Sunday, 5 July 2009
വിപരിണാമം
നെഞ്ചിലെ അസ്തികൊണ്ടു വില്ലുകുലച്ചവന്‍നോക്കൂ,
വിഷക്കാറ്റില്‍ സങ്കല്‍പത്തിലെ വാള്‍ വീശുന്നു.
അണകെട്ടി ചെറുത്തവനിപ്പോള്‍(വൃത്രാസുരനെന്നു പേര്‍ വീണിട്ടും) 1
അണഞ്ഞുപോകുന്നഗ്നിയായ് തീരുന്നു.
കാറ്റു പോളീത്തീന്‍ കവറുകളിലാക്കി വിലയിട്ടു വില്‍ക്കുവതൊരാള്‍.
(പോകുവിന്‍ ഫ്രഷ് എയര്‍ പാര്‍ലറുകളില്‍
ആഴ്ചയിലൊരിക്കലെങ്കിലുമെന്‍ ചങ്ങാതി) 2
പുഴയും കന്നാസിലാക്കികടന്നു കളയുന്നൊരു ചോരന്‍ സകൗശലം.
(കേള്‍ക്കുന്നില്ലെ, ആരുവാങ്ങുമീ പേരാറ്റിന്‍ ചോര.)
കുലചിഹ്നങ്ങളെ ഫാഷനിലേക്കു പകര്‍ത്തുമൊരു ഡിസൈനര്‍.
(കാണാം ചാനലുകളിലവയുടെ ചാരുത.)
നോക്കൂ, ജലത്തില്‍ ജനിച്ചവന്‍
പ്രളയത്തിലാഴുന്നു.
തീയില്‍ കുരുത്തവന്‍ വെയിലില്‍ കരിയുന്നു.
കാറ്റിനെതിരെ പര്‍വ്വതമായിരുന്നവന്‍
തോടുപൊട്ടിയ പരുത്തി പോല്‍ കാറ്റിലലയുന്നു.
കഴുതകള്‍ പഴങ്കാല കുതിരജന്മം അയവിറക്കുന്നു.
ഭീഷ്മപര്‍വ്വങ്ങള്‍ സര്‍വ്വം, നമ്മളോ ശിഖണ്ഡികള്‍
പേക്കിനാവാക്കിത്തീര്‍ത്തോ സാഹസമിതിഹാസം!' 3
ഇന്നുമുണ്ട് ജീവിക്കാനുള്ളതേരുരുള്‍.
ശ്വസിക്കാനുള്ള സമരങ്ങള്‍.
മാംസവും രക്തവുംചിതറിയ തെരുവുകള്‍.
ഇടങ്ങള്‍ക്കിടയിലെ ഭൗമദൂരങ്ങള്‍ക്കപ്പുറം
ഹൃദയങ്ങള്‍ക്കിടയില്‍
ഒറ്റനാദമുണ്ട്.
നിലക്കാത്ത നിലവിളി.
നൈജര്‍ തീരത്തെ ഒറിഗോണുകളുടെ 4
കണ്ണുകളിലും പ്ലാച്ചിമടയിലെ വരണ്ട മണ്ണിലും ഒരേ തീയാണ്.
ദൂരങ്ങള്‍ എത്ര തുച്ഛം!
1. വേദപരാമര്‍ശിയായ വൃത്രന്‍ അണക്കെട്ടാണെന്ന് ചരിതവ്യാഖ്യാനം. 2 മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ ഫ്രഷ് എയര്‍ പാര്‍ലറുകള്‍ തുടങ്ങിയിരിക്കുന്നു.3. ജി കുമാരപ്പിള്ളയുടെ 'ഭീഷ്മപര്‍വ്വങ്ങള്‍' എന്ന കവിതയില്‍ നിന്ന്.4. നൈജര്‍ നദീ തീരത്തെ ബഹുരാഷ്ട്ര എണ്ണക്കുത്തകകള്‍ക്കെതിരായ സമരങ്ങള്‍.
Labels:
കവിത
Subscribe to:
Post Comments (Atom)
No comments:
Post a Comment