'ആനകളുടെ ശ്മശാന'ത്തില്‍ നിന്ന്‍ |
നിസ്സിം നിസിമോവ് ജോണി വീസ്മുള്ളറുടെ വേഷത്തില്‍. 'ആനകളുടെ ശ്മശാനം' |
ആഫ്രിക്കന്‍ ആനകള്‍ |
പിന്നെ നാം കാണുന്നത് ആശുപത്രിയില്‍ ടെലിവിഷന്‍ കണ്ടിരിക്കുന്ന ജോണിയെയാണ്. പ്രതിവാര പരിശോധനക്കായി ഇനിയുമെത്തിയിട്ടില്ലാത്ത ജോണി ഡോക്ടറെ കാണാന്‍ ഉടനെ എത്തണമെന്ന് സ്പീക്കറിലൂടെ വിളംബരം വരുന്നു. അയാള്‍ ആയാസപ്പെട്ട് കാലുകള്‍ വലിച്ചുവെച്ച് ഭിഷഗ്വരനെ കാണാന്‍ പോകുന്നു. പരിശോധനക്ക് ശേഷം ഡോക്ടര്‍ പറയുന്നു, ഹൃദയത്തിന് താന്റെ കാറിന്റെ ശബ്ദമാണ്. എന്നാലും താങ്കള്‍ക്ക് വലിയ കുഴപ്പമൊന്നുമില്ല. ഡോക്ടര്‍ സ്തെതസ്കോപ്പ് ജോണിയുടെ നെഞ്ചില്‍ വെച്ചതോടെ ദൃശ്യം മാറുന്നു. കാട്ടില്‍ വെള്ളക്കാരുടെ കെണിയില്‍ അകപ്പെടുമ്പോള്‍ കണ്ട സുന്ദരി ടാര്‍സന്റെ നെഞ്ചില്‍ അവളുടെ കൈ വെയ്ക്കുന്നു. രാത്രിയില്‍ അവള്‍ കമ്പുകള്‍ കൂട്ടി കെട്ടിയ കൂട്ടില്‍ നിന്ന്‍ ടാര്‍സനെ രക്ഷപ്പെടുത്തുന്നു. മോചനം നേടിയ വന്യമൃഗത്തെ പോലെ ടാര്‍സന്‍ കുതിച്ചോടുന്നു. ഒപ്പം വെളുത്ത സുന്ദരിയും. അവര്‍ ചുംബനത്തിലും ആലിംഗനത്തിലും ആഴുന്നു.
ഡോക്ടറെ കണ്ടതിനു ശേഷം പരിചാരകര്‍ ജോണിയെ കുളിത്തൊട്ടിലില്‍ കിടത്തി കുളിപ്പിക്കുന്നു. കുളി കഴിഞ്ഞ് വരാന്തയിലൂടെ നടക്കുമ്പോള്‍ അയാള്‍ പുറത്തെ പച്ച വള്ളിപ്പടര്‍പ്പുകള്‍ കാണുന്നു. പഴയ വനസ്മൃതിയില്‍ ഒരു കൈ വായയുടെ ഒരു ഭാഗത്ത് വെച്ച് ടാര്‍സനായി അഭിനയിച്ചപ്പോള്‍ ഉണ്ടാക്കിയ ഒരു സവിശേഷ ശബ്ദമുണ്ടാക്കുന്നു. ആഫ്രിക്കന്‍ വനസാന്ദ്രതയിലൂടെ ആനകള്‍ നീങ്ങുന്നതായി അയാള്‍ക്ക് തോന്നുന്നു. പിന്നെ കാണുന്നത് കാറ്റു പിടിച്ച വനപ്പുല്ലുകളുടെ മധ്യത്തില്‍ കട്ടിലില്‍ ജോണി വീസ്മുള്ളര്‍ ഇരിക്കുന്നു. അടുത്ത് ഒരു ആശുപത്രി മുറിയുടെ അന്തരീക്ഷം. അയാള്‍ മേല്‍ക്കുപ്പായം അഴിച്ചു വെച്ച് നടക്കുന്നു. വനശാന്തത. നടന്ന്‍ ഒരു നദിയിലേക്ക് ഇറങ്ങുന്നു. ഒരിയ്ക്കല്‍ കാട്ടിലെ രാജാവായിരുന്ന അയാള്‍ നദിയുടെ ജലസമൃദ്ധിയില്‍ എന്നെന്നേക്കുമായി സ്വയം നിമഞ്ജനം ചെയ്യുന്നു. വേരുകളിലേക്കുള്ള യാത്ര!
ഇത്രയും എഴുതിയത് ഇസ്രയേല്‍ ചലച്ചിത്രകാരനായ അവി ബെല്‍കിന്‍ അമേരിക്കന്‍-ഇസ്രായേല്‍ കള്‍ച്ചറല്‍ ഫൌണ്ടേഷന് വേണ്ടി എടുത്ത ഹ്രസ്വ ചിത്രത്തെ കുറിച്ചാണ്. 'Elephant Graveyard'. 'ആനകളുടെ ശ്മശാനം'. ബെയ്റ്റ് ബേള്‍ കോളേജിലെ ഫിലിം വകുപ്പ് കലാകാരന്മാരാണ് ഈ സംരംഭത്തിനു പിറകില്‍. എഡ്ഗാര്‍ റൈസ് ബാറോസിന്റെ ടാര്‍സന്‍ എന്ന സാഹസിക കഥയാണ് പശ്ചാത്തലം. എന്നാല്‍ വെറും 14 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ഹ്രസ്വ ചിത്രം മെനഞ്ഞെടുത്തിരിക്കുന്നത് ടോമാര്‍ ഹനുകയുടെ ഗ്രാഫിക് നോവലിനെ അടിസ്ഥാനമാക്കിയാണ്. ജോണി വീസ്മുള്ളറെ നിസ്സിം നിസ്സിമോവ് അവിസ്മരണീയമാക്കിയിരിക്കുന്നു. നിയന്ത്രിത ചലനങ്ങളും മൌനവും നോട്ടവും ചിത്രത്തിലെ അദ്ദേഹത്തിന്റെ പെരുമാറ്റത്തെ ഭാവതീവ്രമാക്കുന്നു.
ടാര്‍സന്‍ കഥകള്‍ ഉത്പാദിപ്പിച്ച വംശീയമായ വിവേചനങ്ങളും സാംസ്കാരികമായ അധിക്ഷേപങ്ങളും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. ടാര്‍സന്‍ ശ്രേണിയിലെ ആദ്യ രചന മുതല്‍ വംശീയ വിദ്വേഷങ്ങളുടെ പ്രകട പ്രവണതകള്‍ കാണാം. അറബി-നീഗ്രോ വംശാധിക്ഷേപങ്ങളുടെയും യൂറോപ്യന്‍ കോയ്മയുടെ മഹത്വവല്‍ക്കരണത്തിന്റെയും മംഗള പത്രങ്ങളാണ് ടാര്‍സന്‍ കഥകള്‍. പില്‍ക്കാല ടാര്‍സന്‍ കഥകള്‍ ഒരു പടികൂടി കടന്ന്‍ കമാല്‍ അബ്ദുല്‍ നാസര്‍ മുന്നോട്ടു വെച്ച വിശാല അറേബ്യന്‍ ദേശീയതയെ കുഴിച്ചു മൂടാന്‍ എല്ലാ ക്രൌര്യവും അഴിച്ചുവിടുന്ന സയോണിസത്തെ വാഴ്ത്തുന്നുണ്ട്. എന്നാല്‍ ആനകളുടെ ശ്മശാനം മനുഷ്യന്റെ ആയുര്‍സായാഹനത്തിലെ വിഭ്രമാത്മകതയെ ദൃശ്യവത്ക്കരിക്കുന്നതോടൊപ്പം യൂറോപ്യന്‍ അധിനിവേശത്തിന്റെ ഹിംസാത്മകതയെയും എടുത്തുകാട്ടുന്നു.
അവി ബെല്‍കിന്‍ |
'ആനകളുടെ ശ്മശാനം' ജീവിതാന്ത്യത്തില്‍ എത്തിയ ഒരു കലാകാരന്റെ മാനസികമായ സ്ഥലജല വിഭ്രാന്തിയെ ജോണി വീസ്മുള്ളര്‍ എന്ന നടന്റെ ആശുപത്രി കാല ജീവിതത്തിന്റെ മനോവ്യാപാരങ്ങളുമായി ഘടിപ്പിച്ച് വിശകലനം ചെയ്യുന്നു. ആനകള്‍ അവരുടെ ശ്മശാനങ്ങള്‍ തേടുന്ന പോലെ ജോണിയും അദ്ദേഹത്തിന്റെ ഒടുവിലത്തെ വിശ്രമസ്ഥലി തേടുന്നു. വിവിധ ഘടനയും ഭാവവുമുള്ള ഹ്രസ്വ ചിത്രങ്ങളെ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് ലോകത്ത് പ്രചരിപ്പിക്കുന്നതില്‍ മുന്‍കൈ ഉള്ള www.cultureunplugged.com എന്ന വെബ്സൈറ്റാണ് ഈ ചിത്രത്തെ എന്റെ മുന്നില്‍ കൊണ്ടുവന്നത്. നമ്മുടെ വിരല്‍ത്തുമ്പില്‍ സര്‍ഗാത്മകമായ ദൃശ്യസ്വരൂപങ്ങളെ കൊണ്ടു വരുന്നതില്‍ ഈ വെബ്സൈറ്റ് ഗൗരവമുള്ള പങ്ക് വഹിക്കുന്നു. ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി മാധ്യമ പ്രവര്‍ത്തകരുടെയും സാമൂഹ്യപ്രവര്‍ത്തകരുടെയും പ്രതിരോധ രചനകള്‍ക്ക് ഇവിടെ ഇടം കിട്ടുന്നത് നമുക്ക് കാണാം.
വിലപ്പെട്ട വിവരങ്ങൾ.
ReplyDeleteപരിചയപ്പെടുത്തിയതിന് നന്ദി പറയുന്നു.