a view from WIND WILL CARRY US by abbas kirostamiപെനാല്‍ട്ടികിക്ക് കാത്തുനില്‍ക്കുന്ന
ഗോളിയുടെ ഏകാന്തത
ആരവങ്ങളുടെ ആള്‍ക്കൂട്ടത്തിലാണ്.
സമുദ്രവിദൂരതയിലെ മീന്‍വേട്ടക്കാരന്റേത്
ആകാശത്തോളം വളര്‍ന്ന
വിജനതയിലെ ഏകാന്തതയാണെന്നറിഞ്ഞത്
മുക്കുവസുഹൃത്തുമായി കടല്‍യാത്ര
നടത്തിയപ്പോഴാണ്.
ചങ്ങാതി പറഞ്ഞു:
ഈ ജീവിതം ആകെ പിഴിഞ്ഞാല്‍ കിട്ടുന്നത്
ഒരു കൈകുമ്പിള്‍ ചോരയും ഒരു പിടി ഉപ്പുമാണ്.
കിഴവനും കടലും എനിക്കോര്‍മ വന്നു.
മറ്റൊരിക്കല്‍ കൂട്ടുകാരനെ
ആശുപത്രിയില്‍ സന്ദര്‍ശിച്ചപ്പോള്‍
സുഹൃത്തുക്കള്‍ സമ്മാനിച്ച
ഓറഞ്ചുകള്‍ക്കിടയിലൂടെ
അയാള്‍ വെള്ളക്കടലാസു പോലെ
പുഞ്ചിരിക്കുന്നതും
ഇറ്റിവീഴുന്ന ഗ്ലൂക്കോസിന്റെ ഒച്ച
ട്യൂബില്‍ കിടന്നു മരിക്കുന്നതും കണ്ടു.
ക്യാപ്സൂളുകളുടെയും ഗുളികകളുടെയും
ജ്യാമിതീയം പതുക്കെ അടക്കുകയും
പതുക്കെ തുറക്കുകയും ചെയ്തു കണ്ണുകളില്‍.
ചങ്ങാതി പറഞ്ഞു:
ഈ ജീവിതം ആകെ ഉരുക്കിയാല്‍ കിട്ടുന്നത്
ഒരു ടിന്‍ കൊഴുപ്പാണെന്ന്ഡോക്ടര്‍ പറഞ്ഞു.
No comments:
Post a Comment