Friday, 2 October 2009

മനുഷ്യച്ചങ്ങല വിമര്‍ശിക്കപ്പെടേണ്ടതോ?മനുഷ്യന്‍ ഇന്ന് അനുഭവിക്കുന്ന അവകാശങ്ങളുടെയും അധികാരങ്ങളുടെയും പിറകില്‍ നിരവധി സമരങ്ങളുടെ ചരിത്രവീര്യമുണ്ടെന്നത് ആര്‍ക്കും നിഷേധിക്കാനാവില്ല. ഏറ്റവും അടുത്ത ഭൂതകാലത്തില്‍ നിന്നുള്ള തീക്ഷ്ണാനുഭവത്തെ ഉദാഹരിക്കുകയാണെങ്കില്‍ മഹാത്മജിയുടെ നായകത്വത്തില്‍ ഇന്ത്യയുടെ വിമോചനത്തിനു വേണ്ടി നടന്ന ധീരസമരത്തെ എടുക്കാം. ഒരു സമരത്തെ എങ്ങനെയാണ് ഒരു കേവലമലയാളി എടുക്കേണ്ടത്? സി. പി ഐ എം നടത്തുന്നതുകൊണ്ടു മാത്രം സമരത്തെ ന്യായീകരിക്കാനും ഭരണകൂട തീരുമാനത്തെ ശകാരിക്കാനും പറ്റുമോ?
             കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന ആസിയാന്‍ കരാറിനോടുള്ള പ്രതിഷേധസൂചകമയാണ് സി പി ഐ എം കേരളത്തില്‍ മനുഷ്യച്ചങ്ങല തീര്‍ക്കുന്നത്. ഇതിനു മുമ്പ് ആ പാര്‍ട്ടി രണ്ടു തവണ മനുഷ്യച്ചങ്ങല തീര്‍ത്തിട്ടുണ്ട്. അതിലൊന്നില്‍ ഈ ലേഖകനും പങ്കെടുത്തിയട്ടുണ്ട്. അന്നും ഇന്നും ഞാന്‍ സി പി ഐ എമ്മില്‍ അംഗമായിരുന്നിട്ടില്ല. എന്നാല്‍ ഒരു ജനകീയപ്രസ്ഥാനം മുന്നോട്ടു വെക്കുന്ന സമരം തീര്‍ത്തും സാമൂഹിക പ്രസക്തിയുള്ളതാണെങ്കില്‍ അതില്‍ ആര്‍ക്കും സഹകരിക്കാം.
            1967 ല്‍ ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യങ്ങളുടെ ഭൂമിശാസ്ത്രപരവും സാമ്പത്തികവും രാഷ്ട്രീയവുമായ പൊതുസ്വഭാവത്തെ പ്രതിനിധാനം ചെയ്യാന്‍ രൂപപ്പെട്ടതാണ് ആസിയാന്‍(അസോസിയേഷന്‍ ഓഫ് സൌത്ത് ഈസ്റ്റ് ഏഷ്യന്‍ നാഷന്‍സ്). ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, തായ്‌ലാന്റ്, സിംഗപ്പൂര്‍, മലേഷ്യ, മ്യാന്മര്‍, ബ്രൂണെ, കമ്പോഡിയ, ലാവോസ്, വിയറ്റ്നാം എന്നിവയാണ് അതിലെ അംഗങ്ങള്‍. ഈ രാജ്യങ്ങളുമായി സ്വതന്ത്രമായ വ്യാപാര കരാര്‍ നടപ്പിലാക്കുമ്പോള്‍ ഇന്ത്യയെ പോലുള്ള രാജ്യങ്ങള്‍ അതിസങ്കീര്‍ണമായ സാമ്പത്തികദുരിതത്തിലേക്ക് കൂപ്പികുത്ത്മെന്നുള്ളത് ആസിയാന്‍ രാജ്യങ്ങളുടെയും ഇന്ത്യയുടെയും ഭൌമവിഭവങ്ങളുടെ പൊതുസ്വഭാവം ലളിതാമായി പഠിച്ചാല്‍ മനസ്സിലാകും. വിശേഷിച്ച് കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ അവസ്ഥ ഏറെ പരിതാപകരമാകും. കേരളജനതയില്‍ നല്ലൊരുഭാഗം മവുഷ്യവിഭവം കയറ്റുമതിയിലൂടെയും വെള്ളക്കോളര്‍ തൊഴിലുകളിലൂടെയുമാണ് അതിജീവനം നടത്തുന്നതെങ്കിലും ഭൂരിപക്ഷവും പ്രത്യക്ഷമായോ പരോക്ഷമായോ ആശ്രയിക്കുന്നത്  കാര്‍ഷികമേഖലയെ തന്നെയാണ്.
               ആസിയാന്‍ കരാര്‍ നിലവില്‍ വന്നാല്‍ അത് കേരളത്തിന്റെ ജീവിതാവസ്ഥയെ കണിശമായും ആപത്കരമായി ബാധിക്കുമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ആപ്ത്കരമായി ബാധിക്കാനിടയുള്ള കേരള വിഭവങ്ങളെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട് എന്നാണ്‍ കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ഇത് അടിസ്ഥാനരഹിതമാണെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്.               രാജ്യങ്ങള്‍ തമ്മിലുള്ള സാംസ്കാരികവും സമ്പത്തികവും വാണിജ്യപരവുമായ ബന്ധങ്ങളും കരാറുകളും ഇത് ആദ്യമായല്ല. അത് മനുഷ്യസമൂഹം അതിന്റെ കൂട്ടായ്മ രൂപപ്പെടുത്തിയ കാലം മുതലേ ഉണ്ട്. അത് ആഗോളസമൂഹക്രമത്തിന്റെ ഭാഗമാണ്. അങ്ങനെത്തന്നെയാണ് മനുഷ്യന്റെ രാജ്യാന്തരമായ ആദാനപ്രദാനങ്ങള്‍ പുഷ്ടിപ്പെട്ടിട്ടുള്ളത്. എന്നാല്‍ മനുഷ്യ സംസ്കാരത്തെ ഉത്തേജിപ്പിച്ച ബന്ധങ്ങളും കരാറുകളും തുല്യലാഭത്തിലും പരസ്പര ബഹുമാനത്തിലും വിളക്കിയെടുത്തതായിരുന്നു. എന്നാല്‍ ഇന്ന് നമ്മള്‍ സാക്ഷികളാകുന്ന കരാറുകള്‍ ഏകധ്രുവലാഭത്തിലും വഞ്ചനയിലും കലര്‍ന്നാണ് കിടക്കുന്നത്.

         അതുകൊണ്ടുതന്നെ ആസിയാന്‍ കരാറിനെ നമുക്ക് അംഗീകരിക്കാന്‍ കഴിയില്ല. അംഗീകരിക്കാന്‍ കഴിയാത്തതിനെതിരെ നമ്മള്‍ പ്രതിഷേധിക്കും. നമ്മള്‍ എന്നു പറഞ്ഞാല്‍ മുഖ്യമായും രഷ്ട്രീയ പാര്‍ട്ടികള്‍. ഇതിനുമുമ്പ് ഗാട്ട് കരാറിനെതിരെയും ഇടതു പാര്‍ട്ടികള്‍ പ്രതിഷേധിച്ചിട്ടുണ്ട്. അന്നും വഴിയോരങ്ങളില്‍ മാറി നിന്ന് വിമര്‍ശിച്ചവരും കളിയാക്കിയവരും ‘ഇവര്‍ക്കൊന്നും വേറെ പണിയില്ലെ; എന്നൊക്കെ പറഞ്ഞവരും ഉണ്ട്. കാലം കടന്നു പോയി. നമ്മുടെ വയനാട്ടിലും ഇടുക്കിയിലുമുള്ള കര്‍ഷകര്‍ ഒന്നൊന്നായി ആത്മഹത്യ ചെയ്തു. അപ്പോള്‍ ആളുകള്‍ ചോദിച്ചു: എന്തുകൊണ്ട് അത്മഹത്യകള്‍? സര്‍ക്കാര്‍ കര്‍ഷകരെ രക്ഷിക്കുന്നില്ല എന്ന് പരാതി. എന്നാല്‍ ജനവിരുദ്ധമായ കരാര്‍ മുമ്പ് കേന്ദ്ര സര്‍ക്കാര്‍ ഒപ്പിടുമ്പോള്‍ നമ്മുടെ ചോദ്യങ്ങള്‍ എവിടെയായിരുന്നു? രാഷ്ട്രീയ പാര്‍ട്ടികള്‍ സമരങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ നമ്മുടെ ധാര്‍മികരോഷം എവിടെയായിരുന്നു? നമ്മള്‍ നിശബ്ദരായി ഇരിക്കുമ്പോള്‍ ഭരണകൂടം നമുക്കെതിരെയുള്ള സന്നാഹങ്ങള്‍ നടത്തുന്നു. അതുകൊണ്ടാണ് യശ:ശരീരനായ പൌലോസ് മാര്‍ പൌലോസ് ചോദിച്ചത്: നിശബ്ദരായിരിക്കാന്‍ നമുക്കെന്തവകാശം? നമ്മള്‍ നമ്മുടെ നിശബ്ദത തുടരുന്നിടത്തോളം ഗാലറിയിലിരുന്ന് കളി കാണുന്നിടത്തോളം പ്രതിബദ്ധതയും പ്രതികരണശേഷിയും ഉള്ള ഒരു ജനതയാണ് നമ്മളെന്നു പറയാന്‍ സാധ്യമല്ല.
         ഭരകൂടത്തിന്റെ ജനവിരുദ്ധനയത്തിനെതിരെ ജനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിച്ചു വരുമ്പോള്‍ അതിനെതിരെ സങ്കുചിത താല്പര്യങ്ങള്‍ ഉയര്‍ന്നു വരാറുണ്ട്. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ആസിയാന്‍ കരാറിന്റെ കെടുതികള്‍ മലയാളിയെ ചൂഴ്ന്ന് വളരാന്‍ തുടരുമ്പോള്‍ നമ്മള്‍ ചോദിക്കും: എന്താ ഇങ്ങനെ? അന്ന് ഒരു ചെറുവിരലെങ്കിലും അനക്കാന്‍ ആരും ഉണ്ടാവില്ല.
         സി പി ഐ എം തീര്‍ക്കുന്ന മനുഷ്യച്ചങ്ങലയെ നമുക്ക് അനുകൂലിക്കാമോ? സി പി ഐ എം കേരളത്തിലെ എറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയാണ്. അതിന് മറ്റു പാര്‍ട്ടികള്‍ക്കുള്ളതിനേക്കാള്‍ ജനകീയ അടിത്തറയുണ്ട്. പക്ഷെ നമുക്കിടയില്‍ ഒരസ്ക്യതിയില്ലെ? സി പി ഐ എമ്മോ? അത് വേണ്ട. കേരള രാഷ്ട്രീയത്തെയും ഇന്ത്യന്‍ രാഷ്ട്രീയത്തെയും സൂക്ഷ്മമായി പഠിക്കാന്‍ ശ്രമിക്കുന്ന ഒരാള്‍ക്ക് സി പി ഐ എമ്മിന്റെ രാഷ്ട്രീയ നിലപാടുകളെ നിഷേധിക്കാനാവില്ല.  ഇന്നും സി പി ഐ എമ്മിനകത്തും പുറത്തും ആഴത്തിലുള്ള മനുഷ്യനന്മയിലും സാമൂഹിക ബോധത്തിലും ആവേശം കൊള്ളുന്ന ഒരു ക്ഷുഭിതജനതയുണ്ടെന്ന് കരുതുന്നതില്‍ തെറ്റില്ല. ആര്‍ക്കും എങ്ങനെയും വിശദീകരിക്കാം. വിമര്‍ശിക്കാം. പക്ഷെ വസ്തുത വസ്തുതയായി നിലനില്‍ക്കും.
           ഇത്രയുമെഴുതിയത് മുഖ്യധാരാ മാധ്യമങ്ങളിലും ബ്ലോഗുകളിലും സി പി ഐ എമ്മിനെയും മനുഷ്യച്ചങ്ങലയേയും അടിസ്ഥാനമില്ലാതെ ശകാരിക്കുന്ന പ്രതികരണങ്ങള്‍ കണ്ടതിനാലാണ്. പോകുന്ന പോക്കില്‍ സി പി എം എമ്മിന്റെ മണ്ടക്ക് ഒരു കിഴുക്ക് എന്ന രീതി മാറണം. ഓട്ടോറിക്ഷയുടെ എഞ്ചിന്‍ പ്രവര്‍ത്തനത്തെ പറ്റി വിശദീകരിക്കുന്ന ലേഖനത്തിലും സി പി എം എമ്മിനെ ഒന്നു ഞേടണം എന്നത് അത്ര അശാസ്യമല്ല. അതുകൊണ്ടാണ് കവിതയും കഥയും അതിന്റെ പരിസരങ്ങളുമായി ഇടപഴകുന്ന ഈ ബ്ലോഗില്‍ ഒരു രാഷ്ട്രീയ വിഷയം എടുത്തിട്ടത്. രാഷ്ട്രീയം സംസകാരത്തില്‍ നിന്ന് വേറിട്ട സ്വത്വമല്ല എന്നും ഞാന്‍ കരുതുന്നു.
          എന്തുകൊണ്ടാണ്‍ നമ്മള്‍ ഇടതു പാര്‍ട്ടികളെ വിമര്‍ശിക്കുന്ന ആവേശത്തോടെ കോണ്‍ഗ്രസിനേയോ ബിജെപിയേയോ വിമര്‍ശിക്കാത്തത്? കോണ്‍ഗ്രസിന് അതിന്റെ ധാര്‍മികത എന്നേ നഷ്ടമായി എന്നതിനാലാണ്. അവര്‍ പോലും അത് സമ്മതിക്കുനതാണ്. ബിജെപിയാണെങ്കില്‍ അതിന്റെ ജൈവരൂപത്തില്‍ തന്നെ ജനവിരുദ്ധമാണ്. ബാക്കിയുള്ളത് ചരിത്രത്തില്‍ നീണ്ടു കിടക്കുന്ന ഇടതു പാര്‍ട്ടികളാണ്. ശരാശരി കേരളീയന്റെ ഗോപ്യമായ ഇടതു മനസ്സ് ഇടതു പാര്‍ട്ടികളെ വിമര്‍ശിച്ചുകൊണ്ടിരിക്കും. അത് ഒരു തെളിഞ്ഞ പ്രഭാതം കാണാനുള്ള കൊതി മൂലമൊന്നുമല്ല. തമ്മില്‍ ഭേദപ്പെട്ട ഒരു സമൂഹജന്മം കാണാനുള്ള വെറും ആഗ്രഹം മാത്രമാണ്.     അതിനാല്‍ ഈ സമരത്തിലെങ്കിലും ആസിയാന്‍ കരാറിനെതിരെ നമുക്ക് സി പി ഐ എമ്മിനോടൊപ്പം നില്‍ക്കാം.  നമ്മുടെ ഗിരിച്ചെരുവുകളില്‍ നിന്ന് ആത്മഹത്യകളുടെ ചങ്ങല കടലോരത്തേക്ക് വ്യാപിക്കാതിരിക്കാന്‍. നമ്മുടെ പൈത്ര്‌ക വിഭവങ്ങള്‍ കൊള്ളയടിക്കാതെ സംരക്ഷിക്കപ്പെടാന്‍. യുദ്ധം തോല്‍ക്കുന്നതാണെങ്കിലും ധര്‍മയുദ്ധമാണെങ്കില്‍ അത് തുടര്‍ന്നേ പറ്റൂ. കണ്ടില്ലെന്നു നടിക്കുന്നവര്‍ക്ക്, ഇതൊക്കെ ചില നാടകങ്ങളല്ലെ എന്നു ധരിക്കുന്നവര്‍ക്ക് പിന്നീട് ‘ഈശ്വരാ...‘ എന്ന് പരിതപിക്കാം.

13 comments:

 1. ഏതൊരു വിഷയത്തെ സംബന്ധിച്ചും അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ ഉണ്ടാകാം, സ്വാഭാവികമായും ബ്ലോഗിലും അത്തരത്തിലുള്ള അഭിപ്രായങ്ങള്‍ പോസ്റ്റായും വരാം. അതുകൊണ്ടു തന്നെ അനുകൂലമായി കുറേയധികം പോസ്റ്റു വരുന്നു എന്നതുകൊണ്ടുമാത്രം പ്രതികൂലമായി ഒരു പോസ്റ്റ് ഞാന്‍ ഇടണമെന്നു തീരുമാനിക്കുന്നതും നേരെ മറിച്ചും, അങ്ങനെ ബ്ലോഗില്‍ സൂചിപ്പിക്കുന്നതും ആ പോസ്റ്റിന്‍റെ അഭിപ്രായത്തിന്‍റെ വിശ്വാസനീയതയെ തെല്ലൊന്നുമല്ല ബാധിക്കുക..

  റഷ്യയുമായും അമേരിക്കയുമായും പലവിധത്തിലുള്ള കരാറുകളില്‍ നമ്മള്‍ ഏര്‍പ്പെട്ടിട്ടുണ്ട്, അതില്‍ നമുക്ക് നഷ്ടങ്ങളും ലാഭവും ഉണ്ടായിട്ടുണ്ടാകും, അനുകൂലിച്ചും പ്രതികൂലിച്ചും നമുക്ക് അതിനെക്കുറിച്ച് അഭിപ്രായമുണ്ടാകാം. എന്നാല്‍ ഇടതുപക്ഷത്തിന്‍റെ നിലപാടുകള്‍ അമേരിക്കയുമായോ സഖ്യകക്ഷികളുമായോ ഉണ്ടാക്കുന്ന കരാറുകള്‍ക്കു മാത്രം എതിരായിരുന്നു. എന്നാല്‍ ഈയൊരു കരാര്‍ സമ്രാജ്യത്തിനെതിരെ എന്ന മുദ്രാവാക്യത്തിന്‍ പ്രസക്തിയില്ലാതെ പോയത് ആസിയാനിലെ രാഷ്ട്രങ്ങളുടെ പ്രകൃതമാണ്. നമ്മേപോലെ അല്ലങ്കില്‍ നമ്മുടേതിനേക്കാള്‍ താഴ്ന്ന സാമ്പത്തിക നിലവാരത്തിലുള്ളതാണ്‍ ഇതിലേറെയും.

  ഗാട്ട് കരാര്‍ നമുക്ക് ലാഭമോ നഷ്ടമോ ഉണ്ടാക്കിയോ ഇല്ലയോ എന്ന് സി പി എമ്മോ അല്ലെങ്കില്‍ സി പി എമ്മിനേ അനുകൂലിക്കുന്നവരോ പറയുന്നതുകേട്ട് മാത്രം നമ്മളൊരു തീരുമാനത്തിലെത്തുന്നത് ശരിയാണെന്ന് തോന്നുന്നില്ല. സാധനങ്ങളുടെ വിലയോ സര്‍വ്വീസ് ചിലവോ കൂടി എന്നതുകൊണ്ടോ കൃഷിയിടത്തില്‍ നിന്ന് നമ്മള്‍ പിന്‍വാങ്ങി എന്നതുകൊണ്ടോ ഗാട്ട് കരാര്‍ നമുക്ക് പ്രതികൂലമായി ബാധിച്ചു എന്നെങ്ങിനെ പറയാനാകും? സാധനങ്ങള്‍ക്ക് വിലകൂടിയെങ്കില്‍ സര്‍വ്വീസ് ചാര്‍ജ്ജുകള്‍ കൂടിയെങ്കില്‍ നമുക്ക് കിട്ടുന്ന വരുമാനത്തിന്‍രെ അളവും അതിനു ആനുപാതികമായോ അല്ലെങ്കില്‍ അതിനുകൂടുതലോ കൂടിയിട്ടുണ്ടെന്ന് യാഥാര്‍ത്ത്യത്തിനു നേരെ എന്തിനു നാം കണ്ണടക്കണം? എന്തുകൊണ്ട് നമ്മള്‍ കൃഷിയിടത്തില്‍ നിന്ന് പിന്മാറി? കേരളത്തിന്‍റെ കാര്യം മാത്രമെടുക്കാം... പത്തു വര്‍ഷത്തിനിടക്ക് കാര്യമായ ഒരു സമരം തൊഴിലില്ലായ്മക്കെതിരെ കേരളത്തില്‍ നടന്നിട്ടില്ല, അതിനു കാരണം നമ്മുടെ കൃഷിയിടങ്ങളില്‍ ധാരാളം ജോലിക്കാരെ ഇന്നും ആവശ്യമുണ്ട് എന്നാല്‍ അതിന്‍ നമ്മള്‍ തയ്യാറല്ല, മറ്റു സംസ്ഥാനങ്ങളില്‍ കര്‍ഷകത്തൊഴിലാളികള്‍ക്ക് കിട്ടുന്ന കൂലിയേക്കാള്‍ കേരളത്തില്‍ കൂടുതലായിട്ടുപോലും. മറ്റു സംസ്ഥാനങ്ങളില്‍ കര്‍ഷകത്തൊഴിലാളികള്‍ പണിയെടുക്കുന്ന സമയത്തേകാള്‍ മൂന്നു മണിക്കൂറോളം കുറവാണ്‍ കേരളത്തിലെ കര്‍ഷകത്തൊഴിലാളിയുടെ പണി സമയം, പണിയിലെ ആത്മാര്‍ത്ഥത അവന്‍റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യപ്പെടുന്നു എന്നതുകൊണ്ടുമാത്രം സൂചിപ്പിക്കാതിരിക്കാം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹായം കര്‍ഷകര്‍ക്ക് കൂടിയിട്ടുണ്ട് എന്ന സമര്‍ത്ഥിക്കാനാകില്ലെങ്കിലും കുറഞ്ഞിട്ടില്ലെന്ന് വ്യക്തമായി സമര്‍ത്ഥികാനാകും, ചില രാഷ്ട്രീയ പാര്‍ട്ടികള്‍ അകാരണമായി കര്‍ഷകര്‍ക്ക് ഉപദ്രവമുണ്ടാക്കി എന്നതൊഴിച്ചാല്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് അവരുടെ ഉത്പാദനച്ചിലവ് കൂടാനും നഷ്ടത്തിലാകാനും ഗാട്ട് കരാര്‍ എങ്ങിനെ വഴിയായി....?

  ReplyDelete
 2. മൂന്നു വര്‍ഷം മുമ്പ് കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും വളരേയധികം കര്‍ഷകര്‍ നഷ്ടം സംഭവിച്ചതുമൂലം ആത്മഹത്യ ചെയ്തീട്ടുണ്ട്. ഈ ആത്മഹത്യക് കാരണമായി പറഞ്ഞീട്ടുള്ളത് അവര്‍ക്ക് സബ്സീഡി കിട്ടാതിരുന്നതുകൊണ്ടോ കൃഷിച്ചിലവ് കൂടിയതുകൊണ്ടോ അല്ലന്നത് ഓരോ സംസ്ഥാനത്തേയും റിപ്പോര്‍ട്ടുകള്‍ സാക്ഷിയാണ്. വളരേയധികം കാലാവസ്ഥാവ്യതിയാനമുള്ള ലോകത്തെ ഏഴോ എട്ടോ രാഷ്ട്രങ്ങളെടുത്താല്‍ അതിലൊന്നാണ്‍ ഇന്ത്യ. വരള്‍ച്ചയും വെള്ളപ്പോക്കവും മൂലം നഷ്ടമുണ്ടായതും തുടര്‍ന്നുണ്ടായ കടക്കെടുതിയുമാണ്‍ ആത്മഹത്യക്കു കാരണം. അതു ഗാട്ട് കരാണുകാരണമെങ്കില്‍ ഇന്നത് നിയന്ത്രണ വിധേയമാണ്, അപ്പോള്‍ നമ്മള്‍ ഗാട്ട് കരാറില്‍ നിന്ന് പിന്മാറിയോ? കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരും നേതാക്കന്മാരും പറയുന്നത് ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഇവിടെ കര്‍ഷക ആത്മഹത്യ് ഉണ്ടായിട്ടില്ല എന്നാണ്. അപ്പോള്‍ ഗാട്ട് ഇടതുപക്ഷത്തെ പേടിച്ച് കോയമ്പത്തൂരിലേക്ക് പോയോ? അപ്പോള്‍ ഭരിക്കുന്ന സര്‍ക്കാറുകള്‍ ഏതു തരത്തില്‍ പ്രവര്‍ത്തിക്കുന്നുവോ അതനുസരിച്ചായിരിക്കും ഗാട്ടിനെ പ്രതിക്കൂട്ടിലാക്കുവാനുള്ള കാരണങ്ങള്‍ നമുക്ക് ലഭിക്കുക.. ഇനി കേരളത്തിലെ ഇപ്പോഴത്തെ സര്‍ക്കാര്‍ ഏതു തരത്തിലാണ്‍ കര്‍ഷക ആത്മഹത്യ് ചെറുക്കുന്നതിന്‍ നടപടിയെടുത്തത് എന്ന് അവരുടെ പ്രവര്‍ത്തന നടപടികള്‍ നോക്കിയാല്‍ മനസ്സിലാവുകയില്ല, കാരണം അവരായിട്ട് ഒന്നും ചെയ്തില്ല എന്നു മാത്രമല്ല കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പല സഹായ പദ്ധതികളും ഇവിടെ പ്രാവര്‍ത്തികമാകാന്‍ നമുക്ക് കഴിഞ്ഞതുമില്ല. അതിന്‍ വ്യക്തമായ ഉദാഹരണമാണ്‍ നാളികേര സംഭരണം.

  ReplyDelete
 3. ഇനി ഗാട്ട് കരാറില്‍ ഒപ്പിട്ടില്ലായിരുന്നെങ്കില്‍ നമുക്കുണ്ടാകാമായിരുന്ന ലാഭമെന്താണ്? കരാറില്‍ ഒപ്പിടാതെ എത്രനാള്‍ നമുക്ക് പിടിച്ച് നില്‍ക്കാന്‍ കഴിയുമായിരുന്നു(ചൈന ഗാട്ടില്‍ ഒപ്പിടാതെ വിട്ടുനിന്നതിനു ശേഷം അതില്‍ പങ്കാളിയാവാന്‍ അപേക്ഷ കൊടുത്ത് മൂന്നു വര്‍ഷത്തോളം കാത്തിരുന്ന് അംഗത്വം നേടിയെടുത്തതിന്‍റെ വെളിച്ചത്തില്‍)? ഗാട്ടില്‍ ഒപ്പിട്ട അന്നത്തെ ഗവണ്മെന്‍റിനു പകരം അന്നതെനെതിരെ സമരം നടത്തിയ ഇടതുപക്ഷമായിരുന്നു ഭരിച്ചിരുന്നതെങ്കില്‍ അതില്‍ ഒപ്പിടുമായിരുന്നോ(എ ഡി ബി ക്കെതിരെ സമരം നടത്തി ഇപ്പോളതിനെ വാരിപ്പുണര്‍ന്ന കേരളത്തിലെ ഇടതു സര്‍ക്കാരിന്‍റെ പ്രവര്‍ത്തന വെളിച്ചത്തില്‍, അല്ലെങ്കില്‍ ആഗോളീകരണത്തിന്‍റെ ഇപ്പോഴത്തെ ഏറ്റവും നല്ല ഇന്ത്യയിലെ അംബാസഡറായ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനത്തിന്‍റെ വെളിച്ചത്തില്‍)?

  ReplyDelete
 4. ആസിയാന്‍ കരാറിലേര്‍പ്പെടുന്നതിലൂടെ കേരളത്തിന്‍ തീര്‍ച്ചയായും നഷ്ടമുണ്ടാകും എന്ന് കരുതി ഇന്ത്യയുടെ മൊത്തത്തിലുള്ള ഡിമാന്‍റിനെ അവഗണിക്കാന്‍ കേന്ദ്ര ഗവണ്മെന്‍റിനാവില്ല. കേരളത്തിനെ സംബന്ധിച്ചും ഇവിടെ കര്‍ഷകര്‍ മാത്രമല്ല ഉപഭോക്താവും ഉണ്ട്. ഉപഭോക്താവിന്‍ സാധനങ്ങള്‍ വില കുറഞ്ഞു കിട്ടേണ്ടതുണ്ട്, എന്ന് കരുതി അത് നാട്ടിലെ കര്‍ഷകന്‍റെ കഴുത്തിന്‍ കത്തിവെച്ച് വേണം എന്നല്ല പറഞ്ഞത്, നമ്മുടെ കര്‍ഷകനും അവനുത്പാദിപ്പിക്കുന്ന വിളയൊഴിച്ചുള്ള കാര്‍ഷിക വിളയുടെ ഉപഭോക്താവ് കൂടിയാണ്. ആസിയാന്‍ കരാര്‍ മൂലമുണ്ടാകുന്ന നമ്മുടെ വിളകള്‍ക്കുണ്ടാകുന്ന വിലത്തകര്‍ച്ച പരിഹരിക്കുന്നതിന്‍ കേന്ദ്ര സര്‍ക്കാരുമായി യോജിച്ച് പ്രവര്‍ത്തിക്കാനാകണം, പ്രത്യാക പദ്ധതികള്‍ വാങ്ങാനാകണം മറ്റു ഉദ്ധരണ നടപടികള്‍ സ്വീകരിക്കണം. ആസിയാന്‍ രാഷ്ട്രങ്ങളില്‍ ഉത്പാദിപ്പിക്കുന്ന വിളകള്‍ അവിടത്തെ കര്‍ഷകര്‍ അവിടത്തെ കൃഷിയിടങ്ങളില്‍ വിളയിച്ച് കയറ്റുമതി ചെയ്ത് ഇവിടെ എത്തുമ്പോള്‍ കയറ്റുമതിച്ചിലവും മറ്റുമില്ലാതെ നമ്മുടെ വിളകള്‍ക്ക് അവയോട് പിടിച്ച് നില്‍ക്കാനാവുന്നില്ലെങ്കില്‍ പുനര്‍ചിന്തക്ക് നമ്മള്‍ വിധേയരാകണം.

  ഇടതു പക്ഷമല്ല മനുഷ്യ ചങ്ങല തീര്‍ക്കുന്നത്, മറിച്ച് ഭരണ പരാജയത്തിലും ലാവ്‌ലിന്‍ കേസിലും ഗുണ്ടാ പ്രശ്നങ്ങളിലും മുഖം നഷ്ടപ്പെട്ട സി പി എമ്മിലെ ഒരു വിഭാഗം മാത്രമാണ്. അതുകൊണ്ടാണ്‍ സി പി എമ്മിന്‍റെ ഈ സമരാഭാസത്തെ മറ്റു ഘടകകക്ഷികള്‍ക്കു പോലും ബോധ്യപ്പെടുത്താനാവാത്ത വിധം പരിഹാസ്യമായത്. ഇത് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗം മാത്രമായുള്ള ഒരു പാര്‍ട്ടി റിയാലിറ്റി ഷോ മാത്രമാണ്, അല്ലാതെ ജനങ്ങള്‍ക്ക് എന്തെങ്കിലും ഉപകാരമുണ്ടാകണമെന്ന് ചിന്ത അശേഷമില്ല താനും. അതിന്‍റെ വ്യക്തമായ ഉദാഹരണമാണ്‍ നമ്മുടെ മുഖ്യമന്ത്രി കേരളത്തിന്‍റെ ആശങ്ക പ്രധാനമന്ത്രിയെ അറിയിച്ചതിനുശേഷം പത്രലേഖകരെ കണ്ടപ്പോള്‍ ആസിയാന്‍ കരാറിനെതിരെ ശക്ത്മായ സമരം പ്രഖ്യാപിച്ച അതേ ഇരുത്തത്തില്‍ കരാറിനെക്കുറിച്ച് നമുക്കൊരു വിവരവും ലഭ്യമല്ല എന്ന് പറഞ്ഞതും. ലഭ്യമല്ലാത്തെ വിവരങ്ങളുടെ ആവേശത്തിലായിരുന്നല്ലോ സമര പ്രഖ്യാപനം.

  ReplyDelete
 5. കടത്തുകാരാ നന്ദി.
  വിയോജിപ്പുള്ളതെങ്കിലും ചില വസ്തുതകള്‍ മുന്നോട്ടു വെച്ചതു നന്നായി. ഇനിയും മറ്റു വായനക്കാരുടെ പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നു. അതിനു ശേഷം ഞാന്‍ മറ്റു ചില നിരീക്ഷണങ്ങള്‍ പങ്കുവെക്കാം.
  സസ്നേഹം
  ഫൈസല്‍

  ReplyDelete
 6. ഫൈസല്‍,
  ആസിയാന്‍ കരാര്‍ നമ്മുടെ കാര്‍ഷികമേഖലയെ തകര്‍ക്കുമെന്ന ഭയം ശരിയായിരിക്കാം.ഈ കരാര്‍ മൂലമുണ്ടാകവുന്ന കോട്ടങ്ങളെക്കുറിച്ച് വ്യക്തമായ ഒരു ചിത്രം സാധാരണക്കാരിലെത്തിക്കുവാന്‍ സി.പി.എമ്മിനായിട്ടുണ്ടോ എന്ന കാര്യത്തില്‍ സംശയമാണ്.ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്ന്‍ ഉറപ്പിച്ചുപറയാന്‍ ഇന്നു ഒരു സിപിഎം കാരനും ധൈര്യപ്പെടില്ല.അത്രയേറെ അവര്‍ ജനങ്ങളില്‍ നിന്നും അകന്നു കഴിഞ്ഞു.ഇന്നീ കാണിക്കുന്ന മനുഷ്യച്ചങ്ങല അവരുടെ മുഖം രക്ഷിക്കാനുള്ള അടവുമാത്രമാണ്.അല്ലാതെ ജനങ്ങളോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല.കോണ്‍ഗ്രസിനേയോ ബിജെപിയേയോ കാണുന്ന കണ്ണിലല്ല ജനങ്ങള്‍ ഇടതുപാര്‍ട്ടികളെ കാണുന്നത്.അതുകൊണ്ടുതന്നെ വളരെ വലിയ ഉത്തരവാദിത്വമാണ് സി.പി.എം ഉള്‍പ്പെടുന്ന ഇടതുപാര്‍ട്ടികള്‍ക്കുള്ളത്. രണ്ടോമൂന്നോ നെറികെട്ടവര്‍മൂലം ഇന്ന്‍ ആ പാര്‍ട്ടിനേരിടുന്ന ദയനീയത ഒരു സാധാകമ്മ്യൂണിസ്റ്റ്കാരനെപ്പൊലും അവര്‍ക്കെതിരെ ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുന്നുവെങ്കില്‍ അവരെ എങിനെ കുറ്റം പറയും.ഒന്നുകൂടി പറയട്ടെ മണിമാളികകളും നക്ഷത്രഹോട്ടലുകളും പാര്‍ക്കുകളും കെട്ടിപ്പൊക്കുന്നതില്‍ മാത്രം ഒറ്റക്കെട്ടായിനില്‍‍ക്കുന്ന നമ്മുടെ അഭിനവ നേതാക്കന്മാര്‍ ഇവിടത്തെ സാധാരണക്കാരുടെ ആവശ്യങള്‍ക്കായി മുന്നോട്ടുവരുമെന്നു ആരുടെയും വിദൂരസ്വപ്നത്തില്‍പോലുമില്ലെന്തു ദുരുതവും അനുഭവിക്കാന്‍ അവര്‍ തയ്യാര്‍......

  ReplyDelete
 7. ശ്രീകുട്ടന് നന്ദി. പാര്‍ട്ടി നേരിടുന്ന ആന്തരികവൈരുദ്ധ്യങ്ങളേയും സംഘടനാ പ്രതിസന്ധികളേയും ആര്‍ക്കും കണ്ടില്ലെന്ന് നടിക്കാനാവില്ല. ജോര്‍ജ് ഓര്‍വെല്‍ പറഞ്ഞ പോലെ പാര്‍ട്ടിയില്‍ ഇന്ന് എല്ലാവരും തുല്യരാണ്; ചിലര്‍ കൂടുതല്‍ തുല്യരാണ്.
  ഇനിയും പങ്കുവെക്കാം.
  ഫൈസല്‍

  ReplyDelete
 8. ഫൈസല്‍ എന്തിനാ വീട് വിട്ട് പോയേ..തമാശിച്ചതാ:)

  ReplyDelete
 9. ബ്രൂണെ, മലേഷ്യ, ഇന്തോനേഷ്യ, കമ്പോഡിയ, ലാവോസ്, സിംഗപ്പൂര്‍, വിയറ്റ്നാം, ഫിലിപ്പൈന്‍സ്, തായ്ലന്റ്, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളാണ് ഈ കരാറിനകത്ത് ഉള്‍പ്പെടുന്നത്.
  ഈ രാജ്യങ്ങള്‍ക്കുള്ള പ്രധാന പ്രത്യേകത
  ഭൂമദ്ധ്യ രേഖയ്ക്ക് സമീപം കിടക്കുന്നു എന്നതാണ്.
  ഈ രാജ്യങ്ങളിലെ കാലാവസ്ഥയും കേരളത്തിലെ കാലാവസ്ഥയും ഭൂപ്രകൃതിയും തമ്മില്‍ പലതു കൊണ്ടും ബന്ധമുണ്ട്.
  അതു കൊണ്ടു തന്നെ ഈ രാജ്യങ്ങളില്‍ ഉല്‍പ്പാദി പ്പിക്കപ്പെടുന്ന ഉല്‍പ്പന്നങ്ങളും സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കുന്ന വിളകളുമെല്ലാം സമാനമാണ്. മാത്രമല്ല, അതില്‍ പലതിലും നമ്മുടെ നാടിനേക്കാള്‍ ഉല്‍പ്പാദനക്ഷമത ഇവര്‍ക്കുണ്ട് എന്നതുമാണ് വസ്തുത.
  അതു കൊണ്ട് ഈ രാജ്യങ്ങളിലെ ഉല്‍പന്നങ്ങള്‍ സ്വതന്ത്രമായി കടന്നു വരാന്‍ ഇടയായാല്‍ സംഭവിക്കാന്‍ പോകുന്നത് കേരളത്തിലെ കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിലയിടിയും എന്നതാണ്.
  കേരളത്തിലെ പ്രധാനപ്പെട്ട ഉല്‍പ്പന്നങ്ങളെയെല്ലാം ഇത് ബാധിക്കും.
  ഇത് ആരെതിര്‍ക്കണം എന്നതാണ് ചോദ്യം
  CPM ആയതുകൊണ്ട് എന്തിനും ഏതിനും എതിര്‍ക്കുന്നുയെന്ന്
  പറയുന്നതില്‍ അര്‍ത്ഥമില്ല.
  കാര്യങ്ങളെ ഒന്ന് പടിക്കാനെങ്കിലും ആ പാര്‍ട്ടി ശ്രമിക്കുന്നുണ്ടല്ലോയെന്ന്
  കരുതി സമാധാനിക്കാം
  മറ്റെല്ലാവരും തഥൈവ

  ReplyDelete
 10. shuruthey..thankal ivide nirathiya kaaranangal marxist party nadathunna manushya changalaye anukoolikkan vendiyundakkiyathano ennu samshayikkukayaanu..mathravumalla ippol aa party nadathunna ee neekkam janangalodulla avarude aathmaarthada ethratholamundu ennu parishodikkendiyirikkunnu...vere oru kaaryam koodi manassilakkuka...ippol saadaarna janangal vangunna nityopyoga sadanganlkku ulla thee pidicha vila raajyathu engine undaayennum adinu enthundu parihaaramennum..china yude ulpannangal lokmaakamanam vilkappedunnadum china lokathe thanne valiya sampathika shakthiyaayi valarunnadumellam enthu kondanennum indiaye polulla oru raajyathinte ulpennangalkku lokathile evide thanne aayalum marketu labikkendathinte saadyadayum manushaya changal theerkunnavarkku aalochikkavunnadaanu..Tractorineyum, compputerineyum okke ethirthavakku idellam valare eluppamulla kaaryam thanne...

  ReplyDelete
 11. I will completely agree with 'kadathukaran....CPM will confess again after few years..Nice to comapre with West Bengal/modern china....in kerala, most working labours r from Tamil/anthra/Bihar..Any kerala labour with party label will cheat only the common people & best example is 'Nottakooli' !!! Only seen such non-sense in kerala (nowhere in the world)...

  ReplyDelete
 12. ആസിയന്‍ കരാര്‍ എതിര്‍ക്കപ്പെടേണ്ടതു തന്നെ. ഇതുപോലുള്ള കാര്യങ്ങളെ എതിര്‍ക്കാനുള്ള പരിപാടികള്‍ CPM ആസൂത്രണം ചെയ്യുമ്പോള്‍ കുറെക്കാലങ്ങളായി അതില്‍ ആത്മാര്‍ത്ഥതയോ ആര്‍ജ്ജവമോ കാണാനില്ല. അതെല്ലാം ഒരു തരം യാന്ത്രികതയോടെയാണ് നിര്‍വ്വഹിക്കപ്പെടുന്നത്. ഇതിലൂടെ തെളിയിച്ചുകൊണ്ടിരിക്കുന്നത് ഒരുപരിപാടി നടത്തുന്നതിനുള്ള, CPM ന്റെ സംഘാടനശേഷിയുടെ മികവ് മാത്രമാണ്. അല്ലാതെ ആസിയന്‍ കരാര്‍ ജനങ്ങളുടെ ഇടയില്‍ രാഷ്ട്രീയ ചര്‍ച്ചക്ക് വിധേയമാക്കാനോ, അവരുടെ സ്വാഭാവികമായ എതിര്‍പ്പിനെ ആളികത്തിക്കാനോ പാര്‍ട്ടിക്കിന്ന് കഴിവില്ല. കാരണം ‘പരിപാടികള്‍’ പാര്‍ട്ടിയെ സജീവമായി നിര്‍ത്താനുള്ള ‘പരിപാടികള്‍’ മാത്രമാണ്. ആഭ്യന്തര പ്രതിസന്ധികള്‍ മറികടക്കാനും അവയില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനും ഉള്ള പരിപാടികള്‍ !! ഉദാഹരണത്തിന് ഈ പരിപാടിയില്‍ പങ്കെടുത്ത ജനങ്ങള്‍ സ്വമേധയാ വന്നവരാണോ ? പലരേയും പരോക്ഷമായ ഭീഷണികളിലൂടെയാണ് ഇതിന്റെയൊക്കെ ഭാഗഭാക്കാക്കുന്നത്.

  ReplyDelete
 13. ആദ്യമേ പറയട്ടെ. എന്റെ നിരീക്ഷണങ്ങളോട് പ്രതികരിച്ച സുമനസ്സുകള്‍ക്ക് നന്ദി.
  ഇന്ന് സിപി‌എം നേരിടുന്ന നൈതിക പ്രതിസന്ധി ആ പാര്‍ട്ടിയുടെ തന്നെ രചനയാണ്. അതിനകത്തു തന്നെയുള്ളവര്‍ക്കു മാത്രമേ അതിനുള്ള പ്രതിവിധി കാണാനാകൂ. അത് സംഭവിക്കുമോ ഇല്ലയോ എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.
  രാഷ്ടമീമാംസയുടെ ചരിത്രം പരിശോധിക്കുമ്പോള്‍ അതില്‍ സാങ്കേതികമായി വ്യക്തമാകുന്ന ഒരു പ്രധാന കാര്യം രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ പൊതുജനസ്വീകാര്യതക്കായി നടത്തുന്ന വിവിധ പ്രചാരവേലകളാണ്. അതില്‍ രാഷ്ട്രീയമായ അധാര്‍മികതയൊന്നുമില്ല. അത്തരത്തില്‍ സിപി‌എം നടത്തിയ മനുഷ്യച്ചങ്ങല ഒരു സ്വാഭാവിക പ്രചാരവേലയാണ്.
  അത് എന്തിനു വേണ്ടി നടത്തുന്നു എന്നത് നമുക്ക് ചര്‍ച്ചക്കെടുക്കാവുന്ന വിഷയമായി നിലനിന്നേക്കാം.
  ഗാട്ടു കരാര്‍ ഒപ്പിട്ടതിനു ശേഷം അതിന്റെ ആഘാതങ്ങള്‍ നമ്മുടെ സാമ്പത്തിക രംഗത്തുണ്ടായില്ല എന്നു പറയുന്നത് ശരിയല്ല. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ വിവിധ തരത്തിലാണ് അതിന്റെ പ്രത്യാഘാതങ്ങള്‍ ഉണ്ടായത്. വയനാട്ടിലായാലും ഇടുക്കിയിലായാലും കര്‍ണൂലിലായാലും വിദര്‍ഭയിലായാലും കര്‍ഷകര്‍ നേരിടുന്ന കെടുതികള്‍ക്ക് ഗാട്ടുമായും ഇതര വാണിജ്യ കരാറുകളുമായി ബന്ധമുണ്ട്. പ്രഭാത് പട്നായിക്ക്, വന്ദനാ ശിവാ, പി. സായ്നാഥ് എന്നിവരെ പോലുള്ളവര്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്. അതോടൊപ്പം തന്നെ ഇതിന്റെയൊക്കെ സാകല്യമായ ആഗോളീകരണത്തിന് നിര്‍ദ്ദയമുഖമുണ്ടെന്ന് മന്‍‌മോഹന്‍ സിംഗ് സമ്മതിച്ചത് മറന്നുക്കൊട.
  പണ്ട് മന്‍‌മോഹന്‍ സിംഗ് ധനകാര്യമന്ത്രിയായപ്പോള്‍ ആര്‍ കെ ലക്ഷമണ്‍ വരച്ച കാര്‍ട്ടൂണ്‍ പിന്നീട് സാര്‍ത്ഥകമായി. അതില്‍ കുറേ സിക്ക് തീവ്രവാദികള്‍. പിന്നെ എഴുതിയിരിക്കുന്നു. ഇത്രയും കാലം സിക്ക് തീവ്രവാദികള്‍ ഇന്ത്യക്കാരെ കൊന്നു കൊണ്ടിരിന്നു. ഇനി ഒരേ ഒരു ഇന്ത്യക്കാരന്‍ തോക്കില്ലാതെ ആ പണി ചെയ്തുകൊള്ളും എന്ന്. അതെ പിന്നിട് സാമ്പത്തിക പരാജയത്തെ തുടര്‍ന്ന് എത്ര കുടുംബങ്ങള്‍ ആത്മഹത്യ ചെയ്തു! അതിനും മരണക്കരാറുകളുമായി ബന്ധമില്ലെന്നു പറഞ്ഞാല്‍ കുഴല്‍പ്പണം നമ്മുടെ സാമ്പത്തിക നിലയെ ഒട്ടു ദോഷമായി ബാധിക്കില്ല എന്നു പറയും പോലെ അയുക്തികമായിരിക്കും. കാലാവസ്ഥ വ്യതിയാനങ്ങളും മറ്റു കെടുതികളും വികസിത രാജ്യങ്ങളെയും ബാധിക്കുന്നുണ്ട്. അമേരിക്കയെ മുമ്പ് ബാധിച്ച ബ്ലാക്ക് ബ്ലിസാഡിനെ പിന്നീട് അവര്‍ അതിജീവിച്ചത് സര്‍ക്കാര്‍ സഹായത്തോടെ തന്നെയാണ്.
  സിപി‌എമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടെന്നതുകൊണ്ട് ഒരു സമരത്തിന്റെ പ്രസക്തി ഇല്ലാതാകുന്നില്ല. പൊതുജനത്തേയാണ് ഇടതുപക്ഷത്തിന്റെ സമരങ്ങള്‍ ബാധിക്കുന്നത് എന്നു പറയുന്നു. സമരരൂപങ്ങളില്‍ മാറ്റം അനിവാര്യമായേക്കാം. അങ്ങനെയെങ്കില്‍ വലിയ പ്രയാസങ്ങള്‍ ഉണ്ടാക്കാത്ത മനുഷ്യച്ചങ്ങലയെ എന്തിന് എതിര്‍ക്കണം?
  ഇതൊന്നും സ്വീകര്യമല്ലെങ്കില്‍ നമ്മള്‍ എന്തു ചെയ്യണം?
  ഒരു ബദല്‍ ഉണ്ടായി വരാത്തിടത്തോളം കാലം...
  എല്ലാവര്‍ക്കും നന്ദി!

  ReplyDelete