Wednesday, 1 September 2010

ഭയമനസ്സ്

ആന്തരികമായും ബാഹ്യമായും മനുഷ്യനില്‍ ഭയം നിറഞ്ഞ പരുഷലോകത്താണ് നമ്മുടെ ഈ ജീവിതം. ഭയവും ലജ്ജയും നിമിത്തം നമുക്ക് തല നേരെ പിടിക്കാന്‍ ഒക്കുന്നില്ല. തെരുവിലൂടെ നടക്കുമ്പോള്‍ ആരെങ്കിലും നമ്മുടെ പണം തട്ടിയെടുത്ത് പായുമോ എന്ന ഭയം ഏറ്റവും സത്വരമാണെങ്കില്‍ മക്കളുടെ കാലമാകുമ്പൊഴേക്ക് പ്രൊഫഷണല്‍ കോഴ്സിനുള്ള ഫീ വര്‍ദ്ധിക്കുമോ, സ്വര്‍ണം കിട്ടാക്കനിയാകുമോ എന്നീ ഭയങ്ങളും നമ്മെ ചൂഴ്ന്നു നില്‍ക്കുന്നു. നമ്മളിലൊരാള്‍ അയല്‍‌പെണ്‍കൊടിയുടെ കന്യകാത്വത്തില്‍ അയാളുടെ ആസക്തിക്കത്തി വെക്കുമ്പോള്‍ ലജ്ജ നിങ്ങളെയും എന്നെയും ശവത്തെ ആറു തുണ്ടം തുണിയെന്നപോലെ പൊതിയാറില്ലെ? ഭയം ഇപ്പോള്‍ നമ്മുടെ ആവരണമായിരിക്കുന്നു. ലജ്ജിച്ച് ലജ്ജിച്ച് നമുക്ക് പരിചയമേറുന്നു. അഭിമാനത്തോടെ നടക്കുന്നത് കൈക്കൂലികൊടുക്കാതെ അര്‍ഹമായത് സര്‍ക്കാരാപ്പീസില്‍ നിന്ന് നേടുന്നതുപോലെ അറു ബോറായിരിക്കുന്നു.
സര്‍ക്കാരാപ്പീസില്‍ പോയി വരുന്നവരോട് നാട്ടു നടപ്പനുസരിച്ച് ‘എത്ര കൊടുത്തു’ എന്ന് നമ്മള്‍ ചോദിച്ചിരിക്കണം.[phobia2+(1).jpg]
ചില ദാര്‍ശനിക പ്രശ്നങ്ങളും ചില്ലറ ഇടതുരാഷ്ട്രീയ ചിന്താപദ്ധതിയുമായി നടന്നിരുന്ന എന്റെ ഒരു ചങ്ങാതിയ്ക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് നഗരസഭാ കാര്യാലയത്തില്‍ ഗുമസ്തപ്പണി കിട്ടി. കൈക്കൂലി വാങ്ങില്ല എന്നതായിരുന്നു വിദ്വാന്റെ ഓത്ത്. ചെന്നുകയറിയ ശേഷം അവിടം മേയുന്ന താപ്പാനകളുമായി അടുത്തു. കൈക്കൂലിയൊക്കെ വരവായി.
എന്റെ പൊന്നു ചങ്ങാതി പറഞ്ഞു. ച്ഛേ! എന്തായിത്? കൈക്കൂല്യാ? കൊണ്ടു പോ!
വര്‍ഷങ്ങളായി അവിടെ സ്വൈരവിഹാരം നടത്തുന്ന വിഷജന്തുക്കള്‍ കൂട്ടമായും അല്ലാതെയും പിറുപിറുത്തു.
പാവം ഒന്നും അറിയില്ല.
ഇവനെ നമുക്ക് പഠിപ്പിച്ച് പഠിപ്പിച്ച് കൈക്കൂലിയില്‍ ഒരു കേരള സര്‍വകലശാല ഡോക്ടറേറ്റ് വാങ്ങിച്ചു കൊടുക്കണം.
അവര്‍ അതിനു വേണ്ടിയുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. മന:പൂര്‍വ്വം പറയട്ടെ, അവനുമായി വര്‍ഷങ്ങളായി എനിക്ക് വലിയ ബന്ധമില്ല. ഒന്നുകില്‍ അവന്‍ നഗരസഭാ കാര്യനോട്ടത്തിന്റെ ഏതെങ്കിലും പൊടിപിടിച്ച പങ്ക തിരിയുന്ന മൂലയില്‍ ലജ്ജിച്ചോ ഭയന്നോ ഇരിക്കുകയാവും. അല്ലെങ്കില്‍ അവന്‍ പഴയ ചിന്താ പദ്ധതികള്‍ വെറും പഞ്ചവത്സര പദ്ധതികളുടെ ഗൌരവത്തോടെ കണ്ട് ഒരു കിടിലന്‍ കൈക്കൂലിപ്പെരുമാളായി പിന്നിടെത്തിയ കുഞ്ഞു ഇരകളെ ട്രെയിന്‍ ചെയ്യിക്കയാവും.

ഇത്രയൊക്കെ വിരലുകളാല്‍ കൊത്തിയത് നമ്മളെങ്ങനെ ശിരസ്സ് ഉയര്‍ത്തിപ്പിടിക്കണം എന്നും നിര്‍ഭയരാകണമെന്നും ചിന്തിച്ചപ്പോഴാണ്. അതിന് കാരണമായത് ശ്രീ രവീന്രനാഥ് ടാഗോറിന്റെ ഗീതാഞ്ജലിയുടെ പുനര്‍വായനയാണ്.

Mind Without Fear എന്നതിനെ തിരിച്ചിട്ടു വായിക്കുമ്പോള്‍ ഈ വക ചിന്തകളുടെ മറ്റൊരു ആഴത്തിലേക്ക് ടാഗോര്‍ നമ്മെ എത്തിക്കുന്നു. അതിനാല്‍ അധികം വിസ്തരിക്കാതെ ടാഗോറിന്റെ ഗീതാഞ്ജലിയുടെ ആദ്യഭാഗത്തെ നമ്മുടെ കാലത്തിന്റെ തലതിരിച്ചിലോടെ വായിക്കാന്‍ നോക്കാം. ടാഗോര്‍ ക്ഷമിക്കുമെന്നാണ് ഞാനും നിങ്ങളെപ്പോലെ കരുതുന്നത്. അതിനാലിങ്ങനെ:

എവിടെയാണ് മനസ്സ് ഭയപൂരിതമായിരിക്കുന്നത്, ശിരസ്സ് കുനിഞ്ഞിരിക്കുന്നത്;
എവിടെയാണ് ജ്ഞാനം തടങ്കലില്‍;
എവിടെയാണ് നമ്മുടെ ഈ ലോകത്തെ ഇടുങ്ങിയ മതിലുകളാല്‍ കൊച്ചുകൊച്ചു കഷ്ണങ്ങളായി മുറിച്ചിട്ടിരിക്കുന്നത്;
എവിടെയാണ് നുണയുടെ ആഴങ്ങളില്‍ നിന്ന് വരുന്ന വാക്കുകളുള്ളത്;
എവിടെയാണ് അലസത അതിന്റെ കരങ്ങള്‍ പൂര്‍ണതയിലേക്കു നീട്ടുന്നത്;
എവിടെയാണ് അയുക്തികതയുടെ കലുഷമായ അരുവി ജൈവചര്യകളുടെ ഹരിതസമ്പന്ന ഭൂമിയിലേക്ക് വഴി തുറക്കുന്നത്;
ചുരുങ്ങിച്ചുരുങ്ങിക്കൊണ്ടേയിരിക്കുന്ന ചിന്തയിലേക്കും ചെയ്തികളിലേക്കും നീ നയിക്കുന്ന മനസ്സ് എവിടെയാണുള്ളത്;
ആ പാരതന്ത്ര്യത്തിന്റെ ആ നരകത്തിലേക്ക്,
(ഇത്രയും എഴുതി. ഇനി വയ്യ എന്റെ രാജ്യത്തെ ഉണര്‍ത്താന്‍ പറയാന്‍)
എന്റെ തമ്പുരാനേ, എന്റെ രാജ്യത്തെ ഉണര്‍ത്താതിരിക്കേണമേ!
(അങ്ങനെ പറയാനേ കഴിയൂ. അല്ലെങ്കില്‍ ഗുരുദേവ് ക്ഷമിക്കുമോ?)

അങ്ങനെ ടാഗോറിന്റെ മേല്‍ കയറിയിരുന്നുകൊണ്ടുള്ള ആ പണി തീര്‍ന്നു. ഇന്ത്യന്‍ ഭാഷകള്‍ക്ക് ലോകത്തിന് കൈമാറാന്‍ കഴിഞ്ഞ അപൂര്‍വം പ്രതിഭകളില്‍ ഒരാളായി ഇന്നും ടാഗോര്‍ നിലനില്‍ക്കുന്നു. ഗീതാഞ്ജലിയോടൊപ്പം എന്റെ ഈ കൈക്കുറ്റപ്പാടും
വായിക്കുമ്പോള്‍ ആര്‍ക്കും തോന്നണം നമ്മള്‍ മൂല്യങ്ങളുടെ കാര്യത്തില്‍ പൂര്‍വസൂരികളില്‍ നിന്ന് എത്ര അകലെയണെന്ന്. നമുക്ക് നമ്മുടെ തല ഉയര്‍ത്തിപ്പിടിക്കാനാവുന്നുണ്ടോ എന്ന്, മദ്യശാലകള്‍ അടച്ചിടുന്ന നാളുകളില്‍ പോലും! നിര്‍ഭയം നിന്നിരുന്ന പഴയ ഭീഷ്മപര്‍വങ്ങളുടെ ഓര്‍മപ്പെരുന്നാളുകള്‍ ആഘോഷിക്കുമ്പോഴും നമ്മള്‍ സുഖം കണ്ടെത്തുന്നത് ഭയത്തിന്റെയും ലജ്ജയുടെയും വാത്മീകത്തിനകത്താണ്. കൊക്കൂണിനകത്തെ പ്യൂപ്പയുടെ സുഖം!

3 comments:

 1. നല്ല വീക്ഷണം

  ReplyDelete
 2. എങ്ങു മര്‍ത്യ ഹൃദന്തരം ഭയഹീനം ശിരസ്സെങ്ങോ ഉന്നതം?
  വിജ്ഞാനമെങ്ങോ, പൂര്‍ണ്ണ സ്വതന്ത്രം ?
  എങ്ങു ലോകം ഇടുങ്ങിയ മതിലുകളാല്‍ വേര്‍തിരിക്കപ്പെടുന്നില്ല ....

  ഒരു നൂറ്റാണ്ട് മുന്നേ ചര്‍ച്ചചെയ്യപ്പെട്ട ആശയത്തെ ഇന്നത്തെ ഇടുങ്ങിയ കാഴ്ചപ്പാടുകളാല്‍ തലതിരിക്കപ്പെടുന്നു,,,,, നല്ല വീഷണം , ഫൈസല്‍ മാഷേ...

  ReplyDelete