Monday, 27 July 2009

അറിയുന്നില്ലയൊന്നും


പെയ്തു മഴ;മഞ്ഞും.
അറിഞ്ഞില്ല ആരും

ഇലകള്‍ ‍അടരുന്നത്‌.

കാലം പഴുക്കുന്നത്‌.

മുന്‍വരിയിലെ പല്ലു പോയ

മോണ കാട്ടി ചിരിക്കുന്ന പുലരി.

നരകയറിയ പുരികങ്ങള്‍ക്കുമേല്‍

‍ചുളിവു വീണ നെറ്റിപോലെ

അസ്തമിക്കുന്ന സന്ധ്യ.


മരത്തില്‍നിന്നും കനി.

കനിയില്‍നിന്നും വിത്ത്‌.

പൂവില്‍നിന്നും തേന്‍.

തേനിന്റെ മധുരം.

സന്ധ്യയില്‍നിന്ന് ചുവപ്പ്‌.

രാവില്‍നിന്ന് കറുപ്പ്‌.

കറുപ്പില്‍നിന്ന്

പുലരിയുടെ വെണ്മ

മുമ്പേ പോയവരില്‍

നിന്ന് പിമ്പേ വന്നവര്‍.

ഒഴുകിത്തീരാത്തതുകൊണ്ട്‌

അറിയുന്നില്ല, എത്രയൊഴുകി ഈ പുഴയെന്ന്.

No comments:

Post a Comment