Friday 20 February 2009

അനര്‍ത്ഥങ്ങളുടെ നാനാര്‍ത്ഥങ്ങള്‍

‍ഗ്ലോബലൈസേഷന്‍ മതിലുകള്‍ ഇല്ലാതാവലാണ്‌.
അതിരുകളില്ലാത്ത ലോകം പണിയലാണ്‌.
നിങ്ങള്‍ക്ക്‌ നിങ്ങളുടെ ലോകം ഇതാ നിങ്ങളുടെ കൈകളില്‍,
അമ്മാനമാടിക്കോളൂ എന്നു പറയലാണ്‌.
മൃഗയാവിനോദം.
വിനോദത്തില്‍ മരണം.
വേടന്റെ അസ്ത്രമുനയില്‍ പിടഞ്ഞോടും
മാന്‍കൂട്ട നിലവിളിയാണ്‌.
മുയലുകള്‍ അവയുടെ മാളങ്ങള്‍ക്കകത്തു
തന്നെ ബലിയാടപ്പെടും.
കണ്ണിനകത്തെ നെരിപ്പോട്‌.
കാഴ്ചയിലെ വിസ്മയം.
ഇരയെപ്പൊഴും വിഡ്ഢിയാക്കപ്പെട്ടുകൊണ്ടിരിക്കും.
മരണത്തില്‍പോലും അവനതറിയുകയില്ല.
എന്തുകൊണ്ടെന്നാല്‍
‍അവന്റെ വേലയും വിയര്‍പ്പും കൊണ്ടാണ്
വേടന്‍ അവന്റെ ഓരോ ശൂലവും പണിയുന്നത്‌.
ഗ്ലോബലൈസേഷന്‍ ആഘോഷമാണ്‌.
രണ്ടാം ലോകം അലിഞ്ഞുപോയതോടെ
ഒന്നാം ലോകത്തില്‍ നിന്നകലെ
പെരുകും സ്വയംഹത്യകളുടെ
വിളവെടുപ്പാണ്‌.
മൃത്യു കുരുമുളകു വള്ളിയിലിരുന്ന് തുറിച്ചുനോക്കും.
ഇഞ്ചിയില്‍ നിന്ന് മുളപൊട്ടി വരും.
നെല്ലില്‍ പതിരായി പടരും.
പതിയിരുന്നാക്രമിക്കും.
എന്തെന്നാല്‍ അന്തകന്‍വിത്താണത്‌.
അസ്തികള്‍ കൊണ്ടുംതലയോടുകള്‍
കൊണ്ടും ഉയരുന്ന നവഭൂപടം.

No comments:

Post a Comment