Sunday, 25 October 2009

പ്രണയജിഹാദും മജീദും ചന്ദ്രികയും പിന്നെ മറ്റു ചിലരും


വൈക്കത്തെത്തിയ രമണന്‍

രമ്യനയനങ്ങളാല്‍ കണ്ടൂ,

തരള ചിത്തത്താല്‍ പുല്‍കി,
തെങ്ങോല ഞൊറികളില്‍
മറഞ്ഞ ചന്ദ്രിക പോല്‍
തട്ടത്താല്‍ മുഖം പാതി
മറച്ചിരിക്കും സുഹറയെ.


‘ഒന്നുമൊന്നും രണ്ടല്ല,
ഇമ്മിണി വല്യൊരൊന്ന്’
എന്നുറക്കെപ്പറഞ്ഞ വിരുതന്‍
നാടുവിട്ടോടിയ മജീദൊരുനാള്‍
കണ്ടുമുട്ടീയിടപ്പള്ളിത്തെരുവില്‍
ചന്ദ്രികാചര്‍ച്ചിത രാത്രിയില്‍
പ്രണയഗന്ധിയാം ചന്ദ്രികയെ.
ക്ഷണാല്‍ തളിരിട്ടൂ പ്രണയം
വനപ്പച്ചതന്നാര്‍ദ്രതയില്‍
സൂര്യകാന്തിസ്മിതം പോലെ.


രണ്ടുപേരറസ്റ്റിലായ്, കേമന്‍‌മാര്‍!
മുറിബീഡി വലിച്ചിട്ടതിന്‍
പുകയൂതിക്കൊണ്ടൊരാള്‍ ബഷീര്‍.
വട്ടക്കണ്ണട വിരലാല്‍ നെറ്റിയില-
മര്‍ത്തിക്കൊണ്ടൊരാള്‍ ചങ്ങമ്പുഴ.


കുറ്റപത്രത്തിലുണ്ടാരോപണം:
രണ്ടുപേരിവര്‍ ദ്രോഹികള്‍
ചെയ്തിരിക്കുന്നു, കുറ്റം
കൊടും ഭീകരമതോ, ലൌ ജിഹാദ്!


സ്നേഹമധുരം സ്വരവീചികള്‍
‘സ്നേഹിക്കയില്ല ഞാന്‍ 
നോവുമാത്മാവിനെ1
സ്നേഹിച്ചിടാത്തൊരു 
തത്വശാസ്ത്രത്തെയും.’
പാസിന്റെ വരികള്‍ 
പ്രസരിക്കുന്നുണ്ടീ താളില്‍
‘പ്രേമിക്കലല്ലോ സമരം, 
രണ്ടുപേര്‍ ചുംബിക്കവേ 
മാറുന്നു നാം വാഴും ലോകം.’2


1. വയലാറിന്റെ വരികള്‍
2. ഒക്ടോവിയോ പാസിന്റെ വരികള്‍

4 comments:

  1. കുറ്റപത്രത്തിലുണ്ടാരോപണമിങ്ങനെ:
    രണ്ടുപേരിവര്‍ ദ്രോഹികള്‍
    ചെയ്തിരിക്കുന്നു, കുറ്റം
    കൊടും ഭീകരമതോ, ലൌ ജിഹാദ്

    വേട്ടക്കാ‍രെ പേടിച്ച്
    ഇരകള്‍ എവിടെയാണ് ഒളിക്കുക.
    വേട്ടക്കാരെ തിരിച്ചറിയാന്‍ കഴിയാത്തവിധം അവര്‍ ഇരകളോടൊപ്പം ഉണ്ടായിരിക്കെ?

    ReplyDelete
  2. ആശംസകള്‍ ... :)

    ReplyDelete
  3. മലയാളത്തിന് ഒരു പുതിയ വാക്ക്
    ലൌവ് ജിഹാദ്
    അതില്‍ക്കൂടുതല്‍ എന്താ.....

    ReplyDelete
  4. ലൌ ജിഹാദ് വെറുമൊരു കല്പിതനിര്‍മ്മിതിയല്ല. വളരെ ആസൂത്രിതമായി വളരെ അപൂര്‍വമെങ്കിലും ചില ശ്രമങ്ങളുണ്ട്. എന്നുവെച്ച് അതിന്റെ പേരില്‍ ഒരു മതസമൂഹത്തെ ബലിയാടാക്കുന്നത് നന്നല്ല. മിഷണറി പ്രവര്‍ത്തനത്തിന്റെ മറവില്‍ ഇന്ത്യയിലെ വന-ഗിരി മേഖലകളില്‍, വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന മതപരിവര്‍ത്തനത്തിന്റെ ഉല്പന്നമാണ് അവിടെ നടന്ന നരനയാട്ടുകള്‍. ഹൈന്ദവ സാമൂഹ്യക്രമത്തിന്റെ പരാജയവും ക്രൈസ്തവ മിഷണറി പ്രവര്‍ത്തിന്റെ സമര്‍പ്പണവും ചേര്‍ന്നാണ് വിപുലമായ മത വ്യതിയാനമുണ്ടാകുന്നത്.
    നന്ദി.
    ഫൈസല്‍

    ReplyDelete