Thursday 24 September 2009

ഗുരുവായൂരിലെ സായാഹ്നസഞ്ചാരങ്ങള്‍




എം.ഫൈസല്‍



ഖലീല്‍ ജിബ്രാന്‍ പറയുന്നുണ്ട്. ഞാന്‍ തെരുവില്‍ വെച്ച് വേദനയാല്‍ പരിക്ഷീണനായ ഒരാളെ കണ്ടുമുട്ടി. ക്ഷണിച്ചപ്പോള്‍ അയാള്‍ വീട്ടിലേക്കു വന്നു. എന്റെ പത്നിയും മക്കളും ഞാനും ആ അവധൂതനുമായി ആഹാരവും സമയവും പങ്കിട്ടു. അയാള്‍ അയാളുടെ കഥകളുടെ കെട്ടഴിച്ചു. തീവ്രദുരിതങ്ങളില്‍ പിറന്നിട്ടും അയാള്‍ കാരുണ്യവാനായിരുന്നു. മൂന്നാം നാള്‍ അയാള്‍ യാത്ര പറഞ്ഞുപോയി.
അയാള്‍ പോയിട്ടും ആരെങ്കിലും ഞങ്ങളെ വിട്ടുപിരിഞ്ഞു പോയപോലെ ഞങ്ങള്‍ക്കു തോന്നിയില്ല. ഞങ്ങളിലൊരാള്‍ ഇപ്പോഴും അകത്തുവരാതെ പുറത്ത് പൂന്തോട്ടത്തില്‍ ഉലാത്തുകയാണ് എന്നാണ് തോന്നിയത്.

ഇങ്ങനെ ഓരോ മനുഷ്യനും പുറത്ത് ഉലാത്തുകയാണ്. ഈ ഉലാത്തലാണ് സഞ്ചാരങ്ങള്‍. ജനനം മുതല്‍ കനലൂതി ജ്വാലയുണ്ടാക്കുന്ന പോലെ സ്വന്തം ഇത്തിരി ലോകത്തെ വിസ്താരപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടുള്ള യാത്രകള്‍. എവിടെ പോകുമ്പോഴും ആ ലോകത്തെ കൂടെ കൊണ്ടുപോകുന്നു. അല്ലെങ്കില്‍ എവിടെയായിരുന്നാലും ആ വളയത്തിലേക്ക് തിരിച്ചു നടക്കുന്നു. ശരീരം കൊണ്ടോ മനസ്സുകൊണ്ടോ.
ജലാലുദ്ദീന്‍ റൂമി അദ്ദേഹത്തിന്റെ കവിതയില്‍ പുറപ്പെട്ടു പോയവന്റെ വേപഥുവിന് ഒരടിക്കുറിപ്പെഴുതുന്നു. ദൂരത്തായിപ്പോയവന് ഒറ്റദുഖ:മേയുള്ളൂ. എന്നിനി തിരിച്ചെത്തി സ്വഭവനത്തില്‍ അന്തിയുറങ്ങാമെന്ന്.
കടലാസിലെ എഴുത്തിന്റെ ഇടവേളകളില്‍ വെറുമെഴുത്തായി തുടങ്ങിയതാണ് പിന്നീട് ഫൈസലിന്റെ ഗുരുവായൂരിലെ സായാഹ്ന സഞ്ചാരങ്ങളായി പരിണമിച്ചത്. അത് ബ്ലോഗെഴുത്ത് വെറും നിലത്തെഴുത്തല്ല എന്ന നവബോധത്തിനു സമാന്തരമായി പച്ചപിടിച്ചതാണ്.

ഞാന്‍ പിറകില്‍ വിട്ടുപോന്നതെന്തോ അതാണ് ഞാന്‍. വിട്ടു പോകു
ന്നിടത്താണ് ഓരോ മനുഷ്യന്റെയും അലച്ചില്‍. ഉടലെടുക്കുന്ന ഓരോ ജീവിയും ഈ അലച്ചിലിന്റെ വിധേയനാണ്. ജീവിതായോധങ്ങളില്‍നിന്ന് വേഷപ്പകര്‍ച്ചയില്‍ ഒളിച്ചോടി എല്ലാവര്‍ക്കും നിഷ്പ്രയാസം തിരിച്ചെത്താനാവില്ല. ബഷീര്‍ പുറപ്പേട്ട പോലെ ചക്രവാളത്തോളം നീണ്ട യാത്രയാണ് ചിലര്‍ക്കത്. മറ്റു ചിലര്‍ക്ക് അമ്പത്തിയേഴില്‍ ഇ. എം. എസ് മന്ത്രിസഭ ജനിച്ചപ്പോള്‍ തഞ്ചാവൂരിലെ തൊഴില്‍ ഉപേക്ഷിച്ച് വാളയാര്‍ ചുരം കടന്നെത്തിയ ഒ.വി.വിജയനെ പോലെ തിരിച്ചെത്താനാവും. കര്‍ക്കിടകമഴക്കു വേണ്ടി മരുഭൂമിയിലെ നാടുമാറി ജീവിതമവസാനിപ്പിച്ചു വന്ന വി. കെ. ശ്രീരാമന്റേതും തിരിച്ചെത്തലാണ്. പക്ഷെ അടുത്തിരിക്കുമ്പോളല്ല അകലത്തായിരിക്കുമ്പോളാണ് എല്ലാ പ്രണയങ്ങളും തീക്ഷ്ണമാകുന്നത്. ഗുരുവായൂരിലെ സായാഹ്നസഞ്ചാരങ്ങള്‍ പ്രണയത്തിന്റെ കാല്‍നടയാണ്. വഴിയോരങ്ങളോടുള്ള പ്രണയം. സന്ധ്യയില്‍ പരക്കുന്ന ഇലഞ്ഞിപ്പൂഗന്ധത്തോടുള്ള പ്രണയം. പിറ്റേന്നത്തെ സദ്യയ്ക്ക് ഊട്ടുപുരകളില്‍ കാലമാകുന്ന സദ്യവട്ടങ്ങളോടുള്ള പ്രണയം.
ഗുര്‍വായൂര്‍ കേള്‍വി കേട്ടത് ശ്രീക്ര്‌ഷണ ദര്‍ശനത്തിനാണ്. ക്ര്‌ഷണന്‍ മീരയുടേതാണ്. ഗോപികമാരുടേതാണ്. പ്രണയത്തിന്റെയും ഭക്തിയുടെയും സംഗ്രാമതന്ത്രങ്ങളുടേതുമാണ് ക്ര്‌ഷണന്‍. ക്ഷേത്രം ഭക്തിയുടെ. ക്ഷേത്രത്തിനുചുറ്റും പ്രസരിക്കുന്നത് പ്രണയം. ഗുരുവായൂരിന് സായാഹ്നങ്ങള്‍ മാത്രമല്ല ഉള്ളത്. അതിന് പുലര്‍കാലമുണ്ട്. മധ്യാഹ്നമുണ്ട്. രാത്രിയുണ്ട്. പുലര്‍കാലത്ത് നനവില്‍ നടന്നുപോകുന്ന പെണ്‍കുട്ടികളുണ്ട്. മധ്യാഹ്നങ്ങള്‍ക്ക് വയറു നിറയെ ഉണ്ടതിന്റെ മയക്കമുണ്ട്. സായന്തനങ്ങള്‍ക്ക് പൂചൂടിയ പെണ്‍കുട്ടികളുടെ ആള്‍ക്കൂട്ടത്തില്‍ അലിയുന്ന ക്ഷണികമായ നയനപ്രണയങ്ങളുടെ സൌകുമാര്യമുണ്ട്. അതിന് ക്ഷേത്രച്ചുമരുകളിലെ ശില്പലാവണ്യമുണ്ട്. രാത്രിയ്ക്ക് മേദസ്സ് കൂടുമ്പോള്‍ തെരുവുമദിരാക്ഷിമാര്‍ ഇടപാടുകാരുമായി ഇടം തേടുന്ന താഴ്ന്ന ലോഡ്ജുകളുണ്ട്. വാടിയ മുല്ലപ്പൂവിന്റേയും കുട്ടീക്കൂറ പൌഡറിന്റേയും കലര്‍പ്പു ഗന്ധം പരക്കും അവര്‍ നടന്ന വഴികളില്‍.
കുട്ടിയായിരിക്കുമ്പോഴാണ് മൂത്താപ്പ പറഞ്ഞത്.
മോന്‍ പോയി ഭാരതീല്‍ന്ന് മസാലദോശ വാങ്ങിക്കൊണ്ടാ.

മൂത്താപ്പ വയറ്റില്‍ ഒരു ഓപറേഷനു ശേഷം കച്ചവടത്തില്‍ നിന്ന് വിരമിച്ച് വീട്ടില്‍ വിശ്രമിക്കുകയായിരുന്നു. ഞാന്‍ ഹൈസ്കൂളില്‍
പഠിക്കുന്ന കാലം. സൈക്കിളെടുത്ത് പടിഞ്ഞാറെ നടയിലെ കൊളാടി ബില്‍ഡിങ്ങിലുള്ള ഭാരതി ഹോട്ടലിലെത്തി. പിന്നീട് ആ യാത്ര ശീലിച്ചു. മസാലദോശക്ക് ഭാരതി ഹോട്ടല്‍ എന്ന പര്യായം അങ്ങനെ മനസ്സിലുറച്ചു. മൂത്താപ്പാടെ മരണശേഷവും നടക്കലേക്കു നടക്കുമ്പോള്‍ കാലുകള്‍ ആദ്യം പോവുക ഭാരതി ഹോട്ടലിലേക്കാണ്. വാതില്‍ക്കല്‍ എന്നെ കാണുമ്പോള്‍ വലതു കൈയ്യില്‍ ആറു വിരലുകളുള്ള സൌമ്യനായ ബെയറര്‍ വിളിച്ചു പറയും.

ഒര് മസാലേയ്...

അതു തിന്ന് പകുതിയാകുമ്പൊഴേക്ക് അയാള്‍ എന്നോട് ചോദിക്കാതെ ഒന്നുകൂടെ ഓര്‍ഡര്‍ ചെയ്യും. രണ്ടു മസാലദോശ. അതാണ് എന്റെ കണക്ക്. അതയാള്‍ക്ക് ശീലമായി.

ആ രുചിയില്‍ മസാലദോശ പിന്നെ എവിടെ നിന്നും കഴിച്ചിട്ടില്ല.
പ്രസാദെന്ന എന്റെ ചങ്ങാതിയുമായി പ്രീഡിഗ്രികാലത്ത് ഞാന്‍ നടത്തിയ യാത്രകള്‍ ആദ്യം വിശ്രമിക്കുക അന്നത്തെ ടൌണ്‍ഷിപ്പ് ലൈബ്രറിയിലായിരുന്നു. അവിടെ വായനക്കു വേണ്ടിയുള്ള തിരച്ചില്‍. കാലക്രമത്തില്‍ അവിടത്തെ കാറ്റ്ലോഗുകള്‍ മന:പാഠമായി, ലൈബ്രേറിയനേക്കാള്‍. ഏട്ടാമത്തെ ബി ക്ലാസ് അംഗമായിരുന്ന ഞാന്‍ വര്‍ഷങ്ങള്‍ക്കു ശേഷം അമിതമായ വരിസംഖ്യാ വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഒരു സമരത്തിന്റെ ഭാഗമായി അവിടത്തെ അംഗത്വം ഉപേക്ഷിച്ചു. വായനശാലയും അതിനു മുമ്പിലുള്ള പൂന്തോട്ടവും അതിലെ ഗാന്ധിപ്രതിമയും അതിനു ചുറ്റുമുള്ള സിമന്റു ബെഞ്ചുകളിലെ ചര്‍ച്ചകളും കൊറിച്ച കപ്പലണ്ടികളും ഓര്‍മയുടെ ഭാഗമാണ്. ചായയോടൊപ്പം സ്വസ്ഥമായ ചര്‍ച്ചകള്‍ക്ക് കെ.ടി.ഡി. സി.യുടെ നന്ദനം ഭക്ഷണശാലയുണ്ടായിരുന്നു. ഇന്ത്യന്‍ കോഫീ ഹൌസ് പെട്ടെന്ന് ആളുകള്‍ വന്നെത്തുന്ന കിഴക്കേ നടയിലാണ് ഇന്നും. അവിടെ കൂടുതല്‍ ചടഞ്ഞിരിക്കാനാവില്ല.
കൈവശം പണമില്ലാതാകുമ്പോള്‍ മലയാളത്തിലുള്ള, ഏതെങ്കിലും കാലം കഴിഞ്ഞ റെസീപ്റ്റ് പുസ്തകമെടുത്ത് സത്രം ഹാള്‍ പരിസരത്തേക്കു പോകും. അന്യസംസ്ഥാനക്കാരായ ഭക്തരുടെ വാഹനങ്ങള്‍ അവിടെ ഉണ്ടാകും. റെസീപ്റ്റ് കീറിക്കൊടുത്ത് പണം കൈപ്പറ്റി നേരെ കോഫീ ഹൌസിലേക്ക്. ഇക്കാര്യത്തില്‍ പ്രിയ ചങ്ങാതി ഹക്കീമിന്റെ തൊലിക്കട്ടിയായിരുന്നു വലിയ ശക്തി.
കോഫീ ഹൌസ് മിക്കവാറും മധ്യവര്‍ഗ അരാഷ്ട്രീയ നഗരയുവത്വത്തിന്റെ താവളമായി മാറി. അവരുടെ അജണ്ട വേറെ. അങ്ങനെ രണ്ടു കപ്പു കാപ്പിക്കു ചുറ്റും എട്ടാള്‍ കണക്കേ ഞങ്ങള്‍ കോഫീ ഹൌസു വിട്ട് ഇന്ത്യാ സര്‍ക്കാറിന്റെ ഇന്ത്യന്‍ കോഫീ ബോഡു റെസ്റ്റോറെന്റില്‍ സമ്മേളിച്ചു.ചര്‍ച്ചകളുടെ മേല്‍ ചര്‍ച്ചകള്‍. അവിടെയെത്താത്ത കഥാപാത്രങ്ങളില്ല.
ആന്റേട്ടന്റെ മാംസളഭംഗിയുള്ള കൊച്ചുകഥകള്‍. സൈമേട്ടന്റെ ഉപമകള്‍. കര്‍ണംകോടന്റെ ഗസല്‍ഭ്രമങ്ങള്‍. പ്രമോദിന്റെ ചങ്ങാതിക്കൂട്ടം വിശാലമാക്കാനുള്ള നെട്ടോട്ടങ്ങള്‍...
റാസല്‍ഖൈമയില്‍ നിന്ന് അവധിക്കെത്തിയാല്‍ ബഷീര്‍ മേച്ചേരിയുടെ കൊച്ചുബാവക്കഥകള്‍.
ഹോട്ടല്‍ ശാന്തഭവനുമുന്നില്‍ അജാനുബാഹുവായ ഉണ്ണ്യേട്ടനുണ്ടാകാറുണ്ടായിരുന്നു. പാര്‍ട്ടിയുടെ പോക്കില്‍ വേദനിച്ചു ഉണ്ണ്യേട്ടന്‍. പണ്ട് ഗള്‍ഫില്‍ നിന്ന് തിരികെ പറക്കുമ്പോള്‍ ക്ര്‌ത്യവിലോപത്തിന് എയര്‍ ഹോസ്റ്റസ്സിനെ നെയില്‍ കട്ടറുകൊണ്ട് ഭീഷണിപ്പെടുത്തിയ തന്റേടിയായ കിറുക്കന്‍. വര്‍ഷങ്ങള്‍ക്കിപ്പുറം ഉണ്ണ്യേട്ടന്‍ ആത്മഹത്യ ചെയ്തു എന്ന് തബൂക്കില്‍ കഴിയുകയായിരുന്ന എനിക്കു വിളിച്ചു പറഞ്ഞത് കര്‍ണംകോടനായിരുന്നു. എന്റെ ‘സ്മരണകളിരമ്പും രണസ്മാരകങ്ങളേ...’ എന്ന കഥ (‘ദേഹവിരുന്ന്‘ എന്ന സമാഹാരത്തില്‍) സ്നേഹരൂപിയായ ഉണ്ണ്യേട്ടനുള്ള എന്റെ സ്മാരകമാണ്.
മേല്പത്തൂര്‍ ഓഡിറ്റോറിയത്തിനു പിറകില്‍ എന്റെ പ്രൊഫെസര്‍ വി. പി ബാലക്ര്‌ഷ്ണനുണ്ടാകും. അക്കാദമിക് ചരിത്രത്തിന്റെ അതിരുകള്‍ക്കപ്പുറത്തുള്ള രാഷ്ട്രീയവും സംസ്കാരവും മാഷ് മിക്കവാറും പങ്കു വെക്കുന്ന ഇടമായിരുന്നു സുഭാഷിന്റെ കടയുടെ മുന്‍‌വശം.
പടിഞ്ഞാറെ നടയില്‍ ജോഷി കട നടത്തുന്നു. അവിടന്ന് നന്നാരി സര്‍ബത്ത് കുടിക്കാത്ത ദിവസങ്ങള്‍ എത്രയുണ്ടാകും? അവിടെയിരുന്നാല്‍ ക്ര്‌ഷ്ണ തിയെറ്ററിലേക്ക് തലയില്‍ മുണ്ടിട്ട് എ പടം കാണാന്‍ പോകുന്ന എന്റെ നാട്ടുകാരെ കാണാം.
ഒരു നടത്തം അല്ലെങ്കില്‍ ഒരു സഞ്ചാരം എത്ര ഹ്രസ്വമാണ് അല്ലെങ്കില്‍ എത്ര ദീര്‍ഘമാണ് എന്നത് അതിന്റെ ഭൌതികമായ തരംഗദൈര്‍ഘ്യത്തെ മാത്രമാണ് അടയാളപ്പെടുത്തുന്നത്. സഞ്ചാരത്തിന്റെ ആഴവും പരപ്പും വഴികളുടെ തിരിച്ചറിവുകളിലാണ്. യാത്രികര്‍ പോകും. വഴി നിലനില്‍ക്കും. ഗുരുവായൂരിന്റെ വീഥികള്‍ നിലനില്‍ക്കുന്നു. നിറങ്ങള്‍ മാറി മാറി അണിഞ്ഞുകൊണ്ട്. ഭക്തി പെയ്യുന്ന നടവഴികള്‍ക്കപ്പുറത്ത് ആ നടത്തങ്ങള്‍ക്ക് വേറെ ചിലത് പറയാനുണ്ട്. അത്തരം പറച്ചിലുകളാണ് സായാഹ്നസഞ്ചാരങ്ങള്‍. അവിടെ ഉത്സവകാലമുണ്ട്. അവിടെ വ്ര്‌ശ്ചികക്കാറ്റുവീശുന്ന ഏകാദശിയുണ്ട്. ആദ്യമഴയുടെ ഇടിമിന്നലുകളുണ്ട്.
പറഞ്ഞാലും ബാക്കിയാകുന്നതാണ് ജീവചരിത്രം.

ഗുരുവായൂരിലെ സഞ്ചാരങ്ങള്‍ പിന്നെയും ബാക്കിയാകുന്നു.
(ബൂലോകകവിത ഓണപ്പതിപ്പില്‍(2009) പ്രസിദ്ധീകരിച്ചത്)

5 comments:

  1. ഗുരുവായൂരിന് സായാഹ്നങ്ങള്‍ മാത്രമല്ല ഉള്ളത്. അതിന് പുലര്‍കാലമുണ്ട്. മധ്യാഹ്നമുണ്ട്. രാത്രിയുണ്ട്. പുലര്‍കാലത്ത് നനവില്‍ നടന്നുപോകുന്ന പെണ്‍കുട്ടികളുണ്ട്. മധ്യാഹ്നങ്ങള്‍ക്ക് വയറു നിറയെ ഉണ്ടതിന്റെ മയക്കമുണ്ട്. സായന്തനങ്ങള്‍ക്ക് പൂചൂടിയ പെണ്‍കുട്ടികളുടെ ആള്‍ക്കൂട്ടത്തില്‍ അലിയുന്ന ക്ഷണികമായ നയനപ്രണയങ്ങളുടെ സൌകുമാര്യമുണ്ട്. അതിന് ക്ഷേത്രച്ചുമരുകളിലെ ശില്പലാവണ്യമുണ്ട്. രാത്രിയ്ക്ക് മേദസ്സ് കൂടുമ്പോള്‍ തെരുവുമദിരാക്ഷിമാര്‍ ഇടപാടുകാരുമായി ഇടം തേടുന്ന താഴ്ന്ന ലോഡ്ജുകളുണ്ട്. വാടിയ മുല്ലപ്പൂവിന്റേയും കുട്ടീക്കൂറ പൌഡറിന്റേയും കലര്‍പ്പു ഗന്ധം പരക്കും അവര്‍ നടന്ന വഴികളില്‍.
    ഫൈസലേ... വളരെ നന്നായിട്ടുണ്ട് ഈ വരികൾ..
    അഭിനന്ദനങ്ങൾ...
    തങ്കൾ പറഞ്ഞത് ശരിയാണ് ഗുരുവായൂരെത്തിയാൽ ഭാരതിലെ മസാലദോശ ഒരു നൊസ്റ്റു തന്നെയാണ്.

    ReplyDelete
  2. ഓര്‍മകളില്‍ ഒരുപാടുണ്ട് ഗുരുവായൂര്‍ വിതറിയവയായിട്ട്.
    ഭാരതിയ്ക്ക് പഴയ പെരുമ ഇല്ലാതായി അത് കൊളാടി ബില്‍ഡിംഗില്‍ നിന്ന് പോയപ്പോള്‍.
    സപര്യയ്ക്ക് നന്ദി.
    എം. ഫൈസല്‍

    ReplyDelete
  3. ഗുരുവായൂരിലെ സഞ്ചാരങ്ങള്‍
    പുലര്‍ക്കാലത്തെ ക്ര്ഷ്ണഭക്തരായ സഖാക്കളുടെ സഞ്ചാരം
    ഉച്ചക്ക് ഒരുനേരത്തെ ഉച്ചയൂണിനുവേണ്ടിയുള്ള സഞ്ചാരം
    വൈകീട്ട് നയനസുഖത്തിനുള്ള സഞ്ചാരം
    രാത്രികളില്‍ മദാലസകളെ തിരഞ്ഞും

    പിന്നെയും സഞ്ചാരികളുണ്ട്
    ലൈബ്രറിയിലെ വായനക്കാരുടെ
    വാക്കുകളില്‍ രക്തരൂക്ഷിത വിപ്ലവക്കാരുടെ സഞ്ചാരം
    കാര്യാലയങ്ങളില്‍ കാര്യമില്ലാതെ
    പോകുന്ന വരുടെ സഞ്ചാ‍രം
    ഒറാബോളിന്‍ ഗുളികതിന്ന്
    ഒന്നു തടിക്കാന്‍ ശശിയേട്ടന്റെ ഹോട്ടലില്‍
    ബീഫും പോറാട്ടയും തിന്നാന്‍ പോകുന്നവരുടെ സഞ്ചാരം.
    വൈകുന്നേരങ്ങളില്‍ വളരെ തിരക്കില്‍ നടന്ന്
    ആരോമയില്‍ നിന്ന് വെറും മൂന്നു പാല്പേഡ വങ്ങാന്‍ പൊകുന്ന് സഞ്ചാരം

    പിന്നെ എല്ലാ സഞ്ചാരികളുടേയും വിഴുപ്പു തോണ്ടുന്ന
    എടപ്പുള്ളിയിലേയും ചക്കംകണ്ടത്തേയും
    രോഗികളുടെ സഞ്ചാരം............

    ReplyDelete
  4. ഗുരുവായൂരിലെ സായാഹ്ന്ന സഞ്ചാരങ്ങള്‍... പഴയ ആ ഓര്‍മ്മകളിക്ക് പോയപ്പോ ശെരിക്കും
    തിരിച്ചു വരാത്ത ആ നല്ല നാളുകള്‍ തിരിച്ചു കിട്ടിയിരുന്നെങ്കിലെന്നു... ഞാനും വെറുതെ ആശിച്ചുപോയി...
    വളരെ നന്നായിട്ടുണ്ട്.. നന്ദി ഫൈസല്‍ജീ...

    ReplyDelete
  5. ഗുരുവായൂരിലെ സായാഹ്ന്ന സഞ്ചാരങ്ങള്‍.... പഴയ ആ ഓര്‍മ്മകളിക്ക് പോയപ്പോ..ശെരിക്കും
    തിരിച്ചു വരാത്ത ആ നല്ല നാളുകള്‍ തിരിച്ചു കിട്ടിയിരുന്നെങ്കിലെന്നു.. ഞാനും വെറുതെ ആശിച്ചുപോയി...
    വളരെ നന്നായിട്ടുണ്ട്.. നന്ദി ഫൈസല്‍ജീ..

    ReplyDelete