക്ക് പിന്നെ ചെറുക്കനെ കിട്ടില്ല. അത്രക്കുണ്ട് വാറുണ്ണിയുടെ ഗുണം. ഇന്ന് അതേ അവസ്ഥയില്‍ എത്തിയിരിക്കുന്നു കുഞ്ഞാലിക്കുട്ടിയുടെ കാര്യം.
കുഞ്ഞാലിക്കുട്ടിയുടെ സദാചാര വിരുദ്ധ രാഷ്ട്രീയത്തിനെതിരെ  ശബ്ദം ഉയര്‍ത്തിയിട്ടുള്ള പലരും ഭീഷണിക്ക് വിധേയരായിട്ടുണ്ട്. കുഞ്ഞാലിക്കുട്ടി അടക്കമുള്ള ആരോപിതരുടെ പല തരത്തിലുള്ള ഭീഷണിയ്ക്ക് അജിതയും കുടുംബവും ഇരകലായിട്ടുണ്ട് എന്നാണ് അറിവ്. എന്നിട്ടും ജനകീയ പ്രതിരോധ പ്രവര്‍ത്തങ്ങളില്‍ അവര്‍ സജീവമാണ്. അവരെ നിര്‍ജീവമാക്കാന്‍ കുഞ്ഞാലിക്കുട്ടിയുടെ കുത്സിത പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയില്ല. സ്വതന്ത്രമായി അഭിപ്രായം പറയുന്നവരെ നിശബ്ദമാക്കുന്നത് ആരായാലും അവര്‍ ജനാധിപത്യ മൂല്യങ്ങളെ തിരസ്കരിക്കുന്നവരാണെന്ന് പറയേണ്ടതില്ല. പി ജയരാജന്‍ ഏഷ്യാനെറ്റ്‌ പരിപാടിയില്‍ നടത്തിയതെന്ന് പറയുന്നതും അപലപനീയമാണ്, അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ . ഏഷ്യാനെറ്റ്‌ പ്രചരിപ്പിച്ച പോലെ അവരുടെ ദൃശ്യങ്ങള്‍ അവരുടെ വാദങ്ങളെ സാധൂകരിക്കാന്‍ പര്യാപ്തമല്ല. ബി ജെ പി യുടെ രാജീവ്‌ ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റ്‌ ന്യൂസ് ചാനലില്‍ നിന്ന് വേറിട്ടൊരു വാര്‍ത്ത പ്രതീക്ഷിക്കുക വയ്യ.
എന്തായാലും അപലപിക്കേണ്ടവ അപലപിക്കേണ്ടി വരും.
വേങ്ങരയില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ അജിതക്കും സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും നേരെ കാണിച്ച അസഹിഷ്ണുതയും അഴിച്ചുവിട്ട അക്രമവും ഒരു പരിഷ്കൃത സമൂഹത്തിനു അനുകരണീയമല്ല. കേരളത്തിലെ കോണ്ഗ്രസ്, കേരള കോണ്ഗ്രസ് എന്നീ പാര്‍ട്ടികളില്‍ വലിയൊരു വിഭാഗത്തിന് കുഞ്ഞാലിക്കുട്ടിയില്‍ ഒട്ടും താല്പര്യമില്ല. കുഞ്ഞാലിക്കുട്ടി യു ഡി എഫിന്റെ തെരഞ്ഞെടുപ്പ് തോല്‍വിക്ക്‌ കാരണമാകുമെന്നു അവര്‍ ഭയക്കുന്നു. അങ്ങനെ ഒരു പരാജയത്തിലേക്ക്‌ യു ഡി എഫ് പോയാല്‍ മുസ്ലീം ലീഗിന്റെ അകത്തും പുറത്തും വമ്പിച്ച പൊട്ടിത്തെറികള്‍ സംഭവിക്കും.
വി എസ് അച്ചുതാനന്ദന്‍ വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക്‌ കടന്നു വരേണ്ടത് നമ്മുടെ സമൂഹത്തിന്റെ ആവശ്യമാണ്‌. അദ്ദേഹത്തിന്റെ ഏറ്റവും വലിയ എതിരാളി കുഞ്ഞാലിക്കുട്ടി ആയിരിക്കെ അജിതക്കെതിരെ നടന്ന അക്രമത്തിനു പിന്നില്‍ കുഞ്ഞാലിക്കുട്ടിയുടെ കരുനീക്കങ്ങള്‍ ഉണ്ട് എന്ന് വിശ്വസിക്കുന്നവരെ കുറ്റം പറയാനാവില്ല.   
അജിതക്കും സഹപ്രവര്‍ത്തകര്‍ക്കും എതിരെ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ പ്രതിഷേധിക്കുക.

രണ്ട്
മരണശയ്യയില്‍ കിടക്കുന്ന മനുഷ്യദൈവത്തിന്റെ ജീവന് വേണ്ടി പ്രാര്‍ത്ഥന നടത്തുന്ന മനുഷ്യരെ, നിങ്ങള്‍ കാണുന്നില്ലെ ഒരു മനുഷ്യന്‍ ദില്ലിയുടെ വെയിലില്‍ നിരാഹാരം അനുഷ്ഠിക്കുന്നത്? നമ്മുടെ അടിമപ്പെട്ട ദുര്‍വൃത്തിയെ ജീവന്‍ കൊണ്ട് തിരസ്കരിക്കുന്ന അണ്ണാ ഹസാരെ ഓരോ മനുഷ്യന്റെയും ചൂണ്ടുന്ന വിരലും ജ്വലിക്കുന്ന കണ്ണുകളും ആജ്ഞാസ്വരവും ആവുകയാണ്. തന്റെ സമരത്തിന് സങ്കുചിത രാഷ്ട്രീയത്തിന്‍റെ കാവല്‍ വേണ്ട എന്ന് തീര്‍ത്ത് പറയാനുള്ള ആര്‍ജ്ജവവും അദ്ദേഹം കാണിച്ചു. എങ്കിലും ഏഷ്യാനെറ്റിന്റെ ഉടമയും ബി ജെ പി യുടെ നയരൂപീകരണ സമിതി അംഗവുമായ രാജീവ്‌ ചന്ദ്രശേഖര്‍ അവിടെ എത്തി ഐക്യദാര്‍ഢ്യം രേഖപ്പെടുത്തിയത്‌ ഏഷ്യാനെറ്റ്‌ പ്രാമുഖ്യത്തോടെ കാണിച്ചു. അണ്ണാ ഹസാരെയും സ്വാമി അഗ്നിവേശും കിരണ്‍ ബേദിയും നേതൃത്വം നല്‍കുന്ന മുന്നേറ്റം ഒരിയ്ക്കലും സങ്കുചിത രാഷ്ട്രീയത്തിന്റെ വാണിജ്യ വേദിയാകരുത്. വിശാലമായ രാഷ്ട്രീയത്തെ മനുഷ്യസാകല്യത്തിന്റെ പൊതു നന്മക്കുവേണ്ടി പ്രയോഗിക്കുന്നവരാണ് ഇത്തരം സമരങ്ങളോട് ഐക്യദാര്‍ഢ്യപ്പെടേണ്ടത്. അഴിമതി വിരുദ്ധ ലോക്പാല്‍ ബില്‍ പാസാക്കണം എന്നാവശ്യപ്പെട്ട് അണ്ണാ ഹസാരെ നടത്തുന്ന സമരത്തെ നമ്മള്‍ പിന്തുണക്കണം. കക്ഷിരാഷ്ട്രീയത്തിന്‍റെ കണ്ണുകള്‍ പലതാവട്ടെ. നന്മയുടെ നോട്ടം ഒന്നുതന്നെയാവണം. സങ്കുചിത രാഷ്ട്രീയത്തിന്റെ ദേശീയ പതിപ്പായ ബി ജെ പി കോണ്ഗ്രസിന്റെ സാമൂഹ്യ കാഴ്ചപ്പാടില്‍ നിന്ന് ഭിന്നമായ ഒന്ന് വച്ചുപുലര്‍ത്തുന്നുണ്ട് എന്ന് എനിയ്ക്ക് തോന്നുന്നില്ല. ഇന്ന് ബി ജെ പി യാണ് അധികാരത്തില്‍ എങ്കില്‍ കോണ്ഗ്രസ് എടുക്കുന്നതോ അതില്‍ അപകടകരമോ ആയ നടപടി ആയിരിക്കും എടുക്കുക. അതിന് നിരവധി ഉദാഹരണങ്ങള്‍ നമ്മുടെ മുന്നില്‍ കിടക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യ മേഖലക്ക്‌ വിറ്റഴിക്കാനുള്ള മന്ത്രാലയം വരെ ഏര്‍പ്പെടുത്തിയ ബി ജെ പി സര്‍ക്കാര്‍ എന്ത് നൈതികതയാണ് പ്രസംഗിക്കുന്നത്? സാമൂഹ്യ വിഷയങ്ങളിലും രാഷ്ട്രീയകാര്യങ്ങളിലും ഏതാണ്ട് സത്യസന്ധവും ന്യായയുക്തവുമായ നിലപാടെടുക്കുന്ന രാഷ്ട്രീയ-സാമൂഹ്യ പ്രസ്ഥാനങ്ങളാണ് ഇത്തരം മുന്നേറ്റങ്ങള്‍ക്ക് ഇന്ധനം പകരേണ്ടത്. അത്തരമൊരു നീക്കത്തിന്റെ ഭാഗമായി വേണം വി എസ് അച്ചുതാനന്ദന്‍ സമരനായകന്‍ അണ്ണാ ഹസാരെയ്ക്ക് കത്തയച്ചതിനെ കാണാന്‍ . സമരം ജനങ്ങള്‍ക്ക് വേണ്ടിയെന്ന്‍ തെളിയിക്കുന്ന ഒപ്പായി ഈ കത്ത്‌ മാറുന്നു. ലോകത്തെ വികസിത രാജ്യങ്ങളുടെ നെറുകയില്‍ നില്‍ക്കുന്ന ജപ്പാനെ പോലും അപരിഹാര്യമായ കെടുതിയിലേക്ക് തള്ളിവിട്ട സമീപകാല ആണവ ദുരന്തത്തിന്‍റെ വെളിച്ചത്തിലും വികസന ദാരിദ്ര്യം അനുഭവിക്കുന്ന ഇന്ത്യയുടെ പ്രധാനമന്ത്രി നമ്മുടെ ആണവനിലയങ്ങളെല്ലാം സുരക്ഷിതമാണെന്ന് ഒട്ടും സങ്കോചമില്ലാതെ പറഞ്ഞത്‌ നമ്മള്‍ ജലം തൊടാതെ വിഴുങ്ങണോ? റ്റു ജി സ്പെക്ട്രവും ആദര്‍ശ്‌ ഫ്ലാറ്റും കോമ്മന്‍വെല്‍ത്തും നുരയുന്ന ദേശത്താണ് നമ്മള്‍ ജീവിക്കുന്നത്. മന്മോഹന്‍ സിങ്ങിന് ഇന്ത്യയിലെ വെണ്ണപ്പാളിയോടും അമേരിക്കന്‍ സാമ്രാജ്യത്വത്തോടുമാണ് ആഭിമുഖ്യം. അങ്ങനെ ഒരാള്‍ മഹാ ഭൂരിപക്ഷം വരുന്ന സാധാരണക്കാരനെ ഗൌനിക്കുന്നതെങ്ങിനെ? അവിടെയാണ് വി എസ് എന്ന കേരള മുഖ്യമന്ത്രി വ്യത്യസ്തനാകുന്നത്.
വി എസ് കേരളത്തില്‍ ആവര്‍ത്തിക്കേണ്ട ഒരു അനിവാര്യതയാണ്. ഏതു സമവാക്യങ്ങള്‍ വെച്ച് പരിശോധിച്ചാലും എല്ലാ ശരിതെറ്റുകളും നിരത്തിവെച്ച് അരിച്ചെടുത്താലും ഒരു മലയാളി എത്തിച്ചേരുന്ന ഒരു തീരുമാനമുണ്ട്. ഇടതുപക്ഷം അധികാരത്തില്‍ വരണം. വി എസ് വീണ്ടും മുഖ്യമന്ത്രി ആകണം. വലിയ വലിയ പ്രതീക്ഷകള്‍ വെച്ചുപുലര്ത്തിയല്ല ആളുകള്‍ ഇത് പറയുന്നത്. നമ്മുടെ പൊതു ഖജനാവിന് വലിയ തകരാറുകള്‍ പറ്റാതിരിക്കാന്‍ , തീര്‍ത്തും ജനവിരുദ്ധമായ നയങ്ങള്‍ നടപ്പിലാകാതിരിക്കാന്‍ , താരതമ്യേന സ്വീകാര്യമായ പദ്ധതികള്‍ സാക്ഷാല്‍ക്കരിക്കാന്‍ ഇടതുപക്ഷം അധികാരത്തില്‍ വന്നേ പറ്റൂ. ഇന്നത്തെ അവസ്ഥയില്‍ വി എസ് അല്ലാതെ ഒരാളെ നമ്മുടെ സംസ്ഥാനത്തെ നയിക്കാന്‍ ഭൂരിഭാഗം ആളുകളും കാണുന്നില്ല. ഏറ്റവും സ്വീകാര്യനായ മുഖ്യമന്ത്രിയായി വി എസിനെ കാണുന്ന ആളുകള്‍ അദ്ദേഹം അധികാരത്തില്‍ വരണമെങ്കില്‍ ഇടതു സ്ഥാനാര്‍ഥികള്‍ ജയിക്കേണ്ടതുണ്ട് എന്നുകൂടെ കരുതുന്നവരാണ്. അങ്ങനെയെങ്കില്‍ ഏഷ്യാനെറ്റ്‌ സര്‍വേയില്‍ എങ്ങിനെ ഇടതുപക്ഷം തോല്‍ക്കും? ഡോ. കെ എസ് ഡേവീസ് പറഞ്ഞപോലെ സര്‍വേയില്‍ ചാനലുകാര്‍ ചില താല്പര്യങ്ങള്‍ ഒളിപ്പിച്ചു വെക്കുന്നു. അത് പൊതുവില്‍ നമ്മുടെ മാധ്യമ രംഗത്തിന്റെ പൊതു സ്വഭാവമായി മാറിയിരിക്കുന്നു. നമ്മുടെ ദൃശ്യ-അച്ചടി മാധ്യമങ്ങള്‍ ഇപ്പോള്‍ വ്യാപകമായി വലതുപക്ഷ താല്പര്യങ്ങളെ പ്രതിനിധീകരിക്കുന്നു. അത് തന്നെയാണ് പൊതു താല്പര്യം എന്ന് വ്യാജമായി പ്രചരിപ്പിക്കുന്നു. ആര് ഭരിച്ചാലും നാലാം എസ്റേറ്റ് പ്രതിപക്ഷത്തായിരിക്കുക എന്നത് ഒരു നൈതിക മുദ്രാവാക്യമാണ്. അത് കാര്യങ്ങളെ സര്‍ഗാത്മകമായും വിമര്‍ശനാത്മകമായും കാണാനുള്ള പ്രചോദനം പകരുന്നുണ്ട്. അത് ഭരണത്തിലെ നന്മകളെ കാണാതിരിക്കാനും പ്രതിപക്ഷത്ത്‌ അടുത്ത ഭരണം കാത്തിരിക്കുന്ന ഖദര്‍ വടിവിലെ അമേയമായ അഴിമതിതൃഷ്ണയെ തൃണവത്ക്കരിക്കാനും ആകരുത്. നോക്കൂ, ഉമ്മന്‍ ചാണ്ടിയുടെയും രമേശ്‌ ചെന്നിത്തലയുടെയും കുഞ്ഞാലിക്കുട്ടിയുടെയും മാണിയുടെയും മുഖത്തേക്ക്‌. അവിടെ സംശുദ്ധ രാഷ്ട്രീയം തിളങ്ങുന്നുണ്ടോ? നോക്കൂ, ഇടതു സ്ഥാനാര്‍ഥികളുടെ മുഖത്തേക്ക്. അവിടെ നിങ്ങള്‍ വലിയ പ്രതീക്ഷകള്‍ തിരയടിക്കുന്നത് കാണില്ലായിരിക്കാം. പക്ഷെ അത്ര ആര്ത്തിയില്ലാത്ത മുഖങ്ങള്‍ കാണാം. തെറ്റുകുറ്റങ്ങള്‍ കണ്ടേക്കാം. എന്നാലും അത് രാഷ്ട്രീയ ആത്മഹത്യയോളം വരില്ല. ഇന്നും അന്ധമായി മത രാഷ്ട്രീയത്തെ പിന്തുണക്കുന്ന മുസ്ലീം ലീഗുകാരും കേരള കൊണ്ഗ്രസുകാരും ഒരു മതേതര-ജനാധിപത്യ സമൂഹത്തെ കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു. ഇടതുപക്ഷ രാഷ്ട്രീയ വിശ്വാസമുള്ളവര്‍ സംഘടിത ഇടതുപക്ഷത്ത് കൂടുതല്‍ സര്‍ഗാത്മകമായ മാറ്റങ്ങളും അഭിലഷണീയ മുന്നേറ്റങ്ങളും വന്നുകാണാന്‍ ഇടപെടണം. എന്തായാലും അതിനേക്കാള്‍ എളുപ്പമല്ല വലതു പക്ഷ രാഷ്ട്രീയത്തെ കറ കളഞ്ഞെടുക്കല്‍ . ഇടതുപക്ഷം ഈ തെരഞ്ഞെടുപ്പില്‍ ജയിക്കേണ്ടത് അതുകൊണ്ടാണ് അനുപേക്ഷണീയമാകുന്നത്.
മൂന്ന്
മലമ്പുഴയില്‍ ലതികയെ കുറിച്ച് വിയെസ്‌ ചട്ടവിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഈ വിഷയത്തില്‍ വിയെസിനെ തടവറയില്‍ കാണാം എന്ന് ചാനലുകളിലൂടെ വിളിച്ചു പറഞ്ഞ എം എം. ഹസന് മിണ്ടാട്ടമില്ലാതായി. ആന്‍റണിയാണെങ്കില്‍ വടി കൊടുത്ത്‌ അടി വാങ്ങി നടക്കുന്നു. സിന്ധു ജോയിയുടെ കാര്യം പറഞ്ഞാല്‍ തമാശയാണ്. 'അത് ഞങ്ങള്‍ ഏര്‍പ്പെടുത്തിയ ഒരു നാടകമാണ്.' എന്ന് കൊണ്ഗ്രസുകാര്‍ തന്നെ സമ്മതിക്കുന്നു. അത് ചാനല്‍ ദൃശ്യങ്ങളും വെളിവാക്കുന്നുണ്ട്. സിന്ധു ജോയിയും അബ്ദുള്ള കുട്ടിയുമെല്ലാം സി പി ഐ എമ്മിന് പറ്റിയ പാളിച്ചകളാണ്.
ആര്‍ക്കും എന്തും വിശ്വസിക്കാനുള്ള അവകാശമുണ്ട്. അത് ജനാധിപത്യ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനമാണ്. പക്ഷെ ജനാധിപത്യത്തില്‍ പൌരന്മാര്‍ സാമൂഹികാവസ്ഥയെ കുറിച്ച് വിജ്ഞാരായിരിക്കുക എന്നതും സുപ്രധാനമാണ്. അറിവില്ലാത്ത സമൂഹത്തില്‍ ജനാധിപത്യമായാലും വിപരീത ഫലമാണ് ഉണ്ടാക്കുക.
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണം പരിപൂര്‍ണമായും ശരിയായിരുന്നു എന്ന് കടുത്ത ഇടതുപക്ഷ വിശ്വാസി പോലും പറയില്ല. തെരഞ്ഞെടുപ്പിന്റെ ജ്വരാവേശത്തില്‍ ചിലപ്പോള്‍ പറഞ്ഞാല്‍ പോലും അത് കാര്യമാക്കേണ്ടതില്ല. എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷം അഴിമതിയുടെ കഥകള്‍ നമ്മള്‍ കേട്ടില്ല. ഭിന്ന ശേഷിയുള്ളവര്‍ (വികലാംഗര്‍ എന്ന് സാധാരണ വിളിക്കപ്പെടുന്നവര്‍) അടക്കമുള്ള വിഭാഗങ്ങള്‍ അടക്കം ഭരണത്തിന്റെ കുറെ നന്മകള്‍ അനുഭവിക്കുന്നുണ്ട്. പലപ്പോഴും ഇടതുപക്ഷ ഭരണത്തിന്റെ ഗുണങ്ങള്‍ ജനങ്ങളെ മനസ്സിലാക്കിക്കുന്നതില്‍ ആദ്യഘട്ടത്തില്‍ പ്രവര്‍ത്തകര്‍ക്ക് പാളിച്ചകള്‍ പറ്റി. പാര്‍ട്ടിയിലെ അസ്വാരസ്യങ്ങളും അതിനു കാരണമായിട്ടുണ്ട്. സി. ദിവാകരനൊക്കെ ഒരു ഇടതുപക്ഷ ഭരണാധികാരിയുടെ ഭാഷയിലല്ല വചിച്ചതും ചലിച്ചതും. ഇത്തരത്തിലുള്ള വിശകലനങ്ങള്‍ ഒന്നും യു ഡി എഫ് നേതാക്കന്മാരുടെ കാര്യത്തില്‍ സാധ്യമല്ല. അവര്‍ രാഷ്ട്രീയ ധാര്‍മ്മികതയില്‍ നിന്ന് കാതങ്ങള്‍ അകലെയാണ്. ഇത്രയും മനസ്സിലാക്കണമെങ്കില്‍ നമ്മുടെ രാഷ്ട്രീയ-സാമൂഹ്യ സാഹചര്യങ്ങളെ ചരിത്രപരമായി അഭിമുഖീകരിക്കണം. അത്തരം വീക്ഷനബോധം ഇല്ലാത്ത ഒരു രാഷ്ട്രീയധാര നമ്മുടെ പൌരശരീരത്തിന് അകത്തുണ്ട്. അവരെ കൂടുതല്‍ ശരിയുടെ ഭാഗത്തേക്ക്‌ കൊണ്ടുവരാന്‍ ശ്രമിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ല. ശരത് യാദവ്‌ മാത്രമല്ല, കോണ്ഗ്രസ് നേതാക്കന്മാര്‍ പോലും വിയെസിനെതിരെ യു ഡി എഫ് സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതില്‍ വ്യക്തിപരമായി വിയോജിപ്പുള്ളവരായിരുന്നു. പിന്നെ വിയെസാണ് കേരളത്തില്‍ തരംഗം എന്നറിഞ്ഞപ്പോള്‍ ഇവരെല്ലാം അദ്ദേഹത്തിനെതിരെ തിരിഞ്ഞു. സുകുമാര്‍ അഴീക്കോട്‌ പറയുന്നത് പോലെ ഇടതുപക്ഷം ജയിക്കുക എന്നത് തന്നെയാണ് ചരിത്രപരമായ ആവശ്യകത. അങ്ങനെയല്ലാതെ വരുന്നെങ്കില്‍ കേരളം വലിയ വില കൊടുക്കേണ്ടി വരും.