അങ്ങനെ ഒരു നാള്‍ അവര്‍ വിണ്ടും കണ്ടുമുട്ടി. പാലൂപള്ളീലെ കുരിശുമേടയില്‍ നിന്ന് താഴോട്ട് നോക്കിയപ്പോള്‍ വാലന്റൈന്‍ സായ്‌വുണ്ട് ബസ് സ്റ്റോപ്പില്‍ നില്‍ക്കുന്നു. അടുത്ത് ഒരാട്ടിന്‍ കുട്ടിയെ പോലെ സ്വന്തം ഫിയറ്റ് കാറും. ഉടനെ അദ്രയമാങ്കുട്ടിനായര്‍ മേടയില്‍ നിന്ന് ചാടിയോടിയിറങ്ങി. സായ്‌വിന് ഉടനെ കൊടുത്തു ഒരു കൈ.
സായ്‌വെങ്ങോട്ടാ? എന്നായി അദ്രയമാങ്കുട്ടിനായര്‍.
ഞാന്‍ കോട്ടപ്പടിക്ക്. ഇന്ന് വാലന്റൈന്‍സ് ഡെ അല്ലേഡാ.
എന്താവടെ കാര്യം?
കഞ്ഞിവീത്ത്ണ്ട്. മൊഴിഞ്ഞു സായ്‌വ്.
എന്ത് കഞ്ഞി? കഞ്ഞി?
കഞ്ഞിയെന്ന ആവര്‍ത്തനത്തിലെ പന്തികേട് വിയര്‍പ്പുപറ്റിയ മൂക്കിനാല്‍ മണത്തറിഞ്ഞ സായ്‌വ് പറഞ്ഞു.
എഡാ ഞാന്‍ ലതീഞ്ഞിനല്ല പോണത്. കഞ്ഞിവീത്ത്.
അപ്പോള്‍ മൂത്രമൊഴിക്കാനെന്ന ഭാവേന മതിലിനോട് ചേര്‍ന്നിരുന്ന് ഐ.എന്‍. സി. ബുക്ക്ഡ് എന്ന് ചെങ്കല്‍ കഷ്ണം കൊണ്ടെഴുതുന്ന കപ്യാര്‍ ഇട്ട്യെരയെ കണ്ടു. അദ്രയമാങ്കുട്ടിനായരുടെ നോട്ടത്തിലെ കത്തുന്ന കമ്മ്യൂണിസ്റ്റ് പന്തികേട് കണ്ടപ്പോള്‍ ഭയത്താലോ അതോ ഒന്നൊഴിച്ചു കളയാം ഒരഖിലേന്ത്യ ബോധത്താലോ ഇട്ട്യെര ഒന്നങ്ങട്ടൊഴിച്ചു. ഒഴിച്ച ശേഷം കെ. പി. സി. സി യോഗം കഴിഞ്ഞു വരുന്ന ഒരു ഡി. സി. സി. മെമ്പറെ പോലെ മുതുവട്ടൂര്‍ വഴിയ്ക്ക് നല്ല നടപ്പു നടന്നു. അല്ല. അത് പോട്ടെ. അപ്പളെങ്ങനാണ് ആഘോഷങ്ങള്‍? നായരുടെ പുലിച്ചോദ്യം.
തെക്കന്‍ പലൂര്‍ന്ന് അപ്പോഴാണ് നായരുടെ സംബന്ധം അന്നാമ്മ ഒരസംബന്ധ നാടക നടിയെ പോലെ ചാവക്കാട്ടെ കാജാ സില്‍വര്‍ എവര്‍ റോളിംഗ് ട്രോഫി കാല്‍പന്ത് ടൂര്‍ണമെന്റ് പരിസരത്ത് കപ്പലണ്ടി വില്‍ക്കാന്‍ അതുവഴി വന്നത്. അതു കാണാതെ അദ്രയമാങ്കുട്ടി പറഞ്ഞു.
സായ്‌വ് സഖാവെ, വെരി വെരി ഹാപ്പി വലന്റൈന്‍സ് ഡെ.
ഒരൊറ്റ അടി.
രണ്ടടി.
അല്ല. മൂന്നടിനടന്നു വന്ന് അവള്‍ പറഞ്ഞു.
അതെയ് ഒക്കെ ശര്യാ. ഇവടെ കറങ്ങി നടക്കാണ്ട് കുടുമ്മത്ത് പോയി കുട്ട്യേളെ നോക്ക്. ഞാന്‍ വരാന്‍ വൈകും. പത്ത് മണ്യൊക്കെ ആകും. വെല്ല കഞ്ഞീം ണ്ടാക്കി കുടുമ്മത്തിര്ന്നൊ. സായ്‌വ് മേരിക്കുണ്ടൊരുകുഞ്ഞാട് എന്ന പ്രൈമറി ഭക്തിഗാനം പാടി ആട്ടിങ്കുട്ടി സ്റ്റാര്‍ട്ടാക്കുമ്പൊ നായര്‍ പറഞ്ഞു.
സായ്‌വെ ന്നത്തെ ലതീഞ്ഞ്...?
പോഡാ. ലതീഞ്ഞ്! വെഞ്ചിരിക്കലാണ് എന്ന ഈണത്തില്‍ വണ്ടി പോയി. ബസ് സ്റ്റോപ്പിലങ്ങനെ നായര്‍ പുത്തരിയല്ലാത്ത നാണക്കേടില്‍ നിമഗ്നനായി, നഗ്നനായി നിലപാടു നിന്നു. നായര്‍ വാമത്തെ നോക്കി. ന്നാലും നല്ലൊരു ദെവസം നീ കൊളാക്കീല്ലെ എന്ന് മനസ്സാ കര്‍മ്മണാ.
ചില്ലറെണ്ടോഡീ അന്നാ? ചില്ലറ?
എന്തിനാ? കപ്പലണ്ടി ഗന്ധത്തിലന്ന.
കോന്തിടെ കള്ളുശാലയിലെ കപ്പലണ്ടിയുടെ അതേ ഗന്ധം. ലോകത്തെല്ലാം വറുത്ത കപ്പലണ്ടിയ്ക്ക് ഒരേ ഗന്ധമാണെന്ന ശാസ്ത്രീയ നിഗമനവുമായി ഒരു കെഞ്ചല്‍.
ഇന്ന് വാലന്റൈന്‍സ് ഡെ അല്ലെ. ഒന്ന് മിന്നാമിനുങ്ങാ...
പ്പെ! എരപ്പെ!!! തുപ്പല്‍ സുബ്രമണ്യന്റെ പെട്ടിക്കടയോളം നീണ്ടു.
നായരുടെ തലക്കകത്തു നിന്ന് കൊറേ നക്ഷത്രങ്ങള്‍ പുറത്തുവന്ന് ബസ് കാത്തു നില്‍ക്കുന്നവരുടെ തലക്കു മുകളിലൂടെ ഗുരുവായൂരെ അന്തോണീസ് ബാര്‍ ഉന്നം വെച്ച് ഉന്നങ്ങള്‍ പോലെ പോയി. കൂട്ടുങ്ങലിലേക്കു നടക്കുമ്പൊ അന്നാമ്മ പറഞ്ഞു. ദെവസോം പാമ്പായിട്ടാ വരണത്. ഇന്നെങ്ങാനോം അങ്ങനെ വന്നാ ന്റെ വിധം മാറും. അന്നാമ്മ അന്നനട നടന്നു. അദ്രയമാങ്കുട്ടിനായര്‍ പിടിവിട്ട പുലിവാലു പോലെ കുരിശുമേടയിലേക്കു നോക്കി. ഇന്നലെ അന്നാമ്മ ചിരവ കൊണ്ടു തന്ന കഴുത്തിലെ മുഴയില്‍ തലോടി. നായര്‍ ആത്മഗതം ചെയ്തു.
നമ്മക്ക് സായ്പ്പമ്മാര് എന്തോരം ഫെസ്റ്റിവത്സാ തന്നീര്ക്കണത്! പക്ഷെ ഒന്ന് സ്റ്റീമാകാന്‌ള്ള യോഗല്ല. അട്ത്ത ജമ്മത്തീ സായ്പ്പായി ജനിക്കണേ....ആമേന്‍...കര്‍ത്താവിന് എന്തിന് സ്തോത്രം!
No comments:
Post a Comment