Tuesday 24 February 2009

ഇളംകവിതകള്‍

നദിയടയാളം

വരണ്ടുപോയ ഈ നദി
എന്തിന്റെ അടയാളമാണ്‌?
നമ്മുടെ ഭൂതം,വര്‍ത്തമാനം,
പിന്നെയോ ഭാവി.


പ്രാണന്‍

‍കാറ്റാണ്‌ പ്രാണന്‍.
സംശയമുണ്ടോ?
ഒരിറ്റു കാറ്റുകടക്കാതെ
അടച്ചുനോക്ക്‌
വായും മൂക്കും
സര്‍വ്വ ദ്വാരങ്ങളും.
പ്രാണന്‍ പോകുന്നതു കാണാം.


ആനന്ദം

നദിക്കരയിലിരിക്കുക.
ഇളവെയില്‍ നുണയുക.
ഓളങ്ങളില്‍
‍ആലോലം ശ്രവിക്കുക.
അവയിലൊഴുക്കുക,
ഹൃദയ ഗദ്ഗദങ്ങള്‍.
പുഴയില്‍ പവനന്‍
അലിഞ്ഞു ചേരും പോലെ.


തര്‍പ്പണം

ദിക്കുകള്‍ തിളയ്ക്കും
കൊടുംചൂടില്‍ മകന്‍
നില്പൂ, അച്ഛന്റെ
ബലിതര്‍പണത്തിനായ്
മണല്‍നദിയില്‍
പഴയൊരു ജലസ്മ്ര്‌തിയില്‍.


ബാക്കി

സെമിത്തേരിയില്‍
കുഴിയെടുക്കുമ്പോള്‍
പറയാതെ പോയ
വാക്കുകള്‍,
പാതി മുറിഞ്ഞ ഗദ്ഗദങ്ങള്‍,
നിറം കെടാത്ത വളപ്പൊട്ടുകള്‍,
ആകാശം കാണാത്ത
മയില്‍പീലികള്‍,
പിന്നെ, മധുരസ്വപ്നങ്ങള്‍
ജീര്‍ണിച്ച ദുര്‍ഗന്ധം.

മാന്ത്രികം

ആരുമേ പിരിഞ്ഞുപോകരുത്‌,
അവസാനത്തെ ഐറ്റവും കഴിയാതെ.
ആടിനെ പട്ടിയാക്കും,
പൂവിനെ പൂമ്പാറ്റയാക്കും,
ആനയെ മയിലാക്കുംവിദ്യകള്‍
ഏവരും കണ്ടല്ലോ?
ഇനിയാണ്‌ ലാസ്റ്റൈറ്റം.
ആള്‍ക്കൂട്ടത്തെ
അപ്രത്യക്ഷമാക്കല്‍.


കഥാപാത്രം

തൊപ്പി വെച്ചഡയറക്ടര്‍ സാര്‍,
എന്തെങ്കിലും ഒരു കഥാപാത്രം പ്ലീസ്‌...
തീവണ്ടിയ്ക്ക്‌ തല വെയ്ക്കാം.
കഴുത്തില്‍ കുരുക്കിട്ടു തൂങ്ങാം.
ഭക്ഷണത്തില്‍ പാഷാണമാവാം
ഏതു റോളിലും റെഡി, സാര്‍.
അകലെ കൂട്ടിനുണ്ട്‌ പെണ്ണും നാലു മക്കളും
അവരേം അനുവദിക്കൂ, സാര്‍
‍ചേര്‍ന്നഭിനയിക്കാന്‍.


ഓണം

ആദ്യം കാണം വിറ്റാണ്‌
ഒാണമുണ്ടത്‌.
പിന്നെ കോണം വിറ്റും.
ഒടുവിലത്തോണം
സര്‍ക്കാരോണം.
പാഷാണമായിരുന്നു
പായസം.


പേര്‌

ക്ലാസിലെ ആദ്യ ദിവസം
പേരെഴുതാന്‍ മറന്നുപോയ
കുട്ടിയുടെ നോട്ബുക്കില്
‍ഞാന്‍ ‍അനാമികയെന്നെഴുതി.
പിറ്റേന്നവള്‍ തിരുത്തി.
അനാമിക മന്‍സൂര്‍.


കാലം

എത്രയോ
ഇരുന്നിരുന്ന്
തേഞ്ഞതാണീ
പാര്‍ക്കിലെ പുള്ളിയും
പായലുമുള്ള സിമന്റു ബെഞ്ച്‌.
എത്രയോ അഭിമുഖംപുഞ്ചിരിച്ചതാണീ
ഗാന്ധിപ്രതിമ.
വര്‍ഷങ്ങള്‍ക്കപ്പുറം
വെറുമൊരു ഇളംതൈയായിരുന്നു
ഈ ഗുല്‍മോഹര്‍.
വേനലൊടുങ്ങുന്നു.
ഞാന്‍വീട്ടിലേക്ക്‌ മടങ്ങുന്നു.


സൈറണ്‍

എന്നോ നിലച്ചുപോയ
നഗരകാര്യാലയത്തിലെ
സൈറന്‍ പെട്ടെന്നു
നിലവിളിച്ചപ്പോള്‍
‍പറന്നുപോകുന്നു,
താവളം നഷ്ടമായ
കിളികള്‍.

ഹരണം

സുഭദ്രാഹരണം
കഴിഞ്ഞപ്പോളള്‍
‍ബലരാമന്‍
കൃഷ്ണനുണ്ണിയോട്
‌ചൂടായി.
എന്താ അന്‌ജനൊന്നും
മിണ്ടാത്തെ?
സുഭദ്രേനെ അര്‍ജ്‌നന്‍
അടിച്ച്മാറ്റ്യേതൊന്നും
അറ്യാത്ത പോലെ.
നാണക്കേടായി.
കൃഷ്ണേട്ടന്‍ മറുപടി കൊടുത്തു.
ഒര്‌ നാണക്കേടൂല്ല.
അര്‍ജ്നനൊരാണാ.
ഓന്‍ സുഭദ്രേനെ
കൊണ്ടോയാ നമ്മക്കതൊര്‌
ക്രെഡിറ്റാ.
അപ്പൊ നീയാണിത്‌
ഒപ്പിച്ചൊട്ത്തത്‌ ല്ലെ
എന്നു പറഞ്ഞ്‌
ബലരാമന്‍ചൂടായി,
പിന്നെ തണുത്തു.
ഇന്ദ്രപ്രസ്ഥത്തില്‍ ചെന്ന്
ക്രിഷ്ണന്‍ ‍അര്‍ജുനനോടൊപ്പം
നായാട്ടില്‍ രസിച്ചു.

പോത്തിറച്ചി

വരുവിന്‍, വാങ്ങുവിന്
‍പോത്തിറച്ചി.
മായമില്ല,
കള്ളമില്ല.
കാളയല്ല, പശുവല്ല.
പട്ടിയല്ല, പൂച്ചയല്ല.
ഒറിജിനല്‍ പോത്ത്‌.
നോക്കൂ, കറുത്ത
തൊലി, ഈ തല,
തലയില് ‍തെറിച്ചു
നില്‍ക്കും കണ്ണുകള്‍.
ഒറിജിനല്‍ സ്മാരകങ്ങള്‍.


പശുദേശം

വെറും വാഴത്തൈ
തിന്നതിനാണയാള്
‍എന്റെ പശുവിനെ
കെട്ടിയിട്ടത്‌.
അതിനാല്‍
‍ഞാനയാളെ ജീവനോടെ
കുഴിച്ചുമൂടി.
കുഴിമാടത്തില്‍
‍തളിര്‍ത്ത പുല്ലില്‍
‍എന്റെ പശുദേശീയത വളരുന്നു.

4 comments:

  1. നാട്ടുപ്പച്ചയില്‍ നിന്നു ലഭിച്ച ലിങ്കില്‍ ഇവിടെ എത്തി
    ഈ കവിതകള്‍ ഒരുപാടു ഇഷ്ടമായി എന്നു അറിയിക്കുന്നു

    ReplyDelete
  2. നാട്ടുപച്ചയിലൂടെയാണ് ഞാനും ഇവിടെ എത്തിയത്... ഫൈസല്‍ തീര്‍ച്ചയായും മുടങ്ങാതെ വരും.. ഈ വരികളില്‍ നിറഞ്ഞു നനയാന്‍... !

    ReplyDelete
  3. കവിതകള്‍ ആസ്വദിച്ചു...
    വീണ്ടും വരാം...

    ആശംസകളോടെ...*

    ReplyDelete
  4. I express my gratitude to all who commented on my works.
    regards
    faizal

    ReplyDelete