Thursday 19 February 2009

അറിയുന്നില്ലയൊന്നും

പെയ്തു മഴ;മഞ്ഞും.
അറിഞ്ഞില്ല ആരും
ഇലകള്‍ ‍അടരുന്നത്‌.
കാലം പഴുക്കുന്നത്‌.
മുന്‍വരിയിലെ
പല്ലു പോയ
മോണ കാട്ടി
ചിരിക്കുന്ന പുലരി.
നര കയറിയ
പുരികങ്ങള്‍ക്കുമേല്‍
ചുളിവു വീണ
നെറ്റി പോലെ
അസ്തമിക്കുന്ന
സന്ധ്യ.
മരത്തില്‍ നിന്നും കനി.
കനിയില്‍ നിന്നും
വിത്ത്‌.
പൂവില്‍ നിന്നും
തേന്‍.
തേനിന്റെ മധുരം.
രാവില്‍നിന്ന് ചുവപ്പ്‌.
ചുവപ്പില്‍ നിന്ന്
വെണ്‍പകല്‍.
മുമ്പേ പോയവരില്‍ നിന്ന്
പിമ്പേ വന്നവര്‍.
ഒഴുകിത്തീരാത്തതുകൊണ്ട്‌
അറിയുന്നില്ല,
എത്രയൊഴുകി
ഈ പുഴയെന്ന്.

No comments:

Post a Comment