Saturday, 27 November 2010

അയ്യപ്പജീവിതം

പല്ലു തേച്ചിട്ട്,
കുളിച്ചിട്ട്,
നേരത്തിനന്നം കഴിച്ചിട്ട്,
പെങ്ങളെക്കണ്ടിട്ട്,
ഉടുപ്പഴിച്ച് വേറൊന്നുടുത്തിട്ട്,
നാളുകളഞ്ചാറായി.

അയ്യപ്പന്‍ : കുട്ടി എടക്കഴിയൂരിന്റെ  കാരിക്കേച്ചര്‍ 
ഇന്നു കാലത്തും
കീശകാലിയാകും വരെ
മോന്തി ഞാന്‍
അന്നനാളത്തിലാളിയ
ചാരായം.
സുഗതകുമാരിട്ടീച്ചറുടെ
സ്നേഹശകാരത്തില്‍
പിണങ്ങി.
പണം തന്നൊരു
തോഴനെ തെറിവിളിച്ചു.
കിടന്നുറങ്ങി ഞാന്‍
സ്റ്റാച്യു ജങ്ഷനില്‍ .

ഇത്രയും നാളുകള്‍
അന്നമില്ലാതെയും
വെള്ളമടിച്ചും
നന്നേ ക്ഷയിച്ചു ഞാന്‍ .
അയ്യപ്പനാകാനുള്ള
വേലകളെല്ലാം
വൃഥാവിലായ്.
കുപ്പായക്കൈമടക്കില്‍
തിരുകിയ കടലാസില്‍
തെളിഞ്ഞതേയില്ല
ഒറ്റവരിയും.
ആയതേയില്ല  ഞാന്‍
ഒരയ്യപ്പന്‍  പോയിട്ട്
കാലയ്യപ്പനെങ്കിലും.

ബെയറര്‍ , കൊണ്ടു വരൂ,
ചിക്കന്‍ കബാബും
ബട്ടര്‍ നാനും
ബ്ളാക്ലേബലിനോടൊപ്പം.
  
എന്തയ്യപ്പന്‍ ! ഏതയ്യപ്പന്‍ !
സ്വാമിയേ, ശരണമയ്യപ്പ !

Friday, 26 November 2010

പെറ്റീഷന്‍ :എന്ടോസള്‍ഫാന്‍


കവിതയും കഥയും നമ്മുടെ നൈതികതയെ തൊടാത്ത വേളകളുണ്ട്. ചിലപ്പോള്‍ അവ നമ്മുടെ പ്രതിഷേധ ജ്വാലകളും ആകാം. ഇവിടെ അടയാളപ്പെടുത്തുക നമ്മുടെ നിലപാട് :     

Saturday, 13 November 2010

കുമ്പളങ്ങിത്തോമ: ഒരു എന്‍ഡോസള്‍ഫാന്‍ പാനം

കുമ്പളങ്ങിക്കുമേല്‍
മേഘം വിഷം പെയ്യുന്നില്ല. 
കണ്ണാടി പോല്‍ കായല്‍ .
കായലില്‍ യാനായനങ്ങള്‍ 
തൊലി തുടുത്ത ഉടല്‍സദ്യകള്‍ .
ഷാപ്പില്‍ കള്ള്.
നുര. പത. ലഹരി.
നാക്കിലയില്‍ കരിമീന്‍ .
കൂര്‍ക്കയിട്ട കുടല്‍ക്കറി.
ഉരുളക്കിഴങ്ങില്‍ താറാവുകറി. 
തൊട്ടുനക്കാന്‍ 
ഭരണി തുറന്നെടുത്ത കടുമാങ്ങ.
ആവി പാറുന്ന ചിരട്ടപ്പുട്ട്.
ചാഞ്ഞ  തെങ്ങില്‍ 
താളം പിടിക്കുന്ന ഒറ്റയോല.
സന്ധ്യയെ കാത്തിരിക്കുന്ന
ആകാശം. 
നര്‍മ്മം കൊറിച്ചിരിക്കുന്ന
കുമ്പളങ്ങിത്തോമ.

ഡല്‍ഹിയില്‍  
ഗ്രീഷ്മവും ശൈത്യവും
കനക്കുമ്പോള്‍ 
കുമ്പളങ്ങിത്തോമ
കായലില്‍  മേയുന്ന 
മേഘങ്ങളെ നോക്കി 
ഇളം  കാറ്റിനോരത്തിരുന്ന്‍
വറുത്ത അണ്ടിപ്പരിപ്പ് തിന്നുന്നു. 

കുമ്പളങ്ങിത്തോമാ ,
ഇരിക്കൂ; ഈ ഭൂപടം കാണൂ.
ഉത്തര അക്ഷാംശം 12 ഡിഗ്രി 40 മിനിറ്റ്
12 ഡിഗ്രി 35 മിനിറ്റ്.
പൂര്‍വ രേഖാംശം 75 ഡിഗ്രി 51 മിനിറ്റ്   
75 ഡിഗ്രി 10 മിനിറ്റ്.
എന്മകജെ എന്ന ദേശപ്പൂവില്‍
സ്വര്‍ഗം ഒരിതള്‍ .
നരകം പടര്‍ന്ന നാകം.

ഇങ്ങു തരൂ 
ആ മണ്‍കലം.
അതിലൊഴിക്കട്ടെ 
അല്പമീ നീര്.
ഈ മൊരിഞ്ഞ
കരിമീനില്‍ 
നാലഞ്ചു തുള്ളികള്‍ .
എന്‍ഡോസള്‍ഫാന്‍
ഒരു മൃദുപാനീയം.
ആചമിക്കുക, ആവോളം.

മരണം മറ്റുള്ളവര്‍ക്കാണ്.
നരകം മറ്റുള്ളവര്‍ക്കാണ്.
സചിവോത്തമ സുവിശേഷം.       
    

     

Tuesday, 2 November 2010

ജെറുസലെം

(സിറിയൻ കവിത)
നിസാർ ഖബ്ബാനി
വിവ: എം. ഫൈസൽ

കണ്ണീർ വറ്റുന്നതുവരെ ഞാൻ കരഞ്ഞു.
മെഴുതിരികൾ മങ്ങും വരെ പ്രാർത്ഥിച്ചു.
തറ കീറും വരെ ഞാൻ മുട്ടുകുത്തി നിന്നു.
ഞാൻ മുഹമ്മദിനെയും
ക്രിസ്തുവിനെയും പറ്റി ചോദിച്ചു.
ഓ! ജെറുസലെം,
പ്രവാചകരുടെ സുഗന്ധം.
ആകാശത്തിനും ഭൂമിക്കുമിടയിലെ
ഏറ്റവും ഹ്രസ്വപാത.

ഓ! ജെറുസലെം, നിയമങ്ങളുടെ കാവൽക്കോട്ട.
കരിഞ്ഞ വിരലുകളുമായി വിഷണ്ണമിഴികളോടെ ഒരു സുന്ദരിക്കുട്ടി.
പ്രവാചകൻ കടന്നുപോയ ഒരു ശീതളമരുപ്പച്ചയാണു നീ.
നിന്റെ തെരുവുകൾ ശോകാർദ്രം.
നിന്റെ മിനാരങ്ങൾ വിലപിക്കുന്നു.
നീ,  കറുപ്പണിഞ്ഞ ചെറുപ്പക്കാരി.

ആരാണ്‌ വിശുദ്ധപ്പിറവിദേശത്ത്
ശനിയാഴ്ച പുലർച്ചെ മണിയടിക്കുന്നത്?
ക്രിസ്തുമസ് തലേന്ന് ആരാണ്‌
കുഞ്ഞുങ്ങൾക്ക് കളിപ്പാട്ടങ്ങൾ കൊണ്ടുവരുന്നത്?

ഓ! ജെറുസലെം, വേപഥുവിന്റെ നഗരമേ.
ഒരു വലിയ കണ്ണുനീർത്തുള്ളി അലയുന്നു നിന്റെ കണ്ണിൽ
ആര്‌ നിറുത്തും നിന്റെ മേലുള്ള അധിനിവേശങ്ങൾ,
മതങ്ങളുടെ മുത്തേ?
ആര്‌ കഴുകും നിന്റെ രക്തച്ചുമരുകൾ?
ആര്‌ സംരക്ഷിക്കും ബൈബിൾ?
ആര്‌ രക്ഷിക്കും ഖുർ‍ആൻ?
ആര്‌ രക്ഷിക്കും ക്രിസ്തുവിനെ?
ആര്‌ രക്ഷിക്കും മനുഷ്യനെ?
ഓ! ജെറുസലെം, എന്റെ നഗരമേ,
എന്റെ പ്രണയമേ,
നാളെ നാരകങ്ങൾ പൂക്കും.
ഒലീവുമരങ്ങൾ ഹർഷപുളകിതരാകും.
നിന്റെ കണ്ണുകൾ നൃത്തം ചെയ്യും.
ദേശാടനപ്രാവുകൾ നിന്റെ വിശുദ്ധ
മേൽക്കൂരകളിലേക്ക് തിരികെ വരും.
പിന്നെ നിന്റെ കുഞ്ഞുങ്ങൾ വീണ്ടും കളിച്ചു തുടങ്ങും.
നിന്റെ പനിനീർകുന്നുകൾക്കു മുകളിൽ
മക്കളും അവരുടെ പിതാക്കന്മാരും കണ്ടുമുട്ടും.

എന്റെ നഗരം
ശാന്തിയുടെയും ഒലീവുകളുടെയും നഗരം.