Sunday 12 December 2010

മഴുകേരളം

കരുണാകരന്റെ
പല്ലുകാട്ടിച്ചിരി
കണ്ടു ശീലിക്കും മുമ്പ്
ആയിരത്തിത്തൊള്ളായിരത്തി അമ്പത്താറില്‍
ഏതോ ഒരു കുടുമ വെച്ച
ഭസ്മധാരി
അറബിക്കടലില്‍ മഴുവെറിഞ്ഞ്
കേരളമുണ്ടാക്കി.
മഴുകൊണ്ട് അയാള്‍ക്ക്
മറ്റൊരു വേലയും അറിയില്ലായിരുന്നു.
അങ്ങനെയാണ്
മഴുവഞ്ചേരിത്തമ്പ്രാക്കളും
നാടുവാണത്.
കേരളത്തെ ജില്ലാപഞ്ചായത്തുകളായും
അവയെ ബ്ളോക്ക് പഞ്ചായത്തുകളായും
വിഭജിച്ചു.
ബ്ളോക്ക് പഞ്ചായത്തിനെ
വിഭജിച്ചാണ് ഗ്രാമപഞ്ചായത്തുകള്‍
ഉണ്ടായത്.
ഇവിടങ്ങളിലെ ഭരണാധികാരികളെ
പ്രസിഡന്റുമാര്‍ എന്നാണ് വിളിച്ചിരുന്നത്.
വാര്‍ഡ് അഥവാ ഗ്രാമസഭയാണ്
ഗ്രാമപഞ്ചായത്തിന്റെ
അടിസ്ഥാന തലം.
അഞ്ചു വര്‍ഷത്തിലൊരിക്കല്‍
അവിടെ എല്‍ഡിയെഫും
യുഡിയെഫും
കള്ളനും പോലീസും
കളിച്ചു.
തോല്‍ക്കുന്നവര്‍
പറഞ്ഞു:
അടുത്ത കളിയില്‍
കാണിച്ചു തരാം.

കടലില്‍ തപ്പുകയാണ്
പണ്ട് പതിച്ച
മഴു തിരിച്ചെടുക്കാന്‍ .
നമ്മുടെ ചരിത്രം.
നമ്മുടെ ഭൂമിശാസ്ത്രം.
നമ്മുടെ പൌരധര്‍മം.