പൊരിവെയിലത്ത്
അന്നം കഴിക്കാതെ
മുന്തിരിത്തോപ്പില്‍
വിളവെടുപ്പു വേല ചെയ്യുന്ന
അടിമായാണു നിങ്ങളെങ്കില്‍
നിങ്ങളുടെ പുറത്ത്
ഒരു ചാട്ടവാറിന്റെ ഭീഷണിയുണ്ട്.
അന്നനാളത്തിന്റെ ആഴത്തില്‍
പൊരിഞ്ഞാലും എരിഞ്ഞാലും
ഒറ്റമുന്തിരിയും ചുണ്ടില്‍ തിരുകി
പാഴാക്കരുത്.
ചാട്ടയടിയേറ്റ് നിലംപൊത്തിയാലും
തിരിച്ചടിക്കരുത്.
വടക്കനമേരിക്കന്‍ ഗ്രീഷ്മത്തില്‍
പിടഞ്ഞുവീണ കറുത്ത മനുഷ്യരേ...
ഭീരുവിന്റെ അഹിംസയേക്കാള്‍
താനാദരിക്കുന്നത് ധീരന്റെ
ഹിംസയാണെന്ന് എന്റെ ഗുരുനാഥന്‍
പണ്ട് മോണകാട്ടി പറഞ്ഞു.
ഗ്രാമങ്ങളില്‍ അടുപ്പെരിയാതെ ചത്ത
എന്റെ ഉണക്കമനുഷ്യരേ,
അര്‍ദ്ധനഗ്നരായ എന്റെ ഫക്കീര്‍മാരേ...
ശ്വാസകോശങ്ങളില്‍
മരണം വിതച്ച്
വീശിപ്പോയ ബഹുരാഷ്ട്ര വിഷക്കാറ്റ്
നിങ്ങളോര്‍ക്കുന്നില്ലെ?
അന്ന് നിങ്ങള്‍ നിങ്ങളുടെ യൌവനത്തിലോ ശൈശവത്തിലോ
കൌമാരത്തിലോ ആയിരുന്നിരിക്കാം.
കാല്‍ നൂറ്റാണ്ടിനിപ്പുറം
ഇരകള്‍ ഇരകളായി തുടരുന്നു.
ഓരോ ദുരന്തവും മടിശ്ശീല കിലുക്കുന്ന
നല്ല വിപണിയാണ്.
സമാധാനത്തിനായുള്ള വിളംബരങ്ങളാണ്.
ആരുടെ സമാധാനം?
ഇരുപതിനായിരത്തിലേറെ
വെറും മനുഷ്യര്‍ ശ്വാസകോശം
തകര്‍ന്നു മരിച്ചിട്ടും
അഞ്ചു ലക്ഷത്തിലേറെ
മനുഷ്യര്‍ ഇന്നും മരിച്ചു ജീവിച്ചിട്ടും
നമ്മള്‍ ബധിരരും മൂകരുമായി ഇരിക്കുന്നത് എന്തുകൊണ്ട്?
നീതിയെ ചൊല്ലിയും
മനുഷ്യത്വത്തെ ചൊല്ലിയും
നിങ്ങള്‍ വേപഥുവിലാഴുമ്പോള്‍
വാള്‍മുനകള്‍
നിങ്ങളുടെ കഴുത്തിലേക്കു തന്നെ പായുന്നത് എന്തുകൊണ്ടാണ്?
തീര്‍ച്ചയായും ഒരു മനുഷ്യനായി
ജീവിക്കുന്നതില്‍ ലജ്ജ തോന്നുന്നു.
പാരിസ്ഥിതിക മരണത്തിന്റെ വക്കില്‍ നില്‍ക്കുന്ന
താനെങ്ങിനെ സൌന്ദര്യത്തെ കുറിച്ച് കവിതയെഴുതുമെന്ന്
കെന്‍ സാരോ വിവ ചോദിച്ചതോര്‍ക്കുക.
ഞാനീ കുറിച്ചത് കവിതയല്ലെങ്കില്‍
ചങ്ങാതീ, രജോ:സുഖത്തിന്റെ പരിലാളനയില്‍,
ബഹുരാഷ്ട്രഭീമന്മാരുടെ
തീറ്റസമൃദ്ധിയില്‍
താങ്കളെഴുതൂ
ലക്ഷണമൊത്ത ഒരു കവിത.
4 comments:
- ഞാനീ കുറിച്ചത് കവിതയല്ലെങ്കില്‍ ചങ്ങാതീ, രജോ:സുഖത്തിന്റെ പരിലാളനയില്‍, ബഹുരാഷ്ട്രഭീമന്മാരുടെ തീറ്റസമൃദ്ധിയില്‍ താങ്കളെഴുതൂ ലക്ഷണമൊത്ത ഒരു കവിത. ദാ... എഴുതിയിരിക്കുന്നു. ഇതൊന്നു നോക്കൂ...
- നന്ദി അലി. കഴിയുമെങ്കില്‍ ആഗസ്റ്റില്‍ (അടുത്ത മാസം) ദേശാഭിമാനി വാരിക വായിക്കൂ. എന്റെ നോവല്‍ ആരംഭിക്കുന്നു. സസ്നേഹം ഫൈസല്‍
- ഭീരുവിന്റെ ഹിംസയേക്കാള്‍ താനാദരിക്കുന്നത് ധീരന്റെ ഹിംസയാണെന്ന് എന്റെ ഗുരുനാഥന്‍???????? ഇങ്ങനെ തന്നെയാണോ???
- പിശകുണ്ടായിരുന്നു. അത് തിരുത്തി.ചൂണ്ടിക്കാട്ടിയതു നന്നായി.