Saturday 4 April 2009

ചേറ്റുവ പാലം




കുട്ടിക്കാലത്തെ
നിറഞ്ഞ ജലാശയത്തിന്റെ,
ജങ്കാറിന്റെ ഇരമ്പലിന്റെ
സ്മരണയാണ് ചേറ്റുവ പാലം.
കൊച്ചിക്കു പുറപ്പെട്ട
ടിപ്പുവിന്റെ
തിരിച്ചു പോക്കിന്റെ
ചരിത്രമാണത്.
ഉപേക്ഷിക്കപ്പെട്ട
കോട്ടയാണ്.
പണ്ടൊരിയ്ക്കല്‍
ദീര്‍ഘനാള്‍ ഉമ്മ
ആശുപത്രിയില്‍
കിടക്കവെ
പുഴകടന്നുപോയതിന്റെ
ഓര്‍മ്മയാണത്.
ഒരു വേള ജങ്കാറുകള്‍
നിശ്ചലമായപ്പോള്‍
അകലത്തായിപ്പോയ
തീരങ്ങള്‍ക്കും
ആകാശത്തിനുമിടയിലൂടെ
ഇരമ്പുന്ന കടല്‍ഭീതിയില്‍,
ഒരു കുഞ്ഞു തോണിയില്‍,
ഒരു സന്ധ്യയില്‍
പുഴ കടന്നതിന്റെ
ഓര്‍മയാണ്.
ചേറ്റുവ പാലം
പാലമില്ലാതിരുന്ന
കാലത്തിന്റെ
സ്ഥാവര സ്മരണയാണ്.
കടവു കടന്ന്
ഒരിയ്ക്കല്‍ നടക്കുമ്പോള്‍
രാമു കാര്യാട്ടിന്റെ
വീടിന്റെ മുമ്പില്‍
കണ്ട ആള്‍ക്കൂട്ടമാണ്.
കാര്യാട്ടിന്റെ മരണമാണ്.
ചേറ്റുവ പാലം
പിടയുന്ന കരിമീനുകള്‍
മസാല പുരണ്ട്
എണ്ണയില്‍ മൊരിയുമ്പോള്‍
വായിലൂറുന്ന രുചിയാണ്.
പാലത്തിന് കരുത്തുകിട്ടാന്‍
ജീവനോടെ കരുവാക്കപ്പെടുമെന്ന
കുഞ്ഞുഭയമാണ്.
ഇന്നില്ലാത്ത പലതിന്റെയും
ഓര്‍മയാണ്
ചേറ്റുവ പാലം.

4 comments:

  1. പാലം പണിക്കിടെ കാലുകള്‍ താഴ്ന്നു താഴ്ന്നു പോകുന്നൂന്നായിരുന്നു.. പിന്നെ കാലായി..,പാലമായി.. രണ്ടു കരകളില്ലാതായി.. കണ്ടല്‍ കാടിന്റെ അകം വെളുത്തു പുരോഗമിച്ചു..കോട്ടയില്ലാതായി.. വഴിയോര വശ്രമകേന്ദ്രമുണ്ടായി..അത് പിന്നെ റെസ്റ്റോറന്റ് ആയി.. പിന്നെ ബിയര്‍ പര്‍ലറും.. ചേറ്റുവ വളര്‍ന്നില്ലേ....
    ന്നാലും നമുക്കു പഴയതോര്‍ക്കാം..

    ReplyDelete
  2. ഇന്നില്ലാത്ത പലതിന്റെയും
    ഓര്‍മയാണ്...
    പലതും ഓര്‍മ്മപ്പെടുത്തുന്നു .. ഈ ഓര്‍മ്മകള്‍...

    ReplyDelete
  3. പണ്ടൊരിയ്ക്കല്‍
    ദീര്‍ഘനാള്‍ ഉമ്മ
    ആശുപത്രിയില്‍
    കിടക്കവെ
    പുഴകടന്നുപോയതിന്റെ
    ഓര്‍മ്മയാണത്.പിന്നെ
    ആശുപത്രി ജോലികഴിഞ്ഞ് സായന്തനങ്ങൾ കാണാനെത്താറുള്ള വൈകുന്നേരങ്ങളുടെ ഓർമ്മയും...

    ReplyDelete
  4. ........um....chettuva paalam.... thaazhe sukumaranum jalajayum shoot cheyyappedunnathu kandu ninna kaalam......
    today its' raja's resort kingdom.....we had boating around during last vacation.......
    .....rgrds faizal
    salu.

    ReplyDelete