മൂക്കറ്റം കുടിച്ചശേഷം
മൊയ്തുണ്ണി
പേരകം കള്ളുഷാപ്പില്‍നിന്നിറങ്ങി.
ഉടുമുണ്ടഴിച്ച് തലയില്‍ കെട്ടി.
കൈയില്‍ പറ്റിയ
നാരങ്ങാ അച്ചാര്‍
മാളിയേക്കല്‍ ജോസപ്പേട്ടന്റെ
തെങ്ങില്‍ തേച്ചു.
തൊണ്ടയില്‍ കുടുങ്ങിയ
ഡയലോഗ് തികട്ടി
ഒരു കുഞ്ഞു വാള്‍ വെച്ചു.
ഒവുങ്ങലിലേക്കൂള്ള
ചെമ്മണ്‍ വഴിയില്‍.
കൂട്ടുങ്ങലെ
പഴയപാലത്തിന്നടിയില്‍നിന്ന്
ഇല്ലാപണംകൊടുത്തു
പൊതിയായി വാങ്ങിയ
സാമിയെ കാജാ ബീഡിയില്‍
തെരുത്ത് അതിന്‍ പുക തിന്നു.
നാലും കൂടിയ കൂട്ടുങ്ങലില്‍നിന്ന്
പൊലീസിന്റെ അഭാവത്തില്‍
ഗതാഗതം നിയന്ത്രിച്ചു.
പൊലീസു വണ്ടി കണ്ടപ്പോള്‍
ഉത്തരവാദിത്ത ബോധത്തോടെ
ചന്ദ്രൂസ് കേഫിന്നകം പൂകി.
ആഞ്ഞു വലിച്ചപുകയില്‍
മൊയ്തുണ്ണി മോഹന്‍ലാലായി.
മീശ പിരിച്ച് ഒരുവശം ചെരിഞ്ഞു.
മടക്കിക്കുത്തിയ ലുങ്കിക്കടിയിലെ
വള്ളിട്രൌസറോടെ
അവന്‍ അരിമാര്‍ക്കറ്റ് കടന്നു.
അറബിക്കടലിന്റെ മുകളില്‍ നിന്ന്
ചാഞ്ഞുപെയ്യുന്ന
അന്തിച്ചുവപ്പു പതിച്ച
വഞ്ചിക്കടവിലേക്കു നടന്നു
മോഹന്‍ലാല്‍.
No comments:
Post a Comment