Monday, 13 April 2009

സര്‍, താങ്കളുടെ രാഷ്ട്രീയമെന്താണു സര്‍?

താങ്കളുടെ രാഷ്ട്രീയമെന്താണെന്ന്
എന്റെ വിദ്യാര്‍ത്ഥികളെന്നോടു
ചോദിച്ചു.
പൂവില്‍ സൌരഭ്യമായിരിയ്ക്കല്‍,
തേനില്‍ മധുരമായിരിയ്ക്കല്‍,
അടുപ്പില്‍ കനലായിരിയ്ക്കല്‍,
കഞ്ഞിയില്‍ ഉപ്പായിരിയ്ക്കല്‍,
കണ്ണില്‍ കരടുപോയാല്‍
സഖാവിന്റെ ചുണ്ടിലെ കാറ്റായിരിയ്ക്കല്‍,
നിശബ്ദരാക്കപ്പെട്ടവരുടെ
നാക്കായിരിയ്ക്കല്‍,
പ്രണയകാലത്ത്
ഡിസംബറിലെ മഞ്ഞില്‍
പൈന്മരങ്ങളുടെ
അവെന്യുവിലൂടെയുള്ള നടത്തമായിരിക്കല്‍,
ഏതു കമ്പോളത്തില്‍ പോയാലും
ഏതൊന്നു തെരഞ്ഞെടുത്താലും
ആദ്യമെന്റെ ഗ്രാമമായിരിയ്ക്കല്‍,
പിന്നെയെന്റെ നാടായിരിക്കല്‍,
ഒടുവിലെന്റെ ലോകമായിരിയ്ക്കല്‍,
വയല്‍ വിള്ളും വേനലില്‍
ഇടമഴയായിരിയ്ക്കല്‍,
വിരല്‍ മുറിയും വര്‍ഷത്തില്‍
തെളിവെയിലായിരിയ്ക്കല്‍,
രാവില്‍ നിലാവായിരിയ്ക്കല്‍,
പരിസ്ഥിതിയില്‍ പച്ചയായിരിയ്ക്കല്‍,
ആകാശത്ത് നീലയായിരിയ്ക്കല്‍,
പടനിലത്ത് പോരാട്ടമായിരിയ്ക്കല്‍,
അടയാളക്കൊടികള്‍ക്കിടയില്‍
ചുവപ്പായിരിയ്ക്കല്‍.
എന്റെ രാഷ്ട്രീയം
ഏതു ഭീഷണിയിലും
മനുഷ്യനായിരിയ്ക്കല്‍.

4 comments: