Tuesday, 29 September 2009

കെന്‍ സാരോ വിവ

ബെഞ്ചമിന്‍ മൊളോയിസിനു ശേഷം കറുത്ത വന്‍‌കരയെന്ന് വെണ്‍‌തൊലി വന്‍‌കര ചാപ്പകുത്തിയ ആഫ്രിക്കയില്‍ ഉദിച്ചുയര്‍ന്ന ശ്യാമസൂര്യനാണ് സാരോ വിവ. പാശ്ചാത്യ സാമ്രാജ്യത്വം നക്കിത്തുടച്ച് അവശിഷ്ടമാക്കിയ ആഫ്രിക്ക ഒരു ഇരുണ്ട വന്‍‌കരയല്ല. അത് മനുഷ്യകുലത്തിന്റെ ഈറ്റില്ലമാണത്രെ. എന്നിട്ടും നിരന്തരമായ ചൂഷണത്തിന്റെ ഇരകളായി അവര്‍ മാറി. നൈജര്‍ നദീതടത്തില്‍ ഷെല്‍ പോലുള്ള ബഹുരാഷ്ട്ര ഭീമന്‍‌ എണ്ണക്കമ്പനികള്‍ നടത്തുന്ന അതിരില്ലാത്ത ചൂഷണം ഒരു പക്ഷേ ലോകത്തു തന്നെ താരതമ്യമില്ലാത്തതായി ഇന്നു മാറിയിട്ടുണ്ട്. കഥയും കവിതയും ചലച്ചിത്രവുമെല്ലാം പോരാട്ടത്തിന്റെ സമരപ്രദേശങ്ങളാക്കി മാറ്റി വിവ.
(വായിക്കുക, സൌദി ടൈംസില്‍ പ്രസിദ്ധീകരിച്ചത്)
കൂടുതല്‍ വ്യക്തമായി വായിക്കാന്‍ പേജ് ഇമേജുകളില്‍ ക്ലിക് ചെയ്യുക.





Thursday, 24 September 2009

ഗുരുവായൂരിലെ സായാഹ്നസഞ്ചാരങ്ങള്‍




എം.ഫൈസല്‍



ഖലീല്‍ ജിബ്രാന്‍ പറയുന്നുണ്ട്. ഞാന്‍ തെരുവില്‍ വെച്ച് വേദനയാല്‍ പരിക്ഷീണനായ ഒരാളെ കണ്ടുമുട്ടി. ക്ഷണിച്ചപ്പോള്‍ അയാള്‍ വീട്ടിലേക്കു വന്നു. എന്റെ പത്നിയും മക്കളും ഞാനും ആ അവധൂതനുമായി ആഹാരവും സമയവും പങ്കിട്ടു. അയാള്‍ അയാളുടെ കഥകളുടെ കെട്ടഴിച്ചു. തീവ്രദുരിതങ്ങളില്‍ പിറന്നിട്ടും അയാള്‍ കാരുണ്യവാനായിരുന്നു. മൂന്നാം നാള്‍ അയാള്‍ യാത്ര പറഞ്ഞുപോയി.
അയാള്‍ പോയിട്ടും ആരെങ്കിലും ഞങ്ങളെ വിട്ടുപിരിഞ്ഞു പോയപോലെ ഞങ്ങള്‍ക്കു തോന്നിയില്ല. ഞങ്ങളിലൊരാള്‍ ഇപ്പോഴും അകത്തുവരാതെ പുറത്ത് പൂന്തോട്ടത്തില്‍ ഉലാത്തുകയാണ് എന്നാണ് തോന്നിയത്.

ഇങ്ങനെ ഓരോ മനുഷ്യനും പുറത്ത് ഉലാത്തുകയാണ്. ഈ ഉലാത്തലാണ് സഞ്ചാരങ്ങള്‍. ജനനം മുതല്‍ കനലൂതി ജ്വാലയുണ്ടാക്കുന്ന പോലെ സ്വന്തം ഇത്തിരി ലോകത്തെ വിസ്താരപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടുള്ള യാത്രകള്‍. എവിടെ പോകുമ്പോഴും ആ ലോകത്തെ കൂടെ കൊണ്ടുപോകുന്നു. അല്ലെങ്കില്‍ എവിടെയായിരുന്നാലും ആ വളയത്തിലേക്ക് തിരിച്ചു നടക്കുന്നു. ശരീരം കൊണ്ടോ മനസ്സുകൊണ്ടോ.
ജലാലുദ്ദീന്‍ റൂമി അദ്ദേഹത്തിന്റെ കവിതയില്‍ പുറപ്പെട്ടു പോയവന്റെ വേപഥുവിന് ഒരടിക്കുറിപ്പെഴുതുന്നു. ദൂരത്തായിപ്പോയവന് ഒറ്റദുഖ:മേയുള്ളൂ. എന്നിനി തിരിച്ചെത്തി സ്വഭവനത്തില്‍ അന്തിയുറങ്ങാമെന്ന്.
കടലാസിലെ എഴുത്തിന്റെ ഇടവേളകളില്‍ വെറുമെഴുത്തായി തുടങ്ങിയതാണ് പിന്നീട് ഫൈസലിന്റെ ഗുരുവായൂരിലെ സായാഹ്ന സഞ്ചാരങ്ങളായി പരിണമിച്ചത്. അത് ബ്ലോഗെഴുത്ത് വെറും നിലത്തെഴുത്തല്ല എന്ന നവബോധത്തിനു സമാന്തരമായി പച്ചപിടിച്ചതാണ്.

ഞാന്‍ പിറകില്‍ വിട്ടുപോന്നതെന്തോ അതാണ് ഞാന്‍. വിട്ടു പോകു
ന്നിടത്താണ് ഓരോ മനുഷ്യന്റെയും അലച്ചില്‍. ഉടലെടുക്കുന്ന ഓരോ ജീവിയും ഈ അലച്ചിലിന്റെ വിധേയനാണ്. ജീവിതായോധങ്ങളില്‍നിന്ന് വേഷപ്പകര്‍ച്ചയില്‍ ഒളിച്ചോടി എല്ലാവര്‍ക്കും നിഷ്പ്രയാസം തിരിച്ചെത്താനാവില്ല. ബഷീര്‍ പുറപ്പേട്ട പോലെ ചക്രവാളത്തോളം നീണ്ട യാത്രയാണ് ചിലര്‍ക്കത്. മറ്റു ചിലര്‍ക്ക് അമ്പത്തിയേഴില്‍ ഇ. എം. എസ് മന്ത്രിസഭ ജനിച്ചപ്പോള്‍ തഞ്ചാവൂരിലെ തൊഴില്‍ ഉപേക്ഷിച്ച് വാളയാര്‍ ചുരം കടന്നെത്തിയ ഒ.വി.വിജയനെ പോലെ തിരിച്ചെത്താനാവും. കര്‍ക്കിടകമഴക്കു വേണ്ടി മരുഭൂമിയിലെ നാടുമാറി ജീവിതമവസാനിപ്പിച്ചു വന്ന വി. കെ. ശ്രീരാമന്റേതും തിരിച്ചെത്തലാണ്. പക്ഷെ അടുത്തിരിക്കുമ്പോളല്ല അകലത്തായിരിക്കുമ്പോളാണ് എല്ലാ പ്രണയങ്ങളും തീക്ഷ്ണമാകുന്നത്. ഗുരുവായൂരിലെ സായാഹ്നസഞ്ചാരങ്ങള്‍ പ്രണയത്തിന്റെ കാല്‍നടയാണ്. വഴിയോരങ്ങളോടുള്ള പ്രണയം. സന്ധ്യയില്‍ പരക്കുന്ന ഇലഞ്ഞിപ്പൂഗന്ധത്തോടുള്ള പ്രണയം. പിറ്റേന്നത്തെ സദ്യയ്ക്ക് ഊട്ടുപുരകളില്‍ കാലമാകുന്ന സദ്യവട്ടങ്ങളോടുള്ള പ്രണയം.
ഗുര്‍വായൂര്‍ കേള്‍വി കേട്ടത് ശ്രീക്ര്‌ഷണ ദര്‍ശനത്തിനാണ്. ക്ര്‌ഷണന്‍ മീരയുടേതാണ്. ഗോപികമാരുടേതാണ്. പ്രണയത്തിന്റെയും ഭക്തിയുടെയും സംഗ്രാമതന്ത്രങ്ങളുടേതുമാണ് ക്ര്‌ഷണന്‍. ക്ഷേത്രം ഭക്തിയുടെ. ക്ഷേത്രത്തിനുചുറ്റും പ്രസരിക്കുന്നത് പ്രണയം. ഗുരുവായൂരിന് സായാഹ്നങ്ങള്‍ മാത്രമല്ല ഉള്ളത്. അതിന് പുലര്‍കാലമുണ്ട്. മധ്യാഹ്നമുണ്ട്. രാത്രിയുണ്ട്. പുലര്‍കാലത്ത് നനവില്‍ നടന്നുപോകുന്ന പെണ്‍കുട്ടികളുണ്ട്. മധ്യാഹ്നങ്ങള്‍ക്ക് വയറു നിറയെ ഉണ്ടതിന്റെ മയക്കമുണ്ട്. സായന്തനങ്ങള്‍ക്ക് പൂചൂടിയ പെണ്‍കുട്ടികളുടെ ആള്‍ക്കൂട്ടത്തില്‍ അലിയുന്ന ക്ഷണികമായ നയനപ്രണയങ്ങളുടെ സൌകുമാര്യമുണ്ട്. അതിന് ക്ഷേത്രച്ചുമരുകളിലെ ശില്പലാവണ്യമുണ്ട്. രാത്രിയ്ക്ക് മേദസ്സ് കൂടുമ്പോള്‍ തെരുവുമദിരാക്ഷിമാര്‍ ഇടപാടുകാരുമായി ഇടം തേടുന്ന താഴ്ന്ന ലോഡ്ജുകളുണ്ട്. വാടിയ മുല്ലപ്പൂവിന്റേയും കുട്ടീക്കൂറ പൌഡറിന്റേയും കലര്‍പ്പു ഗന്ധം പരക്കും അവര്‍ നടന്ന വഴികളില്‍.
കുട്ടിയായിരിക്കുമ്പോഴാണ് മൂത്താപ്പ പറഞ്ഞത്.
മോന്‍ പോയി ഭാരതീല്‍ന്ന് മസാലദോശ വാങ്ങിക്കൊണ്ടാ.

മൂത്താപ്പ വയറ്റില്‍ ഒരു ഓപറേഷനു ശേഷം കച്ചവടത്തില്‍ നിന്ന് വിരമിച്ച് വീട്ടില്‍ വിശ്രമിക്കുകയായിരുന്നു. ഞാന്‍ ഹൈസ്കൂളില്‍
പഠിക്കുന്ന കാലം. സൈക്കിളെടുത്ത് പടിഞ്ഞാറെ നടയിലെ കൊളാടി ബില്‍ഡിങ്ങിലുള്ള ഭാരതി ഹോട്ടലിലെത്തി. പിന്നീട് ആ യാത്ര ശീലിച്ചു. മസാലദോശക്ക് ഭാരതി ഹോട്ടല്‍ എന്ന പര്യായം അങ്ങനെ മനസ്സിലുറച്ചു. മൂത്താപ്പാടെ മരണശേഷവും നടക്കലേക്കു നടക്കുമ്പോള്‍ കാലുകള്‍ ആദ്യം പോവുക ഭാരതി ഹോട്ടലിലേക്കാണ്. വാതില്‍ക്കല്‍ എന്നെ കാണുമ്പോള്‍ വലതു കൈയ്യില്‍ ആറു വിരലുകളുള്ള സൌമ്യനായ ബെയറര്‍ വിളിച്ചു പറയും.

ഒര് മസാലേയ്...

അതു തിന്ന് പകുതിയാകുമ്പൊഴേക്ക് അയാള്‍ എന്നോട് ചോദിക്കാതെ ഒന്നുകൂടെ ഓര്‍ഡര്‍ ചെയ്യും. രണ്ടു മസാലദോശ. അതാണ് എന്റെ കണക്ക്. അതയാള്‍ക്ക് ശീലമായി.

ആ രുചിയില്‍ മസാലദോശ പിന്നെ എവിടെ നിന്നും കഴിച്ചിട്ടില്ല.
പ്രസാദെന്ന എന്റെ ചങ്ങാതിയുമായി പ്രീഡിഗ്രികാലത്ത് ഞാന്‍ നടത്തിയ യാത്രകള്‍ ആദ്യം വിശ്രമിക്കുക അന്നത്തെ ടൌണ്‍ഷിപ്പ് ലൈബ്രറിയിലായിരുന്നു. അവിടെ വായനക്കു വേണ്ടിയുള്ള തിരച്ചില്‍. കാലക്രമത്തില്‍ അവിടത്തെ കാറ്റ്ലോഗുകള്‍ മന:പാഠമായി, ലൈബ്രേറിയനേക്കാള്‍. ഏട്ടാമത്തെ ബി ക്ലാസ് അംഗമായിരുന്ന ഞാന്‍ വര്‍ഷങ്ങള്‍ക്കു ശേഷം അമിതമായ വരിസംഖ്യാ വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഒരു സമരത്തിന്റെ ഭാഗമായി അവിടത്തെ അംഗത്വം ഉപേക്ഷിച്ചു. വായനശാലയും അതിനു മുമ്പിലുള്ള പൂന്തോട്ടവും അതിലെ ഗാന്ധിപ്രതിമയും അതിനു ചുറ്റുമുള്ള സിമന്റു ബെഞ്ചുകളിലെ ചര്‍ച്ചകളും കൊറിച്ച കപ്പലണ്ടികളും ഓര്‍മയുടെ ഭാഗമാണ്. ചായയോടൊപ്പം സ്വസ്ഥമായ ചര്‍ച്ചകള്‍ക്ക് കെ.ടി.ഡി. സി.യുടെ നന്ദനം ഭക്ഷണശാലയുണ്ടായിരുന്നു. ഇന്ത്യന്‍ കോഫീ ഹൌസ് പെട്ടെന്ന് ആളുകള്‍ വന്നെത്തുന്ന കിഴക്കേ നടയിലാണ് ഇന്നും. അവിടെ കൂടുതല്‍ ചടഞ്ഞിരിക്കാനാവില്ല.
കൈവശം പണമില്ലാതാകുമ്പോള്‍ മലയാളത്തിലുള്ള, ഏതെങ്കിലും കാലം കഴിഞ്ഞ റെസീപ്റ്റ് പുസ്തകമെടുത്ത് സത്രം ഹാള്‍ പരിസരത്തേക്കു പോകും. അന്യസംസ്ഥാനക്കാരായ ഭക്തരുടെ വാഹനങ്ങള്‍ അവിടെ ഉണ്ടാകും. റെസീപ്റ്റ് കീറിക്കൊടുത്ത് പണം കൈപ്പറ്റി നേരെ കോഫീ ഹൌസിലേക്ക്. ഇക്കാര്യത്തില്‍ പ്രിയ ചങ്ങാതി ഹക്കീമിന്റെ തൊലിക്കട്ടിയായിരുന്നു വലിയ ശക്തി.
കോഫീ ഹൌസ് മിക്കവാറും മധ്യവര്‍ഗ അരാഷ്ട്രീയ നഗരയുവത്വത്തിന്റെ താവളമായി മാറി. അവരുടെ അജണ്ട വേറെ. അങ്ങനെ രണ്ടു കപ്പു കാപ്പിക്കു ചുറ്റും എട്ടാള്‍ കണക്കേ ഞങ്ങള്‍ കോഫീ ഹൌസു വിട്ട് ഇന്ത്യാ സര്‍ക്കാറിന്റെ ഇന്ത്യന്‍ കോഫീ ബോഡു റെസ്റ്റോറെന്റില്‍ സമ്മേളിച്ചു.ചര്‍ച്ചകളുടെ മേല്‍ ചര്‍ച്ചകള്‍. അവിടെയെത്താത്ത കഥാപാത്രങ്ങളില്ല.
ആന്റേട്ടന്റെ മാംസളഭംഗിയുള്ള കൊച്ചുകഥകള്‍. സൈമേട്ടന്റെ ഉപമകള്‍. കര്‍ണംകോടന്റെ ഗസല്‍ഭ്രമങ്ങള്‍. പ്രമോദിന്റെ ചങ്ങാതിക്കൂട്ടം വിശാലമാക്കാനുള്ള നെട്ടോട്ടങ്ങള്‍...
റാസല്‍ഖൈമയില്‍ നിന്ന് അവധിക്കെത്തിയാല്‍ ബഷീര്‍ മേച്ചേരിയുടെ കൊച്ചുബാവക്കഥകള്‍.
ഹോട്ടല്‍ ശാന്തഭവനുമുന്നില്‍ അജാനുബാഹുവായ ഉണ്ണ്യേട്ടനുണ്ടാകാറുണ്ടായിരുന്നു. പാര്‍ട്ടിയുടെ പോക്കില്‍ വേദനിച്ചു ഉണ്ണ്യേട്ടന്‍. പണ്ട് ഗള്‍ഫില്‍ നിന്ന് തിരികെ പറക്കുമ്പോള്‍ ക്ര്‌ത്യവിലോപത്തിന് എയര്‍ ഹോസ്റ്റസ്സിനെ നെയില്‍ കട്ടറുകൊണ്ട് ഭീഷണിപ്പെടുത്തിയ തന്റേടിയായ കിറുക്കന്‍. വര്‍ഷങ്ങള്‍ക്കിപ്പുറം ഉണ്ണ്യേട്ടന്‍ ആത്മഹത്യ ചെയ്തു എന്ന് തബൂക്കില്‍ കഴിയുകയായിരുന്ന എനിക്കു വിളിച്ചു പറഞ്ഞത് കര്‍ണംകോടനായിരുന്നു. എന്റെ ‘സ്മരണകളിരമ്പും രണസ്മാരകങ്ങളേ...’ എന്ന കഥ (‘ദേഹവിരുന്ന്‘ എന്ന സമാഹാരത്തില്‍) സ്നേഹരൂപിയായ ഉണ്ണ്യേട്ടനുള്ള എന്റെ സ്മാരകമാണ്.
മേല്പത്തൂര്‍ ഓഡിറ്റോറിയത്തിനു പിറകില്‍ എന്റെ പ്രൊഫെസര്‍ വി. പി ബാലക്ര്‌ഷ്ണനുണ്ടാകും. അക്കാദമിക് ചരിത്രത്തിന്റെ അതിരുകള്‍ക്കപ്പുറത്തുള്ള രാഷ്ട്രീയവും സംസ്കാരവും മാഷ് മിക്കവാറും പങ്കു വെക്കുന്ന ഇടമായിരുന്നു സുഭാഷിന്റെ കടയുടെ മുന്‍‌വശം.
പടിഞ്ഞാറെ നടയില്‍ ജോഷി കട നടത്തുന്നു. അവിടന്ന് നന്നാരി സര്‍ബത്ത് കുടിക്കാത്ത ദിവസങ്ങള്‍ എത്രയുണ്ടാകും? അവിടെയിരുന്നാല്‍ ക്ര്‌ഷ്ണ തിയെറ്ററിലേക്ക് തലയില്‍ മുണ്ടിട്ട് എ പടം കാണാന്‍ പോകുന്ന എന്റെ നാട്ടുകാരെ കാണാം.
ഒരു നടത്തം അല്ലെങ്കില്‍ ഒരു സഞ്ചാരം എത്ര ഹ്രസ്വമാണ് അല്ലെങ്കില്‍ എത്ര ദീര്‍ഘമാണ് എന്നത് അതിന്റെ ഭൌതികമായ തരംഗദൈര്‍ഘ്യത്തെ മാത്രമാണ് അടയാളപ്പെടുത്തുന്നത്. സഞ്ചാരത്തിന്റെ ആഴവും പരപ്പും വഴികളുടെ തിരിച്ചറിവുകളിലാണ്. യാത്രികര്‍ പോകും. വഴി നിലനില്‍ക്കും. ഗുരുവായൂരിന്റെ വീഥികള്‍ നിലനില്‍ക്കുന്നു. നിറങ്ങള്‍ മാറി മാറി അണിഞ്ഞുകൊണ്ട്. ഭക്തി പെയ്യുന്ന നടവഴികള്‍ക്കപ്പുറത്ത് ആ നടത്തങ്ങള്‍ക്ക് വേറെ ചിലത് പറയാനുണ്ട്. അത്തരം പറച്ചിലുകളാണ് സായാഹ്നസഞ്ചാരങ്ങള്‍. അവിടെ ഉത്സവകാലമുണ്ട്. അവിടെ വ്ര്‌ശ്ചികക്കാറ്റുവീശുന്ന ഏകാദശിയുണ്ട്. ആദ്യമഴയുടെ ഇടിമിന്നലുകളുണ്ട്.
പറഞ്ഞാലും ബാക്കിയാകുന്നതാണ് ജീവചരിത്രം.

ഗുരുവായൂരിലെ സഞ്ചാരങ്ങള്‍ പിന്നെയും ബാക്കിയാകുന്നു.
(ബൂലോകകവിത ഓണപ്പതിപ്പില്‍(2009) പ്രസിദ്ധീകരിച്ചത്)

Monday, 14 September 2009

ഹേ, റാം!

മൊട്ടത്തല,
മോണക്കാട്ടിച്ചിരി,
വട്ടക്കണ്ണട,
വടിയൂന്നി നടത്തം,
അര്‍ദ്ധനഗ്നന്‍,
അനാസക്തിയോഗം,
നിലത്തിരുത്തം,
നിരാഹാരശയനം.

പൊലിഞ്ഞുപോയ് നാളം
പക്ഷേ, സ്വയം സേവക കാഞ്ചിയില്‍.
ഒടുവിലാ മര്‍മരം:
ഹേ, റാം!
ഒടുങ്ങാത്ത മന്ത്രണം.

ഭ്രൂണമേധങ്ങളില്‍,
സംഘചലനങ്ങളില്‍
ചിരിക്കുന്നു ഗോഡ്സെ.
വെടിയുണ്ടയാല്‍
ഉതിരുന്നു ചോര!

മലയാളം ന്യൂസില്‍ പ്രസിദ്ധീകരിച്ചത്-2003

Tuesday, 1 September 2009

ഓണം എല്ലാ മലയാളികളുടെയും ഉത്സവമല്ല.

ഓണം ആരുടെ ഉത്സവമാണ്? ഈ ചോദ്യം പലരും പല തവണ ഉയര്‍ത്തിയിട്ടുണ്ട്. അടുത്തകാലത്ത് കെ. ഇ. എന്‍. വരെ ഈ ചോദ്യം ഉയര്‍ത്തുകയും അത് വരേണ്യ ബ്രാഹ്മണ്യത്തിന്റെ ആഘോഷമാണെന്ന വിഗമനത്തിലെത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഓണം മാത്രമല്ല്, കേരളീയമെന്ന് നാം വിവക്ഷിക്കുന്ന പലതിനും തനി കേരളീയമെന്ന് പറയാനാകുമോ?

                    ആഘോഷങ്ങള്‍ നിര്‍മ്മിച്ചെടുക്കപ്പെടുന്നവയല്ല. അവ മനുഷ്യന്റെ ജീവിതവ്യവഹാരവുമായി ബന്ധപ്പെട്ട് രൂപപ്പെട്ട് വരുന്നതാണ്. അത് അവന്റെ അദ്ധ്വാനമാവാം, കാര്‍ഷിക നേട്ടങ്ങളാവാം, പ്രക്ര്‌തിശക്തികളൊടോ ദൈവസങ്കല്പത്തോടോ ഉള്ള ഭയമോ നന്ദിയോ ആകാം. സത്യത്തില്‍ പല ആഘോഷങ്ങളുടെയും ഉല്പത്തിയില്‍ ദൈവസങ്കല്പത്തിനോ മത അനുഷ്ഠാനങ്ങള്‍ക്കോ വലിയ സ്വാധീനമുണ്ട്. അതിനാല്‍ ഇത്തരത്തിലുള്ള സ്വാധീനങ്ങളുടെ അന്തര്‍ധാര ഓണാഘോഷത്തിലും നമുക്ക് കാണാം.
    
         ഞാന്‍ പറയുന്നത് ഓണം സമസ്ത മലയാളികളുടെയും ആഘോഷമല്ല എന്നു തന്നെയാണ്. അതെന്തുകൊണ്ട്? അതിന് കേരളീയത് എന്ത് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തണം. കേരളീയതയെ ഇന്ന് മറ്റെല്ലാ ദേശ-പ്രാദേശിക സ്വത്വങ്ങളേയും പോലെ നിര്‍വചിക്കാന്‍ പ്രയാസമാണ്. എന്നാല്‍ കേരളീയത എന്നാല്‍ എന്ത് മാത്രമല്ല എന്തല്ല എന്നും നമുക്ക് പറയാന്‍ കഴിയും. കഴിയണം. കഴിഞ്ഞില്ലെങ്കില്‍ അത് നാം നമ്മുടെ സംസ്കാരത്തോടു ചെയ്യുന്ന നീതികേടായിരിക്കും. കേരളീയതുടെ സാംസ്കാരിക ചിഹ്നം കഥകളിയല്ല. കഥകളി ഒരു കേരളീയ കലാരൂപമാണ്. അതിന്റെ ഉറവിനും പരിണാമത്തിനും സവര്‍ണസമൂഹക്രമത്തിന്റെ അടിത്തറയുണ്ടെങ്കിലും അത് ഇന്ന് മതേതരവും പുരോഗമനാത്മകവുമായ ഒരു തിരശ്ശീലയിലാണ് ഒരുങ്ങുന്നത്. എന്നാല്‍ കഥകളിയെ മാത്രം കേരളത്തിന്റെ സാംസ്കാരിക ലോഗൊ ആക്കി ചിത്രീകരിക്കുന്നത് നമ്മുടെ മനസ്സില്‍ വേരോടിയിട്ടുള്ള വിധേയത്വത്തിന്റെ ലക്ഷണമാണ്. കേരളീയ ജനതയില്‍ വളരെ ചെറിയ ന്യൂനപക്ഷം മാത്രം ഇഴുകി ആസ്വദിക്കുന്ന (അതില്‍ പലരും ഉറക്കമായിരിക്കും. ഉറക്കമുണര്‍ത്താന്‍ രാവണനെക്കൊണ്ട് അലറിക്കാന്‍ പണം കൊടുത്തിരുന്നതായി നമുക്കറിയാം) ഒരു കലാരൂപമെങ്ങനെ കേരളീയസാമാന്യത്തിനെ കലാരൂപമാകും? ഓട്ടന്‍തുള്ളലിനോ തെയ്യത്തിനോ ഒപ്പനക്കോ മാര്‍ഗംകളിക്കോ ഉള്ള അത്ര ജനകീയത കഥകളിക്കുണ്ടോ? ജനകീയതയുടെ അടിസ്ഥാനത്തിലല്ല ഒരു കലയെ സാംസ്കാരിക മുദ്രയായി തെരഞ്ഞെടുക്കുന്നതെന്നു വാദിച്ചാല്‍ പിന്നെ മറ്റെന്താണ് മാനദണ്ഡം? അതായത് നമ്മുടെ സംസ്കാരത്തുന്റെ അടയാളങ്ങളെ നിര്‍ണയിക്കുന്നതില്‍ ഇന്നും മേല്ക്കോയ്മ ബ്രാഹ്മണചിന്തക്കാണെന്ന് വ്യക്തം. വ്ര്ത്തമില്ലാതെ കവിത എഴുതിയാല്‍ കവിതയാകില്ല എന്നു പറയുന്നതു പോലെ ഒരു വരേണ്യ ധാരയുടെ ചിന്താരചനയാണത്. സംസ്ക്ര്ത പദങ്ങളില്ലാതെ ഒരുകാലത്ത് മലയാള കവിത പിറക്കാന്‍ പാടില്ലായിരുന്നു. ഇവിടെയാണ് എഴുത്തച്ഛനെപ്പോലുള്ളവര്‍, കുഞ്ചനമ്പ്യാരെ പോലുള്ളവര്‍ ഭാഷയുടെ ജനകീയചരിത്രം രചിക്കുന്നത്. എഴുത്തച്ഛന്‍ ഭാഷാ പിതാവല്ലെന്ന് സാംസ്കാരിക വലതുപക്ഷത്തിന് നേത്രത്വം കൊടുക്കുന്ന ഭാരതീയ വിചാരകേന്ദ്രത്തിന്റെ ഡയറക്ടര്‍ പി പരമേശ്വരന്‍ തന്നെ പറയുകയുണ്ടായി. സംസ്ക്രതവും തമിഴും അടക്കമുള്ള ഭിന്നസംസ്കാരങ്ങളുടെ മിശ്രണത്തിലൂടെ ഉയര്‍ന്നുവന്ന കേരളീയതയുടെ കൊള്ളക്കൊടുക്കയായി രൂപംകൊണ്ട ഭാഷ ഇന്ന് ജനകീയമാണ്. എന്നാല്‍ ഇന്ന് സംസ്ക്ര്തത്തിന്റെ ഗതിയെന്താണ്. ഓള്‍ ഇന്ത്യാ റേഡിയോയി സംസ്ക്ര്ത വാര്‍ത്ത വന്നാല്‍ അത് റേഡിയോക്ക് മൌനവ്രതത്തിന്റെ ഇടവേളയാണ്. അതിനാല്‍ കേരളീയതയുടെ ഭാഷ മലയാളമാണ്. ഒരു സംശയവുമില്ലാതെ പറയാം. അത് പ്രാഥമികമായി തമിഴ്-സംസ്ക്ര്തം സങ്കലനത്തില്‍ നിന്ന് ഉണ്ടായതാണ്.
      
          സങ്ക്ലനം ഭാഷകളുടെയെല്ലാം പൊതു സ്വഭാവമാണ്. ഇന്ന് മലയള ഭാഷയ്ക്ക് അതിന്റെ സാംസ്കാരിക സ്വത്വമുണ്ട്. എം. ജി. എസ്. നാരായണന്‍ പോലും വര്‍ഷങ്ങള്‍ക്കു മുമ്പ് ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ കേരളീയതയെ സം‌ബന്ധിച്ച് അവതരിപ്പിച്ച ഒരു ദീര്‍ഘ പ്രബന്ധത്തില്‍ കേരളീയതയുടെ വികാസത്തെ പറ്റി പറയുന്നുണ്ട്. 1947ല്‍ ഒരു സ്വതന്ത്ര രാഷ്ട്രീയ-സാംസ്കാരിക- സാമൂഹിക സ്വത്വമായി രൂപപ്പെടാതിരുന്ന കേരളീയത തൊണ്ണൂറുളില്‍ ഒരു ഉപദേശീയതയില്‍ നിന്നും വികസിച്ച് പക്വദേശീയതയായി മാറിയിട്ടുണ്ടെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഇത് രാഷ്ട്രീയമായി അവതരിപ്പിച്ചാല്‍ അത് ‘കേരളം കേരളീയന്‘ എന്ന് ഒരിയ്ക്കല്‍ നമ്മള്‍ കേട്ട സി. ആര്‍.സി. സി. പി. ഐ.എം. എല്‍. പദ്ധതിയാകും. എന്തായാലും നമ്മുടെ സാംസ്കാരിക അജണ്ട നിശ്ചയിക്കുന്നത് ബ്രാഹ്മണ്യം തന്നെ. ഇത് പറയുമ്പോള്‍ ബ്രാഹ്മണകുലത്തില്‍ ജനിച്ചവരെല്ലാം എന്നര്‍ഥമില്ല. ചിന്തയിലും പ്രവ്ര്ത്തിയിലും ബ്രാഹ്മണ്യം പുലര്‍ത്തുന്നവര്‍ എന്നേ അര്‍ഥമുള്ളൂ.

              ഇനി ഓണത്തിലേക്കു തിരിച്ചു വരാം. അത് കേരളത്തിലെ ഭൂരിപക്ഷ്ത്തിന്റെ ആഘോഷമാണ്. എന്നാല്‍ അത് ആഘോഷിക്കാന്‍ പാടില്ലാത്ത ന്യൂനപക്ഷം ആരാണ്? അത് പണ്ട് മഹാബലി ചക്രവര്‍ത്തിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയവരുടെ പിന്മുറക്കാരാണ്. മഹാബലി ഒരു ഐതിഹ്യപുരുഷനാണ്. അസ്സീറിയന്‍ ചക്രവര്‍ത്തിയെന്നോ ചേരചക്രവര്‍ത്തിയെന്നോ തിട്ടമില്ലാതെ മിത്തില്‍ കുടുങ്ങിക്കിടക്കുകയാണ് മഹാബലിയെന്ന സങ്കല്പം.(ചരിത്രത്തില്‍ മിത്തോളജിയെ പൂര്‍ണമാ ധിക്കരിക്കാന്‍ പാടില്ല. കൊസാംബിയുടെ MYTH AND REALITY വയിക്കാത്തവര്‍ വായിക്കുക. വ്ര്ത്രാസുരനെ വധിച്ചാണ് ഇന്ദ്രന്‍ ദേവന്മാരെ രക്ഷിച്ചതത്രെ. വ്ര്ത്രാസുരന്‍ എന്നാല്‍ ദസ്യുക്കള്‍ സിന്ധു നദിക്കു കുറുകെ കെട്ടിയ അണ. അത് തകര്‍ത്തത് ഇന്ദ്രന്‍. അതില്‍ പ്രളയത്തില്‍ പെട്ടും പിന്നെ വരള്‍ച്ചയില്‍ പെട്ടും ഒടുങ്ങിയത് ദസ്യുക്കളുടെ സൈന്ധവ സംസ്ക്ര്തി. ഇത് മിത്തോളജിയുടെ ഒരു ചരിത്രഭാഷ്യമായി കാണാം. ആര്യന്മാര്‍ ദ്രാവിഡരെന്നോ ദസ്യുക്കളെന്നോ പറയാവുന്ന തദ്ദേശീയരില്‍ നേടിയ വിജയം!) എന്തായാലും നമ്മള്‍ ഏതൊരു യുക്തി കൊണ്ട് എതിര്‍ത്താലും ഓരോ സമൂഹവും അതിന്റെ ചരിത്രഘട്ടങ്ങളിലൂടെ പുഷ്കലമാക്കുന്ന ചില നന്മകളുണ്ട്. അവയിലൊന്നാണ് മലയാളികളുടെ ഓണം.
               മഹാബലിയുടെ ഐതിഹ്യം നമുക്കെല്ലാമറിയുന്നതാണ്. ആരാണ് മഹാബലി? ഒരു അസുര ചക്രവര്‍ത്തി. ആരാണ് അദ്ദേഹത്തിന്റെ ജനകീയവും ക്ഷേമപൂര്‍ണവുമായ ഭരണത്തില്‍ അസൂയ പൂണ്ടത്? ദേവന്മാര്‍. മഹാവിഷ്ണു വാമനാവതാരം പൂണ്ടാണ് മഹാബലിയെ ചതിച്ചത്. ഇന്നത്തെ രാഷ്ട്രീയ-സാമൂഹിക പദപ്രശ്നങ്ങളെല്ലാം ഇവിടെയും നമുക്ക് കാണാം. അസുരന്‍ എന്നാല്‍ ദ്രാവിഡമെന്നോ അധ:സ്ഥിതമെന്നോ പറയാവുന്ന സാമൂഹ്യശ്രേണിയില്‍ പെട്ടവന്‍. ചവിട്ടിത്താഴ്ത്തിയത് സുരവര്‍ഗത്തില്‍ പെട്ടയാള്‍. ബ്രാഹ്മണന്‍. അങ്ങനെയെങ്കില്‍ ഇന്നും ബ്രാഹ്മണ മനസ്സ് പേറി നടക്കുന്ന ഒരാള്‍ക്ക് ഓണം അഘോഷിക്കാന്‍ പറ്റുമോ? അങ്ങനെ ഒരാള്‍ ഓണം അഘോഷിക്കുന്നെങ്കില്‍ നമ്മളതിനെ ചോദ്യം ചെയ്യേണ്ടതല്ലെ? ആയതിനാല്‍ എനിക്ക് തോന്നുന്നത് കീഴാളജീവിതത്തോട് പ്രതിപത്തിയുള്ള, മനുഷ്യനെ മനുഷ്യായി കാണാന്‍ കഴിവുള്ള ഒരാള്‍ക്കു മാത്രമേ ഓണം ആഘോഷിക്കാനുള്ള അര്‍ഹതയുള്ളൂ. അതിനാല്‍ ഇന്നും മനുഷ്യസമത്വത്തിലും സാഹോദര്യത്തിലും വിശ്വസിക്കാത്ത ബ്രാഹ്മണവിദൂഷകരെ, ദയവുചെയ്ത് നിങ്ങള്‍ ഓണം ആഘോഷിക്കരുത്. അത് ഞങ്ങള്‍ പാവം കീഴാളജീവിതങ്ങളുടെ ഉത്സവമണ്. അതില്‍ ചിലപ്പോള്‍ ചില അനുഷ്ഠാനങ്ങള്‍ കലരാം. പാട്ടുകള്‍ ചേക്കേറാം. അയോധനമുറകള്‍ വന്നുപയറ്റാം. അതൊക്കെ കാലികമായി ഏത് ആഘോഷങ്ങള്‍ക്കും വന്നുചേരുന്ന ധനാത്മകമയ പുഷ്ടിയാണ്. അതുകൊണ്ട് ഓണം എല്ലാ കേരളീയന്റെയും ആഘോഷമാകണമെങ്കില്‍ എല്ലാ കേരളീയരും ഒന്നുപോലെയാകണം. കള്ളം പറയരുത്. ജാതി ചോദിക്കരുത്.
        
           പതിറ്റാണ്ടുകള്‍ക്കു മുമ്പ് ശ്രീനാരായണനും കുമാരനാശാനും പറഞ്ഞത് ഇപ്പോഴും പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട്. സ്കൂള്‍ ക്ലാസ് റൂമിനകത്ത് ‘ഇവിടെ പുകവലിക്കരുത്’ എന്ന് എഴുതിവെക്കേണ്ടതില്ല. എന്നാല്‍ എഴുതിവെച്ചതു കണ്ടാല്‍ അവിടെ കുട്ടികള്‍ പുകവലിക്കുന്നുണ്ട് എന്നു കരുതണം. ജാതി ചോദിക്കരുത്. മതം മനുഷ്യബന്ധങ്ങളില്‍ കലക്കരുത് എന്നൊക്കെ നമുക്കിന്ന് പറയേണ്ടി വരുന്നത് ക്ലാസ് മുറികളില്‍ പുക വലിക്കുന്നവര്‍ ഉള്ളതു കൊണ്ടാണ്.


             കേരളത്തിന്റേത് എന്നു പറയാന്‍ മൌലികമായി എന്താണ് ഉള്ളത്? എല്ലാം ആദാനപ്രദാനങ്ങളിലൂടെ വികസിച്ചുണ്ടായതല്ലെ. മലയാളിയുടേതാണോ സാമ്പാര്‍? രസം? ഇഡലി? വട? എല്ലാം തമിഴന്റേത്. നമ്മുടേത് എന്നു പറയാന്‍ പുട്ടുണ്ടാവും പത്തിരിയുണ്ടാവും. കേരളത്തിന്റെ പച്ചക്കറി തന്നെ തമിഴ്നാട്ടിലെ ഒട്ടംചത്രത്തെ ‘വ്യവസായ‘ത്തില്‍ നിന്നല്ലെ! അറബികള്‍ പുരാതനകാലത്ത് ദീര്‍ഘ്മായ സാര്‍ഥവാഹകയാത്രയില്‍ കഴിക്കാനുള്ള സൌകര്യത്തിന് രൂപപ്പെടുത്തിയ ചോറിന്റെയും ഇറച്ചിയുടെയും മിശ്രിതമാണ് പിന്നീട് ബിരിയാണി ആയി മാറിയതത്രെ! എങ്കില്‍ മലബാര്‍ ബിരിയാണിയും അറബ് ബിരിയാണിയും തമ്മില്‍ എത്രയോ അകലമുണ്ട്. തീര്‍ച്ചയായും നമ്മള്‍ നമ്മുടെ ബിരിയാണി കാലമാക്കി എടുത്തിട്ടുണ്ട്. ഇറച്ചിയും മീനും പച്ചക്കറികളും ചേര്‍ന്നതാണ് കേരളീയത. അതിനെ വെറും സസ്യഭുക്കാക്കി മാറ്റുന്നത് ക്രൂരതയാണ്. ഓണത്തിനു തന്നെ കേരളത്തില്‍, വടക്ക് വിശേഷിച്ചും, ഉത്രാടം മുതലങ്ങോട്ട് ഓരോ ദിവസവും വ്യത്യസ്ത ഇറച്ചി-മീന്‍ വിഭങ്ങള്‍ പാരമ്പര്യ രീതിയില്‍ വിളമ്പേണ്ടതുണ്ട്. അതായത് ഓണത്തെ സംബന്ധിച്ച് സവര്‍ണത്തമ്പുരാക്കന്മാര്‍ ഉണ്ടാക്കി വെച്ച ധാരണ എത്ര അബദ്ധജഡിലമാണ്!

             ഓണം അധിനിവേശത്തിന്റെ ആഘോഷമല്ല. അധിനിവേശത്തെ ആലിംഗനമായി തെറ്റിദ്ധരിച്ച നിഷ്കളങ്കതയുടെ, കരുണ്യത്തിന്റെ ആഘോഷമാണ്. നമ്മള്‍ അയല്‍‌വ്യാപാരത്തില്‍ നിന്നും വിദൂരസമ്പര്‍ക്കങ്ങളില്‍ നിന്നും ഉണ്ടാക്കിയെടുത്ത കൊടുക്കല്‍ വാങ്ങലിന്റെ സംസ്കാരത്തിന്റെ മൌലീശോഭയാണത്. തുല്യലാഭവും പരസ്പര ബഹുമാനവും നിലനിന്നിരുന്ന ഒരു കാലത്തിന്റെ ഓര്‍മ. ഇന്നത്തെ ആഗോളവല്‍ക്ര്ത സമൂഹത്തിനത് തിരിയുമോ എന്നറിയില്ല. ഇന്ന് ലാഭം ധ്രുവീക്ര്തമാണ്. പൌരസ്ത്യത്തില്‍ നിന്ന് പാശ്ചാത്യത്തിലേക്ക്. അല്ലെങ്കില്‍ ഇല്ലാത്തവനില്‍ നിന്ന് ഉള്ളവനിലേക്ക്. ബഹുമാനമോ ഉള്ളവനു മാത്രം. ആഗോളവല്‍ക്കരണത്തിന്റെ നിര്‍ദ്ദയമായ വശത്തോടുള്ള നമ്മുടെ അടര്‍ജ്വാലയെ നമുക്ക് ഓണത്തില്‍ നിന്ന് എടുക്കാം.
             ഓണം നമുക്ക് ആഘോഷിക്കാം അതിന്റെ എല്ലാ വര്‍ണശബളിമയോടും കൂടി. അതില്‍ മതമോ ജാതിയോ ഇല്ല. ഒരേ പന്തിയിലിരുന്ന് ഉണ്ണാനറക്കുന്നവര്‍ക്ക് മാറി നില്‍ക്കാം. എന്തെന്നാല്‍ അവര്‍ക്ക് മഹാബലി ശത്രുവാണ്. മഹാബലിയുടെ ശത്രുക്കളേ നിങ്ങള്‍ ഓണം ആഘോഷിക്കാതിരിക്കുക. നിങ്ങള്‍ ആഘോഷിക്കുന്ന പക്ഷം അത് ജോര്‍ജ് ബുഷ് നമ്മുടെ മഹാത്മജിയുടെ സമാധി സന്ദര്‍ശിച്ചതിനേക്കാള്‍ വലിയ വിരോധാഭാസമാകും.
(പി.എസ്: എന്റെ പ്രിയ ചങ്ങാതി സുനില്‍ ചൂണ്ടിക്കാട്ടിയത് മാനിച്ച് കുറിപ്പിനെ ഖണ്ഡികകളാക്കി തിരിച്ചിട്ടുണ്ട്. മറ്റൊരു തിരുത്തും വരുത്തിയിട്ടില്ല. അക്ഷരത്തെറ്റുപോലും. വായിക്കുന്നവര്‍ ഇതോടൊപ്പമുള്ള കമന്റുകള്‍ കൂടെ വായിക്കുക. വസ്തുതകളോടെ പതിയിരുന്ന് ആക്രമിക്കുക. ആഗസ്റ്റ്-സെപ്റ്റംബറില്‍ മാവേലിക്കായി പൂക്കളമിടുന്ന വര ചേര്‍ത്തത് മന:പൂര്‍വമാണ്. അക്ഷരത്തെറ്റുകള്‍ തെറ്റിച്ച് വായിക്കുക!)