Monday, 27 July 2009

ഭൂപടത്തിലില്ലാത്തത്‌

(മാത്ര്‌ഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്.)
എം. ഫൈസല്‍
സൌദി അറേബ്യയുടെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യാ നഗരമാണ്‌ തബൂക്ക്‌. അറേബ്യന്‍ ചരിത്രത്തില്‍ സവിശേഷ സ്ഥാനമുള്ള ഈ പ്രദേശം രാജ്യത്തിന്റെ കാര്‍ഷികപ്രധാനമായ മേഖലയും സൈനിക പരിശീലന കേന്ദ്രവുമാണ്‌. അറേബ്യന്‍ പെനിന്‍സുലയുടെ ഉത്തര അക്ഷാംശത്തില്‍ പെടുന്ന തബൂക്ക്‌ ശീതകാലത്ത്‌ മൈനസ്‌ താപനിലയിലേക്ക്‌ വീഴുന്ന പ്രദേശം കൂടിയാണ്‌.
രണ്ടായിരത്തിലാണ്‌ ഞാനും ഭാര്യയും മകനോടുകൂടെ അവിടെ അധ്യാപകരായി എത്തുന്നത്‌. ഇന്ത്യന്‍ എംബസിക്കു കീഴില്‍ സ്ഥാപിക്കപ്പെട്ടതായിരുന്നു ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍. അവിടെയെത്തുന്ന അദ്യത്തെ ഔദ്യോഗിക അധ്യാപകരില്‍ പെട്ടവരായിരുന്നു ഞങ്ങള്‍.ഞങ്ങളുടെ സ്കൂള്‍ ലോകത്തിന്റെ തന്നെ ഒരു കൊച്ചു പരിഛേദമായിരുന്നു. സൌദി അറേബ്യയിലേക്ക്‌ ഉപജീവനാര്‍ത്ഥം കുടിയേറിയിട്ടുള്ള വിവിധ ദേശക്കാരുടെ മക്കള്‍ വിദ്യാര്‍ത്ഥികളായി അവിടെ ഉണ്ടായിരുന്നു. ഞങ്ങളുടെ സ്കൂളിനു പുറമെ അവിടെ ഉണ്ടായിരുന്ന മറ്റൊരു അംഗീകൃത വിദ്യാലയം ബ്രിട്ടീഷ്‌ എംബസി സ്കൂള്‍ മാത്രമായിരുന്നു. അവിടത്തെ പഠനച്ചിലവ്‌ പലര്‍ക്കും താങ്ങാനാവാത്തതുമായിരുന്നു. അങ്ങനെയാണ്‌ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ ആഗോളതലത്തിലുള്ള വിവിധ ദേശസംസ്കാരങ്ങളുടെ സംഗമസ്ഥലിയായി മാറിയത്‌. സി.ബി.എസ്‌.ഇ. നിര്‍ദ്ദേശിച്ച പാഠ്യപദ്ധതിയാണ്‌ ഞങ്ങളുടെ സ്കൂള്‍ പിന്‍തുടര്‍ന്നിരുന്നത്‌. ഗണിതവും ശാസ്ത്രവും പോലെ സാര്‍വ്വദേശീയ സ്വഭാവമുള്ള വിഷയങ്ങള്‍ക്കു പുറമെ ഇന്ത്യാ ചരിത്രവും സംസ്കാരവും യാതൊരു സങ്കോചവുമില്ലാതെ വിവിധ ദേശക്കാരായ കുട്ടികള്‍ പഠിച്ചു.പഞ്ചായത്തീരാജിന്റെ മേന്മകളും സംഘകാല സംസ്കാരത്തിന്റെ നന്മകളും പഠിക്കാന്‍ പിരമിഡുകളുടെ മണ്ണില്‍നിന്നും എബ്രഹാം ലിങ്കന്റെ നട്ടില്‍നിന്നും വന്ന കുട്ടികള്‍ക്ക്‌ തെല്ലുപോലും വൈമനസ്യമുണ്ടായിരുന്നില്ല എന്നുമാത്രമല്ല, പല വിടേശീയ വിദ്യാര്‍ത്ഥികളും പഠനനിലവാരത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ മുന്നിലുമായിരുന്നു.ആസ്ട്രേലിയ ഒഴികെയുള്ള എല്ലാ വന്‍കരകളില്‍ നിന്നും കുട്ടികളുണ്ടായിരുന്നു. സത്യത്തില്‍ ഇന്ത്യന്‍ കുട്ടികളേക്കാള്‍ വിടേശീയ വിദ്യാര്‍ത്ഥികളായിരുന്നു ഭൂരിപക്ഷം. നമ്മുടെ ശത്രുരാജ്യമെന്ന് സാംസ്കാരിക ദേശീയതയുടെ വക്താക്കള്‍ മുദ്രയടിച്ച പാക്കിസ്ഥാനില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും അവരുടെ മാതാപിതാക്കളും അവരുടെ മമതയും എന്റെ സങ്കല്‍പത്തിലെ വൈരിവിഗ്രഹത്തെ തച്ചുടച്ചു. സ്കൂളിന്റെ പഠനാനുബന്ധ പ്രവര്‍ത്തനങ്ങളില്‍ രക്ഷാകര്‍തൃ ഇടപെടല്‍ വേണ്ടിവന്നപ്പോഴെല്ലാം അവര്‍ നല്‍കിയ നിസ്സീമമായ സ്നേഹവും സഹകരണവും ഇരുരാജ്യങ്ങളിലെയും രാഷ്ട്രീയ നേതൃത്വങ്ങള്‍ ഊതിവീര്‍പ്പിക്കുന്ന വിപരീതരാഷ്ട്ര സ്വത്വമെന്ന മുള്‍വേലിയെ ഭേദിക്കുന്നതായിരുന്നു.
പാക്കിസ്ഥാനിലെ കറാച്ചിക്കാരനായ സലീം റംസാന്‍ എന്ന വിദ്യാര്‍ത്ഥി ഇടക്കിടെ ഞങ്ങളുടെ വസതി സന്ദര്‍ശിക്കുമായിരുന്നു. അവന്‍ നല്ല സംഗീതാസ്വാദകനായിരുന്നു. നമ്മുടെ ഹിദുസ്ഥാനി മാത്രമല്ല കര്‍ണാട്ടിക്‌ സംഗീതവും അവനേറെ ഇഷ്ടപ്പെട്ടു. എന്റെ കൈവശമുള്ള മിക്കാവാറും എല്ലാ മ്യൂസിക്ക്‌ ഡിസ്ക്കുകളും കാസറ്റുകളും അവന്‍ കൊണ്ടുപോയി ആസ്വദിക്കുമായിരുന്നു. അവനിഷ്ടമായ വിഭവം ഇഡ്ഢലിയും. അവന്‌ പത്താംക്ലാസ്‌ പൂര്‍ത്തിയാക്കാനായില്ല. അവന്റെ പിതാവ്‌ അവനെ ജന്മനാട്ടിലേക്കയച്ചു. അവന്റെ വിദ്യാഭ്യാസത്തില്‍ പിതാവിനൊട്ടും താല്‍പര്യമുണ്ടായിരുന്നില്ല. അതൊകൊണ്ടുതന്നെ അവന്‍ എത്രയും വേഗം തിരിച്ചുപോയി നാട്ടിലെ കച്ചവടത്തില്‍ സഹായിക്കണമെന്നായിരുന്നു പിതാവിന്റെ നിര്‍ബന്ധം. സലീം ഇപ്പോള്‍ എന്തു ചെയ്യുകയാവാം! ഒരറിവുമില്ല.പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ അന്യദേശക്കാര്‍ നമ്മുടെ ദേശീയഗാനം ആലപിക്കുന്നത്‌ സ്കൂള്‍ പ്രേല്‍സാഹിപ്പിച്ചിരുന്നില്ലെങ്കിലും മിക്കവാറും എല്ലാ കുട്ടികളും താല്‍പര്യത്തോടെ മുന്നോട്ടു വരുമായിരുന്നു. ഇന്ത്യക്കാരെ പോലെ തങ്ങള്‍ക്കും ഇന്ത്യന്‍ ദേശീയഗാനം ചൊല്ലാന്‍ അവകാശമുണ്ട്‌ എന്നതായിരുന്നു ബംഗ്ലാദേശി വിദ്യാര്‍ത്ഥികളുടെ അവകാശവാദം. ഇരുരാജ്യങ്ങള്‍ക്കും പൊതുവായി ഉള്ളതിലൊന്ന് ഇരുവരുടെയും ദേശീയഗാനങ്ങളുടെ കര്‍ത്താവായ രവീന്ദ്രനാഥ്‌ ടാഗോറാണല്ലൊ.ബ്രസീലിയന്‍ പെണ്‍കുട്ടിയായ പമീലയുടെ ഏറ്റവും അടുത്ത കൂട്ടുകാരികള്‍ മലയാളി കുട്ടികളായിരുന്നു. കേരളത്തെ കുറിച്ച്‌ അവള്‍ക്കും അവളുടെ മാതാപിതാക്കള്‍ക്കും വലിയ മതിപ്പായിരുന്നു. ഒരവധിയ്ക്ക്‌ കേരളം സന്ദര്‍ശിക്കണമെന്ന് പറഞ്ഞിരുന്നു. കേരളത്തിലെ പ്രധാന സ്ഥലങ്ങളുടെ വിശദാംശങ്ങള്‍ ഞാനവളുടെ പിതാവിന്‌ അയച്ചുകൊടുത്തിട്ടുണ്ട്‌. പലപ്പോഴും സ്കൂളിനു പുറത്തുള്ള സൌഹൃദച്ചടങ്ങുകളില്‍ പാവാടയും ബ്ലൌസുമണിഞ്ഞാണ്‌ ആ ബ്രസീലിയന്‍ പെണ്‍കുട്ടിയെ കണ്ടിട്ടുള്ളത്‌.
ഏഴുവര്‍ഷത്തെ സേവനകാലം ഒരുപാട്‌ സ്നേഹസ്മരണകളുടേതാണ്‌. ഒരു അദ്ധ്യാപകനെന്ന നിലയില്‍ ഹൃദയത്തെയും ചിന്തയെയും സ്പര്‍ശിച്ച നിരവധി സന്ദര്‍ഭങ്ങള്‍. ചിലപ്പോള്‍ വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകരുടെ ഗുരുസ്ഥാനത്തെത്തുന്ന അവസരങ്ങള്‍.
ഇസ്രാ സമീര്‍ ഹംദാന്‍ എന്നായിരുന്നു അഞ്ചാംക്ലാസില്‍ പഠിച്ചിരുന്ന അവളുടെ പേര്‌. ജന്മംകൊണ്ട്‌ പലസ്തീന്‍കാരി. പലായനം ചെയ്ത്‌ ഇപ്പോള്‍ ജോര്‍ദ്ദാനില്‍ പൌരത്വമെടുത്ത കുടുംബം. പിതാവ്‌ സമീര്‍ ഹംദാന്‍ തബൂക്കിലെ തന്നെ സൌദി വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലുള്ള ഒരു കോളേജില്‍ ഇംഗ്ലീഷ്‌ അദ്ധ്യാപകന്‍. ഞങ്ങളുടെ കൂടിക്കാഴ്ചകളില്‍ പലസ്തീന്‍ പോരാട്ടവും പേരാളികളുടെ ജീവവായുവായി മാറിയ ഇന്തിഫാദയും ചര്‍ച്ചാവിഷയങ്ങളാവുമായിരുന്നു.ഒരിയ്ക്കല്‍ ഞാന്‍ രാജ്യങ്ങള്‍ അടയാളപ്പെടുത്താനായി ലോകഭൂപടത്തിന്റെ ഫോട്ടോകോപ്പികള്‍ ക്ലാസില്‍ വിതരണം ചെയ്തു. അറ്റ്ലസിന്റെ സഹായത്തോടെ കുട്ടികള്‍ക്ക്‌ വീട്ടില്‍ പോയി ചെയ്യാവുന്നതായിരുന്നു അത്‌. പിറ്റേന്നു തന്നെ ഭൂരിപക്ഷം കുട്ടികളും അടയാളപ്പെടുത്തിയ ഭൂപടങ്ങള്‍ കൊണ്ടുവന്നു. അവയെല്ലാം പരിശോധിച്ച്‌ തിരിച്ചുകൊടുത്തു. ഒരു രാജ്യമൊഴികെ മേറ്റെല്ലാം അടയാളപ്പെടുത്തിയിരിക്കുന്നു ഇസ്ര.
ഞാന്‍ ചോദിച്ചു.
ഇസ്രാ, ഇസ്രായേലെവിടെ?
അവള്‍ പറഞ്ഞു.
അതവിടെയില്ല, സര്‍.
എനിയ്ക്ക്‌ അവള്‍ പറഞ്ഞത്‌ പെട്ടെന്ന് പിടികിട്ടിയില്ല. ഭൂപടത്തില്‍ വിരല്‍ വെച്ച്‌ ഞാന്‍ ചോദ്യം വ്യക്തമായി ആവര്‍ത്തിച്ചു.
ഇസ്ര, ഇസ്രായേല്‍ എന്ന രാജ്യം എന്തേ അടയാളപ്പെടുത്താതിരുന്നത്‌?
അവള്‍ വ്യക്തമായി മറുപടി പറഞ്ഞു.
അങ്ങനെയൊരു രാജ്യം ഈ ഭൂമിയിലില്ല, സര്‍.
പെട്ടെന്ന് ഞാന്‍ നിവര്‍ന്നിരുന്നു. ഇസ്രായേല്‍ എന്ന രാജ്യമില്ല! എന്റെ ബോധത്തിന്റെ കഴ്ച അവളുടെ പേരിലേക്ക്‌, കുടുംബത്തിലേക്ക്‌, അവരുടെ രാഷ്ട്രീയത്തിലേക്ക്‌ ഊളിയിട്ടുപോയി. നരസിംഹ റാവു ഇന്ത്യന്‍ പ്രധാനമന്ത്രിയാകുന്നതിനു മുമ്പ്‌ നമ്മള്‍ ഇന്ത്യക്കാരും വിശ്വസിച്ചിരുന്നല്ലൊ ഇസ്രായേല്‍ എന്നൊരു രാജ്യം നിലനില്‍ക്കുന്നില്ലെന്ന്!
ഞാന്‍ പറഞ്ഞു.
ഇസ്രാ, നീ പറഞ്ഞതാണു ശരി.
അവളെ ഇരിപ്പിടത്തിലേക്ക്‌ പറഞ്ഞയച്ചു.
പിന്നീടൊരിയ്ക്കല്‍ സ്കൂളിന്റെ ഒരു പൊതുചടങ്ങ്‌ നടക്കുന്ന വേളയില്‍ ഇസ്രയുടെ പിതാവും മാതാവും സ്നേഹപൂര്‍വ്വം എന്റെ അടുത്തു വന്നു. ഞങ്ങള്‍ ഹസ്തദാനം ചെയ്തു. ഞാന്‍ മുന്നനുഭവത്തിന്റെ വല്ലാത്തൊരു വൈകാരികതയില്‍ സമീര്‍ ഹംദാന്റെ കണ്ണുകളിലേക്ക്‌ നോക്കി. അദ്ദേഹം പുഞ്ചിരിച്ചു.
ഞാന്‍ പറഞ്ഞു.
ഇസ്രായേല്‍ എന്ന ഒരു രാജ്യം ഈ ലോകത്തില്ല.
ജീവിതത്തിന്റെ ഭാഗമായിത്തീര്‍ന്ന ദൃഢനിശ്ചയം തുടുപ്പിച്ച അതേ പുഞ്ചിരിയില്‍ ഹംദാന്‍ പറഞ്ഞു.
നന്ദി, സര്‍.

(മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്‌)

1 comment:

  1. മാതൃഭൂമിയില്‍ ഈ കൃതി വായിച്ചിട്ടുണ്ട് ,
    ആശംസകള്‍
    തഹ്സീന്‍

    ReplyDelete