Monday, 4 June 2012

വെയിൽനിഴൽ പ്രദേശത്തെ ഡി കാമറൂൺ/എം. ഫൈസൽ


വെയിൽനിഴൽ

കാറ്റാടിമരങ്ങൾ അതിരിട്ട നടവഴി കടന്ന്, കരിയിലകൾ വീണ പടികൾ കയറി, പച്ചപ്പായൽ പടർന്ന ചുമരിൽ തൊടാതെ ഞങ്ങൾ പോയത് ഒരേ ക്ലാസ്മുറിയിലേക്ക്. ഇരുന്നത് ഒരേ വെയിൽനിഴൽ പ്രദേശത്ത്. പഠിപ്പിച്ചത് ഒരേ പാഠങ്ങൾ. കേട്ടതും ഒരേ പാഠങ്ങൾ. പക്ഷെ, പഠിച്ചത് ഒന്നായിരുന്നില്ല. പടിയിറങ്ങിയതും വേറെയിടങ്ങളിൽ. കൊണ്ട നട്ടുച്ച വേറെ വേറെ. ചൂണ്ടിയ വിരൽ വേറെ വേറെ. അതുകൊണ്ടാണ് വർഷങ്ങൾ കഴിഞ്ഞ് ഞാനും അവളും കണ്ടുമുട്ടിയപ്പോൾ അവൾക്ക് എന്നെ തിരിച്ചറിയാനാകാതെ പോയത്. എനിയ്ക്ക് അവളെ തിരിച്ചറിയാനായത്.  

ഡി കാമറൂൺ

ഒരു കൊച്ചു കഥയെഴുതി:
യയാതി എന്നു പേരായ ഒരാൾ മരിക്കുന്ന നേരത്ത് ദാഹിക്കുന്നു എന്നു പറഞ്ഞു. കുടിക്കാൻ ഗംഗാജലം കൊടുത്തു. അതയാൾ കൊടുത്തവന്റെ മുഖത്തേക്ക് ആഞ്ഞുതുപ്പി. മരണവേഗത്തിലും ദുരഭിമാനം! സത്വരം ഇളയമകൻ ഒരു കുപ്പി തെങ്ങിൻ കള്ള് തന്തയുടെ വായിലേക്ക് പതുക്കെ ഒഴിച്ചു കൊടുത്തു. സംതൃപ്തിയോടെ യയാതി സലാം പറഞ്ഞു മരിച്ചു. 
ഇതാണ് കഥ. കഥയ്ക്ക് ഞാൻ ഒരു പേര് നിശ്ചയിച്ചു. ഡി കാമറൂൺ. കഥ ആദ്യം വായിച്ച എന്റെ ചങ്ങാതി ചോദിച്ചു. കഥയും പേരും തമ്മിലെന്ത്? 
ഞാൻ തിരിച്ചു ചോദിച്ചു. നീയും നിന്റെ ഭാര്യയും തമ്മിലെന്ത്?
ഒന്നുമില്ല.
ഒന്നുമില്ല.