ഒന്നില്‍ ഞാന്‍ മഴ നനഞ്ഞ പുസ്തകം.
ബെഞ്ചില്‍ നിരങ്ങി മൂടുതേഞ്ഞ നിക്കര്‍.
വെളുത്തുപോയ ബ്ലാക്ബോഡില്‍
തെളിയാത്തൊരക്ഷരം.
രണ്ടില്‍ ചോറ്റുപാത്രം
തൂക്കിയെത്തുമായിരുന്നു
രുഗ്മിണിടീച്ചര്‍.
കൃഷ്ണന്റെ ഹര്‍മ്യം,
കുചേലന്റെ ഓലക്കുട,
അവില്‍പൊതിയില്‍ പറ്റിയ സ്വേദം.
മൂന്നിലെ ഭാര്‍ഗവിട്ടീച്ചര്‍ക്ക്
ടൈഗര്‍ബാമിന്റെ ഗന്ധമായിരുന്നു.
വര്‍ഷമൂര്‍ച്ചയില്‍ മിന്നലെത്തുമായിരുന്നു.
നാലില്‍ ഞാന്‍ വൈകിയെത്തുന്ന ബസ്.
ഒടുവിലത്തെ മണി കേള്‍ക്കെ
മത്സരിച്ചാണോട്ടം.
സ്റ്റിയറിംഗ്, ഹോണ്‍, ഗിയര്‍, ബ്രേയ്ക്ക്.
പാഞ്ഞുപോകുന്ന ബസിന്റെ
ഡ്രൈവറായിരുന്നു ഞാന്‍.
അഞ്ചു മുതല്‍ ഏഴുവരെ
ഞാനുമവളും മലയാളം വായിച്ചത്
ഒരേ ഈണത്തിലെന്ന്
മാരന്‍മാഷ്.
തെങ്ങോലനിഴലുകളില്‍,
വെയില്‍ക്കാഞ്ഞ പറമ്പുകളില്‍,
പേരറിയാ പഴമധുരങ്ങളില്‍,
പലകഥകള്‍ നുണഞ്ഞു,
ചിരിച്ചു നടന്നു.
കരിയിലകള്‍ വീണ
മരച്ചുവടുകളില്‍ മധുരമാം
ഇലമംഗലം ചവച്ചു.
ഇടവഴില്‍കളില്‍
കലഹിച്ചും മഴ നനഞ്ഞും
നടത്തം.
മറഞ്ഞുപോയ്
മഴയിലെന്നപോല്‍ കാലം.
മഴവെള്ളത്തിലെവിടെയോ
കുതിര്‍ന്നു കിടക്കയാവാം
പഴയൊരു കടലാസുതോണി.
നാവികര്‍ കളഞ്ഞുപോയ
ഒരു ഛേദക്കപ്പല്‍ പോലെ.
കപ്പലിന്റെ ഓരോ അറയിലും
നിറയുന്നുണ്ട് സമുദ്രം.
No comments:
Post a Comment