എം. ഫൈസൽ
സത്യത്തിൽ കോവിലനെ കുറിച്ച് ഇപ്പോൾ എഴുതുമ്പോൾ കുറ്റബോധവും സങ്കടവുമുണ്ട്. എന്തുകൊണ്ടെന്നാൽ നമുക്കിടയിൽ നമ്മോടൊപ്പം അദ്ദേഹം ഉണർന്നിരിയ്ക്കെ ആ എഴുത്തിന്റെ തീക്ഷ്ണാനുഭവം പങ്കിടാനാവാതെ പോയല്ലോ! ഞാൻ ജനിച്ചു വളര്‍ന്ന ഭൂസ്വരൂപത്തിന്റെയും ജീവിതവ്യവഹാരങ്ങളുടെയും സര്‍ഗാത്മകവ്യാഖ്യാനം നടത്തിയ ഹിമാലയതുല്യനായ കോവിലനെക്കുറിച്ചെഴുതാൻ ഈ പംക്തിയില്‍ ഇതിനുമുമ്പേ ആഗ്രഹിച്ചതാണ്. ഇടപെട്ട ഇടങ്ങളിൽ വേറിട്ട മുദ്ര രചിച്ചവരെയായിരുന്നു ഈ പംക്തിയിൽ ഞാൻ അക്ഷരസ്മരണയ്ക്ക് സ്വീകരിച്ചത്. മലയാളത്തിൽ ജീവിച്ചിരുന്ന ഇതര എഴുത്തുകാരിൽ നിന്ന് വ്യത്യസ്തമായി എന്തു സവിശേഷതയായിരുന്നു അയ്യപ്പൻ എന്ന കോവിലന് ഉണ്ടായിരുന്നത് എന്ന സംശയം അദ്ദേഹത്തിന്റെ രചനാപ്രപഞ്ചത്തിലൂടെ കടന്നുപോയിട്ടുള്ളവർ തീർച്ചയായും ഉന്നയിക്കില്ല. എന്തുകൊണ്ടെന്നാൽ എഴുത്തുകാരൻ എപ്പോഴും വിട്ടുപോകുന്നത് അനന്യവും അതുല്യവുമായ സൌന്ദര്യമാണ്. ആ സൌന്ദര്യത്തിന് രചയിതാവിന്റെയും ആസ്വാദകന്റെയും ദർശനസ്വാഭാവത്തിന് അനുസരിച്ചുള്ള വൈവിദ്ധ്യങ്ങളുണ്ടാകാം. കോവിലൻ നമുക്കു മുന്നിൽ വിട്ടുപോയത് എഴുത്തിൽ അധികമാരും പറഞ്ഞു പതിയാത്ത വാമൊഴി വഴക്കങ്ങളാണ്. ശിലായുഗത്തിന്റെ പിന്തുടർച്ചയിലൂടെ ഊറിവന്ന ദ്രാവിഡജീവിത സമ്പ്രദായമാണ്.
ഗുരുവായൂർ ശ്രീ ക്ര്‌ഷണ കോളേജ് നിലകൊള്ളുന്ന അരികന്നിയൂർ കുന്നിറങ്ങി തെക്കു പടിഞ്ഞാട്ടിറങ്ങിയാൽ കണ്ടാണിശ്ശേരിയായി. കോളേജിന്റെ പഴയ ലേഡീസ് ഹോസ്റ്റലിനു പിറകിലെ കുറ്റിക്കാട്ടിൽ ഉണക്കിലയുടെ ഞരമ്പു പോലെ അവ്യക്തമായി കിടക്കുന്ന നടവഴിയുണ്ട്. അതിലൂടെ നടന്നാൽ കുന്നിറങ്ങാം. അതിറങ്ങിയാൽ ചരിത്രത്തിലെ ശിലായുഗത്തിലേക്ക് നീളുന്ന കാഴ്ചവിസ്മയമുണ്ട്. കുടക്കല്ലുകൾ! ദേശീയ പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള തൊപ്പിക്കല്ലുകൾ കടന്നാൽ വഴിയോരത്തെ കള്ളുഷാപ്പിൽ നിന്ന് പുളിച്ച കള്ളിന്റെ മണം ഇറച്ചിയുടെയും മീനിന്റെയും മസാലഗന്ധത്തിൽ കലർന്ന് പരക്കുന്നതറിയാം. പിന്നെയും കുന്നു കയറിയാൽ ചാരായഷാപ്പാണ്. കള്ളുഷാപ്പിലെ കുടി പഴഞ്ചനായെന്നു തോന്നിയാൽ പിള്ളേർ പിന്നെയെത്തുന്നത് ചാരായഷാപ്പിലാണ്.
1987 ലെ ഒരു പൊള്ളുന്ന വെയിലിലാണ് ഞാൻ ആദ്യാമായി കോവിലനുമായി സംസാരിക്കുന്നത്. അന്നു ഞാന്‍ ശ്രീ ക്ര്‌ഷ്ണ കോളേജിൽ ഒന്നാം വർഷ ചരിത്രബിരുദത്തിന് പഠിക്കുകയായിരുന്നു. കോഴിക്കോട് സര്‍വകലാശാലയുടെ ഡി-സോണ്‍ തല കവിതാരചനാ മത്സരത്തിൽ ആ വര്‍ഷം എന്നെ ഒന്നാമതായി തെരഞ്ഞെടുത്തിരുന്നു. അടുത്തത് ഇന്റർസോൺ മത്സരം. അത് അതേ അക്കാദമികവർഷം കോഴിക്കോട് മീഞ്ചന്ത ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിലായിരുന്നു. അങ്ങോട്ട് പുറപ്പെടും മുമ്പ് തെരഞ്ഞെടുക്കപ്പെടാന്‍ നിമിത്തമായ എന്റെ കവിത എനിയ്ക്ക് കിട്ടിയാൽ കൊള്ളാമെന്ന് തോന്നി. വിഷയം തന്ന് സത്വരം രണ്ടു മണിക്കൂറുകൊണ്ട് എഴുതിയതാണ്. കവിയും ഗണിതശാസ്ത്ര പ്രൊഫസറുമായ പി. കേശവന്‍ നമ്പൂതിരിയാണു പറഞ്ഞത് കവിത കോവിലന്റെ കൈവശമാണെന്ന്. ഇന്നും ഞാന്‍ ഓര്‍ക്കുന്നു ആ കവിതയുടെ ശീര്‍ഷകം: ‘സികതാക്ഷരങ്ങള്‍‘. കള്ളുഷാപ്പ് കടന്നു. ചാരായഷാപ്പ് കടന്നു. പ്രാചീന സംക്ര്‌തിയുടെ അടയാളങ്ങളായ തൊപ്പിക്കല്ലുകളും മുനിമടയും കടന്നു. പറങ്കിമാവുകൾ അതിർത്തിയിടുന്ന ചെമ്മൺ വഴിയിലൂടെ നടത്തം.
വീടിനടുത്ത വഴിയിൽ എഴുത്തിലെ ഹിമാലയം! കണ്ടു. പരിചയപ്പെട്ടു. സൌമ്യം. സംസാരിച്ചു. ദീപ്തം. ഗോത്രകണിശം! തിരിച്ചു പോന്നു. കോവിലന്‍ എന്ന മഹാപ്രതിഭയുടെ തീക്ഷ്ണമായ രചനകള്‍ വായിച്ചു. ‘റ’ എന്ന കഥ ഇന്നും പിന്തുടരുന്ന അടയാള കഥയാണ്. കഥാകാരന്‍റെ പതാക. ‘റ’ ഒരു അക്ഷരമല്ല. അത് ജീവിതത്തിന്റെ മറ്റൊരു ചിഹ്നമാകുന്നത് ‘റ’ എന്ന രൂപമുള്ള മണ്‍പാത്രവുമായി കുട്ടി പള്ളിക്കൂടത്തിലേക്ക് പോകുന്നത് ഒരു നേരത്തെ അന്നത്തിനാണ് എന്നറിയുമ്പോഴാണ്. പൊള്ളുന്ന ജീവിതത്തിന്‍റെ യാഥാര്‍ത്ഥ്യവുമായി ബന്ധപ്പെടാതെ ഒരു വിദ്യയും സാധ്യമല്ല എന്ന സ്ത്യത്തെ ‘റ’ എന്ന കഥ മുദ്രണം ചെയ്യുന്നു.
കോവിലന്‍റെ കഥകളിലൂടെ കടന്നുപോകുമ്പോഴൊക്കെ വെടിയൊച്ചകളുടെ മുഴക്കങ്ങളും ട്രഞ്ചുകളില്‍ അകപ്പെട്ടു പോകുന്ന പ്രതീക്ഷകളുടെ ഞരക്കങ്ങളും വായനക്കാരനറിഞ്ഞു. തോറ്റങ്ങള്‍, ഹിമാലയം, തട്ടകം.
ഒരിയ്ക്കൽ കുഞ്ഞുണ്ണിമാഷുമായി ഒരുനാള്‍ അവിടെ ചെന്നു. കുഞ്ഞുണ്ണിമാഷ് എന്നോടു പറഞ്ഞു. ‘എനിയ്ക്ക് അയ്യപ്പനെ കണ്ടിട്ടു വേണം പോകാന്‍’. ഞാന്‍ അധ്യാപനം നടത്തിയിരുന്ന വിദ്യാലയത്തിലെ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കുഞ്ഞുണ്ണിമാഷ്. മാഷുടെ കൈ പിടിച്ച് ഞാന്‍ കോവിലന്റെ വീട്ടുപടി കയറി. കുറേ നേരം സംസാരിച്ചിരുന്നു. വ്യക്തിപരമായ വിശേഷങ്ങൾ. കവിതയെഴുത്ത്. കഥകളുടെയും നോവലെഴുത്തിന്റെയും വഴികൾ. അന്നേരം ‘തട്ടകം’ മലയാളത്തിൽ ഏറെ വായിക്കപ്പെടുന്ന നോവലുകളിൽ ഒന്നായി മാറിയിരുന്നു. പിന്നീടൊരിയ്ക്കൽ എന്റെ ചങ്ങാതിയും കഥകാരനുമായ ബഷീർ മേച്ചേരിയുമായി കോവിലന്റെ ‘ഗിരി’യിൽ പോയി. എം. എ റഹ്മാന്‍ ‘കോവിലന്‍: എന്റെ അച്ഛാച്ഛന്‍’ എന്ന ഡോക്യുമെന്ററി എടുക്കുന്നു. അന്ന് ഏതാണ്ട് അവിടെ തന്നെ ചെലവഴിച്ചു. റഹ്മാന്റെ ഡോക്യുമെന്ററി ചലച്ചിത്രം ഒരു കോവിലൻ പഠനമാണ്. അദ്ദേഹത്തിന്റെ ‘ബഷീർ ദ് മാൻ‘ എങ്ങനെ ബഷീറിനെ വിശദീകരിച്ചുവോ അതേ അഴത്തിൽ റഹ്മാനും തന്റെ സർഗാത്മക ദൌത്യം നിർവഹിച്ചു. കോവിലന്റെ വളർത്തു പുത്രന്റെ കാഴ്ചയിലൂടെയാണ് ആ വിവരണസിനിമ വികസിച്ചത്.
പിന്നെയും ഗുരുവായൂരിലെ സാംസ്കാരിക വേളകളിലെ സമാഗമങ്ങൾ. ഒരിയ്ക്കല്‍ ഗുരുവായൂർ ജിയുപി സ്കൂളിൽ കോവിലൻ ചർച്ച. 1995 ലായിരുന്നു ഗുരുവായൂർ ശ്രീക്ര്‌ഷ്ണ കോളേജിൽ ഏകദിന കോവിലൻ സമ്മേളനം നടന്നത്. മലയാളത്തിലെ മിക്കവാറും എഴുത്തുകാർ പങ്കെടുത്ത മഹാസംഗമം. ‘തട്ടക‘വും ‘ആത്മഭാഷണങ്ങളും‘ അന്ന് പ്രകാശനം ചെയ്തു. അന്ന് മാധ്യമം പത്രത്തിനു വേണ്ടി വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തത് ഞാനായിരുന്നു. കോവിലൻ എന്ന എഴുത്തുകാരൻ മലയാളത്തിലെ എത്ര ശ്രേഷ്ഠമായ അക്ഷരഗോപുരമാണ് എന്ന് സ്പഷ്ടമാക്കുന്നതായിരുന്നു ദിവസം മുഴുവൻ നീണ്ടു നിന്ന സാഹിത്യ സദസ്സ്. ദേഹാസ്വാസ്ഥ്യം മൂലം മാത്രം എത്താതിരുന്ന വൈക്കം മുഹമ്മദ് ബഷീർ ഒഴികെ മലയാളത്തിലെ തലയെടുപ്പുള്ള ഒട്ടുമിക്ക എഴുത്തുകാരും ആ സമ്മേളനത്തിൽ പങ്കെടുത്തു. അന്നാണ് ‘തട്ടക‘വും ‘ആത്മഭാഷണങ്ങളും‘ പ്രകശിപ്പിക്കപ്പെട്ടത്.
മലയാളത്തിലെ എക്കാലത്തേയും മികച്ച രചനകളുടെ കര്‍ത്താവായിട്ടും എന്തുകൊണ്ട് അംഗീകാരങ്ങളുടെ ലോകവും മാധ്യമത്തമ്പുരാക്കന്മാരും കോവിലന് തീര്‍ച്ചയായും ലഭിക്കേണ്ടിയിരുന്ന പരിഗണന കൊടുത്തില്ല എന്നതിന്‍ വളരെ ലളിതമായ മറുപടിയുണ്ട്. കോവിലൻ തന്നെ പറയാറുള്ളതു പോലെ അദ്ദേഹം വളയിലും തുളയിലും കൊള്ളാത്തവനാണ്. മിസ്ഫിറ്റാണ്. സ്ഥാപനവല്‍ക്കരിക്കപ്പെട്ട സാംസ്കാരികഭൂമുഖത്തു നോക്കി രോഷത്തോടെ പൊട്ടിത്തെറിക്കുന്നവൻ എന്നും അനഭിമതനാണ്. കോവിലൻ നമ്മുടെ എസ്റ്റാബ്ലിഷ്മെന്‍റ് കോട്ടയ്ക്ക് പുറത്തായതിൽ അദ്ഭുതമെന്തിരിക്കുന്നു! അതുകൊണ്ടു തന്നെ ശ്രീ. എം.എന്‍ വിജയന്‍ മാഷ് ബഷീറിനെപ്പറ്റി ‘മരുഭൂമികൾ പൂക്കുമ്പോൾ‘ എന്ന ഗ്രന്ഥത്തിൽ എഴുതിയതിനെ തെല്ലുമാറ്റങ്ങളോടെ കോവിലനുമായി അടുപ്പിക്കാം. എല്ലാ ദര്‍ശനങ്ങളേയും അനുഭവം കൊണ്ട് അടിയറവു പറയിക്കുന്ന ഒരു ദര്‍ശനം കോവിലനുണ്ട്. ഇത് നാം അറിയാത്തത് ഗുരുവായൂരില്‍നിന്ന് കണ്ടാണിശ്ശേരിയിലേക്കുളള ദൂരം കുറവായതുകൊണ്ടാണ്, ജന്മവര്‍ഷങ്ങളുടെ അകലം ചെറുതായതുകൊണ്ടാണ്. കോവിലന്‍റെ ആദ്യകാല രചനാജീവിതത്തിന്‍റെ പരിസരം പട്ടാളമായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തെ പട്ടാളസാഹിത്യകാരൻ എന്ന് മുദ്ര കുത്താനുള്ള ശ്രമം നടന്നു. ഓരോ എഴുത്തുകാരനും/രിയും സ്വയം രൂപപ്പെട്ടുവരുന്ന സാഹചര്യങ്ങളോടു തന്നെയാണ്‍ പ്രാഥമികമായും സംവദിക്കേണ്ടത്. കോവിലൻ ചെയ്തതും മറ്റൊന്നല്ല. അദ്ദേഹത്തിന്‍റെ ‘എ മൈന്‍സ് ബി’, ‘ഹിമാലയം‘, ‘ഏഴാമെങ്ങൾ‘, ‘താഴ്വരകൾ‘ എന്നീ രചനകളുടെ പശ്ചാത്തലം സൈനികജീവിതത്തിന്‍റെ അനുഭവങ്ങൾ തന്നെയായിരുന്നു. 1972. കേരള സാഹിത്യ അക്കാദമി പുരസ്കാരം സിദ്ധിച്ച ‘തോറ്റങ്ങൾ‘ എന്ന കൊച്ചു നോവൽ പകര്‍ത്തിയത് ഇതിഹാസ സമാനമായ ഗ്രാമീണജീവിതത്തെയാണ്. തോറ്റങ്ങളുടെ അവതാരികയിൽ ഡോ. കെ. എം. തരകൻ നോവലിനെ ഒരു ‘മോഡേൺ ക്ലാസിക്‘ എന്നാണ്‍ വിശേഷിപ്പിക്കുന്നത്. തോറ്റങ്ങൾ അതിലെ കേന്ദ്രകഥാപാത്രമായ ഉണ്ണിമോളുടെ മാത്രം കഥയല്ല. അത് പുതിയകാലത്തെ എഴുത്തിന്‍റെ മുമ്പേ പറന്ന പക്ഷിയാകുന്നത് പുത്തനെഴുത്തിന്‍റെ ദേശമെഴുത്ത് രീതിയുടെ അനുപമമായ ആവിഷ്കാരം മൂലമാണ്. കേരളീയ ഗ്രാമീണജീവിതത്തിൽ കാലാനുസാരിയായി സംഭവിച്ച സാമൂഹ്യമാറ്റങ്ങളുടെ തീവ്രധ്വനികൾ കോവിലന്‍റെ തോറ്റങ്ങളിൽ കാണാനാകും. ആറാടിമനയുടെ ജന്മിത്തത്തിന്‍റെ തകര്‍ച്ച ചേന്നാടന്തുരുത്തിലെ ശേഖരന്മുതലാളിയുടെ മുതലാളിത്തിന്‍റെ ഉദയമായി മാറി. ഉദ്യോഗസ്ഥവര്‍ഗം അവസരത്തിനൊത്ത് നിറം മാറി മുതലാളിത്തത്തെ താങ്ങിയപ്പോൾ തകര്‍ന്നുപോയത് ഇതിലൊന്നും പെടാതെ സ്വസ്ഥജീവിതം നയിച്ച സാധാരണക്കാരാണ്. അങ്ങനെ മനുഷ്യത്വം നഷ്ടപ്പെട്ടവരുടെ വേദനയാണ് കഥയിലെ ഉണ്ണിമോൾ പേറുന്നത്. തന്‍റെ രചനകളിലെല്ലാം നിഴലടിക്കുന്ന ഈ വേദനതന്നെയാണ് കോവിലനെ നവോത്ഥാനകാല എഴുത്തുകാരിൽ നിന്ന് വേറിട്ടു നിറുത്തുന്നത്. ബഷീറിനെയും പൊറ്റെക്കാടിനെയും ഉറൂബിനെയും തകഴിയെയും പോലുള്ള നവോത്ഥാന സാഹിത്യകാരന്മാർ എഴുത്തിന്‍റെ പ്രകാശമായി കണ്ടത് പ്രതീക്ഷാനിര്‍ഭരമായ ഒരു വരുംകാലത്തെയാണ്. എന്നാൽ അത്തരമൊരു ശുഭപ്രതീക്ഷാമുനമ്പിന്‍റെ സാധ്യതയിൽ ശങ്കാലുവായിരുന്നു കോവിലൻ. സങ്കീര്‍ണമായ ജീവിതസന്ധികളിലൂടെ കടന്നുപോയ ഭൂതകാല കേരളീയഗ്രാമീണതയുടെ ഇരുളാകാശത്തെ കോവിലൻ സ്വന്തം തട്ടകമായി കണ്ടു. കോവിലൻ ജീവിതത്തിൽ ഉടനീളം കൊണ്ടുനടന്ന് ആഗന്തുകത്വമില്ലാത്ത അമര്‍ഷത്തിന്‍റെ ഉത്പ്പന്നങ്ങളാണ്‍ അദ്ദേഹത്തിന്‍റെ എല്ലാ രചനകളും. കോവിലന്‍റെ പ്രബന്ധങ്ങളുടെ സത്തയും മറ്റൊന്നല്ല. ‘കോവിലന്‍റെ ലേഖനങ്ങൾ‘, ‘ആത്മഭാഷണങ്ങൾ‘, ‘നാമൊരു ക്രിമിനൽ സമൂഹം’ എന്നിവയുടെ അന്തര്‍ധാര അമര്‍ഷവും അനീതിയോടുള്ള കലഹവുമാണ്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഫെല്ലോഷിപ്പ് കൈമാറ്റവേളയിൽ അക്കാദമിയുടെ അദ്ധ്യക്ഷനായിരുന്ന ശ്രീ. ഗോപീ ചന്ദ് നാരംഗ് ഊന്നിപ്പറഞ്ഞതും കോവിലന് മനുഷ്യമഹത്വത്തോടും നീതിയോടും ഉള്ള പ്രതിബദ്ധതയെ കുറിച്ചാണ്.
കോവിലന്റെ മാഗ്നം ഓപസ് എന്ന രചന ഒടുവിലാണ് വരുന്നത്. 1995ലാണത്. അതായിരുന്നു ‘തട്ടകം’. നാട്ടൈതിഹ്യങ്ങളുടെ സമാവര്‍ത്തനമാണ് തട്ടകം. അത് മുപ്പിലിശ്ശേരിയുടെ ചരിത്രം. നോവൽ തുടങ്ങുന്നത് നോക്കൂ:
ഉണ്ണീരി മുത്തപ്പൻ ചന്തയ്ക്കുപോയി.
ഏഴരവെളുപ്പിനെണീറ്റ് കുളിച്ചു കുറിയിട്ട് കുടുമയിൽ തെച്ചിപ്പൂ ചൂടി ഉണ്ണീരിക്കുട്ടി പുറപ്പെടാനൊരുങ്ങി.
ഈ പുറപ്പാട് നാട്ടൈതിഹ്യങ്ങളിലൂടെയാണ്. ഗ്രാമീണവാണിഭങ്ങളിലൂടെയും അനുഷ്ഠാനങ്ങളിലൂടെയും വിശ്വാസങ്ങളിലൂടെയും ആഖ്യാനം കടന്നു പോകുന്നു. കോവിലൻ തട്ടകത്തിൽ സ്വത്വാവിഷ്കാരത്തിന്‍റെ സൌന്ദര്യമാണ് പണിക്കുറ തീർക്കുന്നത്. തട്ടകം പുറത്തു വരുന്നതിനു മുമ്പു തന്നെ കോവിലൻ പലവട്ടം പറയാറുള്ളതാണ് അദ്ദേഹത്തിന്‍റെ ബാല്യകാല ഗുരുവായൂർ ദര്‍ശനം. ആ സംഭവത്തെ അപ്പുകുട്ടനിലൂടെയും അവന്‍റെ പിതാവ് കുഞ്ഞപ്പനിലൂടെയും കോവിലൻ തട്ടകത്തിന്റെ പതിനൊന്നാം അദ്ധ്യായത്തിൽ വിവരിക്കുന്നുണ്ട്..
പണ്ട് മഞ്ജുളാലിനു സമീപം ചോമാരുടെ അമ്പലമുണ്ടായിരുന്നു. അവിടം വരെ പോകാനേ ഈഴവരടക്കമുള്ള അധഃമർണ്ണർക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നുള്ളൂ. ചോമാരുടെ അമ്പലത്തിൽ തൊഴുത ശേഷം കുഞ്ഞപ്പൻ പടിഞ്ഞാട്ടു തിരിഞ്ഞു നിന്ന് തൊഴുതു. കുഞ്ഞപ്പൻ മകനോടു പറഞ്ഞു,
അതാ കണ്ടോ, ദൂരെ അങ്ങ് പടിഞ്ഞാറ് ആ കാണുന്ന വെളിച്ചം, ആ വിളക്കാണ് ഗുരുവായൂരപ്പൻ.
കുഞ്ഞപ്പൻ തൊഴുതുനിന്നു.
ആ വിളക്ക് അച്ചൻ സ്വപ്നം കണ്ടതാവുമോ എന്ന് ഏറെക്കാലം കഴിഞ്ഞിട്ടും അപ്പുകുട്ടൻ തിരിച്ചറിഞ്ഞില്ല.
കോവിലന്റെ അനുഭവത്തിൽ പിതാവിന്റെ വിശദീകരണം കൂടെ ഉണ്ടായിരുന്നു. അത് അക്കാലത്ത് നിലനിന്നിരുന്ന അയിത്തത്തിന്റെയും ജാതിവ്യവസ്ഥയുടെയും കാഠിന്യത്തെ സംബന്ധിച്ചായിരുന്നു. അന്ന് മഞ്ജുളാലിനപ്പുറം പടിഞ്ഞാട്ട് അയിത്തജാതിക്കാർക്ക് നടക്കാൻ അനുവാദമുണ്ടായിരുന്നില്ല. ഇന്ന് അഹിന്ദുക്കൾക്ക് പ്രവേശനമില്ല എന്ന അറിയിപ്പു പോലും ഗുരുവായൂർ അമ്പലത്തിന്റെ പ്രധാനകവാടത്തിൽ മാത്രമാണ്.
കോവിലൻ ദേശത്തിന്റെയും കാലത്തിന്റെയും എഴുത്തുകാരനായിരുന്നു. ജീവിച്ചിരുന്ന കാലത്തിന്റെയും ദേശത്തിന്റെയും സംസ്കാരവും രാഷ്ട്രീയവും വിശ്വാസവും അനുഷ്ഠാനങ്ങളും ആ എഴുത്തിന്റെ ഈടുകളായി. എന്നിട്ടും മലയാളത്തിലെ സ്ഥാപിത ഗോപുരങ്ങളിലെ എഴുത്തുകാരും സ്ഥാപനങ്ങളും കോവിലനു നേരെ കണ്ണടച്ചു. നിരന്തരമായ അഭിമുഖങ്ങൾക്കോ ഉദ്ധരണികൾക്കോ കോവിലനെ സമീപിച്ചില്ല. എന്തുകൊണ്ടെന്നാൽ അഭിമുഖത്തിലെ ഓരോ ഉത്തരത്തെയും പൊതിയാൻ കോവിലന് അവിഹിതരതിയുടെ വാങ്മയങ്ങളില്ല. പിന്നെ പറയാനുള്ള സത്യങ്ങൾ പറഞ്ഞാലോ അത് നിലനിൽക്കുന്ന വ്യവസ്ഥിതിയുടെ കാവലാളന്മാർക്ക് രുചിക്കാത്തതുമാകാം. കോവിലന്റെ എഴുത്തിൽ വാചകങ്ങൾ ഏറെ കുറിയതാകുന്നു. ചിലപ്പോൾ ഒറ്റവാക്കാണ് ഒറ്റവാചകം. അത് പടർന്നു കയറി ഗരിമയുള്ള ലോകം നിർമ്മിക്കുന്നു. കണ്ടാണിശ്ശേരിയിലെ മനുഷ്യർ സംസാരിക്കുന്ന ഭാഷ കോവിലൻ സംസാരിച്ചു. അതേ ഭാഷ മൊഴിയുന്നു. ആ ഭാഷ പൊതു മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താതെ തന്നെ നമ്മോട് ആശയവിനിമയം നടത്തുന്നു.
കോവിലൻ ഏറ്റവും കൂടുതൽ ഉദ്ധരിച്ചിട്ടുള്ളത് ബഷീറിനെ ആണെന്നു തോന്നുന്നു. വ്യവസ്ഥിതിയോടുള്ള കലഹം രണ്ടുപേരും നടത്തിയിട്ടുണ്ട്. കോവിലൻ പറയാറുണ്ട്:
ബഷീർ എന്നോട് എപ്പോഴും പറയാറുണ്ട്, അയ്യപ്പാ, നമ്മൾ എഴുതുമ്പോൾ നന്നായി ശ്രദ്ധിക്കണം. എന്തുകൊണ്ടെന്നാൽ എഴുത്തുകാരായ നമ്മേക്കാൾ വിവരമുള്ളമുള്ളവരാണ് നമ്മുടെ വായനക്കാർ.
എഴുത്തിന്റെയും വായനയുടെയും ജനാധിപത്യസ്വഭാവത്തെ ആദരിക്കുന്നതിൽ കോവിലൻ എല്ലാകാലത്തും ഉയർന്ന മാന്യത പുലർത്തി. കണ്ടാണിശ്ശേരിയിലെ മുനിമടയുടെയും കുടക്കല്ലുകളുടെയും അയൽക്കാരനായ കോവിലൻ സ്വന്തം എഴുത്തിൽ നാട്ടുജീവിതത്തിന്റെ വംശാവലിയിലൂടെ വർത്തമാന കാലത്തേക്കു നീളുന്ന ദ്രാവിഡ സൌന്ദര്യത്തെയാണ് ശാശ്വതീകരിച്ചത്. ആ സൌന്ദര്യം വർത്തമാന തലമുറയിലൂടെ ഭാവിയിലേക്കു നീളുന്ന ഭാവുകത്വത്തെ എത്രമാത്രം സ്വാധീനിക്കുമെന്നത് നാം വ്യാജമായി രൂപപ്പെടുത്തുന്ന സാംസ്കാരിക സ്വഭാവത്തെ കൂടെ ആശ്രയിച്ചിരിക്കും.
(സൗദി ടൈംസില്‍ ആഗസ്റ്റില്‍ പ്രസിദ്ധീകരിച്ചത്.)
No comments:
Post a Comment