Friday 20 February 2009

ബാഗ്ദാദ്‌

പറന്നു പോകുന്ന
പക്ഷികളൊന്നും
തിരിച്ചു വരുന്നില്ല.
മൃതിയുടെ ആഘോഷമായ്‌
തുമ്പികള്‍ ‍പൊട്ടിവളരുന്ന
തീമരങ്ങള്‍ക്കിടയില്‍.
ജനിതക ഭ്രംശം
സംഭവിച്ചിട്ടെന്നപോലെ
ഒരു ഭീമന്‍ തുമ്പി
ചിറകുകള്‍
വട്ടത്തില്‍ കറക്കി
മരണം തുപ്പുന്നു.
പാതകള്‍, പാലങ്ങള്‍,
പാഠശാലകള്‍,
പാതയോരസത്രങ്ങള്‍,
ഭവനങ്ങള്‍,
ആതുരാലയങ്ങള്‍
തകര്‍ന്ന ചീനപ്പാത്രങ്ങള്‍ കണക്കെ.
അവശേഷിച്ച മകനെ
അവസാനമായൊന്നു
ചുംബിച്ചുകൊണ്ടമ്മയും.
ചോരയാല്‍,
മസൃണതയാല്‍
നനഞ്ഞുപോയ്‌
ഇരു നദികള്‍ക്കിടയിലെ മണ്ണ്.
ഒാരോ നിലവിളിയും
കനത്ത മൗനത്തിലേക്ക്‌
വീഴും മുമ്പ്‌ ഒന്നു പിടയുന്നുവല്ലൊ,
ഒന്നു കുതറുന്നുവല്ലൊ.
ചോരയാല്‍ വരക്കുന്നു
മെസൊപൊടേമിയ.
റെഡിന്ത്യക്കാരന്റെ
ചോരകൊണ്ട്‌ ചോളവയലുകള്‍
നനച്ചവരെ,
മാച്ചുപിച്ചുവിന്റെ
ഉയരങ്ങളില്‍
വിഷക്കാറ്റൂതിയവരെ,
വരൂ, നോക്കൂ,
ഈ നദികളില്‍
പടര്‍ന്ന ചോര
ആകാശപ്പൂക്കളുടേതല്ല.
ഒഴുകുന്ന ജഡങ്ങള്
‍വെറും മനുഷ്യരുടേതല്ല.
നദീവസന്തത്തിന്റേത്‌.
യൂഫ്രട്ടീസ്‌ ടൈഗ്രീസ്‌
വെറും നദികളല്ല.
ധമനികളാണവ,
ഓര്‍മ്മകളുടെ.
അവയുടെ നിലക്കാത്ത
ഒഴുക്കില്‍ കാണാം
ആര്‍മീനിയന്‍ മലനിരകളുടെ കുളിര്‌,
കുന്നിന്‍മുകളിലെ സിഗുരാത്തുകള്‍,
മണ്‍ഫലകങ്ങളിലെ ക്യൂണിഫോമുകള്‍.
എല്ലാം ഈ നദികളില്‍.
പക്ഷെ,
നദികള്‍ക്കുമേല്‍ചോര
പെയ്തുപോയെന്നു മാത്രം.

No comments:

Post a Comment